അഞ്ച് സെന്റ് സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി; കുഞ്ഞുവർക്കി നേടുന്നത് ഒരു ലക്ഷം രൂപയിലധികം വാർഷിക വരുമാനം

അഞ്ച് സെന്റ് സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി; കുഞ്ഞുവർക്കി നേടുന്നത് ഒരു ലക്ഷം രൂപയിലധികം വാർഷിക വരുമാനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ശുദ്ധജല മത്സകൃഷി നടത്തി ലാഭം കൊയ്യുകയാണ് കുഞ്ഞുവര്‍ക്കിയെന്ന കുടിയേറ്റ കര്‍ഷകന്‍. പ്രതിവര്‍ഷം അഞ്ച് സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് കുളങ്ങളിലെ മത്സ്യ കൃഷിയില്‍ നിന്നും ഒരു ലക്ഷം രൂപയിലധികം വരുമാനമാണ് പ്രതിവർഷം കുഞ്ഞുവർക്കി നേടുന്നത്.

വെള്ളത്തൂവല്‍ പഞ്ചായത്തിലെ എല്ലക്കല്‍ പോത്തുപാറ സ്വദേശിയായ ചുനയംമാക്കല്‍ കുഞ്ഞുവര്‍ക്കി രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ശുദ്ധജല മത്സ്യ കൃഷിയിലേക്ക് ഇറങ്ങുന്നത്. കുടിയേറ്റ കാലം മുതല്‍ മുതിരപ്പുഴയാറില്‍ നിന്ന് മീന്‍ പിടിക്കാറുണ്ടായിരുന്ന അദ്ദേഹം മീനുകളോടുണ്ടായ താല്‍പര്യം കാരണം വീടിനടുത്ത് വലിയ കുളം നിര്‍മ്മിച്ച് അതില്‍ ശുദ്ധജലം നിറച്ച് മത്സ്യ കൃഷി ആരംഭിക്കുകയായിരുന്നു.

വീടിന്‍റെ മുറ്റത്തോട് ചേര്‍ന്നുള്ള കുളം രണ്ട് സെന്‍റ് സ്ഥലത്തോളം സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. വീടിനോട് ചേര്‍ന്ന് മറ്റൊരു കുളവും നിര്‍മ്മിച്ച് കൃഷി വ്യാപിപ്പിച്ച കുഞ്ഞുവർക്കി കട്ടള, റൂഹ്, ഗ്രാസ്‌ക്കാര്‍പ്പ്, കാളാഞ്ചി, സിലോപ്യ, പൂമീന്‍ അടക്കമുള്ള മത്സ്യങ്ങളാണ് പ്രധാനമായും വളർത്തുന്നത്.

കുറഞ്ഞ ചിലവില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുവാന്‍ കഴിയുന്ന കൃഷിയാണ് മത്സ്യകൃഷിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കുഞ്ഞുവര്‍ക്കി പറയുന്നു. പ്രതിവര്‍ഷം എഴുപതിനായിരത്തോളം രൂപയുടെ മത്സ്യമാണ് ഇവിടെ നിന്നും വില്‍പ്പന നടത്തുന്നത്. മുപ്പതിനായിരം രൂപയിലധികം മത്സ്യകുഞ്ഞുങ്ങളെ വിറ്റും വരുമാനം ലഭിക്കുന്നു. മത്സ്യകുഞ്ഞുങ്ങളെ വാങ്ങാനായി നിരവധി പേരാണ് കുഞ്ഞുവർക്കിയെ തേടിയെത്തുന്നത്.

Also Read: ആയിരം കോഴിക്ക് അര കാട! പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിച്ച് മാനുവലിന്റെ കാടകൃഷി

Image: pixabay.com