മലയാളിയുടെ ജീവിതത്തിന്റെ എല്ലാ തലവും സ്പര്‍ശിക്കുന്ന തെങ്ങുകൃഷി; മെച്ചപ്പെട്ട ആദായവും പലതരം ഗുണങ്ങളും

ശിഖരങ്ങളൊന്നുമില്ലാതെ പത്ത് നൂറടി ഉയരത്തില്‍ കുത്തനെ വളര്‍ന്ന് ഉച്ചിയില്‍ നിന്ന് എല്ലാ ദിക്കിലേക്കും ഓലകളും അവയ്ക്കിടയില്‍ ഫലങ്ങളുമായി കാറ്റത്താടിയും ഉലഞ്ഞും നില്‍ക്കുന്ന ഈ വൃക്ഷം കേരളീയന്റെ നിത്യജീവിതത്തിലെ പതിവ് കാഴ്ചയാണ്. കേരളം എന്ന സ്ഥലനാമം രൂപപ്പെട്ടതിന് ഒരു കാരണമായി കണക്കാക്കുന്നതും പ്രദേശത്തെ ഈ വൃക്ഷത്തിന്റെ സാന്നിദ്ധ്യമാണ്. ഇവയ്ക്ക് മുകളില്‍ കേരവൃക്ഷവും നാളികേരോത്പന്നങ്ങളും മലയാളിയുടെ ജീവതചര്യകളെ കാര്യമായി സ്വാധീനിക്കുന്നു എന്നും പറഞ്ഞറിയിക്കേണ്ടാത്ത കാര്യമാണ്.

അല്പം ചരിത്രം

ലോകത്തങ്ങോളമിങ്ങോളമുള്ള 2700 ഓളം പനവര്‍ഗ്ഗങ്ങളില്‍ തെങ്ങിന്റെ പ്രശസ്തി ഏറ്റവും മുകളിലാണ്. പോളിനേഷ്യയുടേയും മലേഷ്യയുടേയും തെക്ക് പസഫിക് ദ്വീപുകളും, തെക്ക് കിഴക്കന്‍ ഏഷ്യയും തെക്കേ അമേരിക്കയുമാണ് തെങ്ങിന്റെ ജന്മദേശമായി കരുതുന്നത്. 80 രാജ്യങ്ങളില്‍ തെങ്ങുകൃഷി ചെയ്യുന്നുണ്ട്. കടലിലൂടെയോ മനുഷ്യരാലോ ആയിരിക്കണം മറ്റു ദേശങ്ങളില്‍ തേങ്ങ എത്തിപ്പെട്ടതെന്ന് അനുമാനിക്കാം. നൂറ്റിപ്പത്ത് വര്‍ഷം കടല്‍വെള്ളത്തില്‍ പൊങ്ങിക്കിടന്നാലും തേങ്ങയുടെ അങ്കുരശേഷി നശിക്കുന്നില്ല എന്ന കണ്ടെത്തല്‍ ഈ വാദങ്ങളെ സമര്‍ത്ഥിക്കുന്നു. കുരങ്ങിന്റെ മുഖം എന്നര്‍ത്ഥമുള്ള കൊക്കോസ് എന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് കൊക്കോസ് എന്ന ഉപവര്‍ഗപ്പേരിന്റേയും കോക്കനട്ട് എന്ന പേരിന്റേയും ഉത്ഭവം. ചിരട്ടയിലെ രണ്ട് കണ്ണുകള്‍ കുരങ്ങന്റെ കണ്ണും മൂക്കുമായി കരുതിയാണ് ഇത്തരത്തില്‍ പേരുനല്‍കാനിടയായ കാരണം. 80 മുതല്‍ 100 വര്‍ഷം വരെയാണ് തെങ്ങിന്റെ ആയുസ്സ് കണക്കാക്കിയിട്ടുള്ളത്.

തെങ്ങുകൃഷിയുടെ വിസ്തൃതിയുടേയും ഉത്പാദനത്തിന്റേയും 78 ശതമാനം ഇന്ത്യ, ഇന്തോന്യേഷ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഇന്ത്യയുടെ ഉത്പാദനം 1.77 ദശലക്ഷം ഹെക്ടറില്‍ നിന്ന് 13.97 ലക്ഷം കോടി തേങ്ങയാണ്. ഇത് മൊത്തം തെങ്ങുകൃഷി വിസ്തീര്‍ണ്ണത്തിന്റെ 15.51 ശതമാനവും ഉത്പാദനത്തിന്റെ 26.06 ശതമാനവുമാണ്. ഇന്ത്യയിലാണ് ഉത്പാദനക്ഷമത കൂടുതല്‍, ഒരു ഹെക്ടറില്‍ നിന്ന് 7,779 തേങ്ങയാണ് ഉത്പാദനം. തൊട്ടുപുറകേ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ്.

തെങ്ങുകൃഷി ഇന്ത്യയില്‍

ഇന്ത്യയിലെ തെങ്ങുകൃഷിയുടെ 91 ശതമാനം വിസ്തൃതിയും ഉത്പാദനവും കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ വിസ്തൃതിയുടെ 54.7 ശതമാനവും ഉത്പാദനത്തിന്റെ 42.3 ശതമാനവും കേരളത്തില്‍ നിന്നാണ്. അതേസമയം ഉത്പാദനക്ഷമയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഒരു ഹെക്ടറില്‍ നിന്ന് 20,621 തേങ്ങയാണ് മഹാരാഷ്ട്ര ഉത്പാദിപ്പിക്കുന്നത്, ഉത്പാദനക്ഷമയില്‍ കേരളത്തിന്റെ വിഹിതം 5,013 ആണ്. തീരപ്രദേശങ്ങളില്‍ നിന്നുമാറി തെങ്ങുകൃഷി ഇപ്പോള്‍ മധ്യപ്രദേശ്, ബീഹാര്‍, ത്രിപുര, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

തെങ്ങിന് 6 മുതല്‍ 12 വര്‍ഷം വരെ പ്രായമാകുമ്പോഴേക്കും പുഷ്പിക്കല്‍ ആരംഭിക്കും, തെങ്ങോലകളുടെ കടയ്ക്കല്‍ ഉണ്ടാകുന്ന പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളും വിരിയുകയും കൊഴിഞ്ഞ് പോകുകയും ചെയ്യും. തെങ്ങിലെ പരാഗണം നടക്കുന്നത് ഷഡ്പദങ്ങള്‍ മുഖേനയാണ്, മുഖ്യമായും തേനീച്ചകള്‍. ഒന്ന് മുതല്‍ രണ്ട് കിലോഗ്രാം വരെ തൂക്കം ലഭിക്കുന്ന തേങ്ങകള്‍ തെങ്ങില്‍ നിന്ന് ലഭിക്കും. ഇതില്‍ വിത്തുതേങ്ങക്കും കൊപ്രയ്ക്കുമാണ് വാണിജ്യപ്രാധാന്യം ഉള്ളത്. 30-35 വര്‍ഷം വരെ മാത്രം ആയുസുള്ള കുള്ളന്‍ തെങ്ങുകളും സജീവമാണ്. മറ്റ് തെങ്ങ് വിഭാഗങ്ങള അപേക്ഷിച്ച് ഇവയ്ക്ക് പൊക്കം കുറവായിരിക്കും. 4 മുതല്‍ 5 വര്‍ഷം വരെയുള്ള വളര്‍ച്ചയില്‍ തന്നെ ഇവ കായ്ഫലം തന്നു തുടങ്ങും.

Also Read: കൊടുംചൂടിൽ പാവം തെങ്ങിനെ നനയ്ക്കാൻ മറക്കരുതേ! വേനൽക്കാലത്തെ തെങ്ങിന്റെ പരിചരണം

മണ്ണും കാലാവസ്ഥയും പ്രധാനം

മണല്‍മണ്ണ്, ഊറല്‍മണ്ണ്, ചതുപ്പ് നിലങ്ങളിലെ പാകപ്പെടുത്തിയ മണ്ണ് എന്നിവയാണ് തെങ്ങിന്റെ വളര്‍ച്ചയ്ക്ക് സഹായകമായത്. മണ്ണിലെ ജലത്തിന്റെ ലഭ്യത സുപ്രധാന വിഷയമാണ്, മണ്ണിലെ ഉപ്പുരസവും അമ്ലതയും ചെറുത്ത് നില്‍ക്കാന്‍ ശേഷിയുണ്ടെങ്കിലും നല്ല നീര്‍വാര്‍ച്ചയും വെള്ളം പിടിച്ചുനിറുത്താനുള്ള ശേഷിയുമുള്ള മണ്ണാണ് വളര്‍ച്ചക്കും വിളവിനും അത്യന്താപേക്ഷികം. ഭൂമദ്ധ്യരേഖയ്ക്ക് 25 ഡിഗ്രിക്കകത്തും 1,000 മീറ്റര്‍ ഉയരത്തിലും തെങ്ങ് വളരും. 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് തെങ്ങിന് ഉത്തമം, ഇതില്‍ 5-6 ഡിഗ്രി കൂടുകയോ കുറയുകയോ ചെയ്യുന്നത് ഉത്പാദനത്തെ കാര്യമായി ബാധിക്കാനിടയില്ല. നല്ല സൂര്യപ്രകാശവും വര്‍ഷപാതവും തെങ്ങിന്റെ വളര്‍ച്ചയെ കാര്യമായി സഹായിക്കുമ്പോള്‍ കൂടിയ അന്തരീക്ഷ ആര്‍ദ്രത കുമിള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ശ്രദ്ധയോടെ കൃഷി തുടങ്ങാം

തെങ്ങിന്‍ തൈ ഉണ്ടാക്കല്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. കാരണം, തൈ നട്ട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്തതികളെ വിലയിരുത്താനാകുക. പരപരാഗണം നടക്കുന്ന വിളയായതുകൊണ്ടും വിത്തും തൈകളും തെരഞ്ഞെടുക്കേണ്ടതും ശ്രദ്ധയോടെയായിരിക്കണം. തോട്ടത്തില്‍ ഏറെ കായ്ഫലം തരുന്നതും, കീടബാധകള്‍ കുറവുള്ളതുമായ ഇടത്തില്‍ നിന്ന് വിത്തു തേങ്ങകള്‍ സംഭരിക്കാം. 11 – 12 മാസം മൂപ്പെത്തിയതും തൊണ്ടിന് കനമുള്ളതും ഇടത്തരം വലിപ്പമുള്ളതുമായ തേങ്ങകള്‍ ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സംഭരിക്കാം. ഇക്കാലങ്ങളിലെ തേങ്ങകള്‍ക്ക് ഗുണമേന്മയും പെട്ടന്ന് പൊട്ടിമുളയ്ക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. വിത്തുകള്‍ പാകുന്നതിന് മുമ്പായി ഏകദേശം 60 ദിവസം ഇവ ഞെട്ടറ്റം മുകളില്‍ വരുന്ന രീതിയില്‍ മണലില്‍ തണലത്ത് സൂക്ഷിക്കേണ്ടതാണ്. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാന്‍ മുകളിലും മണല്‍ വിരിക്കാം. കുള്ളന്‍ തെങ്ങിന്റെ വിത്തുകള്‍ 15-30 ദിവസം വരെ ഈ രീതിയില്‍ സുക്ഷിച്ചാല്‍ മതിയാകും.

മെയ് – ജൂണ്‍ മാസത്തിലാണ് തേങ്ങ പാകേണ്ടത്. മണലിന്റെ സാന്നിദ്ധ്യമുള്ളിടത്ത് ഇളക്കമുള്ള മണ്ണില്‍ 25 – 30 സെ. മീ. ആഴത്തില്‍ കുഴിയെടുത്ത് 30 സെ. മീ. അകലം പാലിച്ച് തേങ്ങ പാകാം. തേങ്ങയുടെ ഞെട്ടറ്റം മുകളിലേക്കായോ വിലങ്ങനെ വെച്ചോ മണ്ണിട്ട് മൂടണം. ഞെട്ടറ്റം മുകളിലേക്ക് വെക്കുന്നത് കേടുകൂടാതെ തെങ്ങിന്‍ തൈ പറിച്ചെടുത്ത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് എളുപ്പമായിരിക്കും. അനുകൂലമായ സാഹചര്യവും നല്ല രീതിയിലുള്ള പരിപാലനവും ഉണ്ടെങ്കില്‍ 8 – 10 മാസത്തില്‍ തേങ്ങമുളച്ച് വരും. 90 ശതമാനം തേങ്ങകളും 5 മാസത്തിനുള്ളില്‍ മുളയ്ക്കും, 6 മാസമായിട്ടും മുളച്ച് വരാത്ത തേങ്ങകള്‍ എടുത്ത് മാറ്റേണ്ടതാണ്.

തെങ്ങിന്‍ തൈകള്‍ പാകുന്നതിനുള്ള സ്ഥലമൊരുക്കലും കരുതലോടെയായിരിക്കണം. സ്ഥലത്തിന്റെ പ്രകൃതം, മണ്ണ്, പരിസ്ഥിതി, ഭൂഗര്‍ഭജലനിരപ്പ് എന്നിവ സുപ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചെരിവുള്ള പ്രദേശങ്ങളില്‍ ഇടവരമ്പുകള്‍ നിര്‍മ്മിക്കണം. കായല്‍ പ്രദേശങ്ങളില്‍ വരമ്പുകളിലായി തെങ്ങിന്‍ തൈകള്‍ നടാവുന്നതാണ്. ഇതിനായി എക്കല്‍ മണ്ണില്‍ 1 മീറ്റര്‍ * 1 മീറ്റര്‍ * 1 മീറ്റര്‍, പാറയുള്ള ചെങ്കല്‍ മണ്ണില്‍ 1.2 മീ * 1.2 മീ * 1.2 മീ, മണല്‍ മണ്ണില്‍ .75 മീ * .75 മീ * .75 മീ എന്ന വലുപ്പത്തില്‍ കുഴിയെടുത്ത് തൈ വെക്കാം. തൈകള്‍ കാറ്റിലുലയുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ തൈയ്യും ചെറിയ കുറ്റികളില്‍ കെട്ടിവെക്കുന്നത് ഉത്തമമായിരിക്കും.

തോട്ടത്തില്‍ പച്ചിലച്ചെടികള്‍ വളര്‍ത്തുന്നത് മണ്ണൊലിപ്പ് തടയുന്നതിനും, കള നിയന്ത്രിക്കുന്നതിനും, മണ്ണിലെ താപം നിയന്ത്രിക്കുന്നതിനും, മണ്ണില്‍ ജൈവവളം ചേര്‍ക്കുന്നതിനും സഹായകമാകും. പച്ചിലവളച്ചെടികളായ ചണമ്പ്, ഡയിഞ്ച, ടൈഫോസിയ എന്നിവും പയര്‍വര്‍ഗത്തില്‍പ്പെടുന്ന ആവരണ വിളകളും ഏപ്രില്‍ – മെയ് മാസങ്ങളില്‍ വിത്തിട്ട് ആഗസ്റ്റ് – സെപ്തംബര്‍ മാസത്തില്‍ മണ്ണില്‍ ഉഴുത് ചേര്‍ക്കണം.

ജലസേചനവും മണ്ണിലെ ജലലഭ്യതയും

ജലസേചനമാണ് മറ്റൊരു പ്രധാനകാര്യം. വര്‍ഷം മുഴുവന്‍ കായ്ഫലം തരുന്ന വിളയായതുകൊണ്ട് തടസ്സമില്ലാത്ത ജലലഭ്യത നാളികേരോത്പാദത്തിന് അത്യാവശ്യമാണ്. മാത്രമല്ല, വേരുകള്‍ക്ക് പോഷകഗുണങ്ങള്‍ വലിച്ചെുക്കാനും മണ്ണിലെ ജലാംശം ആവശ്യമാണ്. മച്ചിങ്ങപൊഴിച്ചല്‍, വളര്‍ച്ച മുരടിപ്പ്, ഓല ഓടിഞ്ഞുതൂങ്ങള്‍, വിള കുറവ് എന്നിവ ജല ലഭ്യത കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. തടത്തില്‍ മുഴുവന്‍ വെള്ളം കെട്ടിനിറുത്തി നനയ്ക്കല്‍, ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന), സ്പ്രിംങ്ക്ലര്‍ നന എന്നീ രീതികളിലൂടെയാണ് തെങ്ങിന് ജലസേചനം നല്‍കുക. 3 മുതല്‍ 9 വരെയുള്ള ദിവസങ്ങള്‍ ഇടവിട്ട് 600 മുതല്‍ 1600 ലിറ്റര്‍ വരെ വെള്ളമാണ് തെങ്ങിന് നല്‍കേണ്ടത്. തടത്തിലെ പോഷകങ്ങള്‍ സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും തുള്ളി ഉപകരിക്കും. തടത്തിന്റെ 4 ഭാഗങ്ങളില്‍ ഡ്രിപ്പ് സ്ഥാപിച്ച് ഇത്തരത്തില്‍ നനയ്ക്കാം. മിശ്രവിളകളുള്ള തോട്ടങ്ങളില്‍ സ്പ്രിങ്ക്ലര്‍ ഉപയോഗിക്കുന്നതിന് ഉചിതമായിരിക്കും. തെങ്ങിന്റെ കടയില്‍ നിന്ന് 3 മീറ്റര്‍ മാറി നീളത്തില്‍ കുഴിയെടുത്ത് മണ്ണില്‍ ചകിരിത്തൊണ്ട് പൂഴ്ത്തുന്നത് ഈര്‍പ്പം നിലനിറുത്താന്‍ സഹായിക്കും. തെങ്ങൊന്നിന് പ്രതിവര്‍ഷം 25 കിലോഗ്രാം ചകിരിച്ചോറ് ഇടാവുന്നതുമാണ്. നീര്‍വാര്‍ച്ചാ സൌകര്യം പ്രകൃത്യാ ലഭ്യമല്ലെങ്കില്‍ കടയ്ക്കല്‍ മണ്ണ് ഉയര്‍ത്തി, തടത്തില്‍ നീര്‍ച്ചാലുകള്‍ നിര്‍മ്മിക്കേണ്ടതുമാണ്. തോട്ടത്തില്‍ കൊത്തും കിളയും നടത്തുകയോ നിലം ഉഴുതുകയോ ചെയ്യുന്നതുകൊണ്ട് കളനിയന്ത്രണം, പുതയിടല്‍ എന്നിവയുടെ പ്രയോജനം വര്‍ദ്ദിക്കുകും വിളവ് മെച്ചപ്പെടുത്തുകയും ചെയ്യു. ഏപ്രില്‍ – മെയ് മാസത്തിലും സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തിലുമാണ് തടം കിളയ്ക്കുന്നതിനും നിലം ഉഴുതുന്നതിനും ഉചിതമായ സമയം.

Also Read: Good news for beekeepers! World apiculture market to grow at a CAGR of 2.7% by 2022, says report

ഒട്ടേറെ ഗുണഫലങ്ങള്‍

തെങ്ങും തേങ്ങയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാം. അതിനും പുറമേ വാണിജ്യസാധ്യതയുള്ള പല പദാര്‍ത്ഥങ്ങളും ഉത്പന്നങ്ങളും നമുക്ക് നിര്‍മ്മിച്ചെടുക്കാന്‍ സഹായകമാണ് തെങ്ങുകൃഷി. തേങ്ങയുടെ കാമ്പ് (തേങ്ങാപ്പീര), തേങ്ങാപ്പാല്‍, കൊട്ടത്തേങ്ങ, കരിക്കിന്‍ വെള്ളം, തേങ്ങാപ്പൊടി, കള്ളുത്പന്നങ്ങള്‍, വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക്, ചകിരിയും കയറും, വെള്ളനാര്, ചിരട്ട ഉത്പന്നങ്ങള്‍ എന്നിങ്ങനെ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന ധാരാളം ഉത്പന്നങ്ങള്‍ തെങ്ങില്‍ നിന്നും തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിന്റെ സാമൂഹികജീവിതത്തിലും സാമ്പത്തികരംഗത്തും അവയുടെ സ്വാധീനം പതിറ്റാണ്ടുകളിലൂടെ തെളിയിക്കപ്പെട്ടതാണ്.

പ്രചാരത്തിലുള്ള തെങ്ങും അവയുടെ പ്രത്യേകതകളും

1 കിഴക്കന്‍ തീരനാടന്‍ ഏറ്റവും ഉയരം കൂടിയത്, എസ്റ്റേറ്റുത്പാദനത്തിനും കള്ളുചെത്താനും പറ്റിയവ.
2 ആന്റമാന്‍ ഓര്‍ഡിനറി വലുതും കരുത്തും കൂടുതല്‍ കാമ്പുമുള്ള തേങ്ങ. ഇളനീരെടുക്കാന്‍ യോജിച്ചത്.
3 ഫിലിപ്പീന്‍സ് ഓര്‍ഡിനറി വലിയ നാളികേരം
4 ലക്ഷദ്വീപ് മൈക്രോ ചെറിയ നാളികേരം, കൂടുതല്‍ കായ്പിടിപ്പുള്ളതും എണ്ണയെടുക്കാന്‍ മികച്ചതും.
5 കാപ്പാടം കൂടുതല്‍ കനവും തൂക്കവുമുള്ള തേങ്ങ. തൃശൂര്‍ ജില്ലയില്‍ നിന്നും.
6 കൊമ്പാടന്‍ മധ്യതിരുവിതാംകൂറിലുള്ളത്. തേങ്ങയും മടലും ചെമ്പിന്റെ നിറം.
കുള്ളന്‍ ഇനങ്ങള്‍
7 ചാവക്കാട് ഡ്വാര്‍ഫ് ഓറഞ്ച് ഗൌരീഗാത്രം എന്ന് വിളിക്കുന്ന ഈ ഇനത്തിന്റെ പൂങ്കുല, തേങ്ങ, മടല്‍ എന്നിവ ഓറഞ്ച് നിറത്തിലാണ്.
8 ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് പച്ചത്തെങ്ങ്. സ്വപരാഗണം – സ്ഥിരമായി കായ്ഫലം തരാന്‍ കഴിവ് കുറവ്.
9 ഗാഗാ ബോണ്ടം ആന്ധ്രപ്രദേശില്‍ കണ്ടുവരുന്നു. തേങ്ങ ഗുണമേറിയത്.
10 മലയന്‍ ഡ്വാര്‍ഫ് ഗ്രീന്‍ നേരത്തേ കായ്ക്കുന്ന പച്ചനിറത്തോടുള്ള നാളികേരം.

 

References:

  1. തോട്ടവിളകള്‍ (Book) – കെ വി പീറ്റര്‍
  2. http://www.asiafarming.com/coconut-farming/

 (ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ രേഖപ്പെടുത്താം.)