അരുമ പക്ഷികളുടെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ

അരുമ പക്ഷികളെ തങ്ങളുടെ വീടുകൾക്ക് അലങ്കാരമായും, മാനസികോല്ലാസത്തിനും വിനോദത്തിനുമായുമൊക്കെ വളർത്തുന്നത് ഗ്രാമനഗരഭേദമന്യെ ഇന്ന്ഏറെ പ്രചാരം നേടിയിരിക്കുന്നു. കേവലമായ വിനോദത്തിനപ്പുറം അരുമപ്പക്ഷികളുടെ പരിപാലനവും കൈമാറ്റവുമൊക്കെ ധനസമ്പാദന മാർഗ്ഗം എന്ന നിലയിലും ഇന്ന് വളർന്നിട്ടുണ്ട്. തത്തകൾ, ബഡ്ജറിഗറുകൾ, ഫിഞ്ചുകൾ, ലൗബേർഡ്‌സ്, കൊക്കറ്റീലുകൾ, ലോറികീറ്റുകൾ, കാനറികൾ, പ്രാവുകൾ തുടങ്ങി വൈവിധ്യങ്ങളായ അലങ്കാര കോഴികൾവരെ. അങ്ങനെ അരുമപക്ഷികളുടെ ലോകം വിശാലമാണ്.

നാം ഏറെ ശ്രദ്ധയോടെയും പണം മുടക്കിയും പരിപാലിക്കുന്ന ഈ ഓമനപക്ഷികളുടെ ആരോഗ്യസംരക്ഷണം അതിപ്രധാനമാണ്. അരുമപ്പക്ഷികളുടെ ആരോഗ്യം എന്നത് കൂടിന്റെയും പരിസരത്തിന്റെയും ശുചിത്വം, ഭക്ഷണം, ജനിതകഘടന എന്നിങ്ങനെ വിവിധ ഘടകങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. വിവിധതരം വൈറസുകൾ, ഫംഗസുകൾ, ബാക്ടീരിയകൾ, പ്രോട്ടോസോവകൾ, ബാഹ്യ ആന്തരപരാദങ്ങൾ എന്നിങ്ങനെ രോഗകാരികളുടെ വലിയ നിരതന്നെ പക്ഷികളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.

വൈറസ് രോഗങ്ങളും പ്രതിരോധവും

തൂവൽ കൊക്ക് രോഗം ( Psittacine beak and feather diseases / PBFD )

തത്ത വർഗ്ഗത്തിലെ പക്ഷികളെബാധിക്കുന്ന പ്രധാനപ്പെട്ടവൈറസ്രോഗമാണിത്. സിർക്കോവൈറസ് എന്നയിനം വൈറസാണ്രോഗകാരി. തൂവൽനാളികളെയും, കൊക്കിലെയും കാൽവിരലുകളിലെയും കോശങ്ങളെയും ബാധിക്കുന്ന വൈറസ് തുടർച്ചയായി തൂവൽ കൊഴിഞ്ഞു പോവുന്നതിനും കൊക്കിന്റെയും നഖങ്ങളുടെയും ശോഷണത്തിനും കാരണമായിത്തീരുന്നു. തൂവലുകളുടെ വളർച്ച മുരടിക്കുന്നതിനൊപ്പം, പക്ഷികളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെയും വൈറസ് തകരാറിലാക്കുന്നു.

പാരാമിക്സോ വൈറസ് ബാധിച്ച പ്രാവ്

വൈറസ് രോഗമായതു കൊണ്ട് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പുതുതായി കൊണ്ട് വരുന്ന പക്ഷികളെ രണ്ടാഴ്ച വരെ പ്രത്യേകം മാറ്റി പാർപ്പിക്കൽ, കൂടുകളിൽ അണുനാശിനി പ്രയോഗം, സൂര്യ പ്രകാശം കൊള്ളിക്കൽ, രോഗം ബാധിച്ചവയെ മാറ്റിപ്പാർപ്പിച്ചു ആന്റിബയോട്ടിക്കുകൾ, കരൾ ഉത്തേജന മരുന്നുകൾ എന്നിവ നൽകൽ എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ വഴി ഈ രോഗത്തെ ഒരു പരിധിവരെ തടയാം.

Loading...

വസന്ത രോഗം (New castle disease / Paramyxo viral infection )

കോഴികളെയും താറാവുകളെയും ബാധിക്കുന്നതു പോലെ തന്നെ മറ്റു ഓമന പക്ഷികളിലും കാണപ്പെടുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണ് വസന്തരോഗം അഥവാ ന്യൂകാസ്റ്റിൽഡിസീസ്. വിവിധ വിഭാഗങ്ങളിലുള്ള പാരാമിക്സോവൈറസുകൾ പരത്തുന്ന ഈ രോഗം പക്ഷി സ്നേഹികൾക്കിടയിൽ വലിയ നഷ്ടത്തിന് തന്നെ കാരണമായി തീർന്നിട്ടുണ്ട്. വിവിധ വിറ്റാമിനുകളുടെ കുറവ്, മലേറിയരോഗം എന്നിവയിൽ നിന്നും ഈ രോഗത്തെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. രോഗം ബാധിച്ചപക്ഷികളുടെ കാഷ്ടം, മറ്റു ശരീര സ്രവങ്ങൾ എന്നിവയുടെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കമാണ് രോഗപകർച്ചയുടെ കാരണം. കോഴികളിൽ നിന്നും ലൗ ബേർഡ്സിലേക്കും പ്രാവുകളിലേക്കുമൊക്കെ ഈ രോഗം പകരാൻ സാധ്യതയുണ്ട്. കേരളത്തിൽ അലങ്കാര കോഴികളിലും പ്രാവുകളിലും ലൗ ബേർഡ്‌സുകളിലും ഈ രോഗം സാധാരണയാണ്.

വൈറസ് ബാധയേറ്റു മൂന്നാഴ്ചക്കുള്ളിൽ വിവിധ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും . ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാനുള്ളമടുപ്പ്, മെലിച്ചിൽ, പച്ച നിറത്തിൽ ധാരാളം ജലാംശം കലർന്ന കാഷ്ടം എന്നിവയെല്ലാം പ്രാരംഭ ലക്ഷണങ്ങളാണ്. തുടർന്ന് കാലുകളുടെ തളർച്ച, തലതിരിച്ചിൽ, കറക്കം, പിറകോട്ടുള്ള തുടർച്ചയായ നടത്തം, ശ്വാസതടസ്സം, തൂങ്ങിയുള്ള നിൽപ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. പ്രാവുകളിലെ തലതിരിച്ചിലും തലവെട്ടിക്കലും കറക്കവും ഇതിന്റെ മുഖ്യലക്ഷണങ്ങളാണ്. വേനൽകാലങ്ങളിൽ ഈ രോഗതിന്റെ വ്യാപനവും സാധ്യതയും ഏറെയാണ്.

വൈറസ് രോഗമായതു കൊണ്ട് തന്നെ പ്രതിരോധ കുത്തിവെപ്പ് തന്നെയാണ് ഫലപ്രദമായ രോഗ പ്രതിരോധമാർഗ്ഗം. കോഴിവസന്തക്കെതിരായ വാക്സിനുകൾ വിപണിയിൽ സുലഭമാണെങ്കിലും മറ്റു അരുമപക്ഷികളിലെ വസന്തരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പുകൾ അത്ര സുലഭമല്ല. എങ്കിലും ആവശ്യപ്രകാരം അന്യസംസ്ഥങ്ങളിൽ നിന്നും മറ്റും ലഭ്യമാക്കാവുന്നതാണ്. കോഴികളിൽ ഉപയോഗിക്കുന്ന F/ലസോട്ട വാക്സിനുകൾ രണ്ടു മാസത്തിലൊരിക്കൽ പ്രാവുകളടമുള്ള പക്ഷികൾക്ക് നൽകുന്നത് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. വാക്സിനേഷന് ശേഷം മൂന്നു മുതൽ നാലാഴ്ചക്കുള്ളിൽ പക്ഷികൾക്ക് രോഗത്തിനെതിരായ പ്രതിരോധ ശേഷി കൈവരും പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കാൻ ലിവർ ടോണിക്കുകൾ, മൾട്ടി വൈറ്റമിൻ മരുന്നുകൾ എന്നിവയും നൽകാം.

വസൂരി രോഗം ( Pox disease)

കോഴികളില്‍ വസൂരിയുണ്ടാക്കുന്ന ഹെര്‍പ്സ് വൈറസുകള്‍ തന്നെയാണ് മറ്റു പക്ഷികളിലും വസൂരിക്ക് കാരണമാവുന്നത്. ഒരു തരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും, കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം (Cutaneous form of pox) അത്ര മാരകമല്ലെങ്കിലും, ശരീരത്തിനറെ ഉള്ളില്‍ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷ ഗന്ധത്തോടു കൂടി വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകള്‍ കാരണം ഭക്ഷണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. ശരീരത്തിന് പുറത്തു രോഗം ബാധിച്ച ഭാഗം നേര്‍പ്പിച്ച അയഡിന്‍ ലായനി ഉപയോഗിച്ച് തുടച്ചു, ബോറിക് ആസിഡ്, സിങ്ക് ഓക്സൈഡ് എന്നിവ തുല്യാനുപാതത്തില്‍ പച്ചമഞ്ഞളില്‍ ചാലിച്ച് പുരട്ടുന്നത് ഫലപ്രദമായ ഒരു ചികിത്സ രീതിയാണ്. അസൈക്ലോവിര്‍ പോലുള്ള ആന്റി വൈറല്‍ മരുന്നുകള്‍, മറ്റു ആന്റി ബയോട്ടിക്കുകള്‍ എന്നിവയും ഉപയോഗിക്കാം. ഈ രോഗത്തിനെതിരായുള്ള പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ്.

ബാക്റ്റീരിയല്‍ രോഗങ്ങള്‍

സിറ്റക്കോസിസ് / തത്തപ്പനി / ഓര്‍ണിത്തോസിസ്

ക്ലമീഡിയ സിറ്റസി ( Chlamydia psittaci ) എന്നയിനം ബാക്ടീരിയയാണ് തത്തകളെയും പ്രാവുകളെയും വ്യാപകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം. തത്ത വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളില്‍ ഈ രോഗം സിറ്റക്കോസിസ് എന്നും മറ്റു ഇനം പക്ഷികളില്‍ ഓര്‍ണിത്തോസിസ് എന്നും ഈ രോഗം അറിയപ്പെടുന്നു. വായുവിലൂടെയും അണുബാധയേറ്റ ഭക്ഷണം, വെള്ളം എന്നിവയുടെയെല്ലാം രോഗം പകരാം. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക്പകരാന്‍ സാധ്യതയുള്ള ചുരുക്കം ചില രോഗങ്ങങ്ങളില്‍ ഒന്നായതിനാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പച്ച കലര്‍ന്ന വയറിളക്കം, കണ്ണുകളില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, പോള വീക്കം, കണ്‍ജംറ്റിവിറ്റീസ് (Conjunctivitis) ഇവയെല്ലാം ഓര്‍ണിത്തോസിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്തു ചീയുന്നതായും കാണാം. മനുഷ്യരില്‍ ന്യൂമോണിയക്കും ടൈഫോയിഡിന് സമാനമായ ലക്ഷണങ്ങള്‍ക്കും ഈ രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകള്‍ ബോറിക് അസിഡിന്റെ നേര്‍പ്പിച്ച ലായനി ഉപയോഗിച്ച് കഴുകി, സിപ്രോഫ്‌ലോക്സാസിന്‍ (Ciprofloxacin), ജന്റാമൈസിന്‍ (Gentamicin) പോലുള്ള അറിബയോട്ടിക് ലേപനങ്ങള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസാരണം പ്രയോഗിക്കുന്നത് ഫലപ്രദമാണ്. മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ തുടര്‍ച്ചയായി ടെട്രാസൈക്ലിന്‍ (Tetracycline) ആന്റിബയോട്ടിക് കുത്തിവെപ്പായി നല്‍കുന്നതും നല്ലതാണ്. ടെട്രാസൈക്ലിന്‍, ഡോക്‌സി സൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്ന സമയത്തു താല്‍ക്കാലികമായി കാല്‍സ്യം അടങ്ങിയ ടോണിക്കുകള്‍ നല്‍കാതിരുന്നാല്‍ മരുന്നിന്റെ ഫലപ്രാപ്തി വര്‍ധിക്കും.

സാല്‍മൊണെല്ലോസിസ് രോഗം

പക്ഷികളില്‍ ഏറ്റവും കൂടിയ മരണ നിരക്കിന് കാരണമാവുന്ന ബാക്റ്റീരിയല്‍ രോഗങ്ങളിലൊന്നാണ് സാല്‍മൊണെല്ലോസിസ്. സാല്‍മൊണല്ല കുടുംബത്തില്‍ പെട്ട വ്യത്യസ്തങ്ങളായ രോഗാണുക്കള്‍ വിവിധയിനം പക്ഷികളില്‍ രോഗബാധയുണ്ടാക്കുന്നു. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിലധികം രോഗാണുവിന് പ്രസ്തുത പരിസ്ഥിതിയില്‍ കോട്ടമേല്‍ക്കാതെ നിലനില്‍ക്കാന്‍ കഴിയുമെന്നത് രോഗ സാധ്യത ഏറ്റുന്നു. വായുവിലൂടെയും, അണുബാധയേറ്റ ഭക്ഷ്യ വസ്തുക്കള്‍, വെള്ളം, പാത്രങ്ങള്‍ എന്നിവ വഴിയും, രോഗം ബാധിച്ച പക്ഷികളുമായുള്ള ഇണചേര്‍ക്കല്‍, രോഗം ബാധിച്ച പക്ഷിയില്‍ നിന്നും മുട്ടയിലേക്ക്, ക്രോപ് മില്‍ക്ക് എന്നിവ വഴിയുമൊക്കെ ഈ രോഗം പകരാം. സാല്‍മോണെല്ല രോഗം ഒരിക്കല്‍ ബാധിച്ച പക്ഷികള്‍ പിന്നീട് സുഖപ്പെട്ടാലും പലപ്പോഴും അവ ഈ രോഗതിനറെ വാഹകരായി പ്രവര്‍ത്തിക്കുകയും അണുക്കളെ പുറം തള്ളുകയും ചെയ്യുന്നു.

പച്ചകലര്‍ന്ന ദ്രാവക രൂപത്തിലുള്ള കാഷ്ടം, രോഗം ആന്തരാവയവങ്ങളെ ബാധിക്കുന്ന പക്ഷം വളര്‍ച്ച മുരടിപ്പ്, മെലിച്ചില്‍, പെട്ടെന്നുള്ള മരണം എന്നിവയെല്ലാം പക്ഷി കുഞ്ഞുങ്ങളില്‍ സാല്‍മോണെല്ലോസിസിന്റെ ലക്ഷണങ്ങളാണ്. അമ്മപക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് മുട്ട വഴി പകരുന്ന രോഗം ഭ്രൂണാവസ്ഥയില്‍ തന്നെയോ, ജനിച്ച ഒരാഴ്ചക്കകമുള്ള മരണത്തിനോ കാരണമാവാറുണ്ട്. വലിയ പക്ഷികളില്‍ സന്ധികളുടെ തടിപ്പ്, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച എന്നിവയും കാണാറുണ്ട്.

കാഷ്ടം, മറ്റു ശരീരഭാഗങ്ങള്‍ എന്നിവയുടെ ബാക്റ്റീരിയോളജിക്കല്‍ പരിശോധന വഴി രോഗത്തെ കൃത്യമായി നിര്‍ണയിക്കാം. രോഗം കണ്ടെത്തിയാല്‍ ഉടന്‍ ആന്റിബയോട്ടിക് മരുന്നുകള്‍, കരള്‍ ഉത്തേജന മരുന്നുകള്‍, വൈറ്റമിന്‍ മിശ്രിതങ്ങള്‍ എന്നിവയെല്ലാം ആരംഭിക്കേണ്ടതാണ്. രോഗം ബാധിച്ചവയെ മാറ്റി നിര്‍ത്തുന്നതും, അവയെ പറക്കാന്‍ വിടാതിരിക്കുന്നതുമെല്ലാം രോഗപകര്‍ച്ച തടയും.

സാല്‍മൊണല്ല അണുബാധയോളം തന്നെ അപകടമുണ്ടാക്കുന്ന മറ്റൊരു മറ്റൊരു ബാക്റ്റീരിയല്‍ അസുഖമാണ് കോളിഫോം രോഗം. അണുബാധയേറ്റ ഭക്ഷണവും വെള്ളവും വഴി പക്ഷികളുടെ ശരീരത്തില്‍ എത്തിച്ചേരുന്ന രോഗാണു ദഹന വ്യൂഹത്തിലും ശ്വാസനാവയവങ്ങളിലും വളരെ വേഗത്തില്‍ പെരുകുകയും രോഗബാധയുണ്ടാക്കുകയും ചെയ്യുന്നു.
ക്ഷീണം, ശ്വാസതടസ്സം, വയറിളക്കം, തീറ്റയെടുക്കാന്‍ മടുപ്പ് എന്നാല്‍ കൂടുതലായി വെള്ളം കുടിക്കല്‍ എന്നിവയെല്ലാം ലക്ഷങ്ങളാണ്. ശക്തികുറഞ്ഞ കോളിഫോം ബാക്ടീരിയകള്‍ വയറിളക്കത്തിന് മാത്രം കാരണമാവുമ്പോള്‍, പത്തോജെനിക് വിഭാഗത്തില്‍ പെട്ട കോളിഫോം ബാക്ടീരിയകള്‍ രക്തത്തിലൂടെ വിവിധ ശരീരാവയവങ്ങളില്‍ എത്തി ചേര്‍ന്ന് വിഷം പുറം തള്ളും ( Colisepticemia ). ഇത് പെട്ടെന്നുള്ള മരണത്തിനു തന്നെ കാരണമായേക്കാം. സാല്‍മൊണെല്ലോസിസ് രോഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഈ രോഗത്തിനും ഫലപ്രദമാണ്.

മൈകോപ്ലാസ്‌മോസിസ് രോഗം

മൈക്കോപ്ലാസ്മാ രോഗാണു കാരണമായുണ്ടാവുന്ന മാരകമായ ശ്വാസകോശ രോഗങ്ങളിലൊന്നാണ് മൈകോപ്ലാസ്‌മോസിസ്. കോഴികളെയും ടര്‍ക്കി പക്ഷികളെയും കൂടുതലായി ബാധിക്കുന്ന ഈ രോഗം, പക്ഷികളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന കോളിഫോം ബാക്റ്റീരിയ, ഹെര്‍പ്‌സ് വൈറസ് തുടങ്ങിയ മറ്റു രോഗാണുക്കളുമായി ചേര്‍ന്ന് ഗുരുതരമായ രോഗാവസ്ഥയായി തീരുന്നു ( Chronic Respiratory Disease /CRD) ). ഫീസെന്റുകള്‍, പ്രാവുകള്‍, കാട, ഗീസുകള്‍, തത്ത വര്‍ഗ്ഗത്തിലെ പക്ഷികള്‍ എന്നിവയിലെല്ലാം ഈ രോഗം കണ്ടു വരുന്നു. തള്ളപക്ഷിയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് മുട്ടവഴിയും, രോഗബാധയേറ്റ പക്ഷികളുമായുള്ള സമ്പര്‍ക്കം മൂലവും, വായുവിലൂടെയും ഒക്കെ രോഗം പകരാം.

ശ്വാസമെടുക്കാനുള്ള പ്രയാസം, പ്രത്യേക കുറുകല്‍ ശബ്ദം (Rales), മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും പത കലര്‍ന്ന നീരൊലിപ്പ്, തീറ്റയോടുള്ള മടുപ്പ്, മുട്ട ഉല്‍പ്പാദനത്തില്‍ പെട്ടന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രോഗനിര്‍ണയത്തിന് ശേഷം തൈലോസിന്‍, എന്റോഫ്‌ലോക്‌സസിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അണുനാശിനികള്‍ ഉപയോഗിച്ച് കൂടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ഫംഗസ് രോഗങ്ങള്‍

കാന്റീഡിയാസിസ്

കാന്റ്റിഡിയ ആല്‍ബിക്കന്‍സ് എന്ന ഒരിനം ഫംഗസ് ആണ് ഈ രോഗത്തിന് കാരണമാവുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്താത്ത പക്ഷികളില്‍ രോഗസാധ്യത ഏറെയാണ്. വായിലും അന്നനാളത്തിലും രൂപപ്പെടുന്ന വെളുത്ത നിറത്തിലുള്ള വ്രണങ്ങള്‍ ഈ രോഗത്തിന്റെ തുടക്കമാണ്. ഏറെ കാലം സൂക്ഷിക്കുന്ന ധാന്യങ്ങളും മറ്റും ഉപയോഗത്തിന് മുന്‍പ് ഉണക്കി പൂപ്പല്‍ ബാധയേല്‍ക്കാനുള്ള സാധ്യത കുറച്ചും, കൂടും പരിസരവും ഈര്‍പ്പം കുറച്ചു വൃത്തിയായി പരിപാലിച്ചും, ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തിയും ഈ രോഗം നിയന്ത്രിക്കാം. കോപ്പര്‍ സള്‍ഫേറ്റ് (1:2000 എന്ന അനുപാതത്തില്‍), അല്ലെങ്കില്‍ മെര്‍ക്കറിക് ക്ലോറൈഡ് (1:500 എന്ന അനുപാതത്തില്‍ ) കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്‍കുന്നതും കീറ്റോകൊണസോള്‍, ഫ്‌ലൂകൊണസോള്‍, നിസ്റ്റാറ്റിന്‍ തുടങ്ങിയ ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഫലപ്രദമാണ് കൂടാതെ വൈറ്റമിന്‍ എ യുടെ ലഭ്യതയും ഉറപ്പു വരുത്തണം.

മറ്റൊരു പ്രധാന ഫംഗല്‍ രോഗമാണ് ആസ്‌പെര്‍ജില്ലോസിസ്. ശ്വാസതടസ്സം, വായില്‍ നിന്നും മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകമൊലിക്കല്‍, അസാധാരണമായ കുറുകല്‍, നാവിലും വായിലും പച്ച നിറത്തിലുള്ള പാടുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാന്റീഡിയാസിസ് രോഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഈ രോഗത്തിനും ഫലപ്രദമാണ്.

പ്രോട്ടോസോവല്‍ രോഗങ്ങള്‍

ട്രൈക്കോമോണിയാസിസ് (വായ്പുണ്ണ്), മലേറിയ, കോക്‌സീഡിയോസിസ് എന്നിവയാണ് അരുമ പക്ഷികളിലെ

പ്രാവുകളിലെ ചുവന്ന രക്താണുക്കളെ ബാധിച്ച മലേറിയ രോഗാണു

പ്രധാന പ്രോട്ടോസോവല്‍ രോഗങ്ങള്‍. ട്രൈക്കോമോണസ് ഗാലിനെ എന്ന പ്രോട്ടോസോവ കാരണമായുണ്ടാവുന്ന കാങ്കര്‍ അഥവാ വായ് പുണ്ണ് രോഗം ചെറിയ പ്രാവുകളില്‍ സാധാരണയാണ്. വലിയ പക്ഷികളെയും ബാധിക്കാം. രോഗവാഹകരായ തള്ള പക്ഷിയില്‍ നിന്നും ക്രോപ് മില്‍ക്ക് വഴിയാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പകരുന്നത്. വായില്‍ ചെറിയ ബട്ടണ്‍ വലിപ്പത്തില്‍ മഞ്ഞ നിറത്തില്‍ പുണ്ണുകള്‍, തൊണ്ടയുടെ ഭാഗം ചുവക്കല്‍, വായില്‍ നിന്നും രൂക്ഷ ഗന്ധമുണ്ടാവല്‍, ശ്വാസതടസ്സം എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. വായില്‍ നിന്നുള്ള സ്രവം പരിശോധിച്ച എളുപ്പത്തില്‍ രോഗം തിരിച്ചറിയാം. മെട്രോനിഡസോള്‍ അടങ്ങിയ മരുന്നുകള്‍ ഈ രോഗത്തിന് ഫലപ്രദമാണ്. വായയില്‍ രൂപപ്പെടുന്ന അള്‍സറുകള്‍ നേര്‍പ്പിച്ച യൂറിയ ലായനി ഉപയോഗിച്ച് തുടക്കുന്നത് രോഗ തീവ്രത കുറയ്ക്കും. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിനു മുന്‍പ് തന്നെ തള്ളപക്ഷിക്ക് ആന്റിപ്രോട്ടോസോവല്‍ മരുന്നുകള്‍ നല്‍കുന്നത് മികച്ച ഒരു പ്രതിരോധ വഴിയാണ്.

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ്
9495187522
asifmasifvet@gmail.com

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 asifmasifvet@gmail.com