ചന്ദ്രനിൽ ഉരുളക്കിഴങ്ങും കാബേജും കടുകും കൃഷി ചെയ്യാനൊരുങ്ങി ചൈനക്കാർ
ചന്ദ്രനിൽ ഉരുളക്കിഴങ്ങും കാബേജും കടുകും കൃഷി ചെയ്യാനൊരുങ്ങി ചൈനക്കാർ. ചന്ദ്രനിലേക്ക് ഉരുളക്കിഴങ്ങ് വിത്തുകളും പുഷ്പിക്കുന്ന സസ്യത്തൈകളും പട്ടുനൂൽപ്പുഴുവിന്റെ മുട്ടകളും എത്തിക്കാനുള്ള ഒരുക്കത്തിലാണ് ചൈനയെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ചെയ്ഞ്ച് ഫോർ ലൂണാർ എന്ന പേടകത്തിൽ പ്രത്യേകം തയാറാക്കിയ പെട്ടിയിലടച്ച് ഇവ കൊണ്ടുപോകാനാണ് പദ്ധതി.
കാബേജ്, കടുക് മുതലായവ ചന്ദ്രന്റെ ഉപരിതലത്തിൽ കൃഷി ചെയ്യാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ചന്ദ്രനിലെ ആദ്യ കാർഷിക പരീക്ഷണമാകും അത്. അലുമിനിയം കൊണ്ട് നിർമിച്ച സിലിണ്ടർ രൂപത്തിലുള്ള ടിന്നിന് 18 സെ.മീ നീളവും 16 സെ.മീ വ്യാസവുമുണ്ടാകും. മൂന്നു കി. ഗ്രാം ആണ് അതിന്റെ ഭാരം. ടിന്നിൽ വെള്ളവും പോഷകവസ്തുക്കളും വായുവും ചെറു കാമറയും വിവരങ്ങൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഉപകരണവും നിറയ്ക്കും.
ഭൂമിയിൽ നിന്ന് 3,80,000 കി.മീ അകലെയാണെങ്കിലും, അന്തരീക്ഷ വായുവില്ലാത്തതിന്റെ വെല്ലുവിളികൾ ഉണ്ടെങ്കിലും ചന്ദ്രനിൽ ചെടികൾ വളരുമെന്നു തന്നെയാണ് ചൈനീസ് ഗവേഷകർ കണക്കുകൂട്ടുന്നത്. ചെടികൾ വളരുന്നതിന്റെ ഓരോ ഘട്ടവും കാമറ ഒപ്പിയെടുത്ത് വിവരങ്ങൾ സെൻസർ വഴി ഭൂമിയിലേക്കയക്കും.
Also Read: അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം
Image: pixabay.com