പഴമായും പശയായും സപ്പോട്ട തരും മികച്ച ആദായം: സപ്പോട്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഴമായും പശയായും സപ്പോട്ട തരും മികച്ച ആദായം; സപ്പോട്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മെക്‌സിക്കോയാണ് ജന്മദേശമെങ്കിലും കേരളത്തിലെ കർഷകർക്കിടയിൽ അപരിചന്തയല്ല പോഷക കലവറയായ സപ്പോട്ട. സപ്പോട്ടയുടെ കറയില്‍ നിന്നുണ്ടാക്കുന്ന പശ ച്യൂയിങ്ഗം നിര്‍മ്മാണത്തിൽ പ്രധാന അസംസ്കൃത വസ്തുവാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സപ്പോട്ട പ്രധാനമായും കൃഷി ചെയ്യുന്നത്. കേരളത്തിൽ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് സപ്പോട്ട കൃഷിയുള്ളത്.

ഗ്രാഫ്റ്റിംഗ് രീതിയിലാണ് സപ്പോട്ട തൈകൾ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും. അതേസമയം; വിത്തില്‍ നിന്ന് രൂപപ്പെടുന്ന ചെടികളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍ ഏഴു വര്‍ഷം വരെയെടുക്കും. സപ്പോട്ട നന്നായി വളരമെങ്കിൽ ജലസേചനം കുറ്റമറ്റതാക്കണം. 30 മുതല്‍ 45 സെമീ ആഴത്തില്‍ മണ്ണ് നന്നായി ഉഴുത് കൃഷിക്കായുള്ള നിലം ഒരുക്കണം.

തുടർന്ന് 10 മീറ്റര്‍ അകലത്തില്‍ 90 സെമീ ആഴത്തിലുള്ള കുഴികളിലാണ് ചെടികള്‍ നടേണ്ടത്. ഇടവിട്ടാണ് സപ്പോട്ട കൃഷിയ്ക്ക് ജലസേചനം ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിൽ ഒരിക്കലുമാണ് ജലസേചനം ആവശ്യമാണ്. ഇതിന് ഡ്രിപ്പ് ഇറിഗേഷനാണ് യോജിച്ചത്. ചെടി നട്ട് ആദ്യത്തെ രണ്ടു വര്‍ഷം 50 സെമി ഇടവിട്ട് രണ്ട് ഡ്രിപ്പറും തുടര്‍ന്ന് ഒരു മീറ്റര്‍ അകലത്തില്‍ നാല് ഡ്രിപ്പറും ഉപയോഗിച്ചു വേണം നനയ്ക്കാന്‍.

ചെടിവച്ച് മൂന്നാമത്തെ വര്‍ഷം മുതല്‍ കായ്കള്‍ ഉണ്ടാകുമെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ വിളവെടുക്കുന്നതിന് രണ്ടു വര്‍ഷം കൂടി വേണ്ടിവരും. ഒക്ടോബര്, നവംബര്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സപ്പോട്ട പൂവിടുന്നത്. തുടര്‍ന്നുള്ള നാലു മാസത്തില്‍ കായ്കള്‍ ഉണ്ടാകും. പൂര്‍ണ വളര്‍ച്ചയെത്തിയ ചിക്കു മരത്തിന് 15 മുതല്‍ 45 മീറ്റര്‍ നീളമാണ് ഉണ്ടാകുക. വിളവെടുപ്പ് കഴിഞ്ഞാൽ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ മൂന്നായി തിരിച്ച് സപ്പോട്ട വിപണിയിൽ എത്തിക്കാം.

Also Read: സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങൾ തരും ജൈവ കർഷകർക്ക് ഒന്നാന്തരം ജൈവവളം

Image: pixabay.com