Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

വയനാടൻ വിത്തുകളുടെ പെരുമയുമായി ചെറുവയൽ രാമൻ ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസിലേക്ക്

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വയനാടൻ വിത്തുകളുടെ പെരുമയുമായി ചെറുവയൽ രാമൻ ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസിലേക്ക്. ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസിൽ വയനാട്ടിലെ കുറിച്യ സമുദായത്തിൽ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമനും പങ്കെടുക്കും. ആമസോണ്‍ നദീ തീരത്തുള്ള നഗരത്തില്‍ ആഗസ്റ്റ് ഏഴ് മുതൽ പത്ത് വരെ നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന്റെ സാന്നിധ്യമുണ്ടാകുക.

2000 ത്തോളം ഗോത്രവര്‍ഗ്ഗ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വയനാട്ടിലെ ജൈവപൈതൃകവും ആ പൈതൃകം സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഇവിടുത്തെ പാരമ്പര്യ കർഷകർക്കും ലഭിച്ച അംഗീകാരമാണിതെന്ന് രാമൻ പറഞ്ഞു. കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ് മാനന്തവാടി കമ്മന സ്വദേശിയായ ചെറുവയൽ രാമൻ.

വയനാട്ടിൽ മുമ്പുണ്ടായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണിയിൽ ഉള്ളതുമായ 150 ൽ പരം പരമ്പരാഗത നെൽവിത്തിനങ്ങളിൽ 65 ലധികം നെൽവിത്തുകൾ ശേഖരിച്ച് സ്വന്തം വയലിൽ കൃഷി ചെയ്യുകയും വിത്തുകളും അറിവുകളും പുതുതലമുറക്ക് കൈമാറുകയും ചെയ്യുന്ന ചെറുവയൽ രാമൻ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തന്‍റെ ജീവിതം ജൈവ പൈതൃക സംരക്ഷണത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയ രാമൻ 2011-ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിധ്യ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

നരവംശശാസ്ത്രഞ്ജനും ക്രസ്റ്റ് പ്രൊജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാറും ഉള്‍പ്പെടെ രണ്ടു പേരാണ് ബലേം കോണ്‍ഗ്രസ്സില്‍ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. പാരഫെഡറല്‍ സര്‍വകലാശാലയും പാരമീസ് എമിലി ഗോള്‍ഡന്‍ മ്യൂസിയവും സംയുക്തമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ബ്രസാലിയന്‍ സൊസൈറ്റി ഓഫ് എന്‍തോബയോളളജിയും സഹകരിക്കുന്നു. 1988 ലായിരുന്നു ആദ്യത്തെ വംശീയ ജൈവശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്. ബലേം പ്രഖ്യാപനം എന്ന പേരില്‍ ഈ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ പിന്നീട് ലോകമെമ്പാടും അറിയപ്പെട്ടു.

Also Read: പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്‍

Image: Mannira

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.