കേണികള്‍: ഒരു ജനതയുടെ ജലസംസ്‌കാരത്തിന്റെ അടയാളങ്ങള്‍

വയനാട് ജില്ലയിലെ പുല്‍പള്ളി എന്ന പ്രദേശത്തിനും പത്തുകിലോമീറ്റര്‍ അകലെ ”പാക്കം” എന്ന വനഗ്രാമത്തിലെ ആദിവാസി കോളനിയില്‍ ഞങ്ങളെത്തുമ്പോള്‍ അവിടെ ഒരു വിവാഹ ചടങ്ങിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. വയനാട്ടിലെ ഗോത്രവര്‍ഗ്ഗസമൂഹത്തിലെ പ്രബലരായ കുറുമവിഭാഗത്തിലെ ജനങ്ങളുടേതാണ് ഈ കോളനി. ഒന്നോ രണ്ടോ അല്ല, ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ചടങ്ങുകളും പരമ്പരാഗത വിശ്വാസാചാരങ്ങളും ഒക്കെ ചേര്‍ന്ന സുദീര്‍ഘമായ പരിപാടിയാണ് കുറുമ സമൂഹത്തിലെ ഓരോ വിവാഹങ്ങളും. കേരളത്തിലെ കുറുമവിഭാഗത്തില്‍ പെടുന്ന ജനങ്ങളുടെ രാജസ്ഥാനമാണ്, ആദിമ ഗോത്രകുലങ്ങളിലൊന്നായ ”വില്ലിപ്പം കുലത്തിന്റെ” ഈറ്റിലം കൂടിയായ ഈ ‘തിരുമുഖം കുറുമ കോളനി.

'താലിചാര്‍ത്തി കഴിഞ്ഞു ഈ കോളനിയിലെ ഒരു വീട്ടില്‍ എത്തുന്ന പെണ്‍കുട്ടി ആദ്യം ചെയ്യേണ്ടത് എന്താണെന്നു അറിയോ...? താഴെ കാട്ടില്‍ പോയി ഞങ്ങളുടെ കേണിയില്‍ നീന്നും ഒരു കുടം വെള്ളം ശേഖരിച്ചു, ചുമന്നു കാല്‍നടയായി അവളുടെ പുതിയ വീട്ടില്‍ കൊണ്ട് വരണം,' കുറുമജനതയുടെ ഇപ്പോഴത്തെ രാജാവായ കേഞ്ചന്‍ മൂപ്പന്‍ ഇത് പറയുമ്പോള്‍, വിവാഹത്തിലെ വൈവിധ്യത്തെക്കാള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തിയത്, മൂപ്പന്റെ വാക്കുകളിലെ കേണിയെന്ന സൂചനയെയാണ്. അതെ കേണികള്‍, വയനാടന്‍ ഗോത്ര സമൂഹത്തിന്റെ വറ്റാത്ത ജലസാക്ഷരതയുടെ ഉറവകള്‍. പുല്‍പള്ളി പാക്കത്തിനടുത്ത തിരുമുഖം കുറുമകോളനിയില്‍ കേണികള്‍ കാണാന്‍ പോയ അനുഭവമാണ് പറഞ്ഞു വന്നത്.

ഒരിറ്റു ജലത്തിനായി നമ്മള്‍ നെട്ടോട്ടമോടുമ്പോഴാണ്, കത്തുന്ന വേനലിലും ശുദ്ധജലം നിറഞ്ഞു തുളുമ്പുന്ന വയനാടന്‍ കേണികള്‍ നമുക്കൊരെത്ഭുതമായി തോന്നുന്നത്. അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കോളനിവാസികള്‍ വിശ്വസിക്കുന്ന ഈ കേണികള്‍, പ്രാചീന ആദിവാസി സമൂഹം പുലര്‍ത്തിയ ഉന്നതമായ ജലബോധത്തിന്റെയും, ജലസാക്ഷരതയുടെയും അടയാളങ്ങളാണ്. മണ്ണിനടിയില്‍ ജലലഭ്യതയുള്ള ഉറവകള്‍ കണ്ടെത്തി, അവിടങ്ങളില്‍ മൂപ്പുള്ള മരത്തിന്റെ കുറ്റി, അതിന്റെ ഉള്‍കാമ്പ് മാറ്റി ഇറക്കിവെച്ച്, അടിയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലം ശേഖരിക്കുന്ന അതിപുരാതനമായ ''ഹരിതസാങ്കേതിക വിദ്യകളിലൊന്നാണ്'' കേണികള്‍. കേണിയെന്ന ചെറുകിണറുകള്‍ക്ക് രണ്ടു മീറ്ററിലേറെ താഴ്ചയും ഒരുമീറ്ററോളം വ്യാസവും ഉണ്ട്.

 

കേണികള്‍ ഒരു സംസ്‌കാരമാണ്

"കുടിയില്‍ ഒരു കുഞ്ഞു പിറന്നാല്‍ ആദ്യമായി കുഞ്ഞിന്റെ നാവു നനക്കുന്നത് മുതല്‍ മരണക്രിയകള്‍ക്കു വരെ ഉപയോഗിക്കുന്നത് ഈ ജലം തന്നെ. കുംഭമാസത്തിലെ പരമ്പരാഗത ആഘോഷമായ ഉച്ചാര്‍ ഉത്സവത്തിന്റെ മൂന്നാം നാളില്‍ കുലദൈവമായ മുത്തശ്ശിത്തെയ്യം ഉറഞ്ഞു തുള്ളി കേണിയില്‍ നിന്നും വെള്ളംകോരി ആചാരകുളി നടത്തുന്നതൊക്കെ ഒരു കാഴ്ചതന്നെയാണ്." പരിചയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ വാചാലനായി. പാക്കം ദേശത്തെ തിരുമുഖം കുറുമകോളനിക്ക് പുറമെ താഴെതിരുമുഖം, ഇല്ലിയമ്പം, പാക്കംകുന്ന് തുടങ്ങിയ അയല്‍ഗ്രാമങ്ങളില്‍ അടക്കം നടക്കുന്ന ചടങ്ങുകള്‍ക്ക് കേണിയിലെ ജലം നിത്യവും ഉപയോഗിക്കുന്നു. ഗോത്രസമൂഹത്തിനറെ മുത്തശ്ശിയമ്മ സങ്കല്‍പ്പത്തിലുള്ള പാരമ്പരാഗതക്ഷേത്രങ്ങളായ ദൈവപുരകളിലെ എല്ലാവിധചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നതും കേണികളിലെ ജലം തന്നെ.

എല്ലാ ദിവസവും അതിരാവിലെ കേണിയില്‍ നിന്ന് ജലമെടുത്ത് സമുദായത്തിന്റെ പരമ്പരാഗത പ്രാര്‍ത്ഥനമുറികളായ വലിയപുരകളില്‍ സൂക്ഷിക്കുന്നത് ഇന്നും മുടക്കമില്ലാതെ തുടരുന്നു. സമുദായത്തിലെ വിവാഹങ്ങള്‍ക്ക് സദ്യയൊരുക്കുന്ന അരി കഴുകാന്‍ പോലും കേണികളിലെ വെള്ളം മാത്രമേ ആദിവാസിസമൂഹം ഉപയോഗിക്കാറുള്ളൂ. അവര്‍ അത്രത്തോളം വിശിഷ്ടമായി ആ ജലത്തെ, ജലസ്രോതസ്സിനെ കരുതുന്നു. എന്തിനേറെ, സദ്യയൊരുക്കുന്ന അരിയില്‍ നിന്നും ഏതാനും മണികള്‍ കേണിയില്‍ സമര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിക്കുക പോലും ചെയ്യുന്നു. ഇങ്ങനെ ക്ഷേത്രതുല്യമായ സാംസ്‌കാരികാന്തരീക്ഷത്തിലേക്ക് ഒരു ജലസ്രോതസ്സ് പരിണമിക്കപെട്ടതിന്റെ സമാനതകളില്ലാത്ത ഉദാഹരണങ്ങളാണ് വയനാട്ടിലെ കേണികള്‍.

പ്രാണന്റെ കേണി

കേണികള്‍ക്ക് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന ആദിവാസികളുടെ വാദത്തെ, കാലാകാലങ്ങളോളം ഇതില്‍ നിന്ന് വെള്ളമെടുത്ത പച്ചമനുഷ്യരുടെ ശരീരമുരസി തേഞ്ഞു മിനുത്ത മരക്കുറ്റിയും, അതിനു ചുറ്റുമുള്ള ചെറുപാറകളും, നമുക്ക് വേണ്ടി സാക്ഷ്യപെടുത്തുന്നുണ്ട്. അയനി പ്ലാവിന്റെ തടികൊണ്ടുണ്ടാക്കിയ കേണിയാണ് പാക്കത്തുള്ളതെങ്കില്‍, കരിമ്പനയുടെയും, കുമിഴ് മരം, നെല്ലിമരം, കരിമരം, ആഞ്ഞിലി തുടങ്ങിയ മഹാവൃക്ഷങ്ങളുടെയുമൊക്കെ തടിയില്‍ തീര്‍ത്ത ഇത്തരം ജലവിസ്മയങ്ങള്‍ വയനാട്ടിലെ തന്നെ ബത്തേരിയിലെയും തിരുനെല്ലിയിലെയുമൊക്കെ ആദിവാസിഗ്രാമങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും, വിരലിലെണ്ണാവുന്നവ മാത്രമേ ബാക്കിയുള്ളതെങ്കിലും.

വനംകയ്യേറ്റത്തിന്റെയും, ഭൂഗര്‍ഭജലചൂഷണത്തിന്റെയും ടൂറിസത്തിന്റെ മറവിലുള്ള പ്രകൃതിനശീകരത്തിന്റെയുമൊക്കെ ഊഷരമായ ഈ നാളുകള്‍ക്ക് മുന്‍പ്, വയനാടിന്റെ, വയലുകളുടെ നാടിന്റെ മണ്ണ്, ജലസമ്പന്നതകൊണ്ട് ഉര്‍വ്വരമായ കേണികളാല്‍ സമൃദ്ധമായിരുന്നു. ഇരുന്നൂറില്‍പരം കേണികള്‍ ഈ നാട്ടിലെമ്പാടും ഉണ്ടായിരുന്നെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കേണിച്ചിറ, കേണി പൊയില്‍, കേണിവയല്‍, കേണിച്ചാല്‍ തുടങ്ങിയ ജില്ലയിലെ സ്ഥലനാമങ്ങളുടെ ഒക്കെ പിറവിയുടെ ചരിത്രം ജലസമ്പന്നമായ കേണികളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

അതി പ്രാചീനമായ നാളുകളില്‍ തങ്ങളുടെ അനുഭവജ്ഞാനം കൊണ്ട് തെളിനീരുറവയുടെ കൈവഴികള്‍ കണ്ടെത്തി, അവിടങ്ങളില്‍ മരകുറ്റികള്‍ നാട്ടി, ശുദ്ധജല കൊയ്ത്തുനടത്തിയ ആദിവാസി ജനതയുടെ ഉയര്‍ന്ന ജലസാക്ഷരതയെയും സമാനതകളില്ലാത്ത കഴിവിനെയും വെല്ലാന്‍ വളര്‍ന്നു വികസിച്ച ഭൂഗര്‍ഭജലശാസ്ത്രത്തിന്റെ ഏത് ടെക്‌നോളജികള്‍ക്കാണ് സാധിക്കുക? ഓര്‍ക്കണേ, ഒരിറ്റു ജലത്തിനായി വീടിനു ചുറ്റും എത്രയോ കിണറുകള്‍ സ്ഥാനം നോക്കി കുഴിച്ചു പരാജയമടഞ്ഞവരാണ് നമ്മളില്‍ പലരും.

എന്തിനേറെ പറയുന്നു, കേവലമായ ജലശേഖരണമാര്‍ഗം എന്നതിലുപരി കേണികള്‍ ഗ്രാമീണജനതയുടെ പരസ്പരബന്ധത്തിന്റെയും, കൂട്ടുത്തരവാദിത്തത്തിന്റെയുമൊക്കെ വറ്റാത്ത പ്രതീകങ്ങള്‍ കൂടിയാണ്. നിരവധിയായ ആളുകള്‍ അധിവസിക്കുന്ന ഒരു കോളനിക്ക് അനുബന്ധമായി ഒരു കേണി നിര്‍മിക്കുകയും, എല്ലാവിഭാഗം ജനങ്ങളും ക്ഷേത്ര തുല്യമായി അതിനെ പരിപാലിക്കുന്നതും, ആദരിക്കുന്നതും വഴി കൂട്ടുത്തരവാദിത്തത്തിന്റെയും, സഹകരണ മനോഭാവത്തിന്റെയുമൊക്കെ വിത്തുകളെയാണ് കേണികള്‍ സമൂഹത്തില്‍ ജലമൂട്ടി വളര്‍ത്തിയത്. അന്നും ഇന്നും ആദിവാസികോളനികളിലെ കേണികള്‍ അവരില്‍ ഒരാളുടെയും സ്വകാര്യ സ്വത്തല്ല എന്നതും, മറിച് അവരില്‍ ഓരോരുത്തരുടേതുമാണ് എന്നതും അടിവരയിടേണ്ടതുണ്ട്. ഒരു ജനതയുടെ പ്രകൃതിബന്ധിതമായ സാമൂഹികവത്ക്കരണത്തിലും വികാസത്തിലും കേണികള്‍ വഹിച്ച നിശബ്ദ സേവനത്തെ ഗവേഷണ വിഷയമായി പഠിക്കാവുന്നതുപോലുമാണ്.

അറിയാതെ, ഇട്ടിരിക്കുന്ന ഷൂ അഴിക്കാതെ കേണിക്കരികിലേക്ക് പോവാനൊരുങ്ങിയപ്പോള്‍, ഒച്ചവെച്ചു നീരസത്തോടെ വിലക്കിയ, ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഒരോലകീറു പോലും കണ്ടിട്ടുണ്ടാവില്ലെന്നു നമുക്കൂഹിക്കാവുന്ന, പ്രായം ചെന്ന ആദിവാസി സ്ത്രീ പഠിപ്പിക്കുന്നത് നമ്മള്‍ ഒരുപാടു പഠിച്ചു കൂട്ടിയപ്പോള്‍ പഠിക്കാതെ പോയ പച്ചയുടെ പാഠങ്ങളാണ്. കേണികളിലെ ജലം അശുദ്ധമായാല്‍ കുലദൈവമായ മാരി വസൂരികൊണ്ട് കുലം മുടിക്കുമെന്നു വിശ്വസിക്കുന്ന, ഈ മനുഷ്യരെ പോലുള്ള, മണ്ണിനെയും ജലത്തെയും ആദരിക്കുന്നവരല്ലേ ഇന്നും ഈ ഭൂമിയെ ഇങ്ങനെ താങ്ങി നിര്‍ത്തുന്നത്. അതേ, ബഷീര്‍ എഴുതിയത് പോലെ, ജലം ഭൂമിയുടെ രക്തമാണ്.

"എങ്ങനെയാണ് ആകാശം വില്‍ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല, വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില്‍ അതെങ്ങിനെ വാങ്ങാന്‍ കഴിയും? ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല, ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്, ആ വെള്ളത്തിന്റെ മര്‍മരം എന്റെ പൂര്‍വ്വപിതാക്കളുടെ ശബ്ദമാണ്." 1854 - ല്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വന്ന ബ്രിട്ടീഷുകാരോട് റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗതലവനായ സിയാറ്റില്‍ മൂപ്പന്‍ നടത്തിയ കാലാതിവര്‍ത്തിയായ ഭാഷണത്തില്‍ നിന്നുള്ള ഈ വരികള്‍ ഈ വേളയില്‍ ഓര്‍മ്മിക്കുന്നത് പ്രസക്തമാണ്. റെഡ് ഇന്ത്യന്‍ ഗോത്രസമൂഹത്തില്‍ നിന്ന് തുടങ്ങി, ഇവിടെ വയനാട്ടില്‍ ആദിവാസി സമൂഹത്തിലേക്ക് വരെ നീളുന്ന ഉന്നതമായ പരിസ്ഥിബോധത്തിന്റെ ഒരു ഹരിതഇടനാഴിയെ നമുക്കിവിടെ ദര്‍ശിക്കാന്‍ സാധിക്കും. പ്രകൃതിയെ ദൈവതുല്യമായി കണ്ട് ആദരിക്കുകയും, അംഗീകരിക്കുകയും ചെയ്ത്, മണ്‍മറഞ്ഞുപോയ ജൈവസമൂഹങ്ങള്‍ കെട്ടിപ്പടുത്ത ആ ഹരിതഇടനാഴിയുടെ ഒരരികിലെങ്കിലും നില്‍ക്കാന്‍ യോഗ്യത നമുക്കുണ്ടോ? ആ പ്രകൃതിജീവനത്തിന്റെ ഒരു തരിമ്പെങ്കിലും അവകാശപ്പെടാനുള്ള അര്‍ഹത നമുക്കുണ്ടോ?

Save

Save

Save

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]