ഡയറി ഫാം: തൊഴുത്ത് നിര്‍മ്മാണത്തിലെ എളിയ മാതൃക

ഡയറി ഫാമുകള്‍ ആരംഭക്കുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം മുതല്‍ മുടക്ക് വേണ്ടിവരുന്നത് ഭൗതികസൗകര്യ വികസനത്തിനാണ്. തൊഴുത്തു നിര്‍മ്മാണം, വൈദ്യുതീകരണം, ഓട്ടോമാറ്റിക് ഡ്രിങ്കര്‍  എന്നിവ ഭൗതികസൗകര്യ വികസനത്തിലെ ഏറെ മുതല്‍മുടക്ക് ആവശ്യപ്പെടുന്ന നടപടികളുമാണ്. വായ്പയോ ചെറിയ നിക്ഷേപമോ ഉപയോഗിച്ച് ഡയറി ഫാം മേഖലയിലേക്ക് കടന്നുവരുന്ന അനുഭവസമ്പത്ത് കുറഞ്ഞ ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒരുകാര്യമാണ് നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഭൗതികസൗകര്യവികസനത്തനായി മാറ്റിവയ്ക്കുക എന്നത്. കാര്യം, ലാഭത്തിന്റേയോ നടത്തിപ്പിന്റേയോ വലിയ മാതൃകകള്‍ കൈവശം സൂക്ഷിച്ചായിരിക്കില്ല ഇവരാരും വ്യവസായത്തിലേക്ക് കടക്കുന്നത്. അത്തരക്കാര്‍ പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ് “തൊഴുത്തുനിര്‍മ്മാണത്തിലെ എളിയ മാതൃക.”  

 

Also Read: കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

ഏകദേശം നാല്‍പ്പതിനായിരം രൂപ മുടക്കിയാൽ ഇത്തരത്തിലുള്ള തൊഴുത്ത് നിര്‍മ്മിക്കാനാകും. 12 പശുക്കളെ വളർത്താവുന്ന സൌകര്യത്തോടൊപ്പം കന്നുകാലികളെ കുളിപ്പിക്കാനുള്ള ചെറിയ കുളവും തൊഴുത്തിന് സമീപമായി തയ്യാറാക്കാം. കുള നിര്‍മ്മാണ വേളയില്‍ എടുക്കുന്ന മണ്ണ് ഉപയോഗിച്ചു തൊഴുത്തിന് തറ പണിയാം. മെടഞ്ഞ ഓലകൾ ധാരാളം കിട്ടാനുള്ള സാഹചര്യം കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ ഏകദേശം ഉഷാറായി.

തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ഇത്തരം മൺതറകൾ ഉള്ള തൊഴുത്തുകളുണ്ട്. അവിടെ വളര്‍ത്തുന്ന പശുക്കൾക്ക് കാൽ വേദനയോ കുളമ്പു രോഗങ്ങളോ ഇല്ല എന്നതിന് മുഖ്യ കാരണമായി കണക്കാക്കാവുന്ന ഒന്നെത്രേ മൺതറയിൽ നിർത്തിയുള്ള പശു പരിപാലനം.

കൂടുതൽ സമയവും പറമ്പിൽ അഴിച്ചു കെട്ടിയുള്ള പശു പരിപാലനം ഉദ്ദേശിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള എളിയ മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്. ഓട്ടോമാറ്റിക് ഡ്രിങ്കർ ഉപയോഗിക്കുന്നതിന് പകരം മൺതൊട്ടികളിൽ വെള്ളം കൊടുക്കാവുന്ന സൌകര്യം ഏര്‍പ്പെടുത്തുന്നത് ചെലവ് കുറക്കാനുള്ള മറ്റൊരു ഉപാധിയാണ്.

(കൃഷിയും കന്നുകാലി സംരക്ഷണവും ഉപജീവനമായി സ്വീകരിച്ച യുവകര്‍ഷകനായ മിഥുന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം)

Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്