പുതുമഴയ്ക്കൊപ്പം ഇഞ്ചി കൃഷിയ്ക്ക് സമയമായി; തയ്യാറെടുപ്പ് തുടങ്ങാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
പുതുമഴയ്ക്കൊപ്പം ഇഞ്ചി കൃഷിയ്ക്ക് സമയമാകുമ്പോൾ നിലം ഒരുക്കലാണ് ആദ്യപടി. ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചി കൃഷിക്ക് ഏറ്റവും യോജിച്ചത്. ത്തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും കൃഷി ചെയ്യാമെന്നതാണ് ഇഞ്ചിയുടെ മേന്മ. ഒപ്പം ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.
ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി വിളയുക.
ഇഞ്ചി കൃഷിയിൽ ഏറ്റവും പ്രധാനം വിത്ത് തെരഞ്ഞെടുക്കുന്നതാണ്. മുള വന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരു കുഴിയിലേയ്ക്കായി ഉപയോഗിക്കേണ്ടത്. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.
മണ്ണിൽ തടങ്ങൾ എടുക്കുമ്പോൾ എകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25x 25 സെ.മി അകലത്തില്‍ ചെറിയ കുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവ കൂടിയിടുന്നത് കീടങ്ങളെ തുരത്താൻ സഹായിക്കും.
മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീരോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.
കൂടാതെ വിറ്റാമിന്‍ എ, സി, ഇ, ധാതുക്കളായ മഗ്നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാത്സ്യം, ആന്‍റിഓക്‌സൈഡുകള്‍ എന്നിവയുടെ കലവറയാണ് ഇഞ്ചി. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നതിനാൽ ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇഞ്ചി നല്ലതാണ്.
Also Read: സംസ്ഥാനത്ത് ആദ്യമായി അണക്കെട്ടിലെ ജലാശയത്തില്‍ നടത്തിയ മത്സ്യക്കൂട് കൃഷിയുടെ കന്നി വിളവെടുപ്പ് 18 ന്
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|