വീണ്ടും ജീവനെടുത്ത് കുരങ്ങുപനി – കോവിഡിനിടെ കുരങ്ങുപനി പ്രതിരോധം മറക്കരുത്!
കര്‍ണ്ണാടകയിലെ ശിവമോഗ (ഷിമോഗ) ജില്ലയിലെ ക്യാസനൂര്‍ വനമേഖലയില്‍ കുരങ്ങുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നുവെന്ന വാര്‍ത്ത ആദ്യമായി ശാസ്ത്രസമൂഹത്തിന്‍റെ ശ്രദ്ധയിലെത്തിച്ചത് വിഖ്യാത പക്ഷിനിരീക്ഷകന്‍ സലീം അലി ആയിരുന്നു. 1957-ല്‍ ക്യാസനൂര്‍ വനമേഖലയില്‍ നടത്തിയ തന്റെ പക്ഷിനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഈ സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയല്‍പ്പെട്ടത്. കറുത്ത മുഖമുള്ള ലംഗൂര്‍ കുരങ്ങുകളും, ചുവന്ന മുഖമുള്ള ബോണെറ്റ് കുരങ്ങുകളുമായിരുന്നു ചത്തുവീണവയില്‍ ഏറെയും. ഏറെ താമസിയാതെ ക്യാസനൂര്‍ വനമേഖലയോട് ചേര്‍ന്ന സോറാബ്, സാഗര്‍ തുടങ്ങിയ താലൂക്കുകളിൽ അധിവസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഏതോ ഒരു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നതായും മരണം സംഭവിക്കാവുന്നതായുമുള്ള വാര്‍ത്തകളും വന്നുതുടങ്ങി. വിറയലോട് കൂടിയ ശക്തമായ പനി, ശരീര തളര്‍ച്ച, കഠിനമായ പേശിവേദന, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം, മലത്തില്‍ രക്തത്തിന്‍റെ അംശം ഇവയെല്ലാമായിരുന്നു ആ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് നടന്ന വിശദമായ ശാസ്ത്രന്വേഷണമാണ് കുരങ്ങുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കുരങ്ങുപനിയെന്ന ജന്തുജന്യ (Zoonotic) വൈറസ് രോഗത്തിന്‍റെ കണ്ടെത്തലിലേക്ക് നയിച്ചത്.
1957-ല്‍ ക്യാസനൂരിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കണ്ടെത്തുന്നതുവരെ കുരങ്ങുപനി ലോകത്തിന് അപരിചിതമായിരുന്നു. ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാൽ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) എന്ന പേരിലാണ് ഈ രോഗം ഇന്ന് ആഗോളമായി അറിയപ്പെടുന്നത്. രോഗകാരിയായ വൈറസുകൾ അറിയപ്പെടുന്നത് കെ.എഫ്.ഡി. വൈറസുകള്‍ എന്നാണ്. യെല്ലോഫീവര്‍, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, സീക്കാ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുന്ന വൈറസുകൾ ഉൾപ്പെടുന്ന ഫ്ളാവി വൈറിഡെ എന്ന കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് കെ.എഫ്.ഡി. വൈറസുകളും.
കര്‍ണ്ണാടകയില്‍ നിന്നും കുരങ്ങുപനി കേരളത്തില്‍
കര്‍ണ്ണാടകയിലെ ഷിമോഗയിലാണ് ആദ്യമായി കണ്ടെത്തിയത് എങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദക്ഷിണ കന്നഡയിലും, ഉത്തര കന്നഡയിലും, ഉഡുപ്പിയിലും, മംഗളൂരുവും, ചിക്കമംഗളൂരുവും ഉൾപ്പെടെയുള്ള അയൽ ജില്ലകളിലെല്ലാം വൈറസ് സാന്നിധ്യമറിയിച്ചു. 1957 മുതല്‍ 2006 വരെ കര്‍ണ്ണാടകയിൽ മാത്രം ഒതുങ്ങി നിന്ന കുരങ്ങുപനി പിന്നീട് പശ്ചിമഘട്ടമേഖലയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. കര്‍ണ്ണാടകയ്ക്ക് പുറത്ത് ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചത് 2006-ല്‍ മഹാരാഷ്ട്രയിലായിരുന്നു. 2012-ല്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ബന്ദിപൂര്‍ ദേശീയോദ്യാനത്തില്‍ ചത്ത കുരങ്ങിനെ മറവ് ചെയ്യുന്നതില്‍ ഏര്‍പ്പെട്ട ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേ വര്‍ഷം തമിഴ്നാട് നീലഗിരിയില്‍ ചത്തുവീണ കുരങ്ങില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി.
കേരളത്തില്‍ കുരങ്ങുപനിയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത് 2013 ഏപ്രില്‍ 20-ന് വയനാട്ടിലായിരുന്നു. തുടര്‍ന്ന് 2014 – ലും രോഗം കണ്ടെത്തുകയുണ്ടായി. കുരങ്ങുപനി അതിന്‍റെ സര്‍വ്വരൗദ്രഭാവത്തോടും കൂടി വയനാട്ടില്‍ എത്തിയത് 2015 -ലായിരുന്നു . ആ വർഷം 130- ഓളം ആളുകള്‍ക്ക് കുരങ്ങുപനി ബാധിച്ചെന്ന് മാത്രമല്ല ആശാവര്‍ക്കര്‍, വനം വാച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരണമടയുകയും ചെയ്തു. അതേവര്‍ഷം മലപ്പുറം നിലമ്പൂർ കരുളായി വനമേഖലയിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. 2015-ല്‍ കേരളത്തില്‍ മാത്രമല്ല മഹാരാഷ്ട്രയില്‍ നൂറോളം പേര്‍ക്കും ഗോവയില്‍ അന്‍പതോളം പേര്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 2015-നോളം തീവ്രമായില്ലെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വയനാട്ടില്‍ നിന്ന് നിരവധി കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനമരം, തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ പരമ്പരാഗത ഗോത്ര സമുദായത്തില്‍ തിങ്ങിത്താമസിക്കുന്ന വനഗ്രാമങ്ങള്‍ ഏറെയുള്ള പഞ്ചായത്തുകളിലാണ് രോഗം ഏറെയും കണ്ടെത്തിയത്. നിത്യജീവനോപാധികൾ കണ്ടെത്തുന്നതിനായി വനത്തെ ആശ്രയിക്കുന്ന ഗോത്രസമുദായാംഗങ്ങളെയാണ് രോഗത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
വനഗ്രാമങ്ങളിൽ വീണ്ടും മരണം വിതച്ച് കുരങ്ങുപനി
ചികിത്സയിൽ കഴിയുന്ന രണ്ട് പേർ ഉൾപ്പെടെ ഈ വര്‍ഷം ഇതുവരെ വയനാട്ടില്‍ 24 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരിൽ 21 പേരും സുൽത്താൻ ബത്തേരിക്കടുത്ത തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ നിന്ന് മാത്രമുള്ളവരാണ്. ഇക്കഴിഞ്ഞ ദിവസം മരണപെട്ട ഒരാൾ അടക്കം ഈ വർഷം ഇതുവരെ മൂന്ന് പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. കുരങ്ങുപനി സംശയിക്കുന്ന കേസുകൾ ഈ മേഖലയിൽ നിന്ന് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല കുരങ്ങുകളുടെ മരണവും രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലാഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രതിരോധകുത്തിവെയ്പ്, ബോധവത്കരണം തുടങ്ങിയ രോഗനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ വഴി കുരങ്ങുപനിയുടെ വലിയ തോതിലുള്ള വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്.
രോഗം മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?
കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത് കൊതുകുകളുടെ കടിയേല്‍ക്കുന്നത് വഴിയാണെന്നായിരുന്നു ആദ്യകാലങ്ങളില്‍ കരുതിയിരുന്നു. അക്കാലത്ത് നടപ്പിലാക്കിയ പ്രധാന കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനം എന്നത് കൊതുക് നശീകരണമായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നടന്ന പഠനങ്ങളും നിരന്തരമായ നിരീക്ഷണ പഠനങ്ങളാണ് കെ.എഫ്.ഡി. വൈറസുകള്‍ മനുഷ്യരിലെത്തുന്നതിന്റെ വഴി കണ്ടുപിടിച്ചത്. വൈറസ് ബാധിച്ച് ചത്ത് വീഴുന്ന കുരങ്ങുകളുടെ ശരീരത്തില്‍ വ്യാപകമായി കാണുന്ന ഒരിനം പട്ടുണ്ണികളായിരുന്നു വൈറസുകളെ മനുഷ്യരിലേക്കെത്തിച്ചത്. വൈറസുകളുടെ വാഹകരായ ഈ പട്ടുണ്ണികളുടെ കടിയേല്‍ക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചേരും. പട്ടുണ്ണികളുടെ ജീവിതചക്രത്തില്‍ ശൈശവദശയിലെ നിംഫുകളുടെ കടിയേല്‍ക്കുന്നതു വഴിയാണ് പ്രധാനമായും വൈറസ് മനുഷ്യരിലെത്തുന്നത്. ഈര്/പൂത എന്നെല്ലാമാണ് പട്ടുണ്ണിനിംഫുകള്‍ പ്രാദേശികമായി വിളിക്കപ്പെടുന്നത്. ഹീമാഫൈസാലിസ് സിപ്നിജെറ എന്നാണ് ഈ പട്ടുണ്ണികളുടെ ശാസ്ത്രനാമം. എന്നാല്‍ ഇത് കൂടാതെ ഹീമാഫൈസാലിസ് പട്ടുണ്ണി കുടുംബത്തിലെ പത്തോളം തരം പട്ടുണ്ണികളിലും രോഗകാരിയായ കെ.എഫ്.ഡി. വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
എങ്ങനെ പ്രതിരോധിക്കാം?
കുരങ്ങുപനിയ്ക്കെതിരെ ഫലപ്രദമായ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്. വനത്തില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ കുരങ്ങുപനി തടയാനുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.
ആദ്യ പ്രതിരോധ കുത്തിവെയ്പിന് ശേഷം ഒരു മാസം കഴിഞ്ഞും 6-9 മാസം കഴിഞ്ഞും ബൂസ്റ്റര്‍ കുത്തിവെയ്പുകള്‍ എടുക്കണം. ഈ മൂന്ന് ഡോസ് വാക്സിന്‍ കൃത്യമായി എടുക്കേണ്ടത് വാക്സിന്റെ ഫലപ്രാപ്തിക്ക് പ്രധാനമാണ്. തുടർന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ നാലു ബൂസ്റ്റര്‍ ഡോസും വേണം. 7 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാം. കുത്തിവെയ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. വയനാട് ജില്ലയിലെ രോഗമേഖലകളില്‍ ആരോഗ്യവകുപ്പ് മുന്‍ കൈയ്യെടുത്ത് വനവുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നതടക്കമുള്ള തെറ്റിദ്ധാരണകൾ കാരണം കെ.എഫ്.ഡി. പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഗോത്രസമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന വിമുഖത ഒരു പ്രതിസന്ധിയാണ്.
കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം. വനത്തിനുള്ളില്‍ പോകേണ്ടിവരുമ്പോൾ (പ്രത്യേകിച്ച് നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍) പട്ടുണ്ണികളുടെ കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള നീണ്ട വസ്ത്രങ്ങളും കാലില്‍ പട്ടുണ്ണികള്‍ കയറാത്ത വിധത്തിലുള്ള ഗംബൂട്ടുകളും ധരിക്കണം. വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ പട്ടുണ്ണികളെ അകറ്റി നിര്‍ത്തുന്ന ഒഡോമസ്, ബെൻസൈൽ ബെൻസോയേറ്റ് (ബി. ബി. എമൽഷ്യൻ) പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് ഉചിതമാണ്.
കാട്ടില്‍നിന്ന് തിരിച്ച് വന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് പട്ടുണ്ണികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. ചൂടുവെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും വേണം. ശരീരത്തില്‍ പട്ടുണ്ണികൾ പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമര്‍ത്തി കെല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യണം. പട്ടുണ്ണിയെ നീക്കം ചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഒപ്പം ചികിത്സ തേടുകയും വേണം.
കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കരുതലുകള്‍ കൂടാതെ കൈകാര്യം ചെയ്യരുത്. വനം വകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കണം. ബാഹ്യപരാദങ്ങളെ നശിപ്പിക്കുന്ന മരുന്നുകള്‍ കുരങ്ങുകള്‍ ചത്തുകിടക്കുന്ന സ്ഥലത്തും നൂറുമീറ്റര്‍ പരിധിയിലും തളിച്ചശേഷം മാത്രമേ ജഡം നീക്കം ചെയ്യാന്‍ പാടുള്ളൂ.
വനപ്രദേശത്ത് മേയാന്‍ വിടുന്ന പശുക്കള്‍, ആടുകള്‍, പോത്തുകൾ, എരുമകള്‍ എന്നിവയുടെ
ശരീരത്തില്‍ പട്ടുണ്ണി പരാദങ്ങളെ അകറ്റുന്ന ബാഹ്യപരാദ ലേപനങ്ങള്‍ പുരട്ടണം. വളര്‍ത്തുനായ്ക്കളിലും ഇപ്രകാരം പരാദനാശിനികള്‍ പ്രയോഗിക്കണം. ലേപനങ്ങൾ സമീപത്തുള്ള മൃഗാശുപത്രികളില്‍ ലഭ്യമാണ്.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
വൈറസുകള്‍ ശരീരത്തില്‍ കടന്ന് മൂന്ന് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിതുടങ്ങും. വിറയലോട് കൂടിയ ശക്തമായ പനി, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് 2-3 ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുത്ത പേശിവേദന, വയറുവേദന, രക്തത്തോട് കൂടിയ വയറിളക്കം, ഛര്‍ദി, മൂക്കില്‍ നിന്നും തൊണ്ടക്കുഴിയില്‍ നിന്നും മോണകളില്‍ നിന്നും രക്തവാര്‍ച്ച. ദഹനതകരാറുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും, മതിയായ ചികിത്സകള്‍ ഉറപ്പുവരുത്താതിരിക്കുകയും ചെയ്താല്‍ രോഗം തീവ്രമായി തീരും. ക്രമേണ മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.
രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സക്കാന്‍ മുതിരാതെ ഏറ്റവും വേഗത്തില്‍ വിദഗ്ദ സേവനം തേടണം.
Image courtesy: downtoearth.org.in, pexels.com