“ആരാണ് ആത്മഹത്യ ചെയ്യാത്തത്? ഇതൊരു ആഗോള പ്രശ്നമാണ്,” കർഷക ആത്മഹത്യകളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ച മധ്യപ്രദേശ് കൃഷി മന്ത്രി

“ആരാണ് ആത്മഹത്യ ചെയ്യാത്തത്? ഇതൊരു ആഗോള പ്രശ്നമാണ്,” കർഷക ആത്മഹത്യകളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കൃഷി മന്ത്രി ബാലകൃഷ്ണ പാടിദാർ. വ്യവസായികളും പൊലീസും വരെ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും മന്ത്രി തട്ടിവിട്ടു.

“ആത്മഹത്യ ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ കാരണം അറിയാനാവൂ. ബാക്കിയുള്ളവർക്ക് ഇത് ഊഹിക്കാൻ മാത്രമേ കഴിയൂ,” മന്ത്രി പറഞ്ഞു. 2013 മുതൽ കർഷക ആത്മഹത്യയിൽ 20 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

2017 ജൂണിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മധ്യപ്രദേശിൽ കർഷകർ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിനു ശേഷവും നിരവധി കർഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്.

മധ്യപ്രദേശില്‍ കര്‍ഷകരുടെ ആത്മഹത്യ 21 ശതമാനം വര്‍ധിച്ചുവെന്ന് അടുത്തിടെ കേന്ദ്ര കാര്‍ഷിക മന്ത്രി പുരുഷോത്തം രൂപാല ലോക്‌സഭയില്‍ സമ്മതിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായി നടത്തിയ ബാലകൃഷ്ണ പാടിദാറിന്റെ വിവാദ പ്രതികരണം വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Also Read: സിംബാബ്‌വെയിൽ ഇനി കഞ്ചാവും വിളയും; കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം

Image: ANI