കോവിഡും മാർജ്ജാരന്മാരും: ചൈനീസ് ഗവേഷകരുടെ കണ്ടെത്തലുകൾ
മഹാമാരിയായി പടരുന്ന കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏത് സ്രോതസ്സില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം സംശയലേശമന്യേ കണ്ടെത്താൻ
ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞിട്ടുള്ളത്. കോവിഡ് ബാധിച്ച മനുഷ്യരില്‍ നിന്നും പൂച്ചകളിലേക്കും നായ്ക്കളിലേക്കും കടുവകളിലേക്കും വൈറസ് വ്യാപനം നടന്നതായി സ്ഥിരീകരിച്ച ചില വാര്‍ത്തകള്‍ വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. മൃഗങ്ങളിൽ കോവിഡ് വരാനുള്ള സാധ്യത പരിശോധിക്കുന്ന രണ്ട് ഗവേഷണങ്ങൾ ഈയടുത്ത ദിവസങ്ങളിൽ ചൈനയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വുഹാനിലെ പൂച്ചകളിൽ നിന്നും രക്തം ശേഖരിച്ച് നടത്തിയ സിറോളജിക്കൽ പഠനത്തിന്റെ ഫലങ്ങൾ bioRxiv.org എന്ന പ്രീ പ്രിന്റ് ശാസ്ത്ര ജേർണലിലാണ് പ്രസിദ്ധപ്പെടുത്തിയത്. വുഹാനിലെ തെരുവിൽ അലയുന്നതും വെറ്ററിനറി ഹോസ്പിറ്റലുകളിൽ പാർപ്പിച്ചതും വീടുകളിൽ വളർത്തുന്നതുമായ 102 പൂച്ചകളിൽ നിന്നാണ് ഗവേഷകർ രക്തസാമ്പിളുകൾ ശേഖരിച്ചത്. പരിശോധിച്ച ആകെ സാമ്പിളുകളിൽ 15 (14.7 %) പൂച്ചകളുടെ രക്തത്തിൽ SARS-CoV-2 വൈറസിനെ ചെറുക്കുന്ന കൃത്യമായ പ്രതിവസ്തുക്കളുടെ സാന്നിധ്യം (Specific Antibody) കണ്ടെത്തിയതായി ഈ പഠനം റിപ്പോർട്ട് ചെയ്യുകയുണ്ടായി. വുഹാനിൽ കോവിഡ് ബാധിച്ചവരിൽ നിന്നും വൈറസ് പൂച്ചകളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്നാണ് പഠനം നടത്തിയ ഗവേഷകരുടെ നിഗമനം.
SARS- Cov- 2 വൈറസിനെ പരീക്ഷണാടിസ്ഥാനത്തിൽ മൃഗങ്ങളിലും പക്ഷികളിലും സംക്രമിപ്പിച്ച് (Inoculation or experimentally induced infection) ചൈനയിൽ നടത്തിയ ഒരു പ്രാഥമിക ഗവേഷണത്തിന്റെ ഫലങ്ങളും bioRxiv.org ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു . ചൈനീസ് അക്കാദമി ഓഫ് അഗ്രിക്കൾച്ചർ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാർബിൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയിട്ടുള്ളത്. നായ, പന്നി, കോഴി , താറാവ് തുടങ്ങിയ മൃഗങ്ങളെയും പക്ഷികളെയും അപേക്ഷിച്ച് പൂച്ചകളിലും കീരികളിലും കൊവിഡ് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണന്നാണ് ഈ പഠനം നിരീക്ഷിക്കുന്നത്. മാത്രമല്ല രോഗബാധയേറ്റ പൂച്ചകളിൽ നിന്നും ആരോഗ്യമുള്ള മറ്റ് പൂച്ചകളിലേക്ക് വൈറസ് വ്യാപിക്കാം എന്ന നിഗമനവും ഈ പഠനത്തിലുണ്ട്. പൂച്ചകളുടെയും കീരികളുടെയും ഉപരിതല ശ്വാസനാളത്തിൽ (Upper respiratory tract) സാർസ് കോവ്-2 വൈറസുകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും രോഗമുണ്ടാക്കാനും സഹായിക്കുന്ന ACE -2 (Angiotensin-converting enzyme -2) റിസപ്റ്ററുകളുടെ സാന്നിധ്യം ഉള്ളതാണ് ഉയർന്ന രോഗ സാധ്യതയുടെ കാരണം എന്നാണ് ചൈനീസ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 2003 – ൽ പൂച്ചകളിൽ നടത്തിയ രോഗ പരീക്ഷണങ്ങളിലും (Experimental infection) SARS കൊറോണ വൈറസിന് ശരീരത്തിൽ പ്രവേശിക്കുന്നതിനുതകുന്ന ACE -2 റിസപ്റ്ററുകളുടെ സാന്നിധ്യവും, രോഗബാധയും സ്ഥിരീകരിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വൈറസിനെ മൃഗങ്ങളിൽ സംക്രമിപ്പിച്ച് നടത്തിയ ഈ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വൈറസിന്റെ സ്വാഭാവിക വ്യാപനത്തെ പറ്റി ഒരു ശാസ്ത്രീയനിഗമനത്തിൽ എത്താൻ കഴിയില്ല എന്നത് തീർച്ചയാണ്.
മൃഗങ്ങളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും ഈ ഗവേഷണ ഫലങ്ങളുമെല്ലാം കോവിഡ് ബാധയേറ്റവരിൽ നിന്നും അവരുമായി അടുത്തിടപഴകുന്ന നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്കും മാർജ്ജാര വർഗത്തിലെ വന്യമൃഗങ്ങളിലേക്കും വൈറസ് വ്യാപനം നടക്കാം എന്നതിന്റെ സൂചന നൽകുന്നുണ്ട്. എന്നാൽ ഈ ചുരുക്കം ചില സംഭവങ്ങളും നിരീക്ഷണങ്ങളും ഒഴിച്ച്നിർത്തിയാൽ ലോകത്ത് ഇതുവരെ 19 ലക്ഷത്തിലധികം മനുഷ്യർക്ക് കോവിഡ് രോഗബാധയുണ്ടായിട്ടും മരണസംഖ്യ ലക്ഷം കടന്നിട്ടും അവരുടെ കൂടെയുണ്ടായിരുന്ന വളർത്തുമൃഗങ്ങളിൽ രോഗബാധ വേറൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ വളർത്തുമൃഗങ്ങളിലേക്ക് കോവിഡ് ബാധിച്ചരിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യതയുണ്ടങ്കിലും അത് വിരളമാണ് എന്ന് ഈ ഘട്ടത്തിൽ അനുമാനിക്കാം. മാത്രമല്ല രോഗബാധിതരായ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി വാർത്തകൾ വരികയോ അത്തരം സാധ്യതകൾക്ക് ശാസ്ത്രീയമായ തെളിവുകൾ ലഭിയ്ക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.
സ്വാഭാവികമായ രീതിയിൽ വൈറസ് വളർത്തുമൃഗങ്ങളെ ബാധിക്കുമോ, രോഗവ്യാപനത്തിന്റെ നിരക്ക്, ലക്ഷണങ്ങൾ എന്തെല്ലാമാണ്, മൃഗങ്ങളിൽ കോവിഡ് മരണം സംഭവിക്കുമോ, മൃഗങ്ങളുടെ ശരീരത്തിൽ കടന്നുകയറുന്ന വൈറസുകൾക്ക് അവയുടെ ശരീരത്തിൽ സ്വാഭാവികമായും കാണപ്പെടുന്ന മറ്റ് കൊറോണ വൈറസുകളുമായി ചേർന്ന് ജനിതക വ്യതിയാനങ്ങൾ നടക്കുമോ, രോഗബാധയേറ്റ മൃഗങ്ങളുമായി സമ്പർക്കത്തിൽ വന്ന മറ്റ് മൃഗങ്ങളിലേക്ക് പകരുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും വളർത്തു മൃഗങ്ങളും കോവിഡും തമ്മിലുള്ള ബന്ധങ്ങൾ കൃത്യമായി അറിയാനും ഇനിയും വിശദമായ ഗവേഷണങ്ങൾ ആവശ്യമുണ്ട്.
അകലം വേണം അരുമകളിൽ നിന്നും
ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും, അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യരോഗമാണ് കോവിഡ്-19. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപകർച്ചയുടെ തീരെ ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ചില പൊതു ജാഗ്രതാ നിർദേശങ്ങൾ ലോക മൃഗാരോഗ്യസംഘടനയും (OIE ) വേൾഡ് സ്മാൾ ആനിമൽ വെറ്ററിനറി അസോസിയേഷനും ചേർന്ന് നൽകിയിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ താഴെ:
- കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരും സമ്പർക്കവിലക്കിലുള്ളവരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ കെട്ടിപിടിയ്ക്കുക, ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തിൽ നക്കാനനുവദിക്കുക, മൃഗങ്ങളുമായി ആഹാരം പങ്കുവെക്കുക, അവയെ ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ പൂർണമായും ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കുക
- തങ്ങളുടെ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളിൽ നിരീക്ഷണത്തിലുള്ള ആളുകൾ മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക
- വീട്ടിനകത്ത് മനുഷ്യസമ്പർക്കത്തിൽ വളരുന്ന മൃഗങ്ങളെ തത്കാലം പുറത്തെ കൂടുകളിലേക്ക് മാറ്റി പാർപ്പിക്കാം. പാർപ്പിടങ്ങൾ കൂടെ കൂടെ വൃത്തിയാക്കുകയും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യുക. കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക
- കോവിഡ്-19 ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന വളർത്തുമൃഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ വെറ്ററിനറി ഡോക്ടറെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക
- വളർത്തുമൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കൾ, മറ്റുപകരണങ്ങൾ, വിസർജ്യങ്ങൾ എന്നിവയുമായും ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാവുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകിയോ അല്ലെങ്കിൽ 70% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക. മൃഗങ്ങളെ സ്പർശിച്ചതിന് ശേഷം കൈകള്‍ വൃത്തിയാക്കുന്നതിന് മുൻപ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക
- തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക
- നിരീക്ഷണത്തിലുള്ള ആളുകളുള്ള വീടുകളിൽ നിന്ന് വെറ്ററിനറി ഡോക്ടറെ സമീപിക്കുമ്പോൾ ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ തീർച്ചയായും പറയുക
References:
- SARS-CoV-2 neutralizing serum antibodies in cats: a serological investigation-
doi – https://doi.org 10.1101/2020.04.01.021196. - Susceptibility of ferrets, cats, dogs, and different domestic animals to SARS-coronavirus-2 – https://doi.org/10.1101/2020.03.30.015347