“തേനീച്ചക്കൂട്ടിലെ പ്രണയം:” തേനീച്ചകളുടെ ഇണചേരലും പ്രത്യുത്പാദനരീതിയും രസകരമായി ഒരു ചെറുകഥാരൂപത്തില്‍

തേനീച്ചകളുടെ ഇണചേരലും പ്രത്യുത്പാദനരീതിയും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ ഇത്തിരിക്കുഞ്ഞൻമാരുടെ കഥകേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും. കഥ മനസ്സിലാകണമെങ്കിൽ ഈ കുഞ്ഞൻമാരെക്കുറിച്ച് കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഒരു തേനീച്ചകോളനിയിൽ മൂന്നുതരം ഈച്ചകൾ ഉണ്ടായിരിക്കും. “വേലക്കാരികൾ” എന്നു വിളിക്കുന്ന പെണ്ണീച്ചകളും “മടിയൻമാർ” എന്നു വിളിക്കുന്ന ആണീച്ചകളും പിന്നെ ഒരു റാണിയീച്ചയും. ഇതിൽ റാണിയീച്ചയ്ക്കു മാത്രമേ മുട്ടയിട്ട് അടുത്ത തലമുറയയ്ക്ക് ജന്മംകൊടുക്കുന്നതിനുള്ള കഴിവുള്ളൂ. വേലക്കാരികൾ പ്രത്യകതരത്തിലുള്ള ഭക്ഷണമെല്ലാം (റോയൽ ജെല്ലി) കൊടുത്താണ് ആവശ്യംവരുമ്പോൾ ഒരു റാണിയെ രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു കോളനിയിൽ ഒന്നിൽകൂടുതൽ റാണിമാർ ഉണ്ടായാൽ, ഒരു റാണി കുറെ ഈച്ചകളുമായി കൂടുവിട്ടിറങ്ങി മറ്റൊരു കോളനി രൂപീകരിക്കുന്നു. ഒരു റാണിയീച്ച പ്രായപൂർത്തിയായാൽ ഒരിക്കൽമാത്രം ഇണചേരുകയും തുടർന്ന് ജീവിതകാലം മുഴുവൻ മുട്ടയിടുകയും ചെയ്യും. ഇണചേരുന്ന ആണീച്ച അപ്പോൾത്തന്നെ ചത്തുപോകും.

പുതുതായി ഒരു റാണിയീച്ച വിരിഞ്ഞിറങ്ങിക്കഴിയുമ്പോൾ ഒരു തേനീച്ചകോളനിയിൽ സംഭവിക്കുന്ന രസകരവും വളരെയേറെ പ്രത്യേകതകളുള്ളതുമായ കാര്യങ്ങൾ ഒരു ചെറുകഥയുടെ രൂപത്തിൽ:-

പുതുതായിവിരിഞ്ഞിറങ്ങിയ കൊച്ചുറാണിയുടെ സൗന്ദര്യംകണ്ട് കോളനിയിലെ ചെക്കൻമാരെല്ലാം അടുത്തുകൂടി. കൊച്ചുറാണിയാകട്ടെ ആരേയും ഗൗനിക്കാതെ വിലസി നടന്നു. ഒന്നു പ്രേമിച്ചോട്ടെ എന്നു ചോദിച്ച ചെക്കൻമാരോടെല്ലാം, പ്രേമിക്കാൻ സമയമായില്ലെന്നും സമയമാകുമ്പോൾ അവസരം തരാമെന്നും കൊച്ചുറാണി പറഞ്ഞു. കോളനിയിലെ റാണിയമ്മ മരിച്ചുപോയതിനാൽ കൊച്ചുറാണിയെ എത്രയുംവേഗം വളർത്തി വലുതാക്കാനുള്ള തത്രപ്പാടിലായിരുന്നു വേലക്കാരികൾ. അതിനായി അവർ കൊടുക്കുന്ന സ്പെഷ്യൽ ഭക്ഷണമെല്ലാം കഴിച്ച് കൊച്ചുറാണിയുടെ സൗന്ദര്യം അനുദിനം കൂടികൂടിവന്നു. ചെക്കൻമാർ ഇരിക്കപ്പൊറുതിയില്ലാതെ, കൊച്ചുറാണിയെ കാണുമ്പോഴെല്ലാം പ്രേമിക്കാൻ സമയമായോ എന്നു ചോദിക്കാൻ തുടങ്ങി.

കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ കൊച്ചുറാണി തീരുമാനിച്ചു, ഇനിയൊന്നു പ്രേമിച്ചുകളയാം. കോളനിയിലെ എല്ലാ ചെക്കൻമാരേയും വിളിച്ചുകൂട്ടി അവൾ പറഞ്ഞു. “ഇന്ന് എന്റെ സ്വയംവരം നടക്കുന്ന ദിവസമാണ്. ഒരു മത്സരത്തിലുടെയാണ് ഞാനെന്റെ പ്രിയതമനെ തെരഞ്ഞെടുക്കുന്നത്. ആർക്കുവേണമെങ്കിലും ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന്റെ രീതി ഇപ്രകാരമാണ്. ഞാനിപ്പോൾ പുറത്തിറങ്ങി ആകാശത്തേക്ക് പറക്കും. എന്നോടൊപ്പം ഏറ്റവും ഉയരത്തിൽ പറന്നെത്തുന്ന കരുത്തനെ ഞാൻ ഭർത്താവായി സ്വീകരിക്കും. അയാൾക്ക് ഇന്ന് എന്നോടൊപ്പം ഇണചേരാം. പക്ഷെ അതോടുകൂടി അയാളുടെ ജീവൻ നഷ്ടപ്പെടും. താൽപര്യമുള്ളവർ എന്റെകൂടെ വന്നോളൂ.”

ജീവൻ നഷ്ടപ്പെടുമെന്നുകേട്ടിട്ടും ചെക്കൻമാരാരും പിൻമാറായില്ല. എല്ലാവരും ആ സൗന്ദര്യത്തിൽ ഭ്രമിച്ച് അവളുടെ പിന്നാലെ കോളനിക്കു പുറത്തുചാടി. പാവം വേലക്കാരികൾ ഇതെല്ലാം നോക്കിനിന്നു. തങ്ങൾ ഓമനിച്ചുവളർത്തിയ റാണികൊച്ചാണെങ്കിലും എല്ലാ ചെക്കൻമാരും അവളുടെ പുറകേ വച്ചുപിടിക്കുന്നതുകണ്ടപ്പോൾ അവർക്ക് ചെറിയൊരസൂയ തോന്നാതിരുന്നില്ല.

കോളനിക്ക് പുറത്തെത്തിയ കൊച്ചുറാണി തന്റെ ശക്തമായ ചിറകുകൾവിരിച്ച് ആകാശത്തേക്ക് പറക്കാൻതുടങ്ങി. ചെക്കൻമാരെല്ലാം കൂട്ടമായി പിന്നാലെപറന്നു. കുറെ മുകളിലെത്തിയപ്പോൾ കൊച്ചുറാണി ഒന്നു തിരിഞ്ഞുനോക്കി. തുടക്കത്തിൽ ഉണ്ടായിരുന്നവരിൽ പകുതിപേരെ കാണാനില്ല. ഒരുപണിയും ചെയ്യാതെ, പെണ്ണുങ്ങൾ കൊണ്ടുവരുന്ന ആഹാരം ഓസിൽ അകത്താക്കി മെയ്യനങ്ങാതിരുന്നവരെല്ലാം കുറച്ചു പറന്നപ്പോഴേക്കും തളർന്നു താഴേക്കു തിരിച്ചുപോന്നു.

കൊച്ചുറാണി കുറേക്കൂടി ഉയരത്തിലേക്ക് പറന്നുപൊങ്ങിയശേഷം ഒളികണ്ണിട്ട് വീണ്ടും താഴേക്കുനോക്കി. ചെക്കൻമാരുടെ എണ്ണം വീണ്ടും കുറഞ്ഞിരിക്കുന്നു. ചെത്തുപയ്യൻമാരും ഫ്രീക്കൻമാരുമെല്ലാം സുല്ലിട്ടിരിക്കുന്നു. നാലോ അഞ്ചോ പേർ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. വീണ്ടും കുറച്ചുകൂടി ഉയരത്തിൽ ചെന്നപ്പോൾ അവശേഷിക്കുന്നത് ഒരാൾ മാത്രമായി. അതോടെ കൊച്ചുറാണി പറക്കലിന്റെ വേഗം കുറച്ചു. താൻ സ്വയംവരം ചെയ്യാൻ പോകുന്ന കരുത്തനായ ആ ചെക്കനെ കണ്ടെത്തിയിരിക്കുന്നു.

പിന്നെയവൾ അയാളോടൊപ്പം തോളോടുതോൾ ചേർന്ന് പറക്കാൻ തുടങ്ങി. അവന് വല്ലാത്ത സന്തോഷം തോന്നി. ലോകം കീഴടക്കിയ പ്രതീതി. അവൻ കൊച്ചുറാണിയുടെ കൈകളിൽ മുറുകെ പിടിച്ചു ചിറകുകൾ കൂട്ടിയുരുമി സന്തോഷം പങ്കുവച്ചു. കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ തന്റെ ജീവിതം അവസാനിക്കുമെന്നറിഞ്ഞിട്ടുകൂടി അവന്റെ സന്തോഷത്തിന് കുറവൊന്നു മുണ്ടായില്ല. അങ്ങനെ കൊച്ചുറാണിയും അവളുടെ പ്രാണേശ്വരനുംകൂടെ കുറേനേരം ആനന്ദപ്പറക്കൽ നടത്തി. ഒടുവിൽ ആ സന്തോഷനിമിഷങ്ങൾ പരസ്പരമുള്ള ഇണചേരലിൽ അവസാനിച്ചു. അതോടുകൂടി കൊച്ചുറാണിയുടെ പ്രാണേശ്വരന്റ ജീവൻ നഷ്ടപ്പെട്ടു.

കരുത്തോടെ മുകളിലേക്ക് പറന്നുയർന്ന ആ ശരീരം ശവമായി പതിയെ പതിയെ താഴേക്കുവീണു. പ്രകൃതിയുടെ നിയമമാണിതെന്നറിഞ്ഞിട്ടും ഇതു കണ്ടുനിന്ന കൊച്ചുറാണിക്ക് വിഷമം തോന്നി. എങ്കിലും ഒരായുസ്സു മുഴുവൻ ഓർക്കാനുള്ള മധുരസ്മരണകളുമായി അവൾ തന്റെ കോളനിയെ ലക്ഷ്യമാക്കി തിരിച്ചു പറന്നു.

തിരികെ കോളനിയിലെത്തിയ കൊച്ചുറാണിയെ വേലക്കാരികളും മടിയൻമാരായ ചെക്കൻമാരുമെല്ലാം ചേർന്ന് സന്തോഷത്തോടെ സ്വീകരിച്ചു. കോളനിയിൽ ഒരു റാണിയെ കിട്ടിയ സന്തോഷത്തിൽ വേലക്കാരികൾ രാപ്പകൽ വിശ്രമമില്ലാതെ ജോലിചെയ്തു കൊണ്ടിരുന്നു. എല്ലാവർക്കുമുള്ള ഭക്ഷണം കണ്ടെത്തി, കൂട്ടിൽ എത്തിക്കുന്നതും റാണിക്ക് മുട്ടയിടാനുള്ള അറകൾ തയ്യാറാക്കുന്നതുമായ ജോലികളെല്ലാം അവർ നന്നായി ചെയ്തു കൊണ്ടിരുന്നു.

ഇണചേരൽ കഴിഞ്ഞെത്തിയ റാണി തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ തുടങ്ങി. ദിവസവും ആയിരക്കണക്കിന് മുട്ടകളിട്ടു കൊണ്ട് അവൾ അടുത്ത തലമുറക്ക് ജന്മംകൊടുക്കാനുള്ള തന്റെ കടമ നിറവേറ്റിക്കൊണ്ടേയിരുന്നു. ആ മുട്ടകളിൽ നിന്നും വേലക്കാരികളും മടിയൻമാരായ ചെക്കൻമാരും ആവശ്യം വരുമ്പോൾ കൊച്ചുറാണിമാരും പിറന്നു. ആ കൊച്ചുറാണിമാരും മടിയൻമാരായ ചെക്കൻമാർക്കിടയിൽ മത്സരങ്ങൾ നടത്തി, ഇണയെ കണ്ടെത്തി ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

വാൽക്കഷണം:
ഒരു തേനീച്ച കൂട്ടിൽ നടക്കുന്ന യഥാർത്ഥ കാര്യങ്ങളാണ് മുകളിൽ വിവരിച്ചത്. കുറച്ച് തമാശകൾ മേമ്പൊടിയായി ചേർത്തെന്നേയുള്ളു.

(റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥനായ ബെന്നി കൊമരിക്കല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്)

വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും