കേന്ദ്രബജറ്റ് 2018; വീക്ഷണമില്ലായ്മയില്‍ നിന്ന് വാചാടോപത്തിലേക്ക് ഒരു ബജറ്റ് ദൂരം

വിനോദ, തെലങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലെ സ്ത്രീ കര്‍ഷകയും വീട്ടമ്മയുമായ 55 വയസ്സുകാരി 2016 നവംബര്‍ 9ാം തീയതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ചിക്സയ്ക്കു വേണ്ടി കൈവശമുണ്ടായിരുന്ന കൃഷിഭൂമി വിറ്റ് ചികിത്സാ ചെലവ് കഴിഞ്ഞ് ബാക്കിവന്ന തുക ഇവര്‍ 1,000 ത്തിന്റേയും 500 ന്റേയും കറന്‍സി നോട്ടുകളായി കൈവശം വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബര്‍ 8ാം തീയതി അര്‍ദ്ധരാത്രി ഈ രണ്ട് കറന്‍സി നോട്ടുകളുടേയും വിപണനമൂല്യം ഇല്ലാതാക്കിയതിനെ തുടര്‍ന്ന് തന്റെ കൈവശമുള്ള പണം പ്രയോജനമില്ലാതാകുമോ എന്ന ഭയമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്.

നോട്ടുനിരോധന പ്രഖ്യാപനത്തിന് ശേഷം നേരെ ജപ്പാനിലേക്ക് പോയ നരേന്ദ്രമോഡി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ചു. സ്വന്തം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണത്തെക്കുറിച്ചോര്‍ത്ത് അഭിമാനപുളകത്തോടെ ജപ്പാനിലെ ഇന്ത്യക്കാര്‍ ആവേശത്തോടെ കൈയ്യടിച്ചു. ആ നേരം, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത സാധാരണ ജീവിതത്തോട് കലഹിക്കുകയും സ്വയം ശപിക്കുകയും ചെയ്യുകയായിരുന്നു.

വലിയ തുകകള്‍ കൈവശം വയ്ക്കുന്ന സ്വഭാവമുള്ളവരാണ് ഇന്ത്യക്കാര്‍. ബാങ്കിടപാടുകള്‍ പരിചയിക്കാത്തവരും അത് പ്രയോഗപ്പെടുത്താന്‍ കഴിവില്ലാത്തരുമായ ഒരു വലിയ ജനസമൂഹം. ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യരെ കാലിട്ട് വീഴ്ത്തിയത് തെറ്റോ ശരിയോ എന്ന് വിലയിരുത്താന്‍ 50 ദിവസമെങ്കിലും കഴിയണമെന്നും രാജ്യത്തിന്റെ ഗതിയില്‍ താനും അതീവ ദു:ഖിതനാണ്, ഈ പ്രിയപുത്രനോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ച് ജപ്പാനില്‍ നിന്ന് തിരിച്ച് ഗോവയില്‍ വന്ന പ്രധാനമന്ത്രി ടെലിവിഷന്‍ കാമറകള്‍ക്ക് മുന്നില്‍ കണ്ണീരണിഞ്ഞു.

കൊല്ലമൊന്ന് ശരിക്കും തികഞ്ഞില്ല, മാധ്യമങ്ങളുടെ അടുത്ത മാനസപുത്രനും രാജ്യത്തിന്റെ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി ജൂണ്‍ 30 ന് അര്‍ദ്ധരാത്രി തിരക്കഥയെഴുതിയ ജി എസ് ടി എന്ന പാതിരാനാടകത്തിന്റെ അരങ്ങേറ്റത്തിന് പാര്‍ലമെന്റിന്റെ വാതിലുകള്‍ തുറപ്പിച്ചു. പിറ്റേന്ന് മുതല്‍ ദരിദ്രരാജ്യത്തെ ജനത എന്തിനൊക്കെ എത്രയെത്ര നികുതി കൊടുക്കണം എന്നറിയാതെ വലഞ്ഞു.

പ്രതീക്ഷിച്ചതും  പ്രവചിച്ചതും അതുപോലെ സംഭവിച്ചു. ഇടയ്ക്കൊന്ന് മെച്ചപ്പെട്ട് വന്ന രാജ്യത്തിന്റെ ജി ഡി പി യും (മൊത്തം ആഭ്യന്തര ഉത്പാദനം) കാര്‍ഷികോത്പാദനവും കുത്തനെ താഴേക്ക് പതിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒറ്റനോട്ടത്തില്‍

ഒരു രാഷ്ട്രത്തിന്റെ ആകെ മൂലധനവും ഒരു പ്രത്യേക കാലയളവില്‍ ആ രാഷ്ട്രം നേടുന്ന ഉത്പാദനവും അതോടൊപ്പം നടത്തുന്ന വ്യവസായവും വാണിജ്യവും പരിഗണിച്ചാണ് മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) കണക്കാക്കുന്നത്. ഇത് ഏതൊരു രാഷ്ട്രത്തിന്റേയും സാമ്പത്തിക നിലവാരത്തെ വിലയിരുത്താന്‍ സഹായിക്കുന്നു.

ഇന്ത്യന്‍ ജനതയുടെ മുഖ്യ ഉപജീവനം കൃഷി എന്നതുകൊണ്ടും തൊഴില്‍ സമൂഹത്തിലെ 50 ശതമാനം പേരും ആശ്രയിക്കുന്നതും കൃഷിയായതുകൊണ്ടും ഇന്ത്യ ഒരു കാര്‍ഷിക രാജ്യം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അതേസമയം, രാജ്യത്തിന്റെ ജി ഡി പി യിലേക്ക് 17.32 ശതമാനം മാത്രം സമാഹരണം കാര്‍ഷികരംഗം നടത്തുമ്പോള്‍ 29.02 ശതമാനം വ്യാവസായികരംഗവും 53.66 ശതമാനം സേവനമേഖലയും വീതം സമാഹരിക്കുന്നു. വ്യവസായമേഖലയും സേവനമേഖലയും വളര്‍ച്ച കൈവരിക്കുന്ന കഴിഞ്ഞ ദശാബ്ദങ്ങളില്‍ കാര്‍ഷികമേഖലയ താരതമ്യേന പുറകോട്ട് പോകുന്ന കാഴ്ചയാണുള്ളത്.

ജി ഡി പി യിലെ നേരിയ വ്യതിയാനം പോലും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷിടിക്കും എന്ന വസ്തുത പ്രത്യേമായി എടുക്കാം. രാജ്യത്തിന്റെ തൊഴില്‍രംഗം, വ്യാവസായികരംഗം, സാമൂഹിക വികസനം, ആരോഗ്യം, സുരക്ഷ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വ്യതിയാനത്തിന്റെ അലകള്‍ സംഭവിക്കും. ഭരിക്കുന്ന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന സാമ്പത്തിക നടപടികള്‍, പുത്തന്‍ നയരൂപീകരണം, ആഗോള വാണിജ്യരംഗത്തെ മാറ്റം എന്നിവയെല്ലാം ഈ വ്യതിയാനത്തിന് വഴിവയ്ക്കുന്നു.

കാര്‍ഷിക, ആരോഗ്യ, സാമൂഹിക വികസന ബജറ്റ്

2018-19 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രമായി 63,836 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് (56,589 കോടി രൂപ) 13 ശതമാനത്തിന്റെ വര്‍ദ്ധന. കാര്‍ഷികമേഖലയ്ക്ക് കൂടി ഗുണകരമാകുന്ന അടിസ്ഥനസൗകര്യ വികസനത്തിനായി 5.97 ലക്ഷം കോടി രൂപയും നീക്കിവെച്ചു, അതും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം അധിക വകയിരുത്തല്‍. കൂട്ടത്തില്‍, താങ്ങുവില വര്‍ദ്ധന വിളകള്‍ നശിക്കുന്ന വെല്ലുവിളി നേരിടായി 500 കോടി രൂപയുടെ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, മെച്ചപ്പെട്ട കാര്‍ഷിക വായ്പ സൗകര്യം, ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് 10,000 കോടിയുടെ നീക്കിവെയ്പ്പ്, ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന കാര്‍ഷിക വിപണി, ജില്ലകള്‍ തോറും ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ എന്നിങ്ങനെ കൃഷിക്കും ആരോഗ്യത്തിനും എല്ലാവിധത്തിലും പ്രാമുഖ്യം നല്‍കി എന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണ സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബി ജെ പി നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റ് ഇക്കാലയളവില്‍ നടപ്പിലാക്കിയതും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച “നോട്ടുനിരോധനം” ഉള്‍പ്പെടെയുള്ള നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ചാ തോത് ത്വരിതപ്പെടുത്തി എന്നും എണ്ണിപ്പറഞ്ഞാണ് ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗം ആരംഭിച്ചത്.


ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാനും പ്രമുഖ നിരീക്ഷണങ്ങളും “മണ്ണിര” വായനക്കാരില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി ബജറ്റിലെ കാര്‍ഷികമേഖലയിലേക്കുള്ള നീക്കിവയ്പ്പിനെ അവലോകനം ചെയ്യുന്നു.

വളര്‍ച്ചയും കാര്‍ഷിക മുന്നേറ്റവും

രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിച്ചിരുന്ന നിരവധി വെല്ലുവിളികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വ്യത്യസ്തങ്ങളായി അവതരിപ്പിക്കപ്പെട്ടിരുന്നു, മധ്യേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ കര്‍ഷക പ്രക്ഷോഭങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്ത് നടത്തിയ പ്രതിഷേധങ്ങളും ഇതിലുള്‍പ്പെടും. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും പുറകെ അവതരിപ്പിച്ച ജി എസ് ടി (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്) യും കാര്‍ഷിക സമൂഹത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു എന്ന വിലയിരുത്തല്‍ വിവിധ കോണുകളില്‍ നിന്നും വന്നു. ജി എസ് ടി നടപ്പിലാക്കിയതില്‍ സംഭവിച്ച് ആസൂത്രണ പിഴവുകള്‍ തിരുത്തുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും ഇതുമായി ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.

Courtesy: TOI

ജി ഡി പി വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2015 – 16 വര്‍ഷത്തില്‍ നടത്തിയ മുന്നേറ്റം (8.1%) പാടെ തകര്‍ന്നു പോകുന്ന ചിത്രമായിരുന്നു 2016-17 വര്‍ഷത്തില്‍ കണ്ടത്. 2016 ന്റെ തുടക്കത്തില്‍ നേടിയ വളര്‍ച്ചാ നിരക്ക് (6.7 ശതമാനം) 2016 അവസാനപാതമായപ്പോഴേക്കും 5.7 ശതമാനമായി താഴ്ന്നു. സര്‍ക്കാര്‍ നല്‍കുന്ന രേഖകളനുസരിച്ച് ഏറ്റവുമൊടുവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച 7.1 ശതമാനത്തിന് മുകളിലാണ്, എന്നാല്‍ സാമ്പത്തിക വിദഗ്ദരുടേയും വിവിധ ഏജന്‍സികളുടേയും കണക്കുകളില്‍ 6 ശതമാനത്തിലും താഴെ മാത്രമാണ് ഈ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക്. തുടര്‍ച്ചായായി അനുഭവപ്പെട്ട വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2015 – 16 വര്‍ത്തില്‍ 1.2 ശതമാനം എന്ന നിരക്കിലേക്ക് താഴ്ന്ന് പോയെങ്കിലും 2016-17 വര്‍ഷത്തില്‍ 4.1 ശതമാനമായി വളര്‍ന്നു.

സാമ്പത്തികമായി ഏതെങ്കിലും തരത്തിലുള്ള കുതിച്ചുചാട്ടം സാധിക്കാത്ത ഒരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നാലാമത്തേതും ഒടുവിലത്തേതുമായ ബജറ്റ് സ്വീകരിക്കുന്ന കാര്‍ഷിക, ആരോഗ്യ, സാമൂഹിക വികസനം സമീപനം ശ്രദ്ധേയമാണ്. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പും ഈ ബജറ്റ് സമീപനത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ എന്ന രാഷ്ട്രീയമാനവും ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്നതാണ്.

കാര്‍ഷികോത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കര്‍ഷകര്‍ കാലങ്ങളായി അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ്. വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇടനിലക്കാരും വ്യാപാരികളും വില നിശ്ചയിക്കുന്നതാണ് കാര്‍ഷികമേഖലയിലെ സ്ഥിരം കാഴ്ച. കൂടാതെ, എളുപ്പത്തില്‍ ഉത്പാദനവും വിപണനവും സാധ്യമാക്കുന്ന റോഡുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വലിയൊരു ശതമാനം കര്‍ഷകര്‍ക്കും ഉപയോഗപ്പെടുത്താനാകാത്ത വിള ഇന്‍ഷൂറന്‍സ്, സാങ്കേതിക സൗകര്യങ്ങളുടേയും കയറ്റുമതി സാധ്യതകളുടേയും കുറവ് എന്നിവയും എടുത്ത് കാണിക്കപ്പെട്ട പ്രതിസന്ധികളാണ്.

വിളകള്‍ക്ക് താങ്ങുവില; യാഥാര്‍ത്ഥ്യം ചികയേണ്ടതാവശ്യം

വിലയിലെ ഏറ്റക്കുറച്ചിലില്‍ പൊറുതിമുട്ടിയ രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം താങ്ങുവില ഏറെ ആശ്വാസകരമാണ്. കര്‍ഷരുടെ ഉത്പാദനത്തിന് കൃത്യമായ വില ലഭിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം ഭൂരഹിത തൊഴിലാളികളുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകും. ഈ വര്‍ഷത്തെ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളില്‍ ഒന്ന് താങ്ങുവിലയുമായി ബന്ധപ്പെട്ടതാണ്. അരി, ചോളം, നിലക്കടല, സോയാബീന്‍ തുടങ്ങിയ വിരിപ്പ് വിളകള്‍ക്ക് ഉത്പാദന ചെലവിന് മുകളില്‍ 50 ശതമാനം താങ്ങുവില സര്‍ക്കാര്‍ നല്‍കും എന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു, റാബി വിളകളുടെ താങ്ങുവില നേരത്തേ ക്രമപ്പെടുത്തിയിരുന്നു. നിലവിലെ ഉത്പാദനത്തിന്റെ ആകെ ചെലവിന് മുകളില്‍ 50 ശതമാനം രൂപ താങ്ങുവിലയായി ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിയുമായി മുന്നോട്ടുപോകാനാകു എന്നാണ് എം എസ് സ്വാമിനാഥന്‍ കമ്മിഷന്റെ നിരീക്ഷണം.


ഈ ഉത്പാദന ചെലവ് തിട്ടപ്പെടുത്തുന്നത് രണ്ട് രീതികള്‍, താഴെ:

ഒന്ന്,

A2 = വിളയിറക്കുന്നതിന്റെ യഥാര്‍ത്ഥ ചെലവ്
Family Labour (FL) = കര്‍ഷകരുടെ കുടുംബത്തിന്റെ അദ്ധ്വാന മൂല്യം/മനുഷ്യാദ്ധ്വാനം

രണ്ട്,

C2 = വിളയിറക്കുന്നതിന്റെ യഥാര്‍ത്ഥമൂല്യവും കുടുംബത്തിന്റെ അദ്ധ്വാനമൂല്യവും കൃഷിക്കായി എടുക്കുന്ന നിലത്തിന്റെ പാട്ടവും മുതലിന്റെ നികുതിയും ചേര്‍ന്ന വിസ്തരിച്ചുള്ള ഉത്പാദന ചെലവ്.

സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദ്ദേശം C2 വിന് മുകളില്‍ 50 ശതമാനം അധികം ചേര്‍ത്തുള്ള താങ്ങുവിലയാണ്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇതിലെ ഏത് വിധത്തില്‍ താങ്ങുവില നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി ജെയ്റ്റ്‌ലി വ്യക്തമാക്കിയില്ലെന്ന് മാത്രമല്ല, പിന്നീട് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതനുസരിച്ച് സര്‍ക്കാര്‍ പ്രഖ്യാപിക്കാനുദ്ദേശിക്കുന്ന താങ്ങുവില A2 + FL ന് മുകളില്‍ 50 ശതമാനം വര്‍ദ്ധന മാത്രമാണ്.

താങ്ങുവില ഈ രീതിയിലാണെങ്കില്‍ അതുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല. മാത്രമല്ല, പ്രഖ്യാപനം വെറും പ്രഹസനം മാത്രമായി മാറും എന്ന വസ്തുത കൂടിയുണ്ട്.

കാരണം,

മുഖ്യ വിളകള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലകള്‍ (മന്ത്രാലയത്തിന് കീഴിലുള്ള Commission for Agricultural Costs and Prices പ്രകാരം) താഴെ:

C2 കണക്കാക്കിയുള്ള ഉത്പാദന ചെലവും A2 + FL കണക്കാക്കിയുള്ള ഉത്പാദന ചെലവും തമ്മിലുള്ള അന്തരം മുഖ്യമായ വിളകള്‍ക്ക് മാത്രം 40 മുതല്‍ 50 ശതമാനമാണ് വരുന്നത്. ഈ വ്യത്യാസമുള്ളപ്പോള്‍ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച ഉത്പാദന ചെലവിന് 50 ശതമാനം മുകളിലുള്ള താങ്ങുവില കൊണ്ട് കര്‍ഷകര്‍ക്ക് എന്ത് പ്രയോജനം എന്ന ചോദ്യം കര്‍ഷകരും കൃഷിവിദഗ്ദരും ഉയര്‍ത്തുന്നു.


2014 പൊതു തെരഞ്ഞെടുപ്പ് വേളയില്‍ BJP യും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയും നടത്തിയെ മുഖ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു വിളകള്‍ക്കുള്ള താങ്ങുവില. ഇക്കാലയളവില്‍ താങ്ങുവില മേല്‍പ്പറഞ്ഞ A2+FL നും 50 ശതമാനത്തോളം മുകളിലായിരുന്നു എന്നിട്ടും കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിച്ചിരുന്നു. വിളകള്‍ക്ക് C2 വിന് മേലെ നിശ്ചയിക്കുന്ന താങ്ങുവിലകൊണ്ട് മാത്രമാണ് പ്രയോജമുള്ളത്.

ജയ് കിസാന്‍ ആന്ദോളന്‍ ദേശീയ കണ്‍വീനറായ അവിക് സാഹ പ്രതികരിച്ചു.

BJP അധികാരത്തിലേറി നാല് വര്‍ഷമായിട്ടു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് നാമമാത്രമായ വര്‍ദ്ധനമാത്രമാണ് ലഭിച്ചുവന്നത്. രാജ്യത്തെ മുഖ്യ വിളകള്‍ക്ക് പോലും ക്വിന്റലിന് പരമാവധി 250 രൂപയില്‍ താഴെ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തേക്ക് വര്‍ദ്ധിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് ശരിയായ താങ്ങുവില നല്‍കുമെന്ന് പറഞ്ഞ് നാലം വര്‍ഷം കഴിച്ചുകൂട്ടി ഈ അവസാന നിമിഷം സൗകര്യപൂര്‍വ്വം ലക്ഷ്യം മാറ്റി രക്ഷപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതതെന്നും സാഹ കുറ്റപ്പെടുത്തി.


താങ്ങുവിലയിലെ മറ്റൊരു പോരായ്മ, രാജ്യത്ത 6 ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തി കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുന്നത്. മാത്രമല്ല, സര്‍ക്കാര്‍ തലത്തിലുള്ള സംഭരണത്തില്‍ കാലതാമസം സംഭവിക്കുകയാണെങ്കില്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കേണ്ടതായും വരും. മറ്റുള്ള കര്‍ഷകര്‍ക്ക് ഉത്പാദനത്തിന് ലഭിക്കുന്ന വില ഇടനിലക്കാരുടേയും വ്യാപാരികളുടേയും ഇടപെടലിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കര്‍ഷകസൗഹൃദം എന്ന് അവകാശപ്പെടുമ്പോഴും പ്രധാനമായ വിഷയങ്ങളില്‍ പോലും വ്യക്തമായ സമീപനമല്ല സര്‍ക്കാര്‍ ബജറ്റ് അവതരണത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ദേശീയ തൊഴിലുറപ്പ് പദ്ധതി; പണമെവിടെ?

ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവതാളത്തിലായ നിലയിലാണ്. അധികാരിത്തിലിരുന്ന UPA സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയുടെ അടയാളമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് കുറ്റപ്പെടുത്തിയിരുന്ന NDA സര്‍ക്കാര്‍ 2016-17 ബജറ്റില്‍ 47,000 കോടി വകയിരുത്തുകയും അത് 55,000 കോടിയായി 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പരിഷ്‌കരിക്കുകയും ചെയ്തു. ഈ ബജറ്റിലും പദ്ധതിക്കായി മാറ്റി വെച്ചത് കഴിഞ്ഞ വര്‍ഷത്തെ അതേ തുക തന്നെയാണ്. 55 ദശലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ പദ്ധതി രാജ്യത്തെ ദളിത്, ആദിവാസി വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ മുന്നേറ്റത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ആകെ തൊഴിലാളികളില്‍ 55 ശതമാനം സ്ത്രീകളാണ്. അതില്‍, കേരളം (92%), തമിഴ്‌നാട് (86%), രാജസ്ഥാന്‍ (68%) എന്നീ സംസ്ഥാനങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായ 32 ശതമാനം കുടുംബങ്ങളുടെ ജീവിതസാഹചര്യം ഇതിലൂടെ മെച്ചപ്പെട്ടു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.


എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറയ്ക്കുക, വര്‍ഷത്തില്‍ നൂറ് ദിവസം തൊഴിലുറപ്പാക്കുന്ന പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കുക, വേതനം വൈകിപ്പിക്കുക എന്നിങ്ങനെയുള്ള നടപടികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചത്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തൊഴില്‍ ദിനങ്ങള്‍ 38 മാത്രമാണ് 2015-16 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
നവംബറില്‍ IndiaSpend പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 19 സംസ്ഥാനങ്ങളുടെ തൊഴിലുറപ്പ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ മുതല്‍ നല്‍കിയിട്ടില്ല. ലിസ്റ്റില്‍ 13 ദശലക്ഷം തൊഴിലാളികളുള്ള പശ്ചിമ ബംഗാള്‍, 9 ദശലക്ഷം തൊഴിലാളികളുള്ള ഉത്തര്‍പ്രദേശ്, 8 ദശലക്ഷം തൊഴിലാളികളുള്ള മധ്യപ്രദേശ്, 7 ദശലക്ഷത്തിലേറെ തൊഴിലാളികളുള്ള മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു. നോട്ടുനിരോധനവും ജി എസ് ടി യും മൂലം പ്രതിസന്ധികള്‍ നേരിട്ട കര്‍ഷകസമൂഹത്തിന് പിടിച്ചുകയറാനുണ്ടായിരുന്ന ആകെ പിടിവള്ളിയായ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ നേരിടുന്നത് കെടുകാര്യസ്ഥതയാണ്. പദ്ധതിയുടെ നീക്കിവെയ്പ് തുടര്‍ന്നതുകൊണ്ടോ, വര്‍ദ്ധിപ്പിച്ചതുകൊണ്ടോ മാത്രം സര്‍ക്കാരിന് കര്‍ഷക സൗഹൃദമെന്ന് അവകാശപ്പെടാനാകില്ല.

അസ്ഥാനത്തെ കൂട്ടലും കുറയ്ക്കലും

രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതിയുടെ വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് നീക്കി വെച്ചത് 3600 കോടി രൂപയാണ്, കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 1,150 കോടി രൂപ കുറച്ചുള്ള വകയിരുത്തലിനെതിരെ പരക്കെ പ്രതിഷേധമുണ്ട്. കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്ന സര്‍ക്കാരിന് റോഡ് വികസനത്തിന് മുന്‍ പദ്ധതിയില്‍ നിന്നും അധികമായി ഒന്നും നല്‍കാനില്ല, പ്രധാനമന്ത്രി സടക് യോജന പദ്ധതി മുഖേന 19,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. സംയോജിത കാര്‍ഷിക വിപണനത്തിനുള്ള പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 86 കോടി രൂപ കുറവ്. ഈ സര്‍ക്കാരിന് കീഴില്‍ ഒട്ടും കാര്യക്ഷമമല്ലെന്ന് വിലയിരുത്തപ്പെടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനക്ക് 4,000 കോടിയും, ജലസേചന പദ്ധതിക്ക് 2,000 കോടിയും ബജറ്റില്‍ അധികമായി വകയിരുത്തി. ഇരു പദ്ധതികള്‍ക്കും ക്രമമായി 13,000 കോടി, 9,400 കോടി എന്നിങ്ങനെ തുകയാണ് മാറ്റിവച്ചിട്ടുള്ളത്. ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി നേരിടുന്നത് നിരവധി വെല്ലുവിളികളാണ്. വിളയുടെ ഉത്പാദന ചെലവ് മുഴുവനായും ഇന്‍ഷൂറന്‍സില്‍ വകയിരുത്താത്തതിനാലും സ്വകാര്യ കമ്പനികളുടെ ലാഭേച്ഛയും സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൃത്യസമയത്ത് അറിയപ്പ് നല്‍ക്കാത്തതും ഇതിലുള്‍പ്പെടുന്നു. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതുകൊണ്ട് ലാഭം കൊയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇന്‍ഷൂറന്‍സ് പദ്ധതി പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിക്കപ്പെടുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് Centre for Science and Environment നടത്തിയ പഠനം.

മൃഗസംരക്ഷണത്തിനും മത്സ്യകൃഷിയ്ക്കും ശ്രദ്ധ ലഭിക്കുന്നു

കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്ത മേഖലകളിലൊന്നാണ് മൃഗസംരക്ഷണവും മത്സ്യകൃഷിയും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ കാലയളവില്‍ മികച്ച ആദായം ലഭ്യമാക്കാന്‍ കരുത്തുള്ള മേഖലയാണ് രണ്ടും. ധവള വിപ്ലവം (White Revolution) ന് ഈ വര്‍ഷത്തെ ബജറ്റില്‍ 2,220 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയ്ക്ക് 1,634 കോടിരൂപയാണ് വകയിരുത്തിയിരുന്നത്. 2013-14 വര്‍ഷത്തില്‍ തന്നെ 1,440 കോടിരൂപ വകയിരുത്തിയ ഈ മേഖലയിലേക്ക് കേന്ദ്രം 4 വര്‍ഷത്തിനുള്ളില്‍ 200 കോടിയില്‍ താഴെമാത്രമാണ് അധികമായി മാറ്റിവച്ചിരുന്നത്. ഫിഷറീസ് മേഖലയിലേക്ക് 200  കോടി രൂപ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് അധികമായി വകയിരുത്തിയിരിക്കുന്നു. 401 കോടിയില്‍ നിന്ന് 663 ആയി പരിഷ്‌കരിച്ചെങ്കിലും ഡയറി മേഖലയ്ക്ക സമാനമായി 50 കോടി മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ചിരുന്നത്. ഈ മേഖലകളിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിഷയത്തിലും ധാരാളം അവ്യക്തതകള്‍ നിലനില്‍ക്കുന്നു. ക്രഡിറ്റ് കാര്‍ഡിന്റെ കാലയളവാണ് മുഖ്യമായും നിര്‍വ്വചിക്കപ്പെട്ടിട്ടില്ലാത്തത്.


അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍ കിരണ്‍കുമാര്‍ വിസ്സ The Wire ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബജറ്റ് ഒരു പ്രഹസനം മാത്രമാണെന്ന് വിലയിരുത്തുന്നു. നരേന്ദ്രമോഡി സര്‍ക്കാരിന് ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനായിട്ടില്ലെന്നും നിലവിലെ 1.5 മടങ്ങ് താങ്ങുവില ഇരട്ടിപ്പിക്കുമെന്ന് പറയുന്നതും എന്തെങ്കിലും യുക്തിപരമായ സമീപനത്തോടെയല്ലെന്നും കിരണ്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ (UPA II) കാലത്ത് കര്‍ഷകര്‍ക്ക് ലഭിച്ച താങ്ങുവിലയും ഈ സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയും നിരത്തുമ്പോള്‍ കര്‍ഷകര്‍ക്ക് നാമമാത്രമായ സഹായം മാത്രമാണ് NDA സര്‍ക്കാരിന് കീഴില്‍ ലഭിച്ചിട്ടുള്ളത്.

പ്രത്യേക കാര്‍ഷിക ബജറ്റ്

കാര്‍ഷികരംഗം സമഗ്രമമായവളര്‍ച്ച കൈവരിക്കാതിരിക്കുകയും വന്‍കിട ഭൂപ്രഭുക്കളുടേയും കോര്‍പ്പറേറ്റ് കമ്പനികളുടേയും താത്പര്യങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കണ്ടു വരുന്നത്. ഭൂരഹിത കര്‍ഷക തൊഴിലാളികളും അവയില്‍ ഭൂരിപക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ കര്‍ഷകസമൂഹം. സ്ത്രീകള്‍ കര്‍ഷകരായി തുടരുന്നുണ്ടെങ്കിലും ഭുമിയുടെ കൈവശാവകാശം ഇനിയും സ്ത്രീകള്‍ക്ക് അനുവദിച്ച് കിട്ടിയിട്ടില്ല എന്നതാണ് സാമൂഹികാവസ്ഥ. രാജ്യത്തെ പകുതിയോളം വനിതാ കര്‍ഷക തൊഴിലാളികളും ഭൂരഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പുരുഷനില്‍ നിന്ന് സ്ത്രീയുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന കാരണമൊന്നുകൊണ്ട് തന്നെ കടക്കെണിമൂലം വനിതാ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളിലോ മറ്റ് സര്‍ക്കാര്‍ രേഖകളിലോ ചേര്‍ത്തവതരിപ്പിക്കപ്പെടുന്നില്ല.

അത്തരത്തിലുള്ള നിരവധി സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാനും രാജ്യത്തെ ഭൂരിപക്ഷം വരുന്ന തൊഴില്‍ സമൂഹം നേരിടുന്ന തൊഴില്‍, സമത്വ പ്രശ്‌നങ്ങളെ കൂടുതല്‍ മനസ്സിലാക്കി നടപടി സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ പ്രത്യേകമായ കാര്‍ഷിക ബജറ്റിന്റെ ആവശ്യകതയെക്കുറിച്ച് മണ്ണിര വായനക്കാരില്‍ നിന്ന് ശേഖരിച്ച അഭിപ്രായമനുസരിച്ച് 75 ശതമാനം പേരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ജി ഡി പി വളര്‍ച്ചയും കാര്‍ഷികമേഖലയുടെ മുന്നേറ്റവും

2014 ല്‍ അധികാരത്തിലേറിയ ബി ജെ പി യുടെ ഭരണത്തിന് കീഴില്‍ ഒരിക്കല്‍ പോലും കാര്‍ഷികമേഖല വളര്‍ച്ചയുടെ താളം കണ്ടെത്തിയിട്ടില്ലെന്ന മാത്രമല്ല രാജ്യത്തെ മൊത്തം വ്യാവസായിക വളര്‍ച്ചയും ആഭ്യന്തര ഉത്പാദനവും കൂപ്പുകുത്തി താഴെ വീഴുക മാത്രമാണുണ്ടായത്. കാര്‍ഷിക വളര്‍ച്ച 4.7 (2013-14) ശതമാനത്തില്‍ നിന്ന് 2.1 ലേക്ക് താഴുകയും വ്യാവസായിക വളര്‍ച്ച 8.0 (2016) ത്തില്‍ നിന്ന് 6.5 ലേക്ക് താഴുകയും ചെയ്തത് ഇക്കാലത്ത് തന്നെയാണ്.

2022 വര്‍ഷമാകുമ്പോഴേക്കും രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയും, GDP സമാഹരണം 20 ശതമാത്തിന് മുകളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഭരണ സര്‍ക്കാരിന്റെ ശേഷിയിലൊതുങ്ങുന്നതല്ല എന്ന് വ്യക്തം. മൊത്തം ആഭ്യന്തര വരുമാനത്തിന്റേയും കാര്‍ഷികമേഖലയുടെ വളര്‍ച്ചയുടേയും കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകളെടുത്ത് പരിശോധിച്ചാല്‍ സാമ്പത്തികരംഗം വളര്‍ച്ച കൈവകരിക്കുന്നില്ലെന്നും തളര്‍ച്ച നേരിടുകയാണെന്നും മനസ്സിലാം. വാചാടോപങ്ങളും പ്രചാരവേലകളും അവസാനിപ്പിച്ച് രാജ്യത്തെ കര്‍ഷകരെ ആത്മാഹത്യാ സാഹചര്യത്തില്‍ നിന്നും രക്ഷിക്കാനുള്ള ബാധ്യത പ്രധാനമന്ത്രി നരേന്ദ്രമോഡിയും NDA സര്‍ക്കാരും ഏറ്റെടുക്കേണ്ടതാണ്.

മറിച്ചാണെങ്കില്‍,

തുടരെ തുടരെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച് കര്‍ഷകസമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഭരണകര്‍ത്താക്കള്‍ “ആധുനികയുഗത്തിലെ നീറോ” കളെന്ന വിശേഷണത്തോടെ ചരിത്രത്തില്‍ ഇടംപിടിക്കും.

Also Read: സുസ്ഥിര കൃഷിരീതിയുടെ ഭാവിയും വിശപ്പിന്റെ രാഷ്ട്രീയവും

Murali Margassery

An adept optimist, journalist, traveller and hardcore lover of cinema.