സംസ്ഥാനത്തെ കൃഷിയിടങ്ങൾ ഇനി യന്ത്രവത്കരണത്തിലേക്ക്; കൃഷി മിഷൻ വരുന്നു
സംസ്ഥാനത്തെ കൃഷിയിടങ്ങൾ ഇനി യന്ത്രവത്കരണത്തിലേക്ക്. ഇതിനായി കൃഷി വകുപ്പ് ഉടൻതന്നെ കൃഷി മിഷന് രൂപം നൽകും. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും കർഷകർക്ക് പരിശീലനം നൽകുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുക, ഇതിനായി കേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഒരുക്കുക എന്നിവയാകും കൃഷി മിഷന്റെ പ്രധാന ചുമതലകൾ.
നടൽ, കൊയ്ത്ത്, മെതി തുടങ്ങിയവ പ്രധാന പ്രവർത്തികൾക്ക് കർഷകർ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കൃഷി കേരളത്തിൽ ഇപ്പോഴും പൂർണമായും യന്ത്രവത്കൃതമല്ല. പലയിടത്തും യന്ത്രങ്ങളുണ്ടെങ്കിലും പ്രവർത്തിപ്പിക്കാനും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സംവിധാനമില്ലാത്തത് ഫലത്തിൽ ഇവയെന നോക്കുകുത്തികളാക്കുന്നു.
മാത്രമല്ല, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ആളില്ലാത്ത അവസ്ഥയാണ്. സർക്കാരും സർക്കാരിതര ഏജൻസികളും സബ്സിഡികളായും മറ്റു സഹായങ്ങൾ നൽകിയും യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കെടുകാര്യസ്ഥത പലപ്പോഴും വില്ലനാകുന്നു.
വിവിധ സർക്കാർ വകുപ്പുകളുടെയും കാർഷിക ഏജൻസികളുടെയും കൈവശം ആധുനിക കാർഷിക യന്ത്രങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന യന്ത്രങ്ങളും ജീവനക്കാരും കർഷകരുടെ കീശ കാലിയാക്കുകയും ചെയ്യുന്നു.
Image: pixabay.com