ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകൾ

ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകളാണ് ഈ പുത്തൻ സാങ്കേതികവിദ്യ തുറക്കുന്നത്. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും വിളകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമാണ് ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് അന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്‌ക്) മുഖേനയാകും പദ്ധതി നടപ്പിലാക്കുക.

ബ്ലോക്ചെയിനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും കെ-ഡിസ്‌ക് വഴിയൊരുക്കുന്നു. ഈ മേഖലയ്ക്കാവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മനുഷ്യശേഷി വികസിപ്പിക്കാനും പരിശീലന കോഴ്‌സുകളും പ്രോഗ്രാമുകളും തുടങ്ങാനും കെ-ഡിസ്‌കിന് പദ്ധതിയുണ്ട്. വിദ്യാര്‍ത്ഥികൾക്കായി ബ്ലോക്‌ചെയിന്‍ മേഖലയില്‍ പരിശീലനം നൽകുന്നതിനായി അക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) എന്ന പേരിൽ പരിശീലന കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.

പാൽ വിതരണത്തിനായി മില്‍ക് ചെയ്ന്‍ എന്ന പേരിലാണ് ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുക. ഉത്പ്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരം ഉറപ്പുവരുത്താനാണ് അത്യാധുനിക സങ്കേതിക വിദ്യ പരീക്ഷിക്കുന്നതെന്ന് കെ-ഡിസ്‌ക് ചെയര്‍മാന്‍ കെ.എം എബ്രഹാം വ്യക്തമാക്കി. പാല്‍ വിതരണ ശൃംഖലയുടെ വിവരങ്ങള്‍ ഇലക്ട്രോണിക് ലെഡ്ജറായി സൂക്ഷിക്കും. ശൃംഖലയിലെ ഓരോന്നിനും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നൽകും.

ഈ നമ്പര്‍ ഉപയോഗിച്ച് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും സ്രോതസ്സും കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. കാര്‍ഷികവിളകളുടെ നഷ്ടം വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സ്മാര്‍ട്ട് ക്രോപ് ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. സമാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള തര്‍ക്കം ഒഴിവാക്കാനും, തട്ടിപ്പുകാരെ കണ്ടെത്താനും എളുപ്പത്തിൽ സാധ്യമാകും.

Also Read: കളകളിൽനിന്നും മോചനം നേടാന്‍ പ്ലാസ്റ്റിക് പാത്തികളില്‍ തൈകൾ നടാം

Image: pixabay.com