ജനിതക മാറ്റം വരുത്തിയ സോയാബീനും സോയവിത്തുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

അനുമതിയില്ലാതെ ജനിതക മാറ്റം വരുത്തിയ സോയാബീനും സോയവിത്തുകളും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പരിസ്ഥിരി മന്ത്രാലയത്തിന്റെ വിലക്ക്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) നു നൽകിയ നിർദ്ദേശ പ്രകാരം മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഇനി മുതൽ ജനിതക മാറ്റം വരുത്തിയ സോയാബീനും സോയവിത്തുകളും ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുതിയ നിയന്ത്രണം സോയ എണ്ണ ഇറക്കുമതിയെ ബാധിക്കില്ല.

എന്നാൽ ഇറക്കുമതി നിയന്ത്രണം പൂർണമായും ഫലവത്താകണമെങ്കിൽ പ്ലാന്റ് ക്വാറന്റൈൻ അതോറിറ്റിയിലും കസ്റ്റംസിലും നിയന്ത്രണങ്ങൾ ബാധകമാക്കണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ സോയാബീനും സോയവിത്തുകളും ഇറക്കുമതി ചെയ്യുന്നതിന് 45% ഇറക്കുമതി ചുങ്കം ഈടാക്കുന്നതിനാൽ വ്യാപാരികൾ ആഫ്രിക്കൻ രാജ്യങ്ങളായ എതോപ്യ, ബെനിൻ എന്നിവ വഴി ഇവ ഇറക്കിമതി ചെയ്യുന്ന പ്രവണത വർധിച്ചിരുന്നു.

Also Read: വിഷുക്കാലം വരവായി; കേരളത്തിലിത് കണിവെള്ളരി കൃഷിയുടെ കാലം

അവികസിത രാജ്യങ്ങൾ എന്ന പരിഗണന നൽകി ഇന്ത്യ ഡ്യൂട്ടി ഫ്രീ ഇറക്കുമതി അനുവദിക്കുന്നതാണ് ഈ രാജ്യങ്ങളെ സോയാബീനിന്റേയും സോയവിത്തുകളുടെയും ഇറക്കുമതി ഈ രാജ്യങ്ങൾ വഴിയാകാൻ കാരണം. പ്രതിവർഷം ഈ രീതിയിലൂടെ 80,000 ടൺ സോയാബീനും വിത്തുകളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

അതിനാൽ ജനിതക മാറ്റം വരുത്തിയ സോയാബീനും സോയവിത്തുകളും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പരിസ്ഥിരി മന്ത്രാലയത്തിന്റെ അനുമതി തേടാൻ ഡിജിഎഫ്ടിയോട് നിർദ്ദേശിച്ചതു കൊണ്ടുമാത്രം ഫലമില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ജിഎം സോയാബീൻ കൃഷി ഇന്ത്യ അനുവദിക്കുന്നില്ല. എന്നാൽ ഇത്തരം വിത്തുകളുടെ നിയന്ത്രണമില്ലാത്ത ഇറക്കുമതി ഈ വിത്തുകൾ കർഷകരുടെ കൈവശമെത്താൻ കാരണമാകുമെന്നും വിദഗ്ദർ പറയുന്നു.