ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന വഴുതന

ഇന്ത്യയില്‍ ധാരാളമായി ഉത്പാദിപ്പിക്കുന്ന വഴുതന അതിന്റെ വ്യത്യസ്തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പച്ചക്കറി യൂറോപ്പ്യന്‍ ഭക്ഷണസംസ്‌കാരത്തിലും സര്‍വ്വപ്രിയനാണ്. വര്‍ഷത്തില്‍ എല്ലാ കാലാവസ്ഥയിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു എന്നതാണ് വഴുതന ചെടിയുടെ മറ്റൊരു പ്രത്യേകത. ‘സൊലനേസീ'(Solanaceae) കുടുംബത്തില്‍ പെട്ടതുമായ സസ്യമാണ് വഴുതന. ‘സൊലാനം മെലങിന’ (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ ബ്രിഞ്ജാള്‍ (Brijal) / എഗ്ഗ് പ്ലാന്റ് (Eggplant)/ ഓബര്‍ജിന്‍(Aubergine) എന്നീ പേരുകളില്‍ പറയപ്പെടുന്നു.

'പാവങ്ങളുടെ തക്കാളി' എന്നറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവയില്‍ ആദായകരമായ കൃഷി ചെയ്യാവുന്ന ഒരു ദീര്‍ഘകാലവിളയാണ്. ഇന്ത്യയിലാണ് ഇവ ആദ്യമായി കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ മിക്ക ഉഷ്ണമേഖലാ പ്രദേശത്തും വഴുതന വളരുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലെ ചില പ്രദേശങ്ങളിലും 'കത്തിരിക്ക' എന്ന പേരിലും ഈ വിള അറിയപ്പെടുന്നു.
കാലാവസ്ഥ:
വഴുതനയുടെ ശരിയായ വളര്‍ച്ചക്കും വിളവിനും 25-30 ഡിഗ്രി താപനിലയാണ് അനുയോജ്യം. നല്ല ആഴവും പശിമ രാശിയുമുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. മെയ്-ഓഗസ്റ്റ്, സെപ്തംബര്‍-ഡിസംബര്‍ മാസമാണ് കേരളത്തില്‍ വഴുതന കൃഷിക്ക് നല്ലത്.

കൃഷിരീതി:
വിത്ത് പാകി കിളിര്‍പ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് വഴുതന കൃഷിയുടെ രീതി. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 400-500 ഗ്രാം വിത്ത് വേണ്ടിവരും. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കുകയും 40-45 ദിവസം കൊണ്ട് തൈകള്‍ മാറ്റിനടുകയും ചെയ്യാം. ടെറസ്സിലെ ഗ്രോ ബാഗ്/ചെടിചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക.
നിലമൊരുക്കലും വളപ്രയോഗവും:
നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി കല്ലും കട്ടയും നീക്കം ചെയ്യണം. അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. ചെടികള്‍ നടുമ്പോള്‍ വരികള്‍ തമ്മില്‍ 75 സെ.മീയും ചെടികള്‍ തമ്മില്‍ 60 സെ.മീയും അകലം കൊടുക്കാന്‍ ശ്രദ്ധിക്കണം. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കണം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
ജലസേചനം:
വിത്ത് വിതച്ച ശേഷം രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്ത് മുളച്ച് ഇലകള്‍ വന്ന ശേഷവും നനക്കല്‍ തുടരണം. നനയ്ക്കുമ്പോള്‍ നേരിട്ട് വെള്ളം ശക്തിയായി ഒഴിക്കാതെ കൈയില്‍ എടുത്തു തളിക്കുകയാണ് വേണ്ടത്.  
കീടനാശിനി പ്രയോഗം:
വഴുതനയില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങള്‍ ബാക്റ്റീരിയ വാട്ടം, ചെടിമുരടിക്കല്‍ എന്നിവയാണ്. ചെടിയുടെ വളര്‍ച്ച മുരടിച്ച് അടുത്തടുത്ത് ഇടതൂര്‍ന്നു നന്നായി ചെറിയ ഇലകളുണ്ടായി കായ് ഫലം തരാനുള്ള കഴിവ് നഷ്ട്ടപ്പെടുന്ന രോഗമാണ് ചെടി മുരടിക്കല്‍. മൈക്കോപ്ലാസ്മ എന്ന രോഗാണുവാണ് ഈ രോഗത്തിന് കാരണം. ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗബാധയേറ്റ ചെടി പിഴുതെടുത്തു നശിപ്പിക്കുകയാണ് ചെയ്യേണ്ടത്.
വിളവെടുപ്പ്:
ചെടി നട്ട് 55-60 ദിവസത്തില്‍ വിളവെടുക്കാന്‍ തുടങ്ങാം. ഏതാണ്ട് അഞ്ചു ദിവസം ഇടവിട്ടു വിളവെടുപ്പ് നടത്താം. പ്രധാന വിളവെടുപ്പ് കഴിഞ്ഞാല്‍ ചെടി ചുവട്ടില്‍ നിന്ന് അല്‍പ്പം ഉയര്‍ത്തി മുറിച്ചു മാറ്റി കുറ്റിയാക്കി നിര്‍ത്തണം. വീണ്ടും നല്ല വെള്ളവും വളവും നല്‍കി അടുത്ത വിളവിനായി ചെടികള്‍ രൂപപ്പെടുത്തിയെടുക്കാം.
രോഗവിമുക്തമായതും നല്ല വിളവ് തരുന്നതുമായ മാതൃസസ്യത്തില്‍ നിന്നാണ് അടുത്ത കൃഷിക്കായുള്ള വിത്ത് തെരഞ്ഞെടുക്കേണ്ടത്. ചെടിയുടെ ഉത്പാദനശേഷി അനുസരിച്ചു ഒരു ഹെക്ടറില്‍ നിന്ന് ഏകദേശം 20-35 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. നന്നായി സംരക്ഷിച്ചാല്‍ രണ്ടു വര്‍ഷം വരെ വിളവ് തരുന്നതാണ് വഴുതനകൃഷി.
പ്രധാനപ്പെട്ട ഇനങ്ങള്‍:
ശ്വേത(വെള്ളനിറം, ഇടത്തരം നീളം), ഹരിത(ഇളം പച്ച, നല്ല നീളമുള്ള തരം), നീലിമ, സൂര്യ(വയലറ്റ് നിറം, ഉരുണ്ടത്)