കാലംതെറ്റിയെത്തുന്ന കാറ്റും ആലിപ്പഴ വീഴ്ചയും. റാബി വിളവെടുപ്പിനായി നെഞ്ചിടിപ്പോടെ ഉത്തരേന്ത്യയിലെ കർഷകർ
കാലംതെറ്റിയെത്തുന്ന കാറ്റും ആലിപ്പഴ വീഴ്ചയും. റാബി വിളവെടുപ്പിനായി നെഞ്ചിടിപ്പോടെ ഉത്തരേന്ത്യയിലെ കർഷകർ. ഗോതമ്പ്, കടുക്, മാങ്ങ തുടങ്ങിയവയ്ക്കാണ് അപ്രതീക്ഷിതമായി എത്തുന്ന മഴയും ആലിപ്പഴ വീഴ്ചയും ഭീഷണിയാകുന്നത്. ഇക്കൊല്ലം റാബി വിളവ് കുത്തനെ ഇടിയുമെന്ന ആശങ്കയിലാണ് ഉത്തരേന്ത്യയിലെ ഗ്രാമീണ കർഷകർ.
റാബി വിളവെടുപ്പിന് തൊട്ടു മുമ്പുള്ള മഴയും ആലിപ്പഴ വീഴ്ചയും വിളകൾക്ക് കനത്ത നാശം വരുത്തുന്നതിനാൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു വർഷം മുൻപ് സമാനമായ സാഹചര്യമുണ്ടായപ്പോൾ അത് വരൾച്ച മൂലം വലഞ്ഞ കർഷകർക്ക് ഇരുട്ടടിയായിരുന്നു.
മഴയുടേയും കൊടുങ്കാറ്റിന്റേയും ഭീഷണി ഇന്ത്യയുടെ ഏതാനും മേഖലകളിലേക്ക് മാത്രമായി ഒതുങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് വടക്കേ ഇന്ത്യയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്.
ചിലയിടങ്ങളിൽ ഇതിനകം തന്നെ മഴ നാശം വിതച്ചുകഴിഞ്ഞതായി കർഷകർ പറയുന്നു. ഉത്തർപ്രദേശിലെ ഷാംലി, മീററ്റ്, സഹരൻപൂർ എന്നിവിടങ്ങളിലെ ഗോതമ്പ്, കടുക്, മാമ്പഴം എന്നിവയുടെ വിളവെടുപ്പിനെ മഴ ബാധിച്ചതായും നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കുന്നതേയുള്ളുവെന്നും കിസാൻ ജാഗ്രത മഞ്ച് പ്രസിഡന്റ് സുധീർ പൻവർ പറഞ്ഞു.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളൊന്നും റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ലഭിക്കാൻ 10 മുതൽ 15 വരെ ദിവസങ്ങൾ എടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Also Read: വിഷു തിരക്കിലേക്ക് കാർഷിക വിപണി ഉണരുന്നു; 1105 വിഷുച്ചന്തകൾ തുറക്കാൻ കൃഷി വകുപ്പ്
Image: pixabay.com