കാലം മറന്ന വെള്ളപെരുവാഴ കരനെൽക്കൃഷി തിരിച്ചു കൊണ്ടുവരാൻ ഇടമലക്കുടിക്കാർ
കാലം മറന്ന വെള്ളപെരുവാഴ കരനെൽക്കൃഷി തിരിച്ചു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇടമലക്കുടിക്കാർ. വെള്ളപെരുവാഴ എന്ന ഇനത്തിൽപെട്ട കരനെല്ലാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. കതിരിടാൻ തയ്യാറെടുക്കുന്ന നെൽപാടങ്ങൾ അധികം വൈകാതെ വിളവെടുപ്പിന് സജ്ജമാകും. മൂന്നാർ ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണ് ഇടമലക്കുടിയിൽ ഇക്കുറി പാടശേഖരം ഒരുക്കിയത്.
ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടിയിലാണ് ആദ്യഘട്ടമായി ഒരേക്കർ വരുന്ന തരിശു ഭൂമിയിൽ കൃഷിയിറക്കിയത്. കേരളത്തിലെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പൂർവികർ കരനെല്ലു കൃഷി ചെയ്തിരുന്നെങ്കിലും മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രാചീന കൃഷിരീതികള്‍ക്കിണങ്ങുന്ന ചുറ്റുപാടുകള്‍ നഷ്ടമായതോടെ കൃഷി നാമമാത്രമായി ചുരുങ്ങുകയായിരുന്നു.
ജനമൈത്രി പൊലീസിന്റെ സജീവ സാന്നിധ്യമാണ് പരമ്പരാഗത നെൽകൃഷിയെ വീണ്ടും ഇടമലക്കുടിയിലേക്ക് തിരിച്ചെത്തിച്ചത്. കർഷകർക്ക് വേണ്ട സഹായങ്ങൾ കൃഷിയുടെ ഓരോ ഘട്ടത്തിലും നൽകുവാൻ മൂന്നാർ ജനമൈത്രി പൊലീസിന് സാധിച്ചു. ജലസേചനം ബുദ്ധിമുട്ടുള്ള സ്ഥലത്ത് പ്രത്യേക രീതിയിൽ നിലമൊരുക്കിയാണ് നെൽകൃഷി ആരംഭിച്ചത്. ആദ്യഘട്ടം വിജയകരമായതോടെ കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ജനമൈത്രി പൊലീസും.
കരയിലും വയലിലും കൃഷിചെയ്തിരുന്ന നെല്ലിനങ്ങളായ തലവരശാന്‍, പൊക്കാളി, പെരുനെല്ല്, വെള്ളപ്പെരുവാഴ, മഞ്ഞപ്പെരുവാഴ എന്നീ ഇനങ്ങൾ ഇന്ന് നാശത്തിന്റെ വക്കിലാണെന്നത് ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നു. പുനംകൃഷി നിരോധിക്കുകയും വനത്തിനുനടുവില്‍ സെറ്റില്‍മെന്റുകള്‍ രൂപപ്പെടുകയും ചെയ്തതോടെ മണ്ണിന്റെ ഫലപുഷ്ടി കുറയുകയും ആവര്‍ത്തനകൃഷിമൂലം വിളവില്ലാതാവുകയും ചെയ്തതോടെയാണ് പാരമ്പര്യ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങിയത്.
Also Read: കരിങ്കോഴികൾ ചത്തീസ്ഗഡിലെ ദന്തേവാഡയിലുള്ള ഒരു സംഘം വീട്ടമ്മമാരുടെ ജീവിതം മാറ്റിമറിച്ച കഥ
Image: pexals.com