അതിജീവനത്തിന്റെ ജനിതകം നിശ്ചലമാകാതിരിക്കട്ടെ

അംബികാസുതന്‍ മാങ്ങാടിന്റെ നീരാളിയന്‍ എന്ന ചെറുകഥ നിറമിഴികളോടെ മാത്രമേ വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. നീരാളിയന്‍ എന്നത് ഒരു കടലാമക്കുഞ്ഞിന്റെ പേരാണ്. കാസര്‍ഗോഡ് കടപ്പുറത്താണ് കഥ നടക്കുന്നത്. കടലാമകളെ മുട്ടയിട്ട് വിരിയാന്‍ സഹായിക്കുന്ന ദമ്പതികളും അവരുടെ കൂടെ താമസിക്കുന്ന ഒരു പഠിതാവും. കടലാമകള്‍ തീരത്തെത്തി മുട്ടയിട്ട് മടങ്ങുന്നു. എല്ലാ സീസണിലും കടലാമകളിങ്ങനെ വന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നതാണ്. ആ മുട്ടകളെല്ലാം കൃത്യസമയത്ത് വിരിഞ്ഞിറങ്ങുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇക്കുറി ആ മുട്ടകളേറെയും പട്ടുപോയി. ദമ്പതികളുടെ മുളകീറുന്നതുപോലുള്ള ദീനവിലാപം പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കാം. ഏഴുകടലും നിറയെ പ്ലാസ്റ്റിക്കും എണ്ണയും രാസമാലിന്യങ്ങളും നിറഞ്ഞുകിടക്കുമ്പോള്‍ അവയ്ക്കിടയില്‍ ഇണചേരുന്ന ജലജീവികളുടെ ഭ്രൂണങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതെങ്ങനെ?

നമ്മുടെ പടിഞ്ഞാറന്‍ തീരത്ത് അങ്ങനെ ചില ആളുകളുണ്ട്. ഇവര്‍ക്കെന്താ വട്ടാണോയെന്ന് നാട്ടിലുള്ളവരൊക്കെ ആദ്യകാലത്ത് ചോദിച്ചിരുന്നു. അവരുടെ പണിയെന്തെന്നോ? മുട്ടയിടാനെത്തുന്ന കടലാമകള്‍ക്കായി തീരമൊരുക്കി മുട്ടകള്‍ക്ക് കാവലിരിക്കുകയെന്നതു തന്നെ. ഊണും ഉറക്കവും ഉപേക്ഷിച്ച് കുറെപ്പേര്‍ മുട്ടകളെ കാത്തുവയ്ക്കുന്നു. ആ മുട്ടകള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ അവയെ കടലിലേക്ക് യാത്രയയ്ക്കുന്നു. അവസാനത്തെ ആമക്കുഞ്ഞും കടലമ്മയുടെ കയ്യിലെത്തിയിട്ടേ ആ പരിസ്ഥിതിസ്‌നേഹികള്‍ തങ്ങളുടെ കര്‍മമണ്ഡലത്തിലേക്ക് മടങ്ങൂ. കടലാമകള്‍ക്ക് മുട്ടയിടാന്‍ തീരമൊരുക്കി കാത്തിരിക്കുന്ന ആ നല്ല മനുഷ്യരെ എത്ര നമിച്ചാലാണ് മതിയാവുക? പരിഷ്‌കൃതരെന്ന് മേനി നടിക്കുന്നവര്‍ക്ക് ഈ ഭാഷ മനസിലാവുമോ എന്തോ?

വേമ്പനാട്ടുകായലില്‍ ഈയിടെ ഏതാനും പരിസ്ഥിതി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന ചില കണ്ടെത്തലുകളുണ്ട്. ഒരു കാലത്ത് നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സുലഭമായിരുന്ന പല നാടന്‍ മത്സ്യങ്ങളും തീരെയില്ലാതായിരിക്കുന്നു. മത്സ്യങ്ങള്‍ക്ക് ഇണചേരുന്നതിന് അനുകൂലമായ സാഹചര്യം ജലാശയങ്ങളില്‍ ഇല്ലാതായി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം മത്സ്യങ്ങളുടെ ഇണചേരല്‍ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ക്രമേണ അവയുടെ ജൈവസ്വഭാവത്തിനും മാറ്റം സംഭവിക്കുന്നു. ഇണചേരുകയെന്ന സ്വാഭാവിക അവസ്ഥ അവയ്ക്ക് എന്നന്നേയ്ക്കുമായി നഷ്ടമാവുകയാണോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഭൂമുഖത്തുള്ള മിക്കവാറും എല്ലാ ജലാശയങ്ങളുടെയും സ്ഥിതി ഇതുതന്നെയാണെന്നുകൂടി അറിയുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല ഇവിടെ വില്ലനാകുന്നത്. അനിയന്ത്രിതമായ എണ്ണയും രാസമാലിന്യങ്ങളും യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന മത്സ്യബന്ധനവും മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഹേതുവാകുന്നുണ്ട്.

ചാലക്കുടി പുഴയില്‍ മാത്രം കാണുന്ന കുയില്‍ മത്സ്യത്തെ ഇപ്പോള്‍ കാണാനില്ല. കാതിക്കുടത്ത് അസ്ഥികള്‍ ദ്രവിപ്പിച്ച് മരുന്നിന് കവചമുണ്ടാക്കുന്ന ഒരു കമ്പനി വന്നതോടെയാണത്രേ കുയില്‍ മത്സ്യങ്ങള്‍ നാടുനീങ്ങിയത്. ഇനിയൊരിക്കലും മടങ്ങിവരാത്തവിധം അവയെ ആട്ടിയകറ്റിയെന്ന് പറയുന്നതാവും കുറേക്കൂടി ശരി. കേരളത്തിന്റെ സ്വന്തം മത്സ്യമായ മിസ് കേരളയുടെ സ്ഥിതിയും ഏറെ ദയനീയമാണ്. മിസ് കേരളയുടെ പ്രധാന വാസസ്ഥാനവും ചാലക്കുടിപ്പുഴ തന്നെ. ഡെന്നിസണ്‍സ് ബാര്‍ബ് എന്നാണ് ആ മത്സ്യം ആംഗലേയഭാഷയില്‍ അറിയപ്പെടുന്നത്(ശാസ്ത്രനാമം-സഹ്യാദ്രിയ ചാലക്കുടിയന്‍സിസ്).

ചാലക്കുടിപ്പുഴയെ കൂടാതെ അച്ചന്‍കോവിലാര്‍, ചാലിയാര്‍ എന്നീ നദികളിലും വളപ്പട്ടണം പുഴയുടെ പ്രധാന പോഷകനദിയായ ചീങ്കണ്ണിപ്പുഴയിലും മിസ് കേരളയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ നാല്‍പ്പത്തിനാല് നദികളില്‍ ഏറ്റവും കൂടുതല്‍ രാസമാലിന്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ഈ നദികളിലാണെന്ന് മറക്കരുത്. വെള്ളി നിറമാര്‍ന്ന ചെതുമ്പലുകളും ഓറഞ്ച് നിറത്തിലുള്ള ശല്‍ക്കങ്ങളും ശരീരത്തിന് നെടുകേ കറുത്ത വരകളുമുള്ള മിസ് കേരളയെ ഇനി കാണണമെങ്കില്‍ ഏതെങ്കിലും അക്വേറിയങ്ങളില്‍ അന്വേഷിക്കണം. അവയൊക്കെ കാണമറയത്തേക്ക് മറയുകയാണ്.

അതിനിടെ തെല്ലൊരാശ്വസമേകുന്ന വാര്‍ത്ത കേട്ടു. ഒന്നര നൂറ്റാണ്ടിലേറെയായി ജൈവസമ്പത്തില്‍നിന്ന് കാണാതായെന്ന് കരുതിയ പുഴുക്കൂരി മത്സ്യത്തെ തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയില്‍നിന്ന് കണ്ടെത്തി എന്നതാണ് ആ വാര്‍ത്ത. ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് കേട്ടോ കരുവന്നൂര്‍ പുഴ. “മിസ്റ്റസ് ആള്‍മേറ്റസ്” എന്ന ശാസ്ത്രനാമത്തിലുള്ള ശുദ്ധജലമത്സ്യമായ പുഴുക്കൂരിക്ക് വംശനാശം വന്നതായാണ് കഴിഞ്ഞകാലംവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ ധാരണയാണ് കൊല്ലം ചവറ ഗവ. കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ മാത്യൂസ് പ്ലാമൂട്ടില്‍ തിരുത്തിയത്. കരുവന്നൂര്‍ പുഴ കൂടാതെ ഇരിങ്ങാലക്കുടയ്ക്കടുത്ത് നന്തിക്കര മേഖലയിലും നടത്തിയ തിരച്ചിലിലാണ് പുഴുക്കൂരിയെ കണ്ടെത്തിയത്. കരുവന്നൂര്‍ പുഴയില്‍നിന്ന് ലഭിച്ച ഈ ഇനത്തില്‍പ്പെട്ട ആറു മത്സ്യങ്ങളെ ഇപ്പോള്‍ കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ജന്തുശാസ്ത്ര മേഖലയില്‍ സൂക്ഷിച്ചിട്ടുണ്ട്. 1865ല്‍ ബ്രിട്ടീഷുകാരനായ ഫ്രാന്‍സിസ് ഡേ ആണ് പുഴുക്കൂരിയെ ആദ്യം കണ്ടെത്തിയത്. ഇതും കരുവന്നൂര്‍ പുഴയില്‍നിന്നു തന്നെയായിരുന്നു. 2004ല്‍ സ്റ്റീവന്‍ ഗ്രാന്റ് എന്ന ശാസ്ത്രജ്ഞനാണ് പുഴുക്കൂരി ഭൂമുഖത്ത് ഇല്ലെന്നും അതിനോട് സാമ്യമുള്ള ‘മിസ്റ്റസ് ഒകുലേറ്റസ്’ എന്ന മത്സ്യം മാത്രമേ ഉള്ളൂവെന്നുമുള്ള വാദം അവതരിപ്പിച്ചത്. ഈ വാദമാണ് മാവേലിക്കര തടത്തില്‍ സ്വദേശിയായ മാത്യൂസ് പ്ലാമൂട്ടിലിന്റെ കണ്ടെത്തലോടെ വഴി മാറിയത്. ഇക്കാര്യം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഫിഷറീസിന്റെ പുതിയ ലക്കത്തിലുണ്ട്. താരതമ്യേന നീളമുള്ളതും മുകള്‍ഭാഗം പരന്നതുമായ തലയും ഉച്ചിയില്‍ കാണാവുന്ന രണ്ട് താഴ്ന്ന ഭാഗങ്ങളും വാലിന്റെ താഴെ വരെയെത്തുന്ന മേല്‍മീശയും ഇതിന്റെ സവിശേഷതയാണ്. ആഴവും ഒഴുക്കുമുള്ള തെളിഞ്ഞ ജലാശയങ്ങളിലാണ് ഇവ വളരുന്നത്.

നമ്മുടെ കണ്‍മുമ്പില്‍ നദികളുടെ മരണം നടക്കുകയാണ്. എല്ലാ ജലസ്രോതസുകളും മലിനമാണ്. ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്നവര്‍ മുങ്ങിനിവരുന്നത് മനുഷ്യവിസര്‍ജ്ജ്യത്താല്‍ മലിനമായ പമ്പയിലാണെന്നറിയുക. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും രാസമാലിന്യങ്ങളില്‍നിന്നും നമ്മുടെ പുഴകളെയും ജലാശയങ്ങളെയും സംരക്ഷിക്കാത്തിടത്തോളം കാലം വെറുതെ വിലപിച്ചിട്ട് കാര്യവുമില്ല. നാട്ടുമത്സ്യങ്ങളും ജലജീവികളെയും സംരക്ഷിക്കണമെങ്കില്‍ പൈതൃകമായി നമുക്ക് കൈമാറിക്കിട്ടിയ പുഴകളെയും ജലാശയങ്ങളെയും പൂര്‍വ്വികരുടെ തിരുശേഷിപ്പുകളെപ്പോലെ പവിത്രമായി കാണാനും സംരക്ഷിക്കാനും കഴിയണം. ഈ ദിശയിലുള്ള സക്രിയമായ ഒരു ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ വഴി നടപ്പാക്കുന്നത്. നമ്മുടെ ജൈവസമ്പത്തും വെള്ളവും വായുവും മണ്ണും പഴയ വിശുദ്ധിയോടെ തിരികെ കൊണ്ടുവരുന്നതിനുള്ള ഭഗീരഥപ്രയത്‌നമാണ് മിഷന്‍ വഴി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വരട്ടാര്‍ ജനകീയ ഇടപെടലുകളിലൂടെ നവീകരിച്ചത് ഈയിടെയാണ്. മന്ത്രിമാരും എം.എല്‍.എ.മാരും ജനപ്രതിനിധികളും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍, പണ്ടെങ്ങോ വിസ്മൃതിയിലാണ്ടുപോയ ഒരു നീരുറവ മഹാപ്രവാഹമായി ഇളനീര്‍ത്തെളി വെള്ളവുമായി കണ്‍മുന്നിലേക്ക് തെളിഞ്ഞൊഴുകി വരുന്ന കാഴ്ച എത്രയോ ഹൃയാവര്‍ജ്ജകമാണ്.

കോട്ടയത്ത് പാറാമ്പുഴയിലും നാലുമണിക്കാറ്റ് മേഖലയിലും ജലസ്രോതസ്സുകള്‍ നവീകരിക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ മഹത്തായ ഈ ഉദ്യമങ്ങളില്‍ പങ്കാളികളാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. നദീതടങ്ങളിലെയും മറ്റ് ജലസ്രോതസ്സുകളുടെയും എല്ലാതരത്തിലുമുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനും അവയെ നവീകരിച്ച് സംരക്ഷിക്കുന്നതിനും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ് വേണ്ടത്. വരട്ടാര്‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജലസ്രോതസ്സുകളും ഈ നിലവാരത്തില്‍ നവീകരിച്ച് സംരക്ഷിക്കേണ്ടതുണ്ട്. കണ്‍മുന്നില്‍ ഒരു നദി ഭൂമി പിളര്‍ന്ന് അന്തര്‍ദാനം ചെയ്യുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ ഇനി നമുക്കാവില്ല തന്നെ. പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാം എടുക്കേണ്ട മഹത്തായ ഒരു ജീവിതവ്രതം ജലസ്രോതസ്സുകളുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം എന്നതായിരിക്കണം.

സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ ഓര്‍മിക്കുക: ഈ നദികളിലൂടെ ഒഴുകുന്ന വെള്ളം വെറും വെള്ളമല്ല, അത് ഞങ്ങളുടെ പൂര്‍വ്വികരുടെ രക്തമാണ്.

Also Read: കേണികള്‍: ഒരു ജനതയുടെ ജലസംസ്‌കാരത്തിന്റെ അടയാളങ്ങള്‍

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.