ജിഎം വിത്തുകൾക്കായുള്ള പോരാട്ടം; മൊൺസാന്റോയുമായി കൊമ്പുകോർത്ത നുസിവീഡിന്റേയും മണ്ഡവ പ്രഭാകർ റാവുവിന്റേയും കഥ

ജിഎം വിത്തുകൾക്കായുള്ള പോരാട്ടം; മൊൺസാന്റോയുമായി കൊമ്പുകോർത്ത നുസിവീഡിന്റേയും മണ്ഡവ പ്രഭാകർ റാവുവിന്റേയും കഥ. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈബ്രിഡ് വിത്ത് കമ്പനിയാണ് നുസിവീഡ് സീഡ്സ് ലിമിറ്റഡ് (എൻഎസ്എൽ). ഈ രംഗത്തെ ബഹുരാഷ്ട്ര കുത്തകയായ മൊൺസാന്റോയുമായി നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചാണ് എൻഎസ്എൽ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ റാവു വാർത്തകളിൽ ഇടംപിടിക്കുന്നത്.

തെലുങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാവുവിന്റേയും നുസിവീഡിന്റേയും വിജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്നു മൊൺസാറ്റോയുടേയും ഇന്ത്യയിലെ ജിഎം വിത്തുകളുടേയും പരുത്തി കൃഷിയുടേയും തുണി വ്യവസായത്തിന്റേയും ഭാവിയെന്ന് പറയാം.

തന്റെ കമ്പനിയേക്കാൾ 100 മടങ്ങ് ആസ്തിയുള്ള ബഹുരാഷ്ട്ര ഭീമനുമായി സന്ധിയില്ലാത്ത സമരത്തിനിറങ്ങിയ റാവു ഇക്കഴിഞ്ഞ ഏപ്രിലിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സ്വന്തമാക്കിയിരുന്നു. നിർണായകമായ ഈ വിധി പ്രകാരം ബി.ടി പരുത്തി വിത്തുകളിലുണ്ടായിരുന്ന പേറ്റന്റും ലൈസൻസിംഗിൽ നിന്ന് ലഭിച്ചിരുന്ന 80% ത്തോളം വരുമാനവും ഒറ്റയടിയ്ക്ക് മൊൺസാന്റോയ്ക്ക് നഷ്ടമായി.

കൂടാതെ നുസിവീഡ് ഉൾപ്പെടെയുള്ള മൊൺസാന്റോയുടെ എതിരാളികൾക്ക് വളരെ കുറഞ്ഞ റോയൽറ്റി, അല്ലെങ്കിൽ ട്രെയിറ്റ് ഫീസ് നൽകി ജിഎം വിത്തുകൾ ഉണ്ടാക്കാനും വിൽക്കാനും ഈ വിധി വഴിയൊരുക്കുകയും ചെയ്തു. ഇതോടെ പാക്കറ്റ് ഒന്നിന് 183 രൂപയിൽ നിന്ന് 39 രൂപ മാത്രം ഈ കമ്പനികൾ മൊൺസാന്റോയ്ക്ക് നൽകിയാൽ മതിയാകും. ഒറ്റയടിയൢ 80% കുറവ്.

ഹൈക്കോടതി വിധിക്കെതിരെ മൊൺസാന്റോ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ പരമോന്നത കോടതി വിസമ്മതിക്കുകയാണുണ്ടായത്. കേസ് ജൂലൈ 18 വീണ്ടും പരിഗണിക്കും. എന്നാൽ ഈ വിജയം തൃപ്തനാകാതെ തന്റെ നിയമ പോരാട്ടം തുടരുകയാണ് റാവു.

നേരത്തെ നുസിവീഡ് ലൈസൻസ് ഫീസായി മൊൺസാന്റോയ്ക്ക് നൽകിയ 800 കോടിയോളം രൂപ തിരിച്ചു തരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒപ്പം നുസിവീഡിന്റെ ഓഹരികൾ ഐപിഒയ്ക്കായി തയ്യാറെടുക്കുന്ന സമയത്തുതന്നെ മൊൺസാന്റോ കമ്പനിയ്ക്കു നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയതും ലൈസൻസ് റദ്ദാക്കിയതും റാവു ചൂണ്ടിക്കാട്ടുന്നു.

2004 ലാണ് മൊൺസാന്റോ എൻഎസ്എല്ലിന് ബിടി കോട്ടൺ വിത്ത് ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നൽകുന്നത്. തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഒരു തവണ സൗജന്യമായും ശേഷം “ട്രൈറ്റ് വാല്യൂ” എന്ന റോയൽറ്റി നൽകണമെന്നുമായിരുന്നു കരാർ.

ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച എൻഎസ്എൽ രാജ്യത്തെ ഏറ്റവും വലിയ വിത്തു കമ്പനിയാണിന്ന്. 2017 ൽ 923 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. രാജ്യത്തെ ഹൈബ്രിഡ് പരുത്തി വിത്തുകളുടെ 20% വും ഇന്ത്യയിൽ നിർമ്മിക്കുന്ന പരുത്തിയുടെ പകുതിയും എൻ.എസ്.എൽ വികസിപ്പിച്ചെടുത്ത വിത്തുകളിൽ നിന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള ഒരു കർഷകകുടുംബത്തിലാണ് റാവുവിന്റെ ജനനം. കാർഷിക സർവകലാശാലയിൽനിന്നും അഗ്രികൾച്ചറിൽ എം.എസ്‌സിയിൽ ഒന്നാം റാങ്കു നേടിയ അദ്ദേഹം 1982 മുതൽ നുസിവീഡിന്റെ അമരക്കാരനാണ്.

Also Read: മഴക്കാലത്തിനായി ഹോംസ്റ്റഡ് ഫാമിങ് രീതി; പച്ചക്കറി കൃഷിയ്ക്കായി പ്രത്യേക മഴക്കാല പരിചരണം

Image: pixabay.com