മലയാളക്കരയുടെ മടിശീല കിലുക്കാന്‍ മിടുക്കുള്ള സപ്പോട്ടകൃഷി
പഴങ്ങളില്‍ നാവില്‍ തേനൂറുന്ന ഒരു വിദേശ ഇനമാണ് ചിക്കു എന്ന് വിളിക്കുന്ന സപ്പോട്ട (Manilkara zapota). സ്വാദിഷ്ടമായ ഈ പഴത്തിന്റെ ജന്മദേശം മെക്‌സിക്കോയാണ്, ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഏത് ധാരാളം കണ്ടുവരുന്നു. വിറ്റാമിന്‍ A, C, E, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയായ സപ്പോട്ട ഇന്ത്യയിലും ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ഈ പഴം മില്‍ക്ക് ഷേക്ക്, സ്മൂത്തീസ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഇതിന്റെ കറയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പശ പോലെയുള്ള പദാര്‍ത്ഥം ‘ച്യുയിംഗ’ത്തിന്റെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസഥാനങ്ങളിലാണ് സപ്പോട്ട വന്‍തോതില്‍ കൃഷി ചെയ്യുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു സപ്പോട്ട മരത്തിനു 15 മുതല്‍ 45 മീറ്റര്‍ നീളമുണ്ടാകും ഒട്ടിക്കൽ/ഗ്രാഫ്റ്റിംഗ് (Grafting) സാങ്കേതികത്വം ഉപയോഗിച്ചാണ് പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നത്. ഇത്തരത്തില്‍ വളര്‍ത്തിയെടുത്തുന്ന ചെടികളില്‍ 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും, അതേസമയം വിത്തില്‍ നിന്ന് രൂപപ്പെടുന്ന ചെടികളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍ 7 വര്‍ഷം വരെയെടുക്കും. പാല, ക്രിക്കറ്റ് ബോള്‍, കല്‍ക്കട്ട റൗണ്ട്, കീര്‍ത്തിഭാരതി, Co 1, Co 2, DHS1, DHS2, ഗുത്തി, മുറബ്ബ, ധോള ദിവാനി, പിലിപ്പട്ടി, കളിപ്പട്ടി എന്നിവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന സപ്പോട്ട ഇനങ്ങള്‍.
കൃഷിചെയ്യുന്ന രീതിയും അനുയോജ്യമായ മണ്ണും കാലാവസ്ഥയും
PH മൂല്യം 6.08.0 വരുന്ന മണല്‍ കലര്‍ന്നതോ, ഇടത്തരം കറുത്ത മണ്ണുള്ളതോ ആയ പ്രദേശങ്ങളാണ് സപ്പോട്ട കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യം. അല്‍പ്പം ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ഈ ചെടിക്ക് തീരദേശ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. 10 മുതൽ 38 ഡിഗ്രി ചൂടും 1250 മുതല്‍ 2500 വരെ മില്ലിമീറ്റല്‍ മഴയുമുള്ള കാലാവസ്ഥയില്‍ സപ്പോട്ട കൃഷിചെയ്യാം. എന്നാല്‍ 43 ഡിഗ്രി യില്‍ കൂടിവരുന്ന ചൂട് സപ്പോട്ട ചെടിയെ മോശമായി ബാധിക്കുകയും പൂക്കള്‍ കൊഴിഞ്ഞുപോകാന്‍ കാരണമാവുകയും ചെയ്യുന്നു.
നിലമൊരുക്കുമ്പോള്‍
ഗ്രാഫ്റ്റിങ്, എയര്‍ ലയറിങ് അല്ലെങ്കില്‍ ഗൂടീ ലയറിങ്, ബഡ്ഡിംഗ് തുടങ്ങിയ കൃഷിസാങ്കേതികത്വം ഉപയോഗിച്ച് രൂപപ്പെടുത്തിയെടുത്ത സപ്പോട്ട ചെടികളാണ് സാധാരണ കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. കൃത്യമായ ജലസേചരീതിയുണ്ടെങ്കില്‍ ഏതു കാലാവസ്ഥയിലും സപ്പോട്ട കൃഷി ആരംഭിക്കാം. ധാരാളം മഴലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഒട്ടുമരങ്ങള്‍ നടാം. 30 മുതല്‍ 45 സെ.മീ ആഴത്തില്‍ മണ്ണ് ഇളകുന്ന തരത്തില്‍ ഉഴുതാണ് കൃഷിക്കായുള്ള നിലം ഒരുക്കേണ്ടത് രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ നിലം ഉഴുതമറിച്ച നിലം പിന്നീട് നിരപ്പ് വരുത്തണം. 10 മീറ്റർ അകലത്തില്‍ 90 സെ.മീ താഴ്ച്ചവരുന്ന കുഴികളിലാണ് ചെടികള്‍ നടേണ്ടത്. കൃഷി സ്ഥലത്തില്‍ വളരുന്ന മറ്റു മരങ്ങളോ ചെടികളോ ഒഴിവാക്കുന്നത് സപ്പോട്ട മരങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. കൃഷിചെയ്യുന്ന സ്ഥലത്തിന് ചുറ്റും മാവ്, പുളി, ഞാവല്‍ തുടങ്ങിയ കുത്തനെ വളരുന്ന തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ കാറ്റുവീഴച്ചയില്‍ നിന്ന് ചെടികളെ സംരക്ഷിക്കാം.
ഈ മരങ്ങള്‍ ഒരേ നിരയിൽ 1.5-1.8 മീ വ്യത്യാസത്തിലാണ് നടേണ്ടത്. ചെടി നടനുള്ള കുഴിനിര്‍മ്മിക്കുന്ന സമയത്ത് മുകല്‍മണ്ണും അടിമണ്ണും പ്രത്യേകം വേര്‍തിരിച്ചിടണം തുടര്‍ന്ന് കുഴിയില്‍ മണ്ണ് നിറക്കുമ്പോള്‍ മുകള്‍ മണ്ണ് ആദ്യം ഇടണം ശേഷം അടിമണ്ണില്‍ ഫാം യാര്‍ഡ് വളം (Farm Yard Manure), 1 കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് തുടങ്ങിയവയും ചിതല്‍ ശല്യം ഒഴിവാക്കാനായി ഒരു കുഴിക്ക് 100 ഴാ എന്നകണക്കില്‍ ലിന്‍ഡേന്‍ (Lindane Powder) ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ആദ്യം നിറച്ച മണ്ണിനു മുകളിലായി ഇടണം. കുഴിയുടെ ഒത്തനടുക്കയാണ് ചെടി നടേണ്ടത്. ഒപ്പം കാറ്റില്‍ വീണുപോകാതെ ഇരിക്കാന്‍ ചെടിയെ ഒരു കുറ്റിയില്‍ ബന്ധിക്കുകയും വേണം. ഗ്ലാസ്സോ പ്ലാസ്റ്റിക്കോ കൊണ്ട് ചെടികള്‍ക്കുമുകളില്‍ ഒരു തണല്‍ തീര്‍ക്കുന്നതും ചെടികളെ അധിക ചൂടില്‍ നിന്ന് സംരക്ഷിക്കും. ഗ്രാഫ്റ്റ് ചെയ്ത ചെടിയുടെ അടിയില്‍ മുളകള്‍ പൊട്ടുകയാണെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണം.
ജലസേചനം
ഇടവിട്ടുള്ള ജലസേചനമാണ് സപ്പോട്ടകൃഷിക്ക് അനിവാര്യമായത്. വേനൽക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിലൊരിക്കലുമാണ് ജലസേചനം നടത്തേണ്ടത്. മറ്റ് പല കൃഷിയേയും പോലെ തുള്ളി നനയാണ് ഇവിടെയും അഭികാമ്യം. ചെടി നട്ട് ആദ്യത്തെ രണ്ടുവർഷം അമ്പത് സെ. മി. ഇടവിട്ട് രണ്ട് ഡ്രിപ്പറും തുടർന്ന് ഒരു മീറ്റർ അകലത്തിൽ നാല് ഡ്രിപ്പറും വെച്ച് നനയ്ക്കേണ്ടതാണ്. 40 ശതമാനം ജലവും 70 മുതൽ 75 ശതമാനും സാമ്പത്തിക ചെലവും ഇതിലൂടെ ലാഭിക്കാം.
വളം, കീടനാശിനി പ്രയോഗങ്ങള്‍
ചെടികള്‍ക്കിടയിലെ കളകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യണം. ബ്രോമസില്‍, ഡ്യുറോണ്‍ തുടങ്ങിയ കളനാശിനികള്‍ ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉപയോഗിക്കാം. മഴക്കാലങ്ങളില്‍ വളര്‍ന്ന് തുടങ്ങിയ സപ്പോട്ടമരങ്ങള്‍ ഇലകളും ശാഖകളും വെട്ടിയൊതുക്കി നിര്‍ത്തണം. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ശാഖകളില്‍ ഉണ്ടാകുന്ന പൂക്കള്‍ക്കും കായ്കള്‍ക്കും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കും. ചെളിപുഴു, കൂടുകെട്ടിപ്പുഴു, കമ്പിളിപ്പുഴു എന്നിവയാണ് ചെടിയെ കൂടുതല്‍ ആക്രമിക്കുന്ന കീടങ്ങള്‍. ജൈവവളം ധാരാളമായി ചെടിക്ക് ഉപയോഗിക്കാം. രാസവള ഉപയോഗിക്കുമ്പോള്‍ പകുതി ഡോസ് മസൂണിന്റെ തുടക്കത്തിലും മറ്റേ പകുതി മണ്‍സൂണിനു ശേഷവുമായി ഉപയോഗിക്കുന്നതാണ് ഉചിതം.
വിളവെടുപ്പ്
ചെടിവെച്ച് മൂന്നാമത്തെ വര്‍ഷം മുതല്‍ കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങും എന്നാല്‍ വാണിജ്യാടിസ്ഥനത്തിലേക്ക് വിളവ് ലഭിക്കുന്നതിനായി രണ്ടു വര്‍ഷം കൂടി കാത്തിരിക്കണം. ഒക്ടോബര്‍-നവംബര്‍, ഫെബ്രുവരി-മാര്‍ച്ച് തുടങ്ങിയ മാസങ്ങളിലാണ് ചെടികള്‍ പൂവിടുന്നുത്. തുടര്‍ന്ന് വരുന്ന നാലുമാസത്തില്‍ കായ്കള്‍ ഉണ്ടായി വിളയും. ചെടിവെച്ച് അഞ്ചാം വര്‍ഷത്തില്‍ ഒരു ഏക്കറില്‍ നിന്ന് നാല് ടണ്ണും, ഏഴാം വര്‍ഷത്തില്‍ ആറ് ടണ്ണും തുടര്‍ന്നുവരുന്ന പതിനഞ്ച് വര്‍ഷകാലത്തില്‍ എട്ട് ടണ്ണോളവും ഉത്പാദനം ലഭിക്കും.വിളവെടുത്ത പഴങ്ങള്‍ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വലുത്. ഇടത്തരം, ചെറുത് എന്ന് മൂന്നായി തിരിച്ചാണ് വിവിധ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. പഴങ്ങള്‍ വിളവെടുത്തതിന് ശേഷമുള്ള 7/8 ദിവസങ്ങളില്‍ സാധാരണ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കാം. ശേഷം ഇവ 20 ഡിഗ്രി സെല്‍ഷ്യസ് തണുത്ത അവസ്ഥയിലേക്ക് മാറ്റി സൂക്ഷിക്കണം. പ്രാദേശിക വിപണിയിലേക്കുള്ള പഴങ്ങള്‍, മുളകൊണ്ടോ തടികൊണ്ടോ നിര്‍മ്മിച്ച പെട്ടികളില്‍ വൈക്കോല്‍ നിറച്ച് അതില്‍വെച്ചു അയക്കാം. എന്നാല്‍ വിദൂര വിപണിയിലേക്ക് അയക്കുന്നവ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ വെച്ച് കയറ്റിഅയക്കാം. ചെറുകിട കര്‍ഷകര്‍ക്ക് പോലും വളരെ ആദായകരമാണ് സപ്പോട്ടകൃഷി.
Also Read: വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ