വളക്കൂറുള്ള മണ്ണില്‍ വ്യാപാരസാധ്യത കണക്കാക്കി ചെയ്യേണ്ട ഇഞ്ചിക്കൃഷി

സുഗന്ധവ്യഞ്ജനങ്ങളിൽ പ്രമുഖൻ, ഒറ്റമൂലിയും രോഗാഹാരിയും ശ്രദ്ധ നേടിയ ഇഞ്ചിക്ക് ലോകമാർക്കറ്റിൽ ചുക്കിന് തൊട്ടടുത്ത സ്ഥാനമാണ്. ഔഷധമൂല്യം വളരെയധികം അടങ്ങിയ ഇഞ്ചി ശാരീരിക പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയായി കണക്കാക്കുന്നു. ഹൃദയം, മസ്തിഷ്കം, ആമാശയം എന്നീ ശാരീരിക ഭാഗങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ദുരീകരിക്കാൻ ഇഞ്ചി സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൈപ്പർ ടെൻഷൻ, സ്ടോക്ക്, ഹൃദയാഘാതം എന്നിവ തടയാനും സഹായകമാണെന്നാണ് കണ്ടെത്തല്‍. ആഹാരക്രമങ്ങൾ മാറുന്നത് മൂലമുണ്ടാകുന്ന ശരീരഭാരം കുറക്കാനും ശരീരത്തിലെ കൊഴുപ്പിന്റെ നിരക്ക് കുറക്കാനും കലോറി കൂട്ടാനും ഇഞ്ചി ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഔഷധമൂല്യങ്ങളും സാമ്പത്തികലാഭവും ഒരു പോലെ സാധ്യമാക്കന്ന ദക്ഷിണേന്ത്യന്‍ വിളയായ ഇഞ്ചി ഈർപ്പം കൂടിയ അന്തരീക്ഷത്തിൽ ആണ് കൃഷി ചെയ്യാൻ അനുയോജ്യം. ജലാംശമുളള പ്രദേശം, ചെളിമണ്ണ്, ചരൽമണ്ണ്, മണൽ മണ്ണ് എന്നിവയിൽ കാലവർഷത്തെ ആശ്രയിച്ചോ ജലസേചനം നടത്തിയോ കൃഷി ചെയ്യാം. കർഷകർ സാധാരണഗതിയിൽ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ ഭൂപ്രകൃതിയുളള സ്ഥലമാണ് തിരഞ്ഞെടുക്കാറുളളത്. ഫലഭൂയിഷ്ഠയും ജൈവാംശവും കൂടുതൽ ഉള്ള മണ്ണിൽ കൃഷി ചെയ്യുന്ന വിളയാണ് ഇഞ്ചി. നടീലിന് അനുയോജ്യമായ സമയം ജനുവരി ഫെബ്രുവരിയാണ്. നടീൽ വസ്തുവായി കഴിഞ്ഞ വർഷത്തെ കൃഷിയിൽ നിന്ന് ശേഖരിക്കുന്ന വിത്തോ അല്ലെങ്കിൽ കാർഷിക സംരംഭങ്ങളിൽ നിന്നും വാങ്ങുന്ന വിത്തോ ഉപയോഗിക്കാം. കഴിഞ്ഞ വർഷത്തെ കൃഷിയിൽ നിന്നുള്ള വിത്താണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്ങിൽ 8 മാസമാകുമ്പോൾ തന്നെ നല്ല ഇഞ്ചികൾ വിത്തിനായി ശേഖരിക്കണം. വിത്ത് ശേഖരിക്കുമ്പോൾ കിഴങ്ങിനു ബാധിക്കാത്ത രീതിയിൽ വേർതിരിച്ചെടുക്കണം. നടീലിനുമുമ്പ് കൃഷിസ്ഥലം കിളച്ചുമറിച്ച് ചാലുകളായി കീറിയിടണം. ഒരു മീറ്റർ വീതി, 25 സെ മി ഉയരം എന്നീ അളവുകളിൽ നിരപ്പായ സ്ഥലത്ത് 25 വാരം(തടം) ഒരുക്കണം. കൂടാതെ ഓരോ 25 വാരത്തിനും ഒരു വെള്ളച്ചാൽ എന്ന ക്രമത്തിൽ കൃഷി സ്ഥലം തയാറാക്കണം.

നടുന്നതിന് മുമ്പ് ശാസ്ത്രീയമായി വിത്ത് കൈകാര്യം ചെയ്യണം. കരുത്തുളള ഇഞ്ചികൾ 1മില്ലി മാലത്തയോൺ, 1ഗ്രാം മാങ്കോസെബ് എന്നിവ കലർത്തിയ ലായനിയിൽ ഏകദേശം അരമണിക്കൂറോളം മുക്കിവച്ച്, തറയിൽ നിരത്തി തണുപ്പിച്ച് ജലാംശം കളയണം. ഒരു ചെറിയ കുഴിയെടുത്ത് മണലോ അറക്കപ്പൊടിയോ തൂവി അതിൽ വിത്ത് സൂക്ഷിക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. വായുസഞ്ചാരം കിട്ടത്തക്കവിധത്തിൽ ഓലക്കൊണ്ട് അടച്ചു വക്കാം. ചീഞ്ഞ വിത്തുകളുണ്ടെങ്കിൽ യഥാസമയം എടുത്ത് മാറ്റണം. കൃഷിക്കായി ഒരുക്കിയെടുത്ത സ്ഥലത്ത് ജലസേചന സൗകര്യമുണ്ടെങ്കിൽ ഫെബ്രുവരിയിൽ തന്നെ നടീൽ പ്രവർത്തനം തുടങ്ങാം. ജലസേചനം ലഭ്യമല്ലാത്തിടത്ത് വേനൽ മഴയെ ആശ്രയിച്ചും ഏപ്രിൽ ആദ്യവാരം നടീൽ നടത്താം.

25 സെ മി അകലത്തിൽ 5 സെ മി താഴ്ചയിൽ കുഴികളെടുത്ത് ഒരു ഹെക്ടർ കണക്കിന് 1500 കിലോഗ്രാം വിത്ത് 15 ഗ്രാം വീതമാക്കി വിഭജിച്ച് കഷണങ്ങളായി നടാം. വളക്കൂറുളള മണ്ണും പ്രത്യേക വളക്കൂട്ടുകളും മികച്ച വിളവ് സാധ്യമാകുന്നു. ഇഞ്ചി കൃഷിക്ക് 1ഹെക്ടർ കണക്കനുസരിച്ച് വളത്തിന്റെ അളവുകൾ: ജൈവവളം 3ടൺ, യൂറിയ 150 കിലോഗ്രാം, രാജ്ഫോസ് 250 കിലോഗ്രാം, പൊട്ടാഷ്യം 90 കിലോഗ്രാം എന്നിങ്ങനെയാണ്.

വളപ്രയോഗം വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായാണ് നൽകേണ്ടത്. നടീലിനുശേഷം ആദ്യ അടിവളമായി 45 കിലോഗ്രാം എന്ന തോതിൽ രാജ്ഫോസും പൊട്ടാഷ്യവും ഇടണം. വളർന്ന് 60 മുതല്‍ 120 ദിവസത്തിൽ 75 കിലോഗ്രാം യൂറിയയും നൽകണം. ജൈവവളമാണ് വളപ്രയോഗത്തിന്റെ സമീപനമെങ്കില്‍ പച്ചിലയും കടലപ്പിണ്ണാക്കും പച്ച ചാണകം പുളിപ്പിച്ചും വളർച്ചയുടെ ആദ്യഘട്ടത്തിൽ ഇടാം. ഇത് ഇഞ്ചിയുടെ ഇല വളർച്ച കൂട്ടുകയും പുഷ്ടിയുളള ഫലം കിട്ടാനും സഹായിക്കുന്നു. പച്ചിലവളത്തിൽ ശീമക്കൊന്ന, മുരിക്ക്, കുറ്റിച്ചെടികൾ, വീട്ടുവളപ്പിൽ കാണുന്ന മാവ്, പ്ലാവ്, സുബാബുൾ, ഇലഞ്ഞി, വേപ്പ് എന്നിവയുടെ തോല്‍, പുല്ല്, ചെറുചെടികൾ എന്നിവയാണ് മിശ്രിതങ്ങൾ. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് പച്ചിലവളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ. വളർച്ചയെ സുഗമമാക്കാനും മണ്ണിൽ വായുസഞ്ചാരം വർധിപ്പിക്കാനും കുമ്മായം, സി-പോം, ചാരം, കോഴിവളം, കാലിവളം, ചകിരിചോർ കമ്പോസ്റ്റ് വളം, പച്ചക്കറിവളം, വേപ്പിൻ പിണാക്ക് ജൈവവളം എന്നിവയും വളർച്ചാനിരക്ക് നിരീക്ഷിച്ച് ഇട്ടുകൊടുക്കാവുന്നതാണ്. നടീലും വളപ്രയോഗവും കഴിഞ്ഞ വാരങ്ങളിൽ (തടങ്ങളിൽ) പുതയിടൽ നടത്തണം. പുതയിടലിന് 1 ഹെക്ടറിന് 14 – 16ടൺ പച്ചില ആവശ്യമാണ്.

കീടങ്ങളുടെ ശല്യം എല്ലാ വിളകളിലും സർവ്വസാധാരണമാണ്. ഇഞ്ചിയുടെ എതിരാളികൾ ശൽക്കകീടങ്ങളും തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവും ഇലപ്പേരനുമാണ്. ഓരോന്നും പ്രത്യേകം രീതിയിൽ ആണ് വിളയെ ആക്രമിച്ച് നശിപ്പിക്കുന്നത്. തണ്ടുതുരപ്പൻ വിളയുടെ ഉൾഭാഗങ്ങളിൽ ചൂഴ്ന്നിറങ്ങി തിന്നുന്നു. തൽഫലമായി നാമ്പിന് ഉണക്കം തട്ടുന്നു. ശൽക്കകീടങ്ങൾ കിഴങ്ങുകളിൽ പറ്റിപിടിച്ച് അതിലെ നീരൂറ്റുന്നു. ശൽക്കകീടങ്ങളെ വിത്ത് ശുദ്ധീകരിച്ച് നടുന്നതിലൂടെ തടയാം. എന്നാൽ
 തണ്ടുതുരപ്പന് കീടനാശിനി പ്രയോഗം വേണ്ടി വരുന്നു. ക്യുനൽഫോസ് 25 ഇ സി രണ്ട് മില്ലിയോ 30 ഇ സി റോഗർ 1.5 മില്ലിയോ 2 ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് പരിഹരിക്കാം. ഇലചുരുട്ടിപ്പുഴുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ബാധിച്ച ഇലയുൾപ്പെടെ ശേഖരിച്ച് നശിപ്പിക്കണം. കാരണം അവ പടർന്നു മറ്റ് ചെടികളെയും നശിപ്പിക്കാനുളള സാധ്യത കൂടുതൽ ആണ്. ഇലപ്പേരൻ ഇലകളിലെ നീരൂറ്റി കുടിക്കുന്നു.ഇലകളുടെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞയാകുന്നു. ഇലപ്പേരനെ തടയാൻ റോഗർ 30 ഇ സി 2മില്ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി പ്രയോഗിക്കാം. ഇഞ്ചിയുടെ മറ്റ് രോഗങ്ങൾ ബാക്ടീരിയൽ വാട്ടം, മൂടുചീയൽ, ഇലപ്പുളളി, മൃദുചീയൽ എന്നിവയാണ്. ഇത്രയും രോഗസാധ്യതയുളള ഇഞ്ചിയെ സംരക്ഷിക്കാൻ നടീൽ സമയത്ത് തന്നെ സ്യൂഡോമോണസ്, മൈക്കോറൈഡ, ട്രൈക്കോഡർമ എന്ന ജീവാണുവളങ്ങൾ ചേർക്കുന്നതിലുടെ സാധിക്കും.
വിളവെടുപ്പ് കാലം നട്ട് 6 മാസത്തിനുശേഷമാണുത്തമം. ഇഞ്ചിയായി വിളവെടുക്കാൻ 6 മാസത്തിനുശേഷവും ചുക്കായി വിളവെടുക്കാൻ 250 മുതല്‍ 260ദിവസങ്ങളിൽ വിളവെടുപ്പ് നടത്താം. 1ഹെക്ടറിൽ 23-25ടൺ പച്ചയിഞ്ചി വരെ ലഭിക്കുന്നു. ഇഞ്ചികൃഷി വളരെ ആദായകരമായതും ലോകമാർക്കറ്റിൽ സാധ്യതയുള്ളതുമായ വിളയാണ്.

Also Read: അരുമപശുക്കളെ വേനലിൽ വാടാതെ കാക്കാം

Jaya Balan

An aspiring writer and activist on gender issues.