അക്കേഷ്യയും ഗ്രാന്‍ഡിസും വേണ്ട മാവും പ്ലാവും പുളിയും മതി
മരണവും ജീവിതവും മുന്നില്‍ വച്ചിട്ട് ഏതു വേണമെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ട വായനക്കാരാ/വായനക്കാരി താങ്കള്‍ ഏതു തെരഞ്ഞെടുക്കും? ഉത്തരം ഉറക്കെ പറയണമെന്നില്ല. ഉള്ളില്‍ പറഞ്ഞാല്‍ മതി. ആരും മരണം തെരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. ആ തീരുമാനത്തെയാണ് വിവേകം എന്നുവിളിക്കുന്നത്. വിവേകം നഷ്ടപ്പെട്ട മലയാളികള്‍ ജീവനുവേണ്ടി വലിയ വില കൊടുക്കേണ്ടിവരുന്നു എന്നത് ഇന്ന് ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണ്. അവിവേകം + ആര്‍ത്തി + ധിക്കാരം= ശരാശരി മലയാളി എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. പറഞ്ഞുവരുന്നത് നാം നേരിടുന്ന വരള്‍ച്ച എന്ന മഹാദുരന്തത്തെക്കുറിച്ചാണ്. കേരളം ഒരു മഴനിഴല്‍ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ സമവാക്യത്തിന്റെ തെളിവ്. ആറുമാസം വെയിലും ആറുമാസം മഴയും കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന നിലയിലാണ് കേരളം അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് മഴയിലും കാലാവസ്ഥയിലും അനിശ്ചിതത്വം നിലനില്‍ക്കുന്ന വറച്ചട്ടിയാണ് മലയാളം. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേതുപോലെ കേരളവും മഴനിഴല്‍ പ്രദേശമായി മാറുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത ദുരന്തമാണ്. വേനല്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ ജലാശയങ്ങള്‍ ഏറിയ പങ്കും വറ്റിത്തീര്‍ന്നിരിക്കുകയാണ്.
പ്രകൃതിരമണീയമായ മലകളും കുന്നുകളും കായലുകളും കടലും എണ്ണമറ്റ നീരുറവകളും കൊണ്ട് സമ്പന്നമായ കേരകേദാരഭൂമിയുടെ ഇന്നത്തെ സ്ഥിതിയെന്താണ്? കുന്നുകളൊക്കെ ഇടിച്ചുനിരത്താമെന്നും വയലുകള്‍ എല്ലാം നികത്തിക്കളയാമെന്നും മലയാളികളെ പഠിപ്പിച്ചതാരാണ്? ഏക്കറുകണക്കിന് വയലേലകള്‍ നികത്തി വിമാനമിറക്കാമെന്ന് നേരത്തെ ഇവിടെ ചിലരൊക്കെ വീമ്പിളക്കിയിരുന്നത് ഓര്‍മിക്കുക. ഒരു പുല്‍ക്കൊടിത്തുമ്പുപോലും അവശേഷിപ്പിക്കാതെ ആ നിലമെല്ലാം നികത്തി കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ചുകൊണ്ടാണ് വിമാനത്താവളം ഒരുക്കാന്‍ നോക്കിയത്. എന്നാല്‍ കാര്യശേഷിയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍മകുശലനായ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാറിന്റെ മുന്‍കയ്യില്‍ അവിടെ ഇന്ന് വീണ്ടും പച്ചപ്പണിഞ്ഞിരിക്കുകയാണ്. ഒരിഞ്ച് നെല്‍വയല്‍ പോലും പരിവര്‍ത്തനപ്പെടുത്താന്‍ അനുവദിക്കില്ല എന്നത് ജനകീയ സര്‍ക്കാരിന്റെ മുഖ്യ അജണ്ടയും വെള്ളം ചേര്‍ക്കാത്ത തീരുമാനവുമാണ്. ഒരു പൂ മാത്രം കൃഷി ചെയ്യുന്ന വയലുകള്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തേണ്ട എന്ന് വാദിച്ചവരുണ്ടായിരുന്നു. കരുതലോടെയുള്ള വികസനം എന്നതായിരുന്നു പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാതല്‍. എന്നാല്‍ മണ്ണ്-മണല്‍ മാഫിയകളുടെ സഹായത്തിനുവേണ്ടിയുള്ള കരുതലോടെയുള്ള വികസനം എന്ന ധൈര്യത്തിലാണ് ഇത്തരക്കാര്‍ ഇവിടെ വിലസിയിരുന്നത്. എത്രയോ ഏക്കര്‍ നെല്‍വയലുകള്‍ നാമാവശേഷമായി എന്നതും നാം മറന്നുകൂടാത്ത കാര്യമാണ്. വയല്‍ നികത്തുന്നവര്‍ വെള്ളം കിട്ടാതെ മരിക്കണമെന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. സംസ്ഥാന ഭരണകൂടം നവ കേരള മിഷന്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഹരിതകേരളം പദ്ധതി കേരളത്തെ വീണ്ടും പഴയ പച്ചപ്പിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള കര്‍മ്മപരിപാടിയാണ്. ഇതിലെ പ്രധാന ഊന്നല്‍ കൃഷിയും ജല സംരക്ഷണവുമാണ്. ഇത്തരം നല്ലപാഠങ്ങളാണ് നമുക്ക് ഇനി വേണ്ടത്.
കേരളത്തിന്റെ സുഖശീതളമായ കാലവസ്ഥയില്‍ ഗുരുതരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേടച്ചൂടില്‍ മാത്രം പൂത്തുലഞ്ഞിരുന്ന സംസ്ഥാനപുഷ്പം കണിക്കൊന്ന ഇപ്പോള്‍ എല്ലാ കാലത്തും ഇറുങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുകയാണ്. നമുക്ക് അത്രമേല്‍ പരിചിതമല്ലാത്ത കോളിഫ്ലവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ ശീതകാലവസ്ഥാ വിളകള്‍ കേരളത്തിലെവിടെയും കൃഷി ചെയ്യുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് നമ്മുടെ നാട്ടിലെത്തുന്ന സൈബീരിയന്‍ കൊക്കുകള്‍ ഉള്‍പ്പെടെയുള്ള ദേശാടനപക്ഷികള്‍ അവയുടെ ദേശാടനകാലം കഴിഞ്ഞാലും തിരികെ പോകാതെ ഇവിടെ തന്നെ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളുമൊക്കെയായി സകുടുംബം ജീവിച്ചുപോരുന്നു. താരതമ്യേന സുഖശീതളമായ വയനാട് പോലുള്ള മലയോര മേഖലകളില്‍ കര്‍ഷകന്റെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ഇതെല്ലാം കാണിക്കുന്നതെന്താണ്? കേരളം അനിവാര്യമായ പ്രകൃതിദുരന്തത്തിന്റെ വക്കിലാണ് എന്നുതന്നെ. തുലാവര്‍ഷം എന്ന് നമ്മള്‍ വിളിക്കുന്ന വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തീരെ കുറഞ്ഞ അളവിലാണ് പെയ്തത്. കാലവര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഉദാരമാവുകയും ഞാറ്റുവേലകളെല്ലാം തിമിര്‍ത്ത് പെയ്യുകയും ഭൂമി കൂടുതല്‍ ഊര്‍വ്വരമാവുകയും ചെയ്ത സമീപകാലത്തുപോലും മഴവെള്ളം നാം നോക്കിനില്‍ക്കേ പാഴായിപ്പോവുകയാണ് ഉണ്ടായത്. ജലസംഭരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
നമ്മള്‍ ഈ ഭൂമി ഏറ്റുവാങ്ങിയത് നമ്മുടെ പൂര്‍വ്വികരില്‍ നിന്നാണ്. അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുമാണ്, നാം എങ്ങനെ സ്വീകരിച്ചുവോ അതിലും ഭേദപ്പെട്ട നിലയില്‍ തന്നെ. ഈ ഭൂമി നമ്മുടേതല്ല. നാം ഭൂമിയുടേതാണ് എന്ന വിശാലമായ കാഴ്ചപ്പാടാണ് ഇനി വേണ്ടത്. പൊതുകുളങ്ങളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിന് വ്യക്തവും സമഗ്രവുമായ കര്‍മപരിപാടികള്‍ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്തുകളുടെ പങ്ക് വളരെ വലുതാണ്. വെള്ളം വില്‍ക്കാമെന്നും അതുവഴി കോടികള്‍ ലാഭം കൊയ്യാമെന്നുമുള്ള ചിന്തയ്ക്ക് ബദലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടേതല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഈ വെള്ളം വാങ്ങാനും വില്‍ക്കാനും കഴിയുക? വേനലില്‍ നാം നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളില്‍ ഒന്ന് തീര്‍ച്ചയായും ഈ ദിശയിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ്. ഓരോ പഞ്ചായത്തും ജലസാക്ഷര പഞ്ചായത്താകണം. ജലസാക്ഷരതയും ജലവിവേകവും ഒരു ചെടിയുടെ പൂക്കളാണ്. കുടിവെള്ളമില്ല എന്നുപറഞ്ഞ് സമരം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സമരവും. പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ജലസംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണം. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തുകളിലെ പൊതുകുളങ്ങളുടെയും അരുവികള്‍, കൈതോടുകള്‍, കനാലുകള്‍ തുടങ്ങിയവയുടെയും മറ്റ് ജലസ്രോതസ്സുകളുടെയും നിലവിലെ സ്ഥിതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്. അതിനായി ഈ മേഖലയില്‍ വിദഗ്ധരായവരുടെ സേവനം ഉപയോഗപ്പെടുത്താം. ജലസ്രോതസ്സുകളുടെ ചിത്രങ്ങളും ലൊക്കേഷന്‍ മാപ്പും സഹിതം പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതും അനിവാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവ തിരിച്ചുപിടിച്ച് സംരക്ഷിക്കാനുമാകണം. പഞ്ചായത്ത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുക്കേണ്ടതാണ്. ഉപയോഗശൂന്യമെന്ന് പറഞ്ഞ് ജലസ്രോതസ്സുകള്‍ നികത്തിക്കളയാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും, സാധ്യമെങ്കില്‍ വേനല്‍കാലത്തുതന്നെ ജലസംരക്ഷണ ഗ്രാമസഭ വിളിച്ചുചേര്‍ക്കണം. വാര്‍ഡുതലത്തില്‍ ജലസംരക്ഷണ സമിതികള്‍ രൂപീകരിച്ച് പരിപാടികള്‍ ഏകോപിപ്പിക്കാവുന്നതുമാണ്. പഞ്ചായത്തുകളെ ചെറുഗ്രാമങ്ങളായി തിരിച്ചുകൊണ്ടുള്ള സൂക്ഷ്മതല പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം ചെയ്യും. വയോധികരും സ്ത്രീകളും കുട്ടികളും യുവാക്കളും ഉള്‍പ്പെടുന്ന പൊതുസമൂഹം ഒന്നാകെ കൈകോര്‍ത്താല്‍ ഇതെല്ലാം നിഷ്പ്രയാസം സാധിച്ചെടുക്കാവുന്നതാണ്. അങ്ങനെ വരുംതലമുറയ്ക്കുവേണ്ടി വിഷം തീണ്ടാത്ത മണ്ണും ശുദ്ധവായുവും നിര്‍മലമായ വെള്ളവും സംതുലിതമായ കാലാവസ്ഥയും നമുക്ക് കാത്തുവെയ്ക്കാം.
നമ്മുടെ വൃക്ഷവൈവിധ്യത്തെ കൂടി ചിലത് പറഞ്ഞോട്ടെ. സാമൂഹ്യ വനവത്കരണം എന്ന പേരില്‍ വ്യാപകമായി അക്കേഷ്യ, യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് തുടങ്ങിയ അന്തകവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന പ്രവണത കുറേകാലമായി നാട്ടില്‍ വളര്‍ന്നുവരുന്നുണ്ട്. ഈ വൃക്ഷങ്ങള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നവയാണ്. അതേസമയം ഇവയുടെ ജലാഗിരണശേഷി അത്ഭുതകരവുമാണ്. ജലസാധ്യതയെ മുഴുവന്‍ ഊറ്റിയെടുത്ത് മരുഭൂമികളെ സൃഷ്ടിക്കുന്ന കുടിയേറ്റ വൃക്ഷങ്ങളാണിവ. അതുകൊണ്ട് നമുക്ക് അക്കേഷ്യയും ഗ്രാന്‍ഡിസും സമാനസ്വഭാവമുള്ള വൃക്ഷങ്ങളും വേണ്ടായെന്നും മാവും പ്ലാവും പുളിയും അടങ്ങുന്ന നാട്ടുനന്മയുടെ പച്ചപ്പ് മതിയെന്നും തീരുമാനിക്കുക. പാതയോരങ്ങളില്‍ നെല്ലി, മാവ്, പ്ലാവ്, പുളി, ആര്യവേപ്പ്, പേര, ഉങ്ങ്, മരുത്, അത്തി തുടങ്ങിയവ സാമൂഹ്യവനവത്കരണ പരിപാടിയുടെ ഭാഗമായി നട്ടുവളര്‍ത്താനും അവയെ നന്നായി സംരക്ഷിക്കാനും കഴിയണം. പരിസ്ഥിതിയുടെയും മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണകാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും പാടില്ല. വിട്ടുവീഴ്ചകള്‍ വലിയ വീഴ്ചകള്‍ക്ക് വഴിയൊരുക്കുമെന്നത് മറക്കാതിരിക്കുക.
സിജോ പൊറത്തൂര്‍