ആയിരം കോഴിക്ക് അര കാട! പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിച്ച് മാനുവലിന്റെ കാടകൃഷി

ആയിരം കോഴിക്ക് അര കാട! പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിച്ച് മാനുവലിന്റെ കാടകൃഷി. മൂന്നു പതിറ്റാണ്ട് മുമ്പ് ആയിരം രൂപയും അമ്പത് കാടകളുമായി കൃഷി തുടങ്ങിയ ആലുവ തിരുവൈരാണിക്കുളം സ്വദേശി മാനുവൽ ഇന്ന് ലക്ഷങ്ങള്‍ വിറ്റുവരവുള്ള മാനുവല്‍ ഹാച്ചറി എന്ന കാട ബ്രാന്‍ഡിന്റെ ഉടമയാണ്.

മറ്റൊരു സംരംഭത്തിനായി പണമുണ്ടാക്കാനാണ് മാനുവൽ വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ ചെലവിൽ കാടകൃഷി തുടങ്ങിയത്. തുടർന്ന് കാടകൃഷിയുടെ മികച്ച വരുമാന സാധ്യതകള്‍ തിരിച്ചറിഞ്ഞ് കൂടുതൽ സജീവമാകുകയായിരുന്നു. ആലുവയ്ക്കടുത്ത് തിരുവൈരാണിക്കുളത്ത് സജ്ജമാക്കിയിരിക്കുന്ന ഫാമില്‍ ഇന്ന് ഒരു ലക്ഷത്തിലധികം കാടകളുണ്ട്.

കാടയിറച്ചി, മുട്ട എന്നിവയും വിപണിയിലെത്തിക്കുന്നു. കുത്തിവെയ്പ്പുകളോ മരുന്ന് പ്രയോഗങ്ങളോ ഇല്ലാതെ മികച്ച നിലവാരം കാത്തുസൂക്ഷിച്ചാണ് മാനുവല്‍ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞ സമയത്തിനകം മിച്ച വരുമാനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയാണ് കാടകൃഷിയെന്ന് മാനുവൽ പറയുന്നു. ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മികച്ച ഒരു ഫാം സജ്ജമാക്കുന്നവര്‍ക്ക് നാല് മാസത്തിനകം തന്നെ ആ പണം തിരികെ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശരാശരി 1000 കാടകളെ വളര്‍ത്തുന്നതിനായി 300 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാത്രമാണ് ആവശ്യം. രാവിലെ അര മണിക്കൂര്‍, വൈകീട്ട് കാല്‍ മണിക്കൂര്‍, രാത്രി കാല്‍ മണിക്കൂര്‍ എന്നിങ്ങനെ ദിവസേന ഒരു മണിക്കൂര്‍ സമയവും മാത്രം ഇതിനായി ചെലവഴിച്ചാല്‍ മതിയാകും. ഉയരത്തില്‍ പണിത ഷെഡിനകത്ത് കൂടുകള്‍ സജ്ജമാക്കി കാട കൃഷി ചെയ്യുകയാണ് ഉത്തമം.

നല്ല വായുവും വെള്ളവും ലഭിക്കാന്‍ ഇത് സഹായകരമാകും. ഇതിന് പുറമെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂടുകളായതിനാല്‍ കാഷ്ടവും മറ്റും നീക്കം ചെയ്യുന്നതും എളുപ്പം. ആഴ്ചയില്‍ ഒന്നോ രണ്ടോതവണ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും. ഇത്തരത്തില്‍ 1000 കാടകളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ സുഖമായി സമ്പാദിക്കാന്‍ സാധിക്കുമെന്നും മാനുവൽ പറയുന്നു.

കടുത്ത വേനലാണ് കാടകൃഷിയിൽ പ്രധാന വെല്ലുവിളി. കൂടുകൾ ചൂട് കെട്ടിനില്‍ക്കാത്ത വിധം ഒരുക്കണം. ഇതിനായി ഓട്, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് കൂട് നിര്‍മിക്കുന്നതാണ് ഉത്തമം. വെള്ളം തീരുന്ന മുറയ്ക്ക് തനിയെ നിറയ്ക്കുന്ന സംവിധാനം, മുട്ട നിലത്ത് വീണ് പൊട്ടാതെ താഴെയെത്തുന്ന ക്രമീകരണം എന്നിവയെല്ലാം മാനുവൽ തന്റെ ഫാമിൽ ഒരുക്കിയിട്ടുണ്ട്.

വിപണിയിലെ മാറ്റങ്ങൾക്കൊപ്പം മാറിയാണ് മാനുവല്‍ വിപണിയില്‍ തന്റെ ഉൽപ്പന്നങ്ങൾ മുൻനിരയിൽ എത്തിക്കുന്നത്. ബ്രാന്‍ഡഡ് പായ്ക്കറ്റിലെത്തുന്ന മുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരം ഉറപ്പു നൽകുന്നു. തിരുവൈരാണിക്കുളത്തെ മദര്‍ യൂണിറ്റിന് പുറമെ തൃശൂര്‍, പാലക്കാട് ജില്ലകളിലും രണ്ട് ഫാമുകള്‍ പ്രവർത്തിക്കുന്നു. കൂടാതെ കാടകള്‍ക്കായുള്ള കൂട്, തീറ്റ എന്നിവയുടെ വില്പനയുമുണ്ട്.

കാടകൃഷിയിൽ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും മാനുവൽ മടിക്കാറില്ല. മുട്ടകള്‍ക്കായുള്ള എഗ് ലൈന്‍, ഇറച്ചിക്കായുള്ള മീറ്റ് ലൈന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ അദ്ദേഹം നിർമ്മിച്ചു. വര്‍ഷത്തില്‍ 320 ഓളം മുട്ടകള്‍ നല്കുന്ന എംഎല്‍ക്യൂ2 കാടകളാണ് മറ്റൊരു പ്രത്യേകത. ദിവസേന ഒരു ലക്ഷത്തിലധികം മുട്ടകള്‍ വിപണിയിലെത്തിക്കുന്ന കേരളത്തിലെ പ്രമുഖ കാട ഫാം എന്നതിനോടൊപ്പം ഈ രംഗത്തേക്ക് കടന്നുവരുന്ന നവാഗതർക്കുള്ള മികച്ച പരിശീലന കളരി കൂടിയാണ് മാനുവല്‍ ഹാച്ചറി.

Also Read: മുതൽമുടക്കില്ലാതെ അസോള കൃഷി തുടങ്ങാം; നൂറു ശതമാനം സബ്സിഡി സർക്കാർ നൽകും