700 വയസ്സുള്ള ആൽമര മുത്തശന് ഡ്രിപ്പ് നൽകി നാട്ടുകാർ; വൃക്ഷസ്നേഹത്തിന്റെ അപൂർവ കഥ തെലുങ്കാനയിൽ നിന്ന്
700 വയസ്സുള്ള ആൽമര മുത്തശന് ഡ്രിപ്പ് നൽകി നാട്ടുകാർ! വൃക്ഷസ്നേഹത്തിന്റെ ഈ അപൂർവ കഥ തെലുങ്കാനയിൽ നിന്നാണ്. തെലുങ്കാനയിലെ മെഹബൂബാനഗർ ജില്ലയിലെ പില്ലാലമാരിയെന്ന് അറിയപ്പെടുന്ന വമ്പൻ ആൽമരത്തെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കഠിനമായ പരിശ്രമത്തിലാണ് നാട്ടുകാർ.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആൽമരമാണ് കീടങ്ങളുടെ ആക്രമണത്താൽ മരണത്തിലേക്ക് അടുക്കുന്നത്. മൂന്നേക്കറോളം സ്ഥലത്ത് പടർന്നു പന്തലിച്ച് കിടക്കുന്ന ഈ മരം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഡിസംബറിൽ ചിതലുകളുടെ ആക്രമണത്തെ തുടർന്ന് ശിഖരങ്ങൾ ഒടിഞ്ഞതോടെ ഇവിടേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരുന്നു.
മരത്തിന്റെ അന്ത്യം അടുത്തതായി മനസിലാക്കിയ അധികൃതരും നാട്ടുകാരും ഇടപെട്ട് ചിതലുകളെയും മറ്റു കീടങ്ങളേയും നശിപ്പിക്കാനായി രണ്ടു മീറ്റർ ഇടവിട്ട് മരുന്ന് ഡ്രിപ്പായി നൽകാൻ തുടങ്ങി. മരത്തിന്റെ ശിഖരങ്ങൾ കിഴിച്ചാണ് ഡ്രിപ് നൽകിയിരിക്കുന്നത്. ആൽമരം ഇതിനോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇതുകൂടാതെ വേരുകൾക്കു തുടർച്ചയായി വെള്ളം നൽകുകയും ചിതലുകളെ നശിപ്പിക്കാനായി കീടനാശിനിയും വെള്ളവും ചേർത്ത് വേരുകൾക്കിടയിലേക്ക് കൃത്യമായ ഇടവേളകളിൽ നൽകുകയും ചെയ്യുന്നുണ്ട്. ഭാരമുള്ള ശിഖരങ്ങളെ താങ്ങിനിർത്താനായി കോൺക്രീറ്റ് ഉപയോഗിച്ച് താങ്ങുനൽകാനും ആലോചനയുണ്ടെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ ചുക്ക ഗംഗ റെഡ്ഡി അറിയിച്ചു.
Also Read: കൊടുംചൂടിൽ അരുമകൾ വാടാതെ കാക്കാം; ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട വേനൽക്കാര്യങ്ങൾ
Image: ANI