കയ്പ്പിലെ പോഷകമൂല്യം ഒപ്പം ആദായകരമായ പാവല്‍ കൃഷി

ഇന്ത്യയുടെ സ്വന്തം പച്ചക്കറി വിളയായ പാവലിനു വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണവും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായി പാവല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കാത്സ്യം, ഇരുമ്പ്. വിറ്റാമിന് എ, ബി, സി എന്നിവയുടെ കലവറ കൂടിയാണ് ഈ പച്ചക്കറി. ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കയ്പ. (ശാസ്ത്രീയനാമം: Momordica charantia). പ്രസ്തുത സസ്യത്തിന്റെ ഫലഭാഗം പാവയ്ക്ക, കയ്പക്ക എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലാണ് ഇലകള്‍. സസ്യത്തില്‍ ആണ്‍ പൂവും പെണ്‍ പൂവും വെവ്വേറെ കാണാം. കായ്കളുടെ ഉള്‍ഭാഗത്തെ പഞ്ഞി പോലെയുള്ള ഭാഗത്താണ് പരന്ന വിത്തുകള്‍ കാണപ്പെടുന്നത്. പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും വിത്തിന്.

നിലം ഒരുക്കലും കൃഷി രീതിയും:
നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് പാവല്‍ കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് കൃഷി സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നതിന് 20-25 ഗ്രാം വിത്ത് വേണ്ടിവരും. രണ്ടു മീറ്റര്‍ അകലം വരത്തക്കവണ്ണം വേണം ചെടികള്‍ക്കിടയിലുള്ള വരി നിര്‍മ്മിക്കാന്‍. ചെടി നടാനായി 50 സെ.മീ വ്യാസവും 50 സെ.മീ ആഴവും ഉള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. അടിവളമായി കാലിവളമോ കമ്പോസ്‌റ്റോ മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ചു വേണം കുഴിയുടെ മുക്കാല്‍ ഭാഗം നിറക്കാന്‍. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്തുകള്‍ നടാം. നടുന്നതിനു മുന്‍പ് വിത്തുകള്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു വെച്ച് മുളവരുമ്പോള്‍ നടുന്നതാണ് നല്ലത്. മുളച്ചു കഴിഞ്ഞാല്‍ ഓരോ കുഴിയിലും ഒന്ന് രണ്ടു ചെടികള്‍ മാത്രം നിര്‍ത്തി ശേഷിച്ചവ പറിച്ചു മാറ്റണം. ചെടി വള്ളിയിട്ട് പടരാന്‍ തുടങ്ങുമ്പോള്‍ പന്തല്‍ ഇട്ടുകൊടുക്കാം. ഏപ്രില്‍, മെയ്, ആഗസ്ത്, സെപ്തംബര്‍ തുടങ്ങിയ മാസത്തില്‍ നടുന്ന ചെടികളാണ് കൂടുതല്‍ വിളവ് തരുന്നത്. ഈ സമയത്ത് നടത്തുന്ന പാവല്‍കൃഷിയില്‍ കീടരോഗശല്യം കുറവായിട്ടാണ് കാണപ്പെടാറുള്ളത്.
കീടനിയന്ത്രണം:
നല്ല വെയിലും നിത്യവുമുള്ള പരിചരണവും പാവലിന് അത്യാവശ്യമാണ്. കായീച്ച, പച്ചത്തുള്ളന്‍, ചിത്രകീടം എന്നി കീടങ്ങളാണ് പ്രധാനമായും പാവല്‍ ചെടിയെ ആക്രമിക്കാറുള്ളത്. കായ്കള്‍ ഉണ്ടാകുന്ന സമയത്തു അവ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു വെച്ചാല്‍ കായീച്ചയുടെ പുഴുക്കള്‍ കായ തുറന്നു നശിപ്പിക്കുന്നത് തടയാനാകും. കൂടാതെ പഴക്കെണി(ഇതിലേയ്ക്കായി ചിരട്ടയില്‍ പാളയംകോടന്‍ പഴം ഞെരടി അതില്‍ ഫൂരിഡന്‍ തരികള്‍ വിതറി ഒന്നിടവിട്ടുള്ള വരികളില്‍ തൂക്കിയാല്‍ മതിയാകും), തുളസിക്കെണി തുടങ്ങിയവ ഉണ്ടാക്കി പന്തലില്‍ കെട്ടിത്തൂക്കുന്നതു കായീച്ചകളെ ആകര്‍ഷിച്ചു കൂട്ടത്തോടെ നശിപ്പിക്കാന്‍ സഹായകമാണ്. ആണ്‍ കായീച്ചകളെ നശിപ്പിക്കുന്നതിനായി മഞ്ഞനിറമുള്ള ബക്കറ്റിന്റെ വശങ്ങളില്‍ ദ്വാരങ്ങള്‍ ഇട്ട് അതില്‍ കീടനാശിനി ചേര്‍ത്ത വെള്ളം നിറച്ച് നടുക്ക് ഫിറമോണ്‍ കാര്‍ഡ് തൂക്കിയിടുന്നതാണ് ഏറ്റവും നല്ല വഴി. ഫിറമോന്‍ കാര്‍ഡില്‍ ആകര്‍ഷിക്കുന്ന കായീച്ചകള്‍ കീടനാശിനി ചേര്‍ത്ത വെള്ളത്തില്‍ വീണ് നശിക്കുകയും ചെയ്യും. ഇലകളുടെ നീര്‍ ഊറ്റിക്കുടിച്ച് കുരടിപ്പുണ്ടാക്കുകയും മാര്‍ദ്ദവം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വെള്ളീച്ച, ജാസിഡ് എന്നീ ചെറുകീടങ്ങളെ നശിപ്പിക്കുന്നതിനായി വെളുത്തുള്ളി ചതച്ച് തളിക്കുകയും ചെയ്യാം.
വിളവെടുപ്പ്:
ചെടി നട്ട് 45-50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60-70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിനു പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍ നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്. ആദ്യത്തേതും അവസാനത്തേതുമായ വിളവെടുപ്പില്‍ നിന്നുള്ള കായ്കള്‍, കീടരോഗബാധയുള്ള കായ്കള്‍ എന്നിവ വിത്തിനായി എടുക്കരുത്. ഇപ്രകാരമുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണെകില്‍ പാവല്‍ കൃഷി കൂടുതല്‍ ആദായകരമാക്കി മാറ്റാം.   
പ്രധാന ഇനങ്ങള്‍:
ജലസേചന സ്വാകാര്യം ഉണ്ടെങ്കില്‍ എല്ലാ കാലാവസ്ഥയിലും പാവല്‍ കൃഷി ചെയ്യാം. കേരളാ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പ്രിയ, പ്രീതി, പ്രിയങ്ക എന്നിവയാണ് കേരളത്തിന്റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ പാവല്‍ വിത്തിനങ്ങള്‍.  

Rekesh R

Aspiring writer