അഗസ്ത്യ മലനിരകളിൽ വംശനാശത്തിന്റെ വക്കിലെത്തിയിരുന്ന ഡ്രൂറി ഓര്‍ക്കിഡ് പുനർജനിച്ചപ്പോൾ
അഗസ്ത്യ മലനിരകളിൽ വംശനാശത്തിന്റെ വക്കിലെത്തിയിരുന്ന ഡ്രൂറി ഓര്‍ക്കിഡ് പുനർജനിച്ചപ്പോൾ. അടുത്തിടെ യുനസ്‌കോ ലോക പൈതൃക വനമായി പ്രഖ്യാപിച്ച അഗസ്ത്യമലയ്ക്ക് മറ്റൊരു പൊൻതൂവലാകുകയാണ് സ്വർണ നിറത്തിൽ പൂത്തു നിൽക്കുന്ന ഈ അപൂർവയിനം ഓർക്കിഡ്.
മഴക്കാടിനുള്ളിലെ നിബിഡവന പ്രദേശങ്ങളായ ഏഴിലംപൊറ്റയിലും നാച്ചിമുടിയിലും പൂങ്കുളത്തുമാണ് ഓര്‍ക്കിഡ് വിരിഞ്ഞിരിക്കുന്നത്. മാസങ്ങളോളം വാടാതെ നില്‍ക്കുന്ന ഇവ ഗവേഷകർക്കും പ്രിയപ്പെട്ടവയാണ്. പാഫിയോ പെഡിലം ഡ്രൂറി എന്ന് അറിയപ്പെടുന്ന ലോന്മെങ്ങും വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഓര്‍ക്കിഡാണ് സമുദ്ര നിരപ്പില്‍നിന്നും 1500 മീറ്റര്‍ ഉയരത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത്.
കുറെ വര്‍ഷങ്ങളായി വളരുകയോ, പൂവിടുകയോ ചെയ്യാറില്ലാത്തതിനാൽ മനുഷ്യരുടെ കണ്ണില്‍ പെടാതെ ഉള്‍വനത്തില്‍ വളര്‍ന്ന ഡ്രൂറി ചെടികളാണ് ഇപ്പോൾ പൂവിട്ടതെന്ന് നാട്ടുകാർ പറയുന്നു. ആറ് സെന്റീമീറ്റര്‍ വരെ വലുപ്പവും സ്വര്‍ണനിറങ്ങളുള്ള ദളങ്ങളുടെ മധ്യഭാഗത്ത് മെറൂണ്‍ നിറത്തില്‍ കട്ടിയുള്ള വരകളുമുള്ളവയാണ് ഡ്രൂറിയുടെ പൂക്കൾ.
1865-ല്‍ ജെ.എ.ബ്രൗണ്‍ എന്നയാൾ കണ്ടെത്തിയ ഈ ഓര്‍ക്കിഡ് പുറംലോകത്ത് എത്തിച്ചത് കേണല്‍ ഡ്രൂറിയാണ്.
ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡ് എന്നുകൂടി അറിയപ്പെടുന്ന ഇവ അഗസ്ത്യവനത്തിലെ തണുപ്പുള്ള ഭാഗത്തു മാത്രമാണ് വളരുന്നത്. വംശനാശം നേരിട്ടതിനാല്‍ റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച ഓര്‍ക്കിഡ് ഇനം കൂടിയാണിത് എന്നതിനാൽ ഗവേഷകർ ഏറെ പ്രാധാന്യത്തോടെയാണ് ഡ്രൂറിറ്റെ കാണുന്നത്.
Also Read: മണ്ണിനും വേണം ശ്രദ്ധയോടെയുള്ള പരിചരണം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മണ്ണ് പകരം തരും നൂറൂമേനി
Image: picssr.com