കാർഷിക, അനുബന്ധ മേഖലകളിൽ കൈകോർത്ത് ഇന്ത്യയും ഇറാനും; ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

കാർഷിക, അനുബന്ധ മേഖലകളിൽ കൈകോർത്ത് ഇന്ത്യയും ഇറാനും; ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇന്ത്യയും ഇറാനുമായി ഒപ്പുവെച്ച കരാറിന് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി.

കാർഷിക വിളകൾ, കാർഷിക വളം, കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പു സാങ്കേതികവിദ്യ, കീട നിയന്ത്രണ മാർഗങ്ങൾ, കാർഷിക വായ്പ, സഹകരണസംഘങ്ങൾ എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുക.

മണ്ണ് സംരക്ഷണം, ജലവിഭവ ഉപയോഗം. സംയോജിത പോഷക നിയന്ത്രണം, വിത്തു സാങ്കേതികവിദ്യ, കാർഷിക വിപണനം, കന്നുകാലി വികസനം, ക്ഷീര വികസനം, മൃഗസംരക്ഷണം എന്നീ രംഗങ്ങളിലും പരസ്പര സഹകരണത്തിന് ധാരണയായി.

വിദഗ്ധരുടേയും വിവരങ്ങളുടേയും കൈമാറ്റം, പഠന യാത്രകളും സന്ദർശനങ്ങളും വഴി ഇരു രാജ്യങ്ങളിലേയും ട്രെയിനികളുടെയും കാർഷിക വിദഗ്ധരുടെയും പരസ്പര വിനിമയം, സമ്മേളനങ്ങൾ, ശില്പശാലകൾ എന്നിവയും കരാറിന്റെ ഭാഗമായി സംഘടിപ്പിക്കും.

Also Read: വീണ്ടുമൊരു മാമ്പഴക്കാലം; വിപണിയില്‍ മാങ്ങയുടെ വില കുറയുന്നു

ധാരണാപത്രത്തിൽ പറയുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഒരു ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (ജെ.ഡബ്ല്യു.ജി) രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും ഇന്ത്യയിലും ഇറാനിലുംവച്ച് ഒന്നിടവിട്ട കൂടിക്കാഴ്ചകൾ നടത്തിൽ പുരോഗതി വിലയിരുത്തുമെന്നും കരാറിൽ പറയുന്നു.

5 വർഷത്തേക്കാണ് കരാറിന്റെ കാലാവധിയെങ്കിലും രണ്ടു രാജ്യങ്ങളിൽ ഏതെങ്കിലും ഒരാൾ പിന്മാറിയില്ലെങ്കിൽ മറ്റൊരു 5 വർഷത്തേക്കു കൂടി നീട്ടാവുന്നതാണ് കരാർ. അമേരിക്കൻ ഉപരോധം മൂലം പ്രതിസന്ധിയിലായ ഇറാന്റെ കാർഷിക രംഗത്തിന് സഹായകരമാകുന്നതിനോടൊപ്പം ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇറാൻ വിപണി തുറന്നു തരുന്നതുകൂടിയാണ് കരാർ എന്നാണ് പ്രതീക്ഷ.

Image: pexels.com