കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടിയോ? ഇതാ ഫലപ്രദമായ ചില കെണികൾ

കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ കർഷകർ അവയെ തുരത്താൻ നിരവധി കെണികള്‍ പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തില്‍ കൃഷിയിടങ്ങളിലും ഗ്രോബാഗിലും ടെറസ് കൃഷിയിലും പരീക്ഷിക്കാവുന്ന കെണികളാണ് പഴക്കെണി, തേങ്ങാവെള്ളക്കെണി, ഉറുമ്പു കെണി, മീന്‍ കെണി എന്നിവ.

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്നോ നാലോ കഷ്ണങ്ങളാക്കി മുറിച്ചാണ് പഴക്കെണി തയ്യാറാക്കുന്നത്. കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികൾ പഴത്തിന്റെ മുറിഞ്ഞ ഭാഗങ്ങളില്‍ വിതറിയതിനു ശേഷം ഈ പഴക്കഷണങ്ങള്‍ ചിരട്ടകളിലാക്കി തൂക്കിയിടുക. വിഷം കലര്‍ന്ന പഴച്ചാറു കുടിച്ച കീടങ്ങള്‍ ചത്തുവീഴുന്നത് കാണാം.

തേങ്ങാക്കെണിയിൽ രണ്ടു ദിവസത്തെ പുളിപ്പുള്ള തേങ്ങാവെള്ളം മൂന്നു തരി യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം നിറയ്ക്കുക. ഇതില്‍ ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക. തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇട്ടതിനു ശേഷം കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ച് ചത്തുപോകും.

ഉറുമ്പുകെണി ഒരുക്കുമ്പോൾ ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി വെക്കാൻ. ഒരടി നീളവും ഒന്നര ഇഞ്ച് വ്യാസവുമുള്ള പിവിസി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക. കുഴലിന്റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷ്ണമോ പച്ചമീനോ തള്ളിവയ്ക്കണം. ഉറുമ്പുകള്‍ ഇറച്ചിയുടെ ചുറ്റും പൊതിയുമ്പോൾ ഒരു ചൂട്ട് കത്തിച്ച് കുഴലിനടുത്ത് പിടിക്കുക. ചൂടു കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നത് കാണാം.

മീൻകെണിയിൽ ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവച്ച് അഞ്ച് ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടണം. തുടർന്ന് കുറച്ച് വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക. ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പോളിത്തീന്‍ കൂടിന്റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടിയതിനു ശേഷം ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക. ഈച്ചകളെ പമ്പ കടത്താൻ ഈ കെണി പന്തനില്‍ തൂക്കിയിട്ടാൽ മതി.

Also Read: കേരളത്തിൽ 1000 മലബാർ മീറ്റ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ബ്രഹ്മഗിരി വികസന സൊസൈറ്റി (BDS)

Image: pixabay.com