മണ്ണിനും വായുവിനും പുതുജീവൻ നൽകുന്ന അസോളയുടെ മാജിക് വളം, കാലിത്തീറ്റ നിർമാണത്തിലും

മണ്ണിനും വായുവിനും പുതുജീവൻ നൽകുന്ന അസോളയുടെ മാജിക് വളം, കാലിത്തീറ്റ നിർമാണത്തിലും പ്രയോജനപ്പെടുത്താം. ശുദ്ധജലത്തിൽ വളരുന്ന പന്നൽവർഗസസ്യമാണ് അസോള അവിലുപായൽ എന്നും അറിയപ്പെടുന്നു. ഇലകളുടെ അടിയില്‍ നീലഹരിത പായലിന്റെ സാന്നിധ്യമുള്ളതിനാൽ അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിന് നൽകാൻ അസോളയ്ക്ക് സാധിക്കുന്നു.

അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണമുള്ള തീറ്റയായും അസോള ഉപയോഗിക്കാം.കാർബൺ ഡൈ ഓക്‌സൈഡ് വളരെയധികം ഉപയോഗിച്ച് അതിന്റെ ഇരട്ടിയോളം ഓക്‌സിജൻ പുറത്തുവിടുന്ന ഈ സസ്യം അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ വളരെ സഹായകമാണ്. ജലാശയങ്ങളിലെ ഘനലോഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കാനും അസോള പ്രയോജനപ്പെടുത്താം.

പ്രോട്ടീനും, ധാതുക്കളും അമിനോ അമ്ലങ്ങളും കാത്സ്യവും നൈട്രജനും പൊട്ടാസ്യവും അസോളയില്‍ അടങ്ങിയിരിക്കുന്നു. അതിനാൽ കാലിത്തീറ്റയായും കോഴിത്തീറ്റയായും മത്സ്യത്തീറ്റയായും അസോള ഉപയോഗിക്കാം. ബയോഗ്യാസ്, മണ്ണിരക്കമ്പോസ്റ്റ് എന്നിയുടെ നിർമാണത്തിലും അസോളയ്ക്ക് പ്രധാന സ്ഥാനമുണ്ട്.

ഭാഗികമായി തണലുള്ള സ്ഥലമാണ് അസോള വളര്‍ത്താന്‍ ഉത്തമം. രണ്ടു മീറ്റര്‍ നീളവും വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള കുഴിയെടുക്കുന്നതാണ് അസോള കൃഷിയുറ്റെ ആദ്യഘട്ടം. തറ, അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കണം. ചുറ്റും കല്ലുകള്‍ നിരത്തിവെച്ചാല്‍ അസോള കൃഷിക്കുളം തയ്യാര്‍. ഇതില്‍ നിന്നായി അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണ് വിതറാം.

10 ലിറ്റര്‍ വെള്ളത്തില്‍ രണ്ട് കിലോഗ്രാം ചാണകവും 30 ഗ്രാം ഫോസ്ഫറസ് വളങ്ങളും കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇത്രയും വലിപ്പമുള്ള കുഴിയില്‍ ഒരു കിലോഗ്രാം അസോള ചേര്‍ക്കാം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടം മുഴുവന്‍ വ്യാപിക്കും. ആഴ്ചതോറും ഒരു കിലോഗ്രാം ചാണകവും 20 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും ചേര്‍ത്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. പത്തുദിവസത്തിലൊരിക്കല്‍ കാല്‍ഭാഗം വെള്ളംമാറ്റി പുതിയവെള്ളം നിറയ്ക്കാം.

മാസത്തിലൊരിക്കല്‍ പഴയ മണ്ണ് മാറ്റി പുതിയ അഞ്ചുകിലോഗ്രാം മണ്ണ് ചേര്‍ക്കണം. ഇത്തരം തടത്തില്‍ നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.വിളവെടുത്ത അസോള നന്നായി കഴുകിയതിനുശേഷം തനിച്ചോ തവിടിൽ കലർത്തിയോ ദിവസം പരമാവധി അഞ്ചു കിലോവരെ കറവമാടുകൾക്കു നൽകാം. എന്നാൽ ഒരേസമയം രണ്ടു കിലോയിൽ കൂടുതൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

ഇതുവഴി പാലുൽപാദനം 15 മുതൽ 20 വരെ ശതമാനം കണ്ടു വർധിക്കുകയും പാലിന്റെ ഗുണമേന്മയും പശുവിന്റെ ആരോഗ്യവും മെച്ചപ്പെടുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു. അസോളയ്ക്കു ഭീഷണിയാകുന്ന ഒച്ചിനെയും ചീയൽരോഗം ഉണ്ടാക്കുന്ന റൈസക്‌ടോണിയ എന്ന കുമിളിനെയും നിയന്ത്രിക്കാൻ വെർമിവാഷ്, വേപ്പെണ്ണ, ഗോമൂത്രം എന്നിവ 10:6:1 എന്ന അനുപാതത്തിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്.

Also Read: റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ റബർ ബോർഡ്; പ്രതിസന്ധി പരിഹരിക്കാൻ പഞ്ചാബ് മോഡൽ

Image: YouTube