വിശേഷ ഗുണമുള്ള കറുവാപ്പട്ട കേരളത്തിലും കൃഷി ചെയ്യാം; കറുവാ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

വിശേഷ ഗുണമുള്ള കറുവാപ്പട്ട കേരളത്തിലും കൃഷി ചെയ്യാം. സാധാരണ സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളിളാണ് കറുവ ആരോഗ്യത്തോടെ വളരുന്നത്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയിൽ
നിത്യഹരിത വൃക്ഷമായ കറുവ നന്നായി വളരും. ശ്രീലങ്കയിലാണ് നിലവിൽ ലോകത്തെ ഏറ്റവും ഏറ്റവും മുന്തിയ കറുവാപ്പട്ട ഉല്പ്പാദിപ്പിക്കുന്നത്.

അൽപ്പം ശ്രദ്ധയോടെ പരിചരിച്ചാൽ കേരളത്തിലെ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. വിത്തു വഴിയും കമ്പു മുറിച്ചു നട്ടും വായുവില്‍ തയാറാക്കുന്ന പതികള്‍ ഉപയോഗിച്ചും കറുവയില്‍ പ്രജനനം നടത്താം. ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച നിത്യശ്രീ, നവശ്രീ എന്നിവയാണ് നടാൻ അനുയോജ്യം.

മൂന്നാം വര്‍ഷം വിളവെടുക്കാവുന്ന ഇനമാണ് നിത്യശ്രീ. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് 200 കിലോ ഉണങ്ങിയ പട്ട കിട്ടും. മരം അഞ്ചു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ പട്ടയ്ക്ക് ഇളം ബ്രൗണ്‍ നിറമാണ്. ഇലകളില്‍ ‘യൂജിനോള്‍’ എന്ന സുഗന്ധസത്ത് അടങ്ങിയിരിക്കുന്ന ‘സുഗന്ധിനി’ എന്ന ഇനവത്തിനും ആവശ്യക്കാരുണ്ട്.

കറുവമരത്തില്‍ നിന്ന് ശേഖരിക്കുന്ന കായ്കളില്‍ നിന്ന് വിത്തുകള്‍ വേര്‍തിരിക്കുന്നതാണ് ആദ്യപടി. ഈ വിത്തുകൾ 3.3:1 എന്ന അനുപാതത്തില്‍ മണലും നന്നായുണങ്ങിയ ചാണകപ്പൊടിയും കലര്‍ത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ പാകണം. മിതമായി നനച്ചു കൊടുത്താൻ 10 മുതല്‍ 21 ദിവസത്തിനകം വിത്തു മുളയ്ക്കും. ആറു മാസം വരെ തൈകള്‍ക്ക് തണല്‍ നല്‍കണം.

ചെടികൾക്ക് ഒരു വര്‍ഷം പാകമാകുമ്പോൾ 3:3 മീറ്റര്‍ ഇടയകലത്തില്‍ 50 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴികളെടുത്ത് ജൈവകമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്ത് നിറച്ച് മാറ്റി നടണം. ജൂണ്, ജൂലൈ മാസങ്ങളില്‍ തൈകള്‍ നടാം. ഓരോ കുഴിയിലും നാലോ അഞ്ചോ തൈ വീതം നടാം. കുറച്ചെങ്കിലും തണല്‍ ലഭിക്കുന്ന വിധത്തിലാണ് ചെടികൾ നടേണ്ടത്.

ആദ്യ വര്‍ഷം ഒരു തൈയ്ക്ക് 20 ഗ്രാം നൈട്രജന്‍, 18 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇത് ക്രമേണ വര്‍ധിപ്പിച്ച് പത്തു വര്‍ഷവും അതിനു മുകളിലും പ്രായമുള്ള ചെടിയാകുമ്പോഴേക്കും അളവ് യഥാക്രമം 200 ഗ്രാം, 180 ഗ്രാം, 200 ഗ്രാം എന്ന തോതിലേക്ക് വര്‍ധിപ്പിക്കണം. രണ്ട് തുല്യ അളവുകളായി വിഭജിക്കുന്ന വളങ്ങള്‍ മേയ്-ജൂണിലും സെപ്റ്റംബര്‍- ഒക്‌ടോബറിലും ആയാണ് നല്‍കേണ്ടത്.

കറുവാത്തോട്ടത്തില്‍ വര്‍ഷത്തിൽ രണ്ടു പ്രാവശ്യം കളനിയന്ത്രണം നിര്‍ബന്ധമാണ്. കൂടാതെ കൊമ്പുകോതലും ചെയ്യണം. കറുവ മരങ്ങൾ ഏതാണ്ട് നാലു വര്‍ഷത്തെ വളര്‍ച്ചയാകുമ്പോള്‍ പട്ട ഉരിയാനും സാധിക്കും. കേരളത്തില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളാണ് കറുവയില്‍ ശിഖരങ്ങള്‍ വിളവെടുക്കുന്ന കാലം. ഇത്തരത്തില്‍ വിളവെടുക്കുന്ന ശിഖരങ്ങള്‍ ഒന്നു മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളമുള്ള നേര്‍ കഷണങ്ങളായി മുറിച്ചാണ് പട്ട ഉരിയുന്നത്.

Also Read: വ്രതശുദ്ധിയുമായി റമദാൻ മാസം; നോമ്പുതുറയിൽ ഈ പഴങ്ങളാണ് താരങ്ങൾ

Image: pixabay.com