മൊൺസാന്റോ ഇന്ത്യയിൽ എന്തു ചെയ്യുന്നു? ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വർത്തമാനവും ഭാവിയും

മൊൺസാന്റോ ഇന്ത്യയിൽ എന്തു ചെയ്യുന്നു? ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഭാവിയെന്ത്? എന്നീ ചോദ്യങ്ങൾ കൂടുതൽ പ്രസക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിടി രംഗത്തെ ആഗോള ഭീമനായ മൊൺസാന്റോയുടെ ഇന്ത്യൻ ശാഖയായ മൊൺസാന്റോ ഇന്ത്യയുടെ ആദായം 66% വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നത്. 2017 – 18 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ കണക്കാണിത്. ഇതനുസരിച്ച് കമ്പനിയുടെ ആദായം 66% വർധിച്ച് 53.14 കോടിയായതായി റിപ്പോർട്ടുകൾ പറയുന്നു. 

കമ്പനിയുടെ മൊത്തം ലാഭം 2016 – 17 ൽ 151.44 കോടിയായിരുന്നത് 2017 – 18ൽ 164.56 കോടിയായതായും കണക്കുകൾ പറയുന്നു. 689.34 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം വരുമാനം. ഓഹരി ഉടമകൾക്ക് ഷെയർ ഒന്നിന് 15 രൂപ ഡിവിഡന്റ് നൽകാൻ ശുപാർശ ചെയ്തതായും കമ്പനി വ്യക്തമാക്കുന്നു. പേറ്റന്റ് തർക്കങ്ങളും ജിഎം വിളകളുടെ പ്രശ്നങ്ങളും മൂലം തുടക്കം മുതൽതന്നെ ഇന്ത്യയിൽ വിവാദങ്ങളുടെ തോഴനാണ് അമേരിക്കൻ കമ്പനിയായ മൊൺസാന്റോ. കീടങ്ങളെ ചെറുക്കാൻ ശേഷിയുള്ള ജനിതക മാറ്റം വരുത്തിയ വിത്തുകളാണ് ഇന്ത്യയിലെ കമ്പനിയുടെ പ്രധാന ഉൽപ്പന്നം.

ബിടി കോട്ടൺ ഉൾപ്പെടെയുള്ള വിത്തുകളുടെ ബിടി ട്രെയിറ്റ് ലൈസൻസുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിലുമാണ് മൊൺസാന്റോ. മൊൺസാന്റോയുടെ ജനിതക മാറ്റം വരുത്തിയ കോട്ടൺ വിത്തുകൾക്ക് ഇന്ത്യൻ പേറ്റന്റ് ആക്ടിന്റെ സംരക്ഷണം ഇല്ലെന്ന ഇന്ത്യൻ കമ്പനി നുസിവീടിന്റെ വാദം കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. മെയ് 2 സുപ്രീം കോടതി ഈ വാദത്തെ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തതോടെ മോൺസാന്റോ പ്രതിരോധത്തിലായി. 

പരീക്ഷണ ശാലയിൽ ജനിതക മാറ്റം വരുത്തിയ കോട്ടൺ വിത്തുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കാൻ കേന്ദ്രം മോൺസാന്റോയ്ക്ക് അനുമതി നൽകിയത് 2003 ലാണ്.  തുടർന്ന് 2006 ൽ ഈ വിത്തിന്റെ പരിഷ്ക്കരിച്ച പതിപ്പും കമ്പനി പുറത്തിറക്കി. ഇന്ത്യൻ വിപണിയുടെ വാതിലുകൾ തുറന്നു കിട്ടിയത് മോൺസാന്റോയെ കോട്ടൺ ഉൽപ്പാദന ത്തിൽ ലോകത്തെ ഒന്നാമന്മാരാക്കുകയും ഏറ്റവും വലിയ രണ്ടാമത്തെ കോട്ടൺ കയറ്റുമതിക്കാരാക്കുകയും ചെയ്തു. 

ഇന്ന് ഇന്ത്യയിലെ പരുത്തി കൃഷിയുടെ 90% വും നിയന്ത്രിക്കുന്നത് മോൺസാന്റോ വിൽക്കുന്ന ജനിതക മാറ്റം വരുത്തിയ കോട്ടൺ വിത്തുകളാണ്. ഈ വിത്തുകൾക്കായി കർഷകർ നൽകുന്ന റോയൽറ്റി, വില എന്നിവയിൽ നിന്ന് താത്ക്കാലിക ആശ്വാസമാണ് ഡൽഹി ഹൈക്കോടതി വിധിയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ വിധിയ്ക്കെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കമ്പനി.

വിത്തുകൾ, ചെടികൾ, മൃഗങ്ങൾ എന്നിവ കേവലം കണ്ടുപിടിത്തങ്ങളല്ലെന്നും അതിനാൽത്തന്നെ ഇവയ്ക്ക് പേറ്റന്റ് നൽകാനാവില്ലെന്നുമുള്ള ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ ആർട്ടിക്കിൾ 3(ജെ)യാണ് മൊൺസാന്റോയുടെ വഴിമുടക്കിയത്. മൊൺസാന്റോയുടെ പേറ്റന്റ് ബി.ടി. ജീനുകളെ നിലവിലുള്ള പരുത്തിച്ചെടിയിൽ ചേർക്കുന്ന ലാബ് സങ്കേതത്തിന് മാത്രമാണെന്നും എതിർ കക്ഷികൾ വാദിക്കുന്നു. 

കാർഷിക രംഗത്തെ ജർമൻ ഭീമനായ ബെയറുമായുള്ള മൊൺസാന്റോയുടെ ലയനമാണ് ഇന്ത്യൻ കാർഷിക രംഗം ഉറ്റുനോക്കുന്ന മറ്റൊരു  കാര്യം. ബെയർ-മൊൺസാന്റോ ലയനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയിലെ വ്യാപാര മത്സര കമ്മിഷൻ (കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ-സി.സി.ഐ.) ജനുവരി ഏഴിന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. മോൺസാന്റോയുടെ 100% ഓഹരികളും ബെയർ ഏറ്റെടുക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ മൊൺസാന്റോയ്കുള്ള കുത്തക പൂർണമായും ബെയറിന്റെ സ്വന്തമാകും. 

ഡല്‍ഹി സര്‍വകലാശാലയുടെ ജനിതക ശാസ്‌ത്രജ്‌ഞനായ ദീപക് പാന്തയുടെ നേതൃത്വത്തിൽ  വികസിപ്പിച്ച  മസ്‌റ്റാര്‍ഡ്‌ ഹൈബ്രിഡ്‌ 11 (ഡി. എം.എച്ച്‌ ) കടുകു വിത്തുകളാണ് മറ്റൊരു വിവാദ വിഷയം. അത്യുൽപ്പാദന ശേഷിയുള്ള ഈ ജിഎം കടുകു വിത്തുകൾക്ക് കഴിഞ്ഞ വർഷം മേയിൽ കേന്ദ്രം വാണിജ്യ ഉൽപ്പാദനത്തിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരായും അനുകൂലമായുമുള്ള വാദമുഖങ്ങൾ പെരുകിയ സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യയിലെ ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്യത്തിൽ അവസാന വാക്കായ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസൽ കമ്മിറ്റി. ഇതും മൊൻസാന്റോയുടെ ഇന്ത്യയിലെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചന.

നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മൊൺസാന്റോയുടെ കടുക് വിത്തുകളുടെ വ്യാപനം, ഇന്ത്യയിലെ വിത്തുത്പാദക കമ്പനികളെ ലൈസൻസിങ്ങിന്റെ ഭാഗമായി കരാറിലേർപ്പെടാൻ നിർബന്ധിക്കൽ എന്നിങ്ങനെയുള്ള വിവാദ വിഷയങ്ങൾ ലയനത്തിനു ശേഷം ബെയർ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് മാറുമെന്നും പ്രതീക്ഷി ക്കപ്പെടുന്നു. 

പ്രകൃതിയ്ക്കും മനുഷ്യന്റെ ആരോഗ്യത്തിനും ജനിതക മാറ്റം വരുത്തിയ വിത്തുകളും അവയ്ക്ക് അകമ്പടിയായെത്തുന്ന കീടനാശികളും വരുത്തിയ മാറ്റങ്ങൾ, ഇവയെ ആശ്രയിച്ച കാരണത്താൽ കടബാധ്യതയിൽപ്പെട്ട് ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ട മൂന്ന് ലക്ഷത്തോളം ഇന്ത്യൻ കർഷകർ എന്നിങ്ങനെ മൊൺസാന്റോ ബെയർ ആയി മാറുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. 

Also Read: സംസ്ഥാനത്തെ പനി മരണങ്ങൾക്കു പിന്നിൽ നിപാ വൈറസ്; എന്താണ് നിപാ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image: unsplash.com