പശുവളര്‍ത്തലും ഫാം നവീകരണവും: “മാറുന്ന കാലം, മാറുന്ന രീതികള്‍”

രാജ്യത്തെ ക്ഷീരമേഖലയെ സമ്പുഷ്ടമാക്കുന്നതിൽ ആട്, എരുമ എന്നീ മൃഗങ്ങളെക്കാൾ വലിയ പങ്കാണ് പശുക്കൾ വഹിക്കുന്നത്. അതേസമയം, മറ്റ് ക്ഷീരോത്പാദന ഫാമുകൾ പോലെ തന്നെ ലാഭകരമായി നടത്തികൊണ്ടു പോകാനും പോഷക സമൃദ്ധമായ പാൽ ജനങ്ങൾക്ക് ലഭ്യമാക്കാനുമുളള കളമൊരുക്കുന്നു എന്നതാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത. പശുക്കളെ പാലിനു മാത്രമല്ല ഇക്കാലത്ത് ആശ്രയിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാലുത്പാദനവും പാലുത്പന്നങ്ങളുടെ നിര്‍മ്മണവും ജൈവവളത്തിന്റെ വിപണനവും തുടങ്ങി ഒട്ടനവധി സാധ്യതകള്‍ ഒരു ഫാം തുടങ്ങുന്നതിലൂടെ സാധ്യമാകുന്നു. കൂടാതെ, ചാണകത്തിൽ നിന്ന് ബയോ (ഗോബർ) ഗ്യാസുണ്ടാക്കിയും അതുപയോഗിച്ച് ചെറിയ രീതിയില്‍ വൈദ്യുതിയു ഉത്പാദിപ്പിക്കാനും കഴിയുന്നു. ബൾബുകൾ കത്തിക്കുക, കറവയന്ത്രം പ്രവർത്തിപ്പിക്കുക തുടങ്ങി ഫാമുമായി ബന്ധപ്പെടുന്ന ഏതാനും വൈദ്യുതി ആവശ്യങ്ങള്‍ ഇതിലൂടെ എളുപ്പത്തില്‍ പരിഹരിക്കപ്പടുന്നു, തന്മൂലം ചിലവും കുറയുന്നു. പരീക്ഷണങ്ങൾ തെളിയിക്കുന്നത് 4 മാസമായി പ്രവർത്തനനിരതമായ ബയോഗ്യാസ് പ്ളാന്റിൽ നിന്ന് ഏകദേശം 800 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്നവാൻ കഴിയുന്നതാണ്.

ഇന്നത്തെ കാലത്ത് ഒരു ഡയറി ഫാം തുടങ്ങുകയെന്നത് എളുപ്പമാണ്. പണ്ടുകാലത്ത് മനുഷ്യന്റെ കൈകൾ ചെന്നിടത്തൊക്കെ ഇന്ന് യന്ത്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന പല ജോലികളും യന്ത്രങ്ങളുടെ സഹായത്തോടെ ചെയ്ത്, പശുക്കൾക്ക് നല്ല പരിചരണം യഥാസമയത്തുള്ള ആരോഗ്യപരിപാലനം എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നു.

ഫാം തുടങ്ങിയതിനുളള സ്ഥലം മാത്രം ഒരു സംരംഭകൻ കണ്ടെത്തി കഴിഞ്ഞാൽ പിന്നെയുളള കാര്യങ്ങളെല്ലാം സർക്കാരിന്റെ സഹായത്തോടെ നടത്തി മുന്നേറാനുള്ള സാഹചര്യം നിലവിലുണ്ട്. ഫാം നടത്തിപ്പിനുളള ആനുകൂല്യങ്ങൾ മൃഗസംരക്ഷണവകുപ്പ്, ഗ്രാമവികസനവകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നു. കൂടാതെ സബ്സിഡികൾ ബാങ്ക് വഴി ലഭിക്കുന്ന സൗകര്യങ്ങൾ എന്നിവയും അതാത് വെബ്സൈറ്റുകൾ വഴി അറിയാൻ കഴിയും.

Photo Courtesy: Rojin Vijayarajan

ഏതൊരു കാര്യം തുടങ്ങുന്നതിനുമുമ്പും അതേ കുറിച്ച് ഒരു സമഗ്രമായ പഠനം നടത്തുന്നത് നല്ലതാണ്. പശു വളർത്തലിൽ ഏർപ്പെടാൻ പോകുന്നവർ അതേ കുറിച്ചുള്ള അവബോധം മുന്‍കൂട്ടി ഉണ്ടാക്കിയെടുക്കുന്നത് അവരവരുടെ വിജയത്തിലേക്കുളള വഴി എളുപ്പമാക്കുന്നു. തുടക്കകാർക്ക് 3 മുതൽ 5 വരെ പശുക്കളടങ്ങിയ ഫാമാണ് ഉത്തമം. പിന്നീട് അവ വിപുലീകരിക്കാനുള്ള വഴികളന്വേഷിക്കാം. ഫാമിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും കാലാവസ്ഥയും ആശ്രയിച്ചായിരിക്കണം താഴ്ന്ന വെളളക്കെട്ടുളള ഇടങ്ങൾ ഒഴിവാക്കി താരതമ്യേന ഉയർന്ന ഭൂപ്രദേശമാണ് നിർമ്മാണത്തിന് തിരഞ്ഞടുക്കേണ്ടത്. പശുവളര്‍ത്തല്‍ വ്യവസായികാടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് യന്ത്രവൽക്കരണം നല്ല ഉപാധിയാണ്. കറവക്കും പുല്ലരിയുന്നതിനുളള യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശുദ്ധീകരണ പമ്പുകളും ഉപയോഗിക്കാം.

പ്രതീക്ഷിക്കാതെ വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, പരിപാലനം, തീറ്റ എന്നിവയുടെ മാറ്റം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവ സഹിക്കാനിടവരുന്നൊരു മേഖലകൂടിയാണ് പശുവളര്‍ത്തല്‍. പ്രസവിക്കാൻ 12 മാസമുളള പശുക്കളെ തിരഞ്ഞെടുക്കുന്നതും നാലുമുലക്കാമ്പുകളും മൃദുവും പ്രവർത്തന സജ്ജമാവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യണം. കൂടാതെ യഥാസമയത്ത് കുത്തിവെയ്പ്പുകൾ നിർബന്ധമായെടുക്കുകയും വേണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ പശുവളർത്തലിൽ വൻലാഭം നേടാന്‍ കഴിയും.

വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങുന്ന ഫാമുകൾക്ക് അനുയോജ്യമായ വിദേശയിനം ജനുസ്സുകളും, നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച പശുക്കളും ധാരാളമായി ലഭ്യമാണ്. അതിൽ കുറുപ്പും വെളുപ്പും പാണ്ടുകളുളള പശുക്കളെ ഹോൾസ്റ്റെയിൻ ഫ്രീഷ്യൻ എന്നും, നെറ്റിയുടെ ഭാഗം കുഴിഞ്ഞിരിക്കുന്ന അവസ്ഥയിലുളള പശുക്കളെ ജെഴ്സി എന്ന് വിളിക്കുന്നു. വിഭാഗങ്ങൾ ഏറെയുണ്ടങ്കിലും പശുക്കളെ തിരഞ്ഞെടുക്കുന്നത് ജനുസ്സിനേറെ പ്രാധാന്യം കൊടുത്തിട്ടല്ല, മറിച്ച് പാലുത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും മുന്നിൽ കണ്ടാണ്. പാലുത്പാദനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുമ്പോൾ പശുവിന്റെ ആരോഗ്യം, ആദ്യ പ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും കണക്കിലെടുക്കേണ്ടതാവശ്യമാണ്. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിലെ ഇളം കറവയിലുളള പശുക്കളെ വളർത്താൻ തിരഞ്ഞെടുക്കുന്നതാണ് ഏറെ അനുയോജ്യം.

Also Read: പാലുത്പാദനത്തിന്റെ വികസനോന്മുഖത; ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

പാലിന്റെ വില്പന കോർപ്പറേറ്റ് സംരംഭങ്ങൾ മുഖേനയും, സർക്കാർ നടത്തുന്ന ക്ഷീരസംഘങ്ങൾ മുഖേനയും നടത്താം. കേരളത്തിൽ 14 ജില്ലകളിലുമായി വിവിധ സ്ഥലങ്ങളിൽ സർക്കാരിന്റെ വകുപ്പുകൾക്ക് താഴെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ കുടപ്പനക്കുന്ന്, വിതുര, കുരിയോട്ടുമല, ചെറ്റച്ചൽ എന്നിവിടങ്ങളിലും കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റിന്റെ കീഴിൽ മാട്ടുപെട്ടി, കുളത്തുപ്പുഴ, പാലക്കാട് ജില്ലയിലെ ധോണി എന്നിവിടങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ വഴി ജനങ്ങൾക്ക് ഗുണമേന്മയുള്ള പാലും ക്ഷീര കർഷകർക്ക് നല്ല സങ്കരയിനം പശുക്കൾ, കാലിത്തീറ്റ, പുൽകൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ വിതരണം ചെയ്യുന്നതിനും സഹായകമാവുന്നു.

Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

Save

Save

Jaya Balan

An aspiring writer and activist on gender issues.