വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ. വേനൽച്ചൂട് രൂക്ഷമായതോടെ വാഴയിൽ കീടങ്ങളുടെ ആക്രമണം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ണാറ വാഴ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. അതിനാൽ വാഴ കര്‍ഷകര്‍ ഈ വേനല്‍ക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ വാഴ ഗവേഷണകേന്ദ്രം കീടശാസ്ത്ര വിഭാഗമാണ് പഠനം നടത്തിയത്. വാഴക്കൃഷിയില്‍ പ്രധാനമായി രണ്ടുതരം കീടങ്ങള്‍ രൂക്ഷമായ രീതിയില്‍ കൃഷിനാശം വരുത്തുന്നതായി പഠനത്തിൽ കണ്ടെത്തി. ഇലപ്പേനുകളും റേന്തപത്രപ്രാണി അഥവാ ലെയ്സ് വിങ് ചാഴിയുമാണ് ഈ കീടങ്ങള്‍.
പകല്‍ ഉയര്‍ന്ന ചൂടും രാത്രിയിലെ താഴ്ന്ന താപനിലയും ആണ് വാഴയെ ആക്രമിക്കുന്ന ഈ കീടങ്ങൾക്ക് അനുകൂല ഘടകങ്ങളെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. വാഴയുടെ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍, ഇലപ്പേനുകള്‍, മീലി മൂട്ടകള്‍, റേന്തപത്രപ്രാണികള്‍, വാഴപ്പേന്‍, മിറിഡ് ചാഴികള്‍, വെള്ളീച്ചകള്‍, മണ്ഡരികള്‍, ചെല്ലികൾ എന്നിവയാണ് വേനല്‍ക്കാലത്തെ പ്രധാന വില്ലന്മാർ.
ഈ കീടങ്ങൾ വാഴയിലകളുടെ അടിയില്‍ കൂട്ടത്തോടെ ഇരുന്ന് നീരൂറ്റി കുടിയ്ക്കുന്നതുകാരണം ഇലകള്‍ മഞ്ഞളിച്ച് വാടിപ്പോകുകയോ, കരിഞ്ഞുണങ്ങുകയോ ചെയ്യുന്നതായാണ് സാധാരണ കണ്ടുവരുന്നത്. വാഴയിലയുടെ അടിഭാഗത്തായി ചുവന്നതോ, തവിട്ടുനിറത്തിലോ ഉള്ള കുത്തുകള്‍ കാണപ്പെട്ടാൽ അടിയന്തിരമായി ശുശ്രൂഷ നൽകണം.
രണ്ട് ശതമാനം വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുക. വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ കള്‍ച്ചര്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിയ്ക്കുക. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിയ്ക്കുക. ലൈറ്റെതോയേറ്റ് 30 എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക എന്നിവയാണ് കീടങ്ങൾക്കെതിരെ അടിയന്തിരമായി ചെയ്യാവുന്ന പ്രതിരോധ പ്രവർത്തനങ്ങളെന്നും റിപ്പോർട്ട് പറയുന്നു.
Also Read: കരിങ്കോഴി ആരുടെ സ്വന്തമാണ്?; മധ്യപ്രദേശും ഛത്തീസ്ഗഡും തമ്മിൽ വാക്‌പോര് മുറുകുന്നു
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|