വനിതകളെ, ഇതിലേ, ഇതിലേ; സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

സ്ത്രീകളെ കൃഷി മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്. ശാരീരികാധ്വാനം അധികം വേണ്ടാത്ത, അതിവേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന ചെറുകിട യന്ത്രങ്ങളാണു വകുപ്പ് തയാറാക്കുന്നത്. കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്(കാംകോ), കൃഷി വകുപ്പിനു കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന റിസർച്ച് ടെസ്റ്റിങ് ആൻഡ് ട്രെയ്നിങ് സെന്റർ എന്നിവ ചേർന്നാണ് നിർമ്മാണം.

നിലം ഉഴാൻ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന പവർ ടില്ലർ, നെല്ലു കൊയ്തെടുക്കാനുള്ള പവർ റീപ്പർ, മിനി ട്രാക്ടർ, കാടു വെട്ടിത്തെളിക്കുന്നതിനുള്ള ബുഷ് കട്ടർ എന്നിവയാണ് ഭാരവും വലുപ്പവും കുറച്ചു നിർമിക്കുന്നത്.
നെൽപാടത്തെ കള വേഗത്തിൽ പറിച്ചുമാറ്റുന്നതിനുള്ള കോണോ വീഡർ യന്ത്രം കാംകോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണം പൂർത്തിയാക്കിയശേഷം വിപണിയിലെത്തിക്കും.

നിലവിലുള്ള വലിയ നടീൽ യന്ത്രത്തിന്റെ ചെറുമാതൃക, കൊയ്ത്തു യന്ത്രം, കുഴിയെടുക്കൽ ഉപകരണം, മെതിയന്ത്രം, നെല്ലു പാറ്റുന്നതിനുള്ള യന്ത്രം, ട്രാക്ടറിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന മറ്റു സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീസൗഹൃദ യന്ത്രങ്ങളാക്കി പരിഷ്കരിക്കാനാണു കൃഷി വകുപ്പിന്റെ നീക്കം. ഈ യന്ത്രങ്ങളെല്ലാം തന്നെ സബ്സിഡി നിരക്കിൽ നൽകാനും പദ്ധതിയുണ്ട്.

സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ വാട്ടർ പമ്പ് സെറ്റ് നേരത്തെ പുറത്തിറക്കിയിരുന്നു. കുടുംബശ്രീ അംഗങ്ങളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിക്കാനും സ്ത്രീ സൗഹൃദ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നു.

Also Read: ഇനി വീട്ടിൽ അൽപ്പം ബീൻസ് കൃഷി ചെയ്താലെന്താ? ഇത്രയും ചെയ്താൽ മതി

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.