വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

അനേക്കല്‍ (കര്‍ണ്ണാടക), ടൗൺ കടന്ന് തമിഴ്നാട് അതിര്‍ത്തിയിലേക്കുള്ള റോഡിലൂടെ ഏറെക്കുറെ വിജനമായ നിരത്തിലൂടെ രണ്ടു മൂന്ന് കിലോമീറ്റര്‍ താണ്ടി. നഗരത്തിന്റെ തിരക്കിപ്പോള്‍ പൂര്‍ണ്ണമായും കാണാതായിരിക്കുന്നു, പകരം ഗ്രാമീണതയുടെ ഒട്ടും ചെറുതല്ലാത്ത ഭാവങ്ങള്‍ കാണാനാകും. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് മൂപ്പിതിലേറെ കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുനിന്ന് പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സിറ്റിയുടെ സുപ്രധാന ഇടങ്ങളിലൊന്നായ ഇലക്ട്രോണിക് സിറ്റിയും തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലയായ കൃഷ്ണഗിരിയിലെ ഹൊസൂരിലും ചെന്നെത്താം. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിലെപ്പോഴോ മുറിവേല്‍പ്പിക്കപ്പെട്ട ഗ്രാമീണഭാവം മറ്റേത് നഗരപ്രാന്ത പ്രദേശത്തിനേയും പോലെ അനേക്കല്ലിനേയും അടക്കിവാഴുന്നു എന്ന് തോന്നിപ്പിക്കുന്നതരം കാഴ്ചകള്‍ ചുറ്റും. ഫാം ഹൌസ് ടൂറിസം, അഡ്വെഞ്ചറസ് ക്ലബ്ബ്, റിസോര്‍ട്ടുകള്‍, കോളേജുകള്‍, സങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം അതിന്റെ അടയാളങ്ങളാണ്.

ആന്ധ്രപ്രദേശില്‍ നിന്നും കൃഷിക്കും വ്യവസായത്തിനുമായി കുടിയേറിയ ധാരാളം പേര്‍ പാര്‍ക്കുന്ന സ്ഥലമാണ് അനേക്കല്‍, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലും തെലുങ്ക് സംസാരിക്കുന്ന ധാരാളം ആളുകളെ മുമ്പൊരിക്കല്‍ യാത്രചെയ്തപ്പോള്‍ കണ്ടുമുട്ടിയിട്ടുണ്ട്. 28 ശതമാനത്തോളം ആളുകള്‍ ഇന്ത്യക്കകത്തുതന്നെ ഒരു ദിക്കില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നുണ്ടെന്നാണ് നാഷ്ണല്‍ സാംപിള്‍ സര്‍വേ (2007-08) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നീ സാഹചര്യങ്ങളെ മുന്നില്‍ക്കണ്ട് ഇന്ത്യക്കാര്‍ നടത്തുന്ന ഇത്തരം ചെറിയ കുടിയേറ്റങ്ങള്‍ക്ക് ഗ്രാമീണമേഖലകളില്‍ ശക്തമായി നിലനില്‍ക്കുന്ന ജാതി വിവേചനവും ഒരു കാരണമാണ് (Sukhadeo Thorat, Chairman, ICSSR). തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ എന്നിവരുടെ സാന്നിദ്ധ്യമാണ് ഈ പ്രദേശത്ത് കൂടുതല്‍. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയും വ്യവസായവും ചെയ്യുന്നവരുണ്ടെങ്കിലും എണ്ണത്തില്‍ വളരെ കുറവാണ്. കാര്‍ഷികവൃത്തിയുടെ സൌന്ദര്യശാസ്ത്രം അന്വേഷിക്കുന്നതിന്റെ കൂട്ടത്തില്‍ കര്‍ഷകരുടെ ജീവിതവും അടയാളപ്പെടുത്താന്‍ തുനിയുമ്പോഴാണ് ഇത്തരം ശ്രദ്ധേയമായ വസ്തുതകളില്‍ ചെന്ന് ചാടുക.

കുടിയേറ്റക്കാരനായ രാമയ്യ എന്ന വ്യവസായിയെ കണ്ടുമുട്ടിയതാണ് ഈ ലേഖനത്തിന് പ്രേരണയായത്. മുട്ടക്കോഴി വളര്‍ത്തലാണ് രാമയ്യയുടെ വ്യവസായം. ആന്ധ്രയിലെ പ്രകാസം ജില്ലയിലെ തങ്കുട്ടൂര്‍ എന്ന പ്രദേശത്തു നിന്നും ഏകദേശം 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലേക്ക് കുടിയേറിയ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യവസായം ചെയ്യുന്നവരാണ്. B Com. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുട്ടക്കോഴി വളര്‍ത്തല്‍ ആരംഭിച്ച രാമയ്യ താരതമ്യേന വലിയ തോതില്‍ തന്നെ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ട ആളാണ്. അനേക്കലിലുള്ള ഇദ്ദേഹത്തിന്റെ ഗംഗ പോള്‍ട്ടറി ഫാമില്‍ ഏകദേശം 30,000 കോഴികളെ വളര്‍ത്തുകയും പ്രതിദിനം 26,000 കോഴിമുട്ടകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെലുങ്ക് ഭാഷ അനായാസം സംസാരിക്കുന്ന രാമയ്യ മുറി കന്നഡയും അല്‍പം ഇംഗ്ലീഷും ലേഖകരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി സംഭാഷണത്തില്‍ ഉള്‍പ്പെടുത്തി. മൂന്ന്  ബീഹാറി കുടുംബങ്ങളാണ് രാമയ്യയുടെ ഫാമില്‍ ജോലിക്ക് നില്‍ക്കുന്നത്, പ്രതിമാസം 26,000 രൂപയും താമസ സൌകര്യവുമാണ് ഈ മൂന്ന് തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. കാലാവധി നിശ്ചയിച്ച് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളെ ജോലിക്കായി എത്തിച്ചു കൊടുക്കാനും പ്രദേശത്ത് ധാരളം കോണ്‍ട്രാക്ടര്‍മാരുണ്ടെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ ബോധ്യപ്പെട്ടു.

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫാമില്‍ ഏഴ് ഗണത്തിലായാണ് ലെയര്‍ ബ്രീഡ് കോഴികളുള്ളത്. 72 ആഴ്ചകളോളം മുട്ടകള്‍ ഉത്പാദിച്ച കോഴികളെയാണ് മാംസാവശ്യത്തിനായി അയക്കുന്നത്. ശേഖരിച്ച മുട്ടകള്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് ബാംഗ്ലൂര്‍ നഗരത്തിലേക്ക് അയക്കുന്നത്. ഫാമില്‍ നിന്ന് ശേഖരിച്ച് വില്‍ക്കുന്ന കോഴി കാഷ്ടമാണ് മറ്റൊരു വരുമാന സ്രോതസ്സ്. പൊടിച്ച് മിശ്രിതമാക്കി നല്‍കുന്ന കോഴിത്തീറ്റ, തൊഴിലാളികളുടെ കൂലി, വൈദ്യുതി, വെള്ളം എന്നിവയാണ് വ്യവസായത്തിലെ ദൈനംദിന ചെലവുകള്‍.

 

മുട്ടക്കോഴി വളര്‍ത്തല്‍ ലാഭകരമായ വ്യവസായമാണെങ്കിലും നിലവിലെ നിരക്കിലും സാഹചര്യത്തിലും ലാഭകരമല്ലെന്നാണ് രാമയ്യയുടെ അഭിപ്രായം. 4.50 മുതല്‍ 5 രൂപ വരെ നഗരത്തിലെ കമ്പോളങ്ങളില്‍ വിലയുള്ള കോഴിമുട്ടയ്ക്ക് 3.25 മുതല്‍ 3.50 രൂപ വരെ ഉത്പാദകന് ലഭിക്കുമ്പോഴാണ് വ്യവസായം ലാഭകരമാകുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 2.85 രൂപ തോതിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 22 പൈസ ഇടനിലക്കാരനായ വ്യാപാരിക്ക് നല്‍കുന്നുണ്ട്. ഇത്തരത്തിലുണ്ടാകുന്ന നഷ്ടത്തിന് മുഖ്യകാരണമായത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍  നടപ്പിലാക്കിയ നാണയമൂല്യം ഇല്ലാതാക്കിയ നടപടിയും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് മുകളില്‍ ഉഷ്ണകാലവും ജലദൌര്‍ലഭ്യതയും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ശരീരത്തിനാവശ്യമായ രീതിയില്‍ മാംസ്യം, കൊഴുപ്പ്, ഊര്‍ജ്ജം എന്നിവ നിസ്സാരമായ ചിലവിലും കുറഞ്ഞ അളവിലുമുള്ള ആഹാരത്തിലൂടെ ലഭ്യമാക്കുക എന്നത് വ്യക്തിഗതമായ ആവശ്യത്തില്‍ നിന്ന് ഒരു സാമൂഹികാവശ്യമാറിയിരിക്കുന്ന കാലമാണിത്. പ്രൊട്ടീനും കലോറിയും ശരീരത്തിന് നല്‍കുന്നു എന്നതിനൊപ്പം സ്വാദിഷ്ടമായ രീതിയില്‍ പാകം ചെയ്യുന്ന മാംസാഹാരത്തിന്റെ വാണിജ്യസാധ്യതയും കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നീ വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നു.

മാംസം, മുട്ട ആവശ്യങ്ങള്‍ക്കായി കോഴി, താറാവ്, ടര്‍ക്കി എന്നീ ഇനം പക്ഷികളെ ഫാമുകളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് മറ്റു പല മേഖലകളെ അപേക്ഷിച്ച് രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. വളര്‍ത്തുപക്ഷികള്‍ മതവിശ്വാസങ്ങളില്‍ ഉള്‍പ്പെടാതെയും മതചിഹ്നങ്ങളാക്കി മാറ്റപ്പെടാതെയും നിലനില്‍ക്കുന്നു എന്നതുകൊണ്ട് മുട്ട, മാംസം എന്നിവയുടെ വാണിജ്യപരമായ ഉത്പാദനത്തിനും വ്യാവസായിക വളര്‍ച്ചയ്ക്കും ഭാവിയിലും വിഘാതം സൃഷ്ടിക്കാനിടയില്ല. തീവ്ര ഹിന്ദുത്വബോധം രാഷ്ട്രീയ ആശയമാക്കി മുന്നോട്ടുവെച്ച് കേന്ദ്രത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) അധികാരത്തിലെത്തിയതും തുടര്‍ന്ന് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്ന ഗോവധ നിരോധനവും ഗോമാംസോത്പാദന രംഗത്തെ നേരിട്ടും മറ്റ് വ്യവസായത്തേയും തൊഴില്‍മേഖലകളേയും പരോക്ഷമായും ബാധിച്ചിരിക്കുന്നു. അത്തരത്തിലൊരു പ്രതിസന്ധി കടന്നുവരാന്‍ സാധ്യതയില്ലാത്തൊരിടമാണ് വളര്‍ത്തുപക്ഷി വ്യവസായം.

കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിലും പരിചരണത്തിലും നല്ല രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്. ഇറച്ചി ആവശ്യത്തിനായി ബ്രോയ്ലര്‍, കോക്കറെല്‍ എന്നി ഇനത്തിലുള്ള കോഴികളേയും മുട്ട ആവശ്യത്തിനായി ലെയര്‍ കോഴികളേയുമാണ് വളര്‍ത്തേണ്ടത്. ബ്രോയ്ലര്‍, ലെയര്‍ എന്നീ കോഴിവളര്‍ത്തല്‍ വ്യവസായമാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ളത്. 40 മുതല്‍ 42 ദിവസങ്ങള്‍ ദിവസങ്ങളാണ് ബ്രോയ്ലര്‍ കോഴികളുടെ വളര്‍ച്ച പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ കുറഞ്ഞ കാലം മുഖ്യ വിഷയമായി പരിഗണിച്ച്, വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വളരെ കരുതലോട പരിചരിക്കേണ്ടതാണ്. 72 ആഴ്ചയോളം വളര്‍ത്താവുന്ന ലെയര്‍ കോഴികളില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 300 മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ഫാമുകളുടെ നിര്‍മ്മാണം കുറ്റമറ്റതായിരിക്കണം, നല്ല രീതിയിലുള്ള വായുസഞ്ചാരവും വെളിച്ചവും കോഴികളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമാണ്. തിരക്കും ശബ്ദവും കുറഞ്ഞ ഗ്രാമീണ മേഖലകളിലാണ് ഫാമുകള്‍ നിലനില്‍ക്കുന്നത്, ഗ്രാമീണ മേഖലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ സ്ഥലവും മിതമായ കൂലിക്ക് തൊഴിലാളികളേയും ലഭിക്കുമെന്നാണ് അനുമാനം. ഗ്രാമങ്ങളില്‍ നിര്‍മ്മിക്കുന്ന ഫാമുകളിലേക്കുള്ള ഗതാഗത സൌകര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.  പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുമ്പായി ഫാം ഷെഡ്ഡുകള്‍ വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ഫാമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ആവശ്യം കഴിഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണം, കോഴികളെ ആക്രമിക്കുന്ന മറ്റ് ജീവികളെ അകറ്റി നിറുത്തുന്ന തരത്തിലായിരിക്കണം ഫാമുകള്‍ സജ്ജമാക്കേണ്ടത്. 40 മീറ്ററെങ്കിലും അകലം പാലിച്ചാണ് ഷെഡ്ഢുകള്‍ നിര്‍മ്മിക്കേണ്ടത്, കൂടാതെ ഷെഡ്ഡുനുള്ളിലേക്ക് മഴയോ വെള്ളമോ ഒഴുകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലത്തുനിന്നും ഒന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഷെഡ്ഡിന് കീഴെ അടിഞ്ഞുകൂടുന്ന കോഴിക്കാഷ്ടം അതാതു സമയത്ത് നീക്കം ചെയ്യാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് മഴക്കാലാരംഭിത്തിന് മുമ്പ്. ബാക്ടീരിയ, വൈറല്‍, ഫങ്കസ് എന്നിവ കോഴികളുടെ ആരോഗ്യത്തെ ബാധിക്കുന്നതും രോഗം പടര്‍ത്തുന്നവയുമാണ്. ശ്രദ്ധക്കുറവുമൂലമുണ്ടാകുന്ന രോഗവ്യാപനം ഫാമിലെ മുഴുവന്‍ കോഴികളേയും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് മാറാം. വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ അഭാവവും കോഴികളെ ബാധിച്ചേക്കാം. വൈദ്യപരിചരണവും ആവശ്യമായ മരുന്നുകളും ഉപയോഗിച്ച് കോഴികളെ രോഗബാധയില്‍ നിന്ന് സംരക്ഷിച്ചാല്‍ വ്യവസായത്തിന്റെ നല്ല തുടര്‍ച്ച ഉറപ്പുവരുത്താം.

ഫാമുകളുടെ നിര്‍മ്മാണച്ചെലവ് കെട്ടിടങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും, വ്യാവസായിക ഉത്പാദനത്തിനുള്ള സ്വദേശി, വിദേശി ഇനങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ നേരിട്ടെത്തിച്ച്  കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാലത്ത് സജീവമാണ്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ വായ്പകളും സര്‍ക്കാര്‍ സബ്സിഡികളും ലഭ്യമായ ഇക്കാലത്ത് വ്യവസായാരംഭം ഏറെക്കുറെ എളുപ്പമാണ്. പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന ധാന്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് ഫാമുകളില്‍ വെച്ച് പൊടിച്ച് മിശ്രിതമാക്കി നല്‍കുന്നത് ലാഭകരമാണ്, ഫാമുകളില്‍ ഉണ്ടാക്കുന്ന മിശ്രിതത്തിന്റെ പോഷകഗുണത്തെക്കുറച്ച് കൂടുതല്‍ കരുതല്‍ ഉത്പാദകന് ആവശ്യമാണ്. വിപണിയില്‍ നിന്ന് കോഴിത്തീറ്റ വാങ്ങുമ്പോള്‍ ടണ്ണിന് അയ്യായിരം രൂപവരെ അധികം നല്‍കേണ്ടിവരും. ഗോതമ്പ്, സോയ, ചോളം, കടല എന്നിവ ഫാമില്‍ വെച്ചുതന്നെ പൊടിച്ച് കോഴിത്തീറ്റ തയ്യാറാക്കുന്ന രീതിയാണ് രാമയ്യ പിന്തുടരുന്നത്. മൂന്നര മുതല്‍ നാല് ടണ്ണോളം അളവില്‍ ദിനംപ്രതി കോഴിത്തീറ്റ തയ്യാറാക്കുന്നതിന് ടണ്ണിന് ഇരുപതിനായിരത്തോളമാണ് ചെലവ് വരുന്നത്. വിപണിയില്‍ നിന്നും വാങ്ങുന്ന മിശ്രിതം ഇരുപത്തി ആറായിരം രൂപയാണ് ടണ്ണിന് നല്‍കേണ്ടത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഈവക ധാന്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി, മുട്ടവിലയിലെ വ്യതിയാനം, വേനല്‍ക്കാലത്തനുഭവപ്പെുന്ന ജലക്ഷാമം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയാണ് വളര്‍ത്തുപക്ഷി വ്യവസായികള്‍ നിലവില്‍ നേരിടേണ്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം മറികടക്കാനാകാന്‍ കഴിയുന്നവയാണ്, എന്നാല്‍ പക്ഷിപ്പനി, സാമ്പത്തികമേഖലയിലുണ്ടാകുന്ന പ്രതിസന്ധികള്‍ എന്നിവ വ്യവസായത്തെ മുഴുവനായും പ്രഹരമേല്‍പ്പിക്കുന്നവയാണ്.

ആതിര മുരളി | മുരളി മാര്‍ഗശ്ശേരി

Murali Margassery

An adept optimist, journalist, traveller and hardcore lover of cinema.