സംസ്ഥാനത്തെ പനി മരണങ്ങൾക്കു പിന്നിൽ നിപാ വൈറസ്; എന്താണ് നിപാ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
സംസ്ഥാനത്തെ പനി മരണങ്ങൾക്കു പിന്നിൽ നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ എന്താണ് നിപാ വൈറസ്? എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ. മരിച്ചവരുടെ എണ്ണം പത്തു കടന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ നിപാ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലും പരിസരത്തും കേന്ദ്രസംഘം സന്ദർശനം നടത്തുന്നുണ്ട്.
ഒരു കുടുംബത്തിലെ മുന്നുപേർ പനി ബാധിച്ച് മരിച്ചതോടെയാണ് വൈറസ് ബാധയെക്കുറിച്ച് സംസ്ഥാനം ചിന്തിച്ചു തുടങ്ങിയത്. മരിച്ചവരുടെ രക്തസാമ്പിളുകള് പരിശോധന നടത്തിയാണ് പനിക്ക് കാരണം നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചത്. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.
അതിനിടെ പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്സ് ലിനിയും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. വൈറസ് പടരാതിരിക്കാനുള്ള മുന്കരുതലിന്റെ ഭാഗമായി ലിനിയുടെ മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നൽകാതെ ആശുപത്രി വളപ്പില് സംസ്കരിച്ചു.
വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു.
വവ്വാലുകളിൽ നിന്ന് ഒരു തരം വൈറസാണ് നിപാ. ഹെനിപാ വൈറസ് ജീനസിൽപ്പെട്ട ഈ വൈറസ് ആദ്യമായി വേർതിരിച്ചെടുത്തത്ത് Kampung Baru Sungai Nipah എന്ന രോഗിയിൽ നിന്നായതിനാലാണ് ഈ പേര് ലഭിച്ചത്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമായ ആർഎൻഎ വൈറസ് ആണിത്.
നിപാ വൈറസ് മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്. 2001ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ്. പനി ബാധിച്ച് രണ്ട് ദിവസം കൊണ്ട് തന്നെ അബോധാവസ്ഥയിലാവുകയും വൈകാതെ മരണപ്പെടുകയും ചെയ്യും എന്നതാണ് ഈ വൈറസ് പനിബാധയുടെ പ്രത്യേകത.
അതിനാൽ തന്നെ ചികിത്സയ്ക്കയി വളരെകുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. വവ്വാൽ കടിച്ച പഴങ്ങളിൽ നിന്നും വവാലിൻ്റെ കാഷ്ടത്തിൽ നിന്നുമാണ് വൈറസ് പടരുന്നത്. മനുഷ്യനിലേക്ക് ഈ വൈറസ് കയറിയാൽ ഏകദേശം ഏഴു മുതൽ 14 ദിവസം വരെ ഇൻക്യുബേഷൻ ഉണ്ടാകാം.
മൂക്കൊലിപ്പ്, പനി, ശരീര വേദന, ഓക്കാനം, കണ്ണുകൾക്ക് കനം അനുഭവപ്പെടുക, കഴുത്ത് വേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ,രണ്ട് ദിവസം കൊണ്ട് വൈറസ് തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്ക ജ്വരം ഉണ്ടാവുകയും ചെയ്യുന്നു. രോഗി ഉടനടി മരിക്കുകയും ചെയ്യുന്നു. മസ്തിഷ്കജ്വരത്തെ തുടർന്നുണ്ടാകുന്ന ഹാർട്ട് ഫെയിലിയറും (കാർഡിയോ മയോപതി) മരണത്തിന് കാരണമാകാം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാനുള്ളത്. രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക,രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.
നിപാ വൈസ് ബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാൽ ജനങ്ങൾ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാൽ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവർ ജാഗ്രത പാലിക്കുകയും വേണം.
വവ്വാലുകളിൽ നിന്നാല്ലാതെ മറ്റ് ക്ഷുദ്രജീവികളിലൂടെ രോഗം പകരുെമന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതർക്ക് പെെട്ടന്ന് രോഗം ശമിപ്പിക്കുന്നതിന് നൽകാൻ മരുന്നില്ല. ലോകത്താകമാനം മരുന്നിന്റെ അഭാവമുണ്ട്. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
Also Read: ലക്ഷദ്വീപിലെ തെങ്ങുകൾക്ക് ഇനി കേരളത്തിലെ മൂങ്ങപ്പട്ടാളം കാവൽ
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|