ബ്രൂസെല്ലോസിസ് രോഗത്തെ അറിയാം, പ്രതിരോധിക്കാം
വളര്‍ത്തു മൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും പകര്‍ച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നു (Zoonotic Disease) കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്‌സ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്. ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാ മെലിട്ടന്‍സിസ് ആടുകളിലും ബ്രൂസല്ലാ സുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു.
രോഗലക്ഷണങ്ങളും വ്യാപനവും
ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദന കുറവുമെല്ലാം കര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ (6-9) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്. ആദ്യ രോഗബാധയില്‍ ഗര്‍ഭമലസല്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഉള്ള പ്രസവങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാം. പശുക്കള്‍ സ്വയം പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാലാണിത്. എങ്കിലും രോഗാണുവാഹകരായ പശുക്കള്‍ അണുക്കളെ ഗര്‍ഭാശയ സ്രവങ്ങളിലൂടെയും മറ്റും പുറന്തള്ളുന്നത് രോഗവ്യാപനത്തിന് കാരണമാവും.
ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാവാറുണ്ട്. അകിട് വീക്കം, പാല്‍ ഉത്പാദനം ഗണ്യമായി കുറയല്‍, സന്ധികളില്‍ വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. മദിലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍, സ്ഥിരമോ താത്കാലികമോ ആയ വന്ധ്യത തുടങ്ങിയ രോഗാവസ്ഥകള്‍ പിന്നീട് ഉണ്ടാവാം. രോഗബാധയേറ്റ പശുക്കളില്‍ നിന്ന് ജനനസമയത്ത് തന്നെ കിടാക്കള്‍ക്ക് രോഗം പകരും.
Also Read: ഇറച്ചിക്കോഴികളും ഗിബൽസ്യൻ നുണകളും (ഭാഗം ഒന്ന്) – ഡോ. മറിയ ലിസ മാത്യൂ എഴുതുന്നു.
അണുബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയും, പാലിലൂടെയുമെല്ലാം രോഗാണു നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. രോഗംബാധിച്ച പശുക്കളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും, സ്രവങ്ങളിലും രോഗാണു സാന്നിദ്ധ്യം ഉയര്‍ന്ന തോതിലായിരിക്കും. മാത്രവുമല്ല തണുത്തതും നനവാര്‍ന്നതുമായ കാലാവസ്ഥയില്‍ പുറത്ത് ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള ശേഷി ബ്രൂസെല്ലാ ബാക്ടീരിയകള്‍ക്കുണ്ട്. എന്നാല്‍ വെയില്‍ ഏറ്റാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗാണു നശിക്കും. ഈ രോഗാണുക്കള്‍ തീറ്റയിലും കുടിവെള്ളത്തിലും കലരുന്നതിലൂടെയും, ശരീരത്തിലെ മുറിവുകളിലൂടെയും ശ്ലേഷ്മസ്തരങ്ങളിലൂടെയും വ്യാപിക്കുന്നതു വഴിയും മറ്റു പശുക്കള്‍ക്ക് രോഗം പകരും. വായുവിലൂടെയും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അണുബാധയേറ്റവയുടെ ബീജം കൃത്രിമ ബീജധാനത്തിന് ഉപയോഗിക്കുന്നത് വഴിയും ഇണചേരലിലൂടെയും രോഗം വ്യാപനം നടക്കും. രോഗാണു പശുക്കളുടെ ശരീരത്തില്‍ പ്രവേശിച്ച് ചുരുങ്ങിയത് രണ്ടാഴ്ചയോ, കൂടിയത് ഒരു വര്‍ഷമോ സമയപരിധിക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. അഞ്ച് മാസത്തിനുമുകളില്‍ ചെനയുള്ള പശുക്കളില്‍ ഒരു മാസത്തിനുള്ളില്‍ ഗര്‍ഭസ്രാവവും സംഭവിക്കാം.
ജന്തുജന്യ രോഗമായതിനാല്‍ കൂടുതല്‍ ജാഗ്രത
നട്ടെല്ലുള്ള ജീവികളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരാനിടയുള്ള രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യ രോഗം ബ്രൂസെല്ലോസിസ് രോഗമാണ്. മാംസം ശരിയായി വേവിക്കാതെയും, പാല്‍, മറ്റു പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ തിളപ്പിക്കാതെയും, അണു വിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധയേറ്റവയുടെ ചാണകം, മൂത്രം എന്നിവ വഴിയും പകരാം. പ്രസവവും, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് ഇടയാക്കും. രോഗബാധയേല്‍ക്കുന്ന പക്ഷം ഇടവിട്ടുള്ള പനി (Undulent Fever), തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും രോഗം ബാധിച്ചവരില്‍ സാധ്യതയേറെയാണ്. ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.
പാലും പാല്‍ ഉല്‍പ്പന്നങ്ങളും നന്നായി തിളപ്പിച്ചും, ഇറച്ചി നന്നായി പാകം ചെയ്തും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പ്രസവശേഷമുള്ള പശുവിന്റെ മറുപിള്ള, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും, വെയില്‍ കൊള്ളിക്കുകയും വേണം.
പശുക്കളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. രോഗബാധ സ്ഥിതീകരിക്കുന്ന പക്ഷം രോഗബാധയേറ്റ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാര്‍ഗ്ഗം. മാത്രവുമല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങാതിരിക്കാനും, പശുകുട്ടികള്‍ക്ക് ബ്രൂസെല്ലോസിസിനെതിരായ ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ശ്രദ്ധിക്കണം.
ബ്രൂസല്ലോസിസ് വിമുക്ത നാടിനായി പ്രതിരോധ യജ്ഞം
ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസെല്ലോസിസ് രോഗത്തിന്റെ നിരക്ക് ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വെറെയും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ സമഗ്ര ബ്രൂസെല്ല നിയന്ത്രണ പദ്ധതി (Brucellosis Control Programme) ആരംഭിച്ചത് . പ്രതിരോധ കുത്തിവെപ്പിനൊപ്പം രോഗപരിശോധനയ്ക്കുള്ള (Sreening) പ്രവര്‍ത്തനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
അതിന്റെ ഭാഗമായി സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ബ്രൂസെല്ലോസിസ് വിമുക്തമാക്കുന്നതിനായി സമഗ്ര ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. നാലിനും എട്ട് മാസത്തിനുമിടയില്‍ പ്രായമുള്ള എല്ലാ പശുക്കിടാങ്ങള്‍ക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെപ്പ് നല്‍കാം. പശുക്കിടാക്കള്‍ക്ക് മാത്രം കുത്തിവെപ്പ് നല്‍കുന്നതില്‍ കാഫ് ഹുഡ് വാക്‌സിനേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. ഇത് വഴി ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പശുക്കള്‍ക്ക് കൈവരും. ഒപ്പം ഈ ജന്തുജന്യ രോഗത്തില്‍ നിന്ന് നമുക്കും സുരക്ഷ ഉറപ്പ് വരുത്താം. തങ്ങളുടെ പശുക്കിടാക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തി ബ്രൂസെല്ലാ വിമുക്ത നാടിനായുള്ള യജ്ഞത്തില്‍ ക്ഷീരകര്‍ഷക സമൂഹം അണിചേരേണ്ടതുണ്ട്.
Also Read: വളർത്തു കോഴികൾക്കും വേണം വേനല്‍ക്കാല പരിചരണം; അറിയേണ്ട കാര്യങ്ങൾ