മഴ വില്ലനാകില്ല; ഓണത്തിന് വിപണിവിലയേക്കാൾ വിലക്കുറവിൽ പച്ചക്കറി

മഴ വില്ലനാകില്ല; ഓണത്തിന് വിപണിവിലയേക്കാൾ വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കരമന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിറപുത്തരി കൊയ്ത്തുത്സവവും ഹരിതഭവന പദ്ധതി പരിശീലന കേന്ദ്രവും കാര്‍ഷിക കര്‍മസേനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന് വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍നിന്നു മാത്രമായി 5,000 മെട്രിക് ടണ്‍ പച്ചക്കറി ലഭ്യമാക്കും. അറുപത്തിമൂന്നു ലക്ഷം വീടുകളിലേക്ക് ഒരുകോടിയില്‍പരം പച്ചക്കറി വിത്ത് കിറ്റുകളും രണ്ടുകോടിയിലേറെ പച്ചക്കറിത്തൈകളും വിതരണം ചെയ്തത് ജനങ്ങള്‍ സ്വീകരിച്ചതുകാരണം ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വന്‍ വിജയമായിരിക്കുകയാണ്. കൃഷിയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ സംസ്‌കാരം എന്നു പറയുന്നത് കാര്‍ഷിക സംസ്‌കാരമാണ്. ഈ സംസ്‌കാരത്തിലൂടെയാണ് മതങ്ങള്‍ പോലും രൂപപ്പെട്ടത്. ആരാധനാലയങ്ങളുമായി കൃഷിക്ക് അഭേദ്യമായ ബന്ധമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ കാര്‍ഷികോത്പന്നങ്ങള്‍ അവരവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷിചെയ്തുത്പാദിപ്പിച്ചിരുന്ന ആചാര രീതി സംസ്ഥാനമൊട്ടുക്കും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കര്‍ഷകരും പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ജനങ്ങള്‍ക്കു പ്രയോജനകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതില്‍ വ്യാപൃതരായി വരികയുമാണെന്നും മന്ത്രി അറിയിച്ചു. മട്ടുപ്പാവ് കൃഷിയും വെര്‍ട്ടിക്കല്‍ ഫാമിംഗ് കൃഷിരീതിയും പ്രോത്സാഹിപ്പിക്കാനും നഗരകൃഷിക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാനും സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹരിതഭവന പപരിശീലന കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കശുമാവിൽ തോട്ടങ്ങളിൽ പാഷൻ ഫ്രൂട്ട് മധുര വിപ്ലവവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

Image: pixabay.com