റബ്ബര്‍: കേരളത്തിന്റെ വ്യാവസായിക വിള; കൃഷിരീതി, ഉത്പാദനം, സംസ്കരണം, വിപണനം
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങള്‍ മുതല്‍ ശാസ്ത്രലോകത്തിനുമുന്നില്‍ കൗതുകമായി നിലകൊള്ളുകയും ഇംഗ്ലീഷ് രസതന്ത്ര ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റലി ഔദ്യോഗികമായി പേര് കല്‍പ്പിക്കുകയും, റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത റബ്ബർ ഒട്ടുമിക്ക പ്രദേശങ്ങളിലും പലതരം കാലാവസ്ഥയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു തോട്ടവിളയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു റബ്ബറിന്റെ വികാസം. റബ്ബര്‍ വിത്തുകള്‍ കയറ്റുമതിചെയ്യുന്നതിന് അക്കാലത്ത് കര്‍ശനമായി തടയപ്പെട്ടിരുന്നെങ്കിലും കള്ളക്കടത്തിന്റെ രൂപത്തില്‍ റബ്ബര്‍ വിത്ത് ലാറ്റിന്‍ അമേരിക്കക്ക് പുറത്തേക്ക് കടന്നു. കോളനിവൽക്കരണത്തിന്റെയും കടന്നുകയറ്റങ്ങളുടെയും ഫലമായാണ് റബ്ബര്‍ ലോകത്തിന്റെ നാനാദിശകളിലേക്ക് വ്യാപിക്കപ്പെട്ടത്.
റബ്ബര്‍ മരത്തിന്റെ തൊലിക്കടിയില്‍ നിന്നും നുരന്ന് പുറത്ത് വരുന്ന കട്ടികൂടിയ വെളുത്ത ദ്രാവകമായ റബ്ബര്‍പ്പാല്‍ ടാപ്പിംഗ് എന്ന പ്രക്രിയയിലൂടെ ശേഖരിച്ച് വിവിധ രൂപത്തിലേക്ക് സംസ്കരിച്ചെടുക്കുമ്പോഴാണ് വാണിജ്യസാധ്യതയേറിയ റബ്ബര്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈർപ്പം തങ്ങിനിൽക്കുന്ന മിതോഷ്ണ മേഖല പ്രദേശത്താണ് റബ്ബർ കൃഷി മികച്ച വിളവ് നൽകുന്നത്. അതുകൊണ്ട് തന്നെ റബ്ബര്‍ ഇലകൊഴിയും വൃക്ഷമാണ്. വരൾച്ചയേയും അമിതമായ നീർക്കെട്ടിനേയും ചെറുക്കാൻ ഉള്ള സാധ്യതയില്ലാത്തതുകൊണ്ടും കുന്നിന്‍പ്രദേശങ്ങളാണ് റബ്ബര്‍ കൃഷിചെയ്യാനായി തെരഞ്ഞെടുക്കേണ്ടത്. വര്‍ഷത്തില്‍ കുറഞ്ഞത് 200 സെ. മി. മഴയും 20 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയുമാണ് റബ്ബര്‍ കൃഷിക്ക് അനുയോജ്യം. ഇന്ത്യയിൽ പടിഞ്ഞാറോട്ടുളള കുന്നുകളും കേരളത്തിൽ പശ്ചിമഘട്ട ചരിവുകളുമാണ് റബ്ബർ കൃഷിക്കനുയോജ്യമായ ഭൂപ്രകൃതി. ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ നടാവുന്ന റബ്ബർ,അതിന്റെ നടീൽ രീതിക്കനുസരിച്ചു വേണം സ്ഥലമൊരുക്കാൻ. 75 സെ. മി. നീളം, വീതി, ആഴം എന്നീ അളവുകളിൽ നിലം തയാറാക്കണം. ശേഷം കുഴികളിൽ 55cm ഉയർത്തിൽ മേൽമണ്ണിട്ട് കാലിവളമോ കമ്പോസ്റ്റോ 13 കിലോഗ്രാം, 15 കിലോ റോക്ക് ഫോസ്ഫേറ്റിൽ ചേർത്ത് അതിനുമുകളിൽ വീണ്ടും മേൽ മണ്ണ് നിറച്ച് നീണ്ട വേരുളള തൈകൾ മണ്ണിൽ മുകളിൽ ആഴത്തിൽ ഇറങ്ങത്തക്കവിധം നട്ട് കൂടുതൽ മണ്ണ് മുകളിൽ ഇട്ടു കൊടുക്കണം. മണ്ണിടിച്ചിൽ തടയുന്നതിനായി തൈകൾ നടുന്ന നേരത്ത് കൃത്യമായി തടങ്ങൾ കീറുകയും ബണ്ടുകൾ ചുറ്റും ഉണ്ടാക്കേണ്ടതാണ്. കൂടാതെ മണ്ണ് ഒലിച്ച് പോകാതിരിക്കുന്നതിനായി പുതയിടാം. പുതയിടാനായി ചുറ്റും ചെറിയ ചെടികൾ നടാവുന്നതാണ്.
റബ്ബര്‍ ചെടി വളര്‍ത്തി 5 മുതല്‍ 7 വർഷം പ്രായമാകുമ്പോഴാണ് വിളവെടുപ്പിന് (ടാപ്പിംഗിന്) തിരഞ്ഞെടുക്കുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ടാപ്പിംഗിന് ഉത്തമം. വിദഗ്ധരായ തൊഴിലാളികൾ ഒരു പ്രത്യേകം തയ്യാറാക്കിയ വളഞ്ഞതോ അല്ലാത്തതോ ആയ മൂർച്ചയുളള കത്തി ഉപയോഗിച്ച് തൊലി മുറിച്ച് മരത്തിനു ചുറ്റും (ഒരു വശം) ചാലുണ്ടാക്കുന്നു. തൊലിക്കടിയിലെ പാല്‍ക്കുഴലില്‍ നിന്നും വരുന്ന കട്ടിയുള്ള കറ വെട്ടുചാലിന്റെ താഴെ അറ്റത്ത് ചില്ലും (അര്‍ദ്ധത്രികോണാകൃതിയില്‍ മടക്കിയെടുത്ത ചെറിയ ലോഹക്കഷണം) ചിരട്ടയും (പോളിത്തീന്‍ കപ്പ്) ഉറപ്പിച്ചാണ് ശേഖരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ മൂന്ന് ദിവസത്തിലൊരിക്കലോ ആണ് റബ്ബറിന്റെ തൊലിയില്‍ നിന്ന് പൂളുകള്‍ ചെത്തിയെടുക്കേണ്ടത്. മരത്തിന്റെ തടിയോട് ചേരുന്ന കോശങ്ങള്‍ ചെത്തിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, ഇത് മരത്തിന് കേട് സംഭവിക്കാനും പട്ടമരവിപ്പ് ഉണ്ടാകാനും കാരണമാകുന്നു. തൊഴിലാളികൾ രാവിലെ റബ്ബർ ടാപ്പ് ചെയ്ത് അതിലെ കറ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ശേഖരിച്ച് അസെറ്റിക്/ഫോര്‍മിക് ആസിഡും വെള്ളവും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ പരന്ന പാത്രത്തില്‍ ഉറകൂടുന്നതിനായി വയ്ക്കണം. ഉറകൂടി ലഭിക്കുന്ന കട്ടിയുള്ള റബ്ബര്‍ റോളര്‍ മെഷീനില്‍ കയറ്റി കനം കുറച്ച് പരത്തി ഷീറ്റുരൂപത്തിലാക്കി ഉണക്കിക്കറുപ്പിച്ച് എടുക്കുമ്പോഴാണ് ഉത്പന്നം വിപണിയില്‍ എത്തിക്കാനാകുക. വെട്ടുചാലിലും ചിരട്ടയിലും ബാക്കിയാകുന്ന ഒട്ടുപാലിനും വിപണിയില്‍ ആവശ്യമുണ്ട്. ശാസ്ത്രീയമായ നടീലും ടാപ്പിംഗും ഒരു ഏക്കറിൽ നിന്നും ഒരു ദിവസം 7-10 കിലോഗ്രാം വരെ ഉണങ്ങിയ റബ്ബർ ലഭ്യമാവുന്നു.
റബ്ബർ കൃഷിക്ക് വേനൽക്കാലത്ത് കൃത്രിമ ജലസേചനം ആവശ്യമായി വരുന്നു. വേനൽക്കാലത്തുളള ജലസേചനം റബ്ബർ ടാപ്പിംഗ് 6 മാസം മുതൽ 1വർഷം വരെ നേരത്തെയാക്കുന്നു എന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. കൂടാതെ റബ്ബറിന്റെ വളർച്ചക്ക് ജൈവവളം രാസവളങ്ങളോടൊപ്പം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള വളപ്രയോഗം ടാപ്പിംഗിന്റെ സമയം നേരത്തെയാക്കുന്നു. റബ്ബറിന് ആഗോളത്തലത്തിൽ വലിയ സാധ്യതകൾ ആണുളളത്. റബ്ബറിന്റെ ആഗോളവില നിർണ്ണയിക്കുന്നത് ബാങ്കോക്കിലെ വിപണിയാണ്. കേരളത്തിൽ കൃഷി ചെയ്തു് ലഭ്യമാകുന്ന റബ്ബര്‍ ആര്‍ എസ് എസ് 1, ആര്‍ എസ് എസ് 2, ആര്‍ എസ് എസ് 3, ആര്‍ എസ് എസ് 4, ആര്‍ എസ് എസ് 5 എന്നീ ഗ്രേഡുകളാണ്. ഇത്തരത്തില്‍ ഗ്രേഡുകള്‍ വേര്‍തിരിച്ച് 50 കിലോഗ്രാം തൂക്കം വരുന്ന കെട്ടുകളായാണ് റബ്ബര്‍ വിപണിയിലെത്തിക്കേണ്ടത്. ആര്‍ എസ് എസ് 4/5 എന്ന ഉയര്‍ന്ന ഗ്രേഡിനാണ് ആഗോള വിപണിയില്‍ കൂടുതൽ വിപണന സാധ്യത.