കർഷകരുടെ യഥാർത്ഥ കൊലയാളി ആര്? കര്‍ഷകരുടേയും ഉപഭോക്താക്കളുടേയും രക്ഷയ്ക്കായി വർഗീസ് കുര്യൻ എന്ന ധിഷണാശാലി ചെയ്തതെന്ത്?

അങ്ങ് മലമുകളിൽ കാർഷികോൽപന്നങ്ങൾക്ക് മതിയായ വില കിട്ടാതെ കർഷകന്‍ കടം കയറി ആത്മത്യ ചെയ്യുമ്പോൾ, ഇങ്ങ് നഗരത്തിൽ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് കടക്കെണിയിലായ വീട്ടമ്മ (ഉപഭോക്താവ്), കര്‍ഷകര്‍ കുടുംബത്തോടൊപ്പം ആത്മഹത്യക്കൊരുങ്ങുന്നു.

കർഷകന് നഷ്ടം, വാങ്ങി ഉപയോഗിക്കുന്ന വീട്ടമ്മയുടെ കാര്യം കഷ്ടം.

എങ്കിൽ പണം പോകുന്നത് ആർക്ക്?

കർഷകർക്കാണെങ്കിലോ, വൈദ്യുതി നിരക്കിൽ ഇളവ് / സൗജന്യം, വളം സബ്സിഡി, ഉദാരമായ വായ്പ, സബ്സിഡിയോടു കൂടിയ പലിശ നിരക്ക്, വിള നാശം ഉണ്ടായാൽ സർക്കാർ സഹായം, ഉൽപന്നങ്ങൾക്ക് താങ്ങുവില, ലോണിന് മൊറട്ടോറിയം. കാർഷിക വിളകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരുടെ നികുതിപ്പണം കൊണ്ടാണ് ഇത്രയധികം സൗജന്യങ്ങൾ കൊടുക്കുന്നത് എന്നുകൂടി നാം മനസ്സിലാക്കണം.

എന്നിട്ടും കർഷകർ മരിച്ചു കൊണ്ടേയിരിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു.

എന്താണ് കാരണം.?

നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയും മറ്റു ഏജൻസികളും പല പല കാരണങ്ങളുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു എന്നു തന്നെ പറയണം. കാരണം യഥാർത്ഥ കുറ്റവാളി ഇപ്പോഴും പുറത്താണ്. നമ്മുടെ നാട്ടിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ഒരു കിലോ തക്കാളിക്ക് ചില്ലറ വിൽപ്പന വില നാൽപ്പത് രൂപ ഉണ്ടായിരുന്ന സമയത്ത്, ഒരു വലിയ പരിപാടിക്കായി പൊള്ളാച്ചിയിലെ ഹോൾസെയിൽ മാർക്കറ്റിൽ സാധനം എത്തിക്കുന്ന ആളിൽ നിന്നാണ് 100 കിലോ അഥവാ അഞ്ച് കൂട (1 കൂട 20 കിലോ) തക്കാളി വാങ്ങിയത്. ഒരു കുടക്ക് 200 രൂപ അഥവാ ഒരു കിലോക്ക് 10 രൂപ. ചെറുകിട കർഷകരിൽ നിന്നും ശേഖരിച്ച, വൃത്തിയാക്കിയ തക്കാളിയാണ് കിലോക്ക് 10 രൂപക്ക് കിട്ടിയത്. ആ നിലക്ക് ഉൽപാദിപ്പിച്ച കർഷകന് എത്ര രൂപ കിട്ടിക്കാണും? അഞ്ച്? പരമാവധി ആറ് രൂപ. കർഷകൻ 6 രൂപക്ക് വിൽക്കുന്ന തക്കാളി, വീട്ടമ്മയുടെ കയ്യിൽ എത്തുമ്പോൾ വില 40 രൂപ.

ബാക്കിയുള്ള 34 രൂപ ആരുടെ കയ്യിൽ എത്തിച്ചേർന്നു.?

ഇതു പോലെയാണ് മിക്കവാറും (ഗോതമ്പ് ഒഴികെ) എല്ലാ കാർഷിക വിളകളുടെയും അവസ്ഥ. ഡിമാൻറും സപ്ലെയുമായി കർഷകന് ഒരു ബന്ധവുമില്ല. കാരണം രണ്ടാണ്.

ഒന്ന്, അവധി വ്യാപാരം, അഥവാ വിളയിറക്കുമ്പോൾത്തന്നെ, വാങ്ങുന്നയാൾ വില നിശ്ചയിക്കുന്ന രീതി. കുറച്ചു തുക മുൻകൂറായി നൽകും. അതോടെ മാസങ്ങൾ കഴിഞ്ഞു വരുന്ന വിലവ്യത്യാസത്തിലെ പ്രയോജനം കർഷകന് ലഭിക്കുന്നില്ല.

രണ്ട്, മിക്കവാറും വിളകൾ സൂക്ഷിച്ച് വയ്ക്കാൻ കഴിയാത്തതിനാൽ, കർഷകന് വിലപേശാൻ നിർവ്വാഹമില്ല. ഉപയോഗശൂന്യമായാൽ പിന്നെ പിന്നെ മൊത്തം നഷ്ടമായിരിക്കും. കർഷകനും ഉപഭോക്താവിനും ഇടയിൽ നിൽക്കുന്ന ഇടനിലക്കാരാണ് തടിച്ച് കൊഴുക്കുന്നത് എന്നു പറയേണ്ടതില്ലല്ലോ. ഒരേ സമയം കർഷകനെയും ഉപഭോക്താവിനെയും കൊള്ളയടിക്കുന്നവർ എന്നൊക്കെപ്പറഞ്ഞാൽ ആലങ്കാരികമായിപ്പോവും!

തുച്ഛമായ വില മാത്രം കിട്ടുന്ന കർഷകൻ ലാഭം വല്ലതുമുണ്ടെങ്കിൽ അതിൽ നിന്നാണ് ദൈനംദിന ചിലവുകൾ, മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ നടത്തേണ്ടത്. മാസങ്ങൾ കഴിഞ്ഞ് അടുത്ത കൃഷി വിളവെടുക്കുന്നത് വരെയുള്ള ചിലവുകൾക്കുള്ള പണം വേറെയും കാണണം. ഒരു സാധാരണ കുടുംബത്തിന് ജീവിക്കാൻ മാസം 15,000 രൂപ വേണമെങ്കിൽ, മൂന്നു മാസത്തിൽ വിളവെടുക്കുന്ന തക്കാളിയിൽ നിന്നും എല്ലാ ചിലവും കഴിഞ്ഞ് 45,000 രൂപ കിട്ടണം. അതായത് ചുരുങ്ങിയത് 90,000 രൂപയുടെ തക്കാളി വിൽക്കണം. സാധിക്കുമോ?

നിത്യച്ചെലവുകൾക്കും കൃഷിയിറക്കാനും കടം വാങ്ങി കെണിയിലകപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ സ്വന്തം ജീവിതവും കുടുംബത്തിന്റെ അത്താണിയും നഷ്ടമാക്കുന്നവരെ, മദ്യപാനിയെന്നും ചൂതാടുന്നവനെന്നും ആക്ഷേപിക്കുന്നു ഭരണകൂടവും പോലീസും ബാങ്കുകാരും. ഇനി ഇതൊന്നുമല്ലാതെ, കർഷകന്റെ കടം എഴുതി തള്ളിയാൽ അതും നമ്മൾ ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്നും കൊടുക്കണം. ഉത്തര്‍ പ്രദേശില്‍ 37,000 കോടി എഴുതി തള്ളിയതിൽ ഒരു പങ്ക് മലയാളിയും കൊടുത്തേ പറ്റൂ. എങ്ങിനെയെന്ന് പറയാം,

മൊത്തം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി, വികസന ഫണ്ടായും സാമ്പത്തിക സഹായമായും, പിന്നോക്ക സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക ഫണ്ടായും ഒക്കെ യു.പി, ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങി പല സംസ്ഥാനങ്ങൾക്കും വാരിക്കോരി കൊടുക്കും. അത് വകമാറ്റി കൃഷകരുടെ കടം എഴുതിതള്ളും. അല്ലാതെ യു പി മുഖ്യമന്ത്രി വീട്ടിൽ നിന്നും കൊണ്ടുവന്ന് കൊടുക്കില്ലല്ലോ. യു പി എന്നല്ലാ എല്ലാ സംസ്ഥാനത്തും ഇതു തന്നെയാണ് അവസ്ഥ. ( 2016-17 ൽ 3.4 ലക്ഷം കോടി വരവും 3.47 ലക്ഷം കോടി ചിലവും ഉള്ള ബഡ്ജറ്റ് ആയിരുന്നു.)

നമ്മുടെ പ്രശ്നം കർഷകന് ന്യായവില കിട്ടുകയും വേണം ഉപഭോക്താവിന്റെ വയറ്റത്തടിക്കാനും പാടില്ല എന്നതാണല്ലോ.?

വഴിയുണ്ട്.

കണ്ണു തുറന്ന് ക്ഷീരകർഷകനെ നോക്കു. ഏതാനും മണിക്കൂറുകൾക്കപ്പുറം സൂക്ഷിക്കാൻ കഴിയാത്ത ഉൽപന്നമല്ലേ പാൽ? എന്നിട്ടും ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ എണ്ണം ഇല്ലെന്നു തന്നെ പറയാം. മലയാളിയായ വർഗീസ് കുര്യനെന്ന മഹത് വ്യക്തിത്യം ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയിൽ ധവളവിപ്ളവത്തിന് ചുക്കാൻ പിടിച്ച കുര്യൻ ജവഹർലാൽ നെഹ്റു മുതൽ വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചുവെങ്കിലും ഇന്ദിരാഗാന്ധിയടക്കമുള്ള ഒരാളും അദ്ധേഹത്തിന്റെ പ്രവർത്തനത്തിൽ കൈ കടത്തിയില്ല. നേരിട്ട് പ്രധാനമന്ത്രിക്ക് മാത്രം റിപ്പോർട്ട് ചെയ്യുന്നതായിരുന്നു അദ്ധേഹത്തിന്റെ ശീലം. ദൽഹിയിലുള്ള ഒരു ബ്യൂറോക്രാറ്റിനെയും രാഷ്ട്രീയ നേതാവിനെയും അദ്ധേഹം വകവച്ചിരുന്നില്ല.

ഇന്ത്യ മുഴുവൻ സഹകരണ മേഖലയിൽ ക്ഷീര കർഷകരെ സംഘടിപ്പിച്ച് മിൽമ പോലുള്ള സൊസൈറ്റികൾ ഉണ്ടാക്കിയ അദ്ധേഹം, ഇന്ത്യയെ പാൽ അധിക രാജ്യമാക്കിയത് ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളെയും നെസ് ലെ (Nestle) പോലുള്ള കുത്തകകളെയും വെല്ലുവിളിച്ചാണ്.

2012 ൽ അദ്ധേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ആ മഹാൻ കാണിച്ചു തന്ന വഴി നമ്മുടെ മുന്നിലുണ്ട്.

 • കർഷകരുടെ സഹകരണ സംഘങ്ങൾ( ഇപ്പോഴുള്ള വെള്ളാനകൾ അല്ല) രൂപീകരിക്കുക
 • ഓരോ പഞ്ചായത്തിലും അല്ലെങ്കിൽ ബ്ലോക്കിലെങ്കിലും ശീതികരിച്ച സംഭരണ ശാലകൾ സ്ഥാപിക്കുക
 • പാൽ സംഭരിക്കുന്നത് പോലെ കർഷകരുടെ കാർഷിക വിളകൾ സംഭരിക്കുകയും പിന്നീട് ആവശ്യാനുസരണം സൊസൈറ്റി തന്നെ കച്ചവടക്കാർക്ക് വിതരണം ചെയ്യുക
 • ശീതീകരണിയിൽ കുറച്ചു കാലം സംഭരിച്ചു വയ്ക്കാനാഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വാടകക്ക് അവ ലഭ്യമാക്കുക
 • സംസ്ക്കരിച്ചോ അല്ലാതെയോ ചില്ലറ വിൽപ്പന ശാലകൾക്ക്, നേരിട്ട് ന്യായ വിലക്ക് ഉൽപന്നങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കുക
 • സംഭരിക്കുന്ന വിളകളുടെ വില കൃത്യമായി കർഷകർക്ക് നൽകുക
 • കാർഷികവൃത്തി ചാക്രികമാകയാൽ ഇടവേളയിൽ കൃഷി ചെയ്യാനുള്ള സഹായങ്ങൾ കർഷകർക്ക് ചെയ്യുക
 • ന്യായവില വിൽപന ശാലകൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിപ്പിക്കുക. അമുൽ അല്ലെങ്കിൽ മിൽമ പോലെ സമഗ്രമായ വിതരണ ശൃഖല ഏർപ്പെടുത്തുക
 • ഇടനിലക്കാരെ ഒഴിവാക്കിയാൽ കർഷകന് പത്ത് രൂപ കിട്ടുമ്പോൾ ഉപഭോക്താവിന് പരമാവധി 15 രൂപക്ക് ആ ഉൽപന്നം വാങ്ങാൻ കഴിയും
 • ഒപ്പം അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, വളങ്ങൾ, തുച്ഛമായ വാടകക്ക് യന്ത്രങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, മികച്ച സാങ്കേതിക സഹായം എന്നിവ സൊസൈറ്റികൾ വഴി കർഷകർക്ക് ലഭ്യമാക്കാനും കഴിയും
 • വിളകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസും കൂടെ ഏർപ്പെടുത്തിയാൽ, കർഷകന് ആത്മഹത്യ ചെയ്യാൻ വേറെ കാരണം അന്വേഷിക്കേണ്ടി വരും

ഇടനില മാഫിയയെ ഭയമില്ലാത്ത, ആർജ്ജവമുള്ള ഭരണ കർത്താക്കളുണ്ടെങ്കിൽ, വിലക്കയറ്റവും കർഷക ആത്മഹത്യയുമൊക്കെ പഴങ്കഥയാവും. നാടിന്റെ വിശപ്പകറ്റുന്ന കർഷകരും, വിലക്കയറ്റം കൊണ്ട് വഴിയാധാരമാകുന്ന കുടുംബങ്ങളും, കടക്കെണി മൂലം ആത്മഹത്യ ചെയ്യാത്ത ‘കിണാശ്ശേരി’ യാണ് സ്വപ്നം.

നടക്കുമോ?

( UAE ല്‍ ALICO യില്‍ ജോലിചെയ്യുന്ന ശിവകുമാര്‍ ഫേസ്ബുക്ക് ഗ്രൂപ്പായ കൃഷിഭൂമിയിലെഴുതിയത്.)