കശുമാവിൽ തോട്ടങ്ങളിൽ പാഷൻ ഫ്രൂട്ട് മധുര വിപ്ലവവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

കശുമാവിൽ തോട്ടങ്ങളിൽ പാഷൻ ഫ്രൂട്ട് മധുര വിപ്ലവവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ. സംസ്ഥാനത്ത് 25 ഏക്കറിലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ പാഷന്‍ ഫ്രൂട്ട് കൃഷിയിറക്കിയിരിക്കുന്നത്. ഇതുവരെ എകദേശം 17 ടണ്‍ പാഷന്‍ ഫ്രൂട്ട് വിറ്റതായാണ് കണക്ക്. ഏകദേശം 88 ലക്ഷം രൂപയുടെ വിറ്റുവരവാണ് പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന് ഉണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നിട്ടും ആവശ്യത്തിന് പഴം ലഭിക്കാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്ത് നാല് ജില്ലകളിലായി എട്ട് ഔട്ട്ലറ്റുകള്‍ വഴിയാണ് പാഷന്‍ഫ്രൂട്ടും അതിന്റെ ചാറും വിപണിയിൽ എത്തിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചീമേനി, പെരിയ, മുളിയാര്‍ എന്നിവിടങ്ങളിലാണ് വില്പന. കണ്ണൂരില്‍ നാടുകാണിയില്‍ ഉത്പാദവും വില്പനയുമുണ്ട്. തൃശ്ശൂരിലെ പ്ലാന്റേഷന്‍ വാലിയിലും പാഷന്‍ ഫ്രൂട്ട് ലഭിക്കുന്നു.

പത്തനംതിട്ടയിലെ കൊടുമണ്ണിലും പാഷന്‍ഫ്രൂട്ടും ചാറും വിലപ്പനയ്ക്കുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിനു കീഴിലെ കൃഷിവിജ്ഞാന്‍കേന്ദ്രയുടെ (കെ.വി.കെ.) സാങ്കേതികസഹായത്തോടെ നാടുകാണിയിലാണ് പാഷന്‍ഫ്രൂട്ട് സത്ത ഉത്പാദിപ്പിച്ച് തുടങ്ങിയത്. ഭക്ഷ്യസുരക്ഷാനിലവാര നിര്‍ണയ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമായാണ് വില്പന. ആറുമാസംവരെ കേടാകാതിരിക്കും എന്നതാണ് ഇവയുടെ പ്രത്യേകതയെന്ന് അധികൃതർ പറയുന്നു.

ഒരുഹെക്ടറില്‍ 1300 ചെടിയാണ് നടുന്നത്. ഒരുചെടിയില്‍നിന്ന് വര്‍ഷം ഏഴുമുതല്‍ 10 കിലോഗ്രാം വരെ വിളവ് ലഭിക്കും. കാവേരിയെന്ന പ്രിയ ഇനമാണ് കൂടുതലായും വളര്‍ത്തുന്നത്. മികച്ച വിളവും പ്രതിരോധശേഷിയുമാണ് പര്‍പ്പിള്‍ നിറമുള്ള ഇതിന്റെ പ്രത്യേകത. മഞ്ഞനിറത്തിലുള്ളവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോഗ്രാം പഴത്തില്‍ നിന്ന് ഒരുലിറ്റര്‍ സ്‌ക്വാഷുണ്ടാക്കാം എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.

Also Read: വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി ഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ

Image: pixabay.com