വിഷുക്കാലം വരവായി; കേരളത്തിലിത് കണിവെള്ളരി കൃഷിയുടെ കാലം
വിഷു അടുത്തതോടെ വിഷു വിപണി ലക്ഷ്യമാക്കി കേരളത്തിൽ വീണ്ടുമൊരു കണിവെള്ളരി കൃഷിയുടെ സീസൺ കൂടി തുടങ്ങിയിരിക്കുകയാണ്. കേരളത്തിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പച്ചക്കറി കൂടിയാണ് കണിവെള്ളരി. ഇളം കായക്ക് പച്ചനിറവും പഴുക്കുമ്പോൾ ഓറഞ്ചു കലർന്ന മഞ്ഞ നിറവുമാകുന്ന കണിവെള്ളരി കേടുവരാതെ ഏറെനാൾ സൂക്ഷിക്കാമെന്ന മെച്ചവുമുണ്ട്.
കൊയ്ത്തു കഴിഞ്ഞ് പാടങ്ങൾ, മണൽകലർന്ന മണ്ണുള്ള പുഴയോരങ്ങൾ എന്നിവിടങ്ങളാണ് പ്രധാനമായും കണിവെള്ളരി കൃഷി ചെയ്യുന്നത്. പാലക്കാട്, മലപ്പുറം ജില്ലകൾ ഭാരതപ്പുഴയുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കണിവെള്ളരി കൂടുതലും വിളയുന്നത്.
സെന്റിന് രണ്ടു കി.ഗ്രാം കുമ്മായം ചേർത്ത് ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തിയ നിലത്തിൽ 2 മുതൽ 1.5 മീറ്റർ വരെ അകലത്തിൽ 60 സെ.മീ. വ്യാസവും 45 സെ. മീ. ആഴവുമുള്ള കുഴിയെടുത്താണ് കണിവെള്ളരി കൃഷിയിറക്കുന്നത്. വിഷുക്കണിക്കായി ഫിബ്രുവരി ആദ്യ വാരമെങ്കിലും കൃഷിയിറക്കണം.
വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് കണിവെള്ളരിക്ക് രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വം പച്ചക്കറികളില്‍ ഒന്നാണ് എന്നതും കണിവെള്ളരിയെ കർഷകർക്ക് പ്രിയങ്കരിയാക്കുന്നു. കറിവയ്ക്കാന്‍ ഉപയോഗിക്കാമെങ്കിലും കൂടുതല്‍ വിപണിയുള്ള വിഷുക്കാലത്താണ് മിക്കവരും കണിവെള്ളരി കൃഷി ചെയ്യുന്നത്.