തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും – ഒരു ചരിത്ര രേഖ
“ഒരാൾക്ക് മീൻ നൽകുന്നതും മീൻ പിടിക്കാൻ പഠിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം മീൻ നൽകിയാൽ ഒരു മണിക്കൂറിനകം അയാൾക്ക് വീണ്ടും വിശക്കുകയും മീൻ പിടിക്കാൻ പഠിപ്പിച്ചാൽ അത് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയും ചെയ്യുമെന്നതാണ്,” ആൻ ഇസബെല്ല താക്കറെ തന്റെ 1885 ൽ പുറത്തിറങ്ങിയ മിസ്സിസ് ഡൈമണ്ട് എന്ന നോവലിൽ എഴുതി. 120 വർഷങ്ങൾക്കിപ്പുറം ആ വരികൾക്ക് 2010 ലെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ അർഥവും മാനവും കൈവരുകയാണ്. പ്രത്യേകിച്ചും, വർഷങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമീണ, ഇടത്തരം-ചെറുകിട കർഷകരുടെ അസംതൃപ്തിയും രോഷവും കർഷക സമരങ്ങളായും മാർച്ചുകളായും കലാപമായും പൊട്ടിത്തെറിക്കുന്നതിന്റെ പശ്ചാത്തലത്തിൽ!
വിളവെടുത്ത തക്കാളികൾ ലോറിച്ചക്രങ്ങൾക്ക് ചതച്ചരയ്ക്കാൻ ഇട്ടുകൊടുത്ത ചത്തീസ്ഗഡിലെ കർഷകർ മുതൽ, ആത്മഹത്യ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയ ഉത്തർപ്രദേശിലെ കരിമ്പു കർഷകരും, വിളവ് തീയിട്ട് നശിപ്പിച്ച ആന്ധ്രയിലേയും തെലുങ്കാനയിലേയും കൃഷിക്കാരും, ടൺ കണക്കിന് പാൽ പെരുവഴിയിൽ ഒഴുക്കിക്കളഞ്ഞ മഹാരാഷ്ട്രയിലെ ക്ഷീരകർഷകരും, തൃച്ചി കളക്ടറുടെ ഓഫീസിന് മുന്നിൽ എലിയെ പാകം ചെയ്ത് ഭക്ഷിച്ച തമിഴ്നാട്ടിലെ കർഷകർ വരെ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ കാർഷിക മേഖല നേരിടുന്ന അതീവ ഗുരുതരവും അടിയന്തിര പ്രാധാന്യവുമുള്ള ഒരു ചോദ്യമാണ്. ആ ചോദ്യത്തിന്റെ വേരുകൾ മുറുക്കുപ്പിടിക്കുന്നത് ദ്രുതഗതിയിൽ, കുത്തനെ വളരുന്ന ഒരു സമ്പദ്വ്യവസ്ഥയിലും തലകീഴായ സമ്പത്തിന്റെ വിതരണത്തിലുമാണ്.
സമീപ വർഷങ്ങളിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില വർധനയും വായ്പകൾ എഴുതിത്തള്ളുന്ന പ്രത്യേക പാക്കേജുകളും ആവശ്യപ്പെട്ട് നിരത്തിലിറങ്ങുന്ന കർഷകർ ഇന്ത്യയിലുടനീളം പതിവ് കാഴ്ചയാണ്. പിങ്ക് ബോൾവോം ആക്രമണം, രാത്രി വൈകിയെത്തുന്ന നോട്ടുനിരോധനം, വരൾച്ചകൾ, കുടുംബാംഗങ്ങളിൽ ഒരാൾക്ക് പിടിപെടുന്ന ഒരു മാരകരോഗം, വിപണിയിലെ മുരടിപ്പ്, എന്നിങ്ങനെ അനവധി കാരണങ്ങളിൽ ഒന്നു മതി ഇന്നത്തെ ഇടത്തരം, ചെറുകിട കർഷകരെ ദുരിതക്കയത്തിലേക്ക് തള്ളിയിടാൻ. വിപണിയിലെത്തുന്ന കാർഷിക ഉൽപ്പന്നങ്ങൾ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള മധ്യവർഗ ഉപഭോക്താക്കൾ നല്ല വിലകൊടുത്ത് വാങ്ങുമ്പോഴാണ് ഈ അവസ്ഥയെന്നതാണ് വൈരുദ്ധ്യം! അതിനാൽ ജനപ്രിയ വാചക കസർത്തുകൾക്കും രാഷ്ട്രീയ മുതലെടുപ്പിനും അപ്പുറം കർഷകരുടെ ഈ ദുരിതാവസ്ഥയുടെ സാമൂഹ്യ, രാഷ്ട്രീയ മാനങ്ങൾ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
തെരുവുകളിൽ തിളച്ചു മറിയുന്ന കർഷക രോഷം തണുപ്പിക്കാനുള്ള ഏറ്റവും ജനപ്രിയ പരിഹാരമെന്ന നിലയിലാണ് കാർഷിക വായ്പകൾ എഴുതിത്തള്ളൽ പ്രഖ്യാപനങ്ങൾ വാർത്തകളിൽ നിറഞ്ഞു തുടങ്ങിയത്. വരുമാനത്തിലെ ഇടിവ്, കുറഞ്ഞ വളർച്ചാ നിരക്ക്, ക്രമം തെറ്റി ഉയരുന്ന കർഷക ആത്മഹത്യാ നിരക്ക് എന്നിങ്ങനെ ഇന്ത്യൻ കാർഷിക മേഖലയെ ഗ്രസിച്ചിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള മാന്ത്രികവടിയായാണ് പലപ്പോഴും ഈ എഴുതിത്തള്ളൽ പ്രഖ്യാപനങ്ങൾ കൊട്ടിഘോഷിക്കപ്പെടാറുള്ളത്. ഏപ്രിൽ 2017 മുതൽ 1.9 ട്രില്യൺ രൂപയുടെ കാർഷിക കടങ്ങളാണ് 10 സംസ്ഥാനങ്ങളിലായി എഴുതിത്തള്ളിയത്. ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഇടത്തരം, ചെറുകിട കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളാൻ പാക്കേജുകൾ പ്രഖ്യാപിച്ചത്. മാത്രമല്ല, 2019 ൽ പൊതുതെരഞ്ഞെടുപ്പിനായി കച്ചമുറുക്കുന്ന കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനം തന്നെ ദേശീയതലത്തിലുള്ള കാർഷിക വായ്പാ എഴുതിത്തള്ളൽ പ്രഖ്യാപനമാണ്.
സാമ്പത്തിക രംഗത്തുനിന്നും ഉയരുന്ന മുന്നറിയിപ്പുകൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് സംസ്ഥാനങ്ങൾ ഈ ജനപ്രിയ വായ്പാ എഴുതിത്തള്ളൽ പാക്കേജുകൾ പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും. എന്നാൽ, ഈ പദ്ധതികളുടെ ഗുണം ഒരു ചെറു വിഭാഗം കർഷകർക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നു. ദേശീയതലത്തിൽ ഏകദേശം 60 ശതമാനം കാർഷിക കുടുംബങ്ങളും വായ്പ എഴുതിത്തള്ളൽ പദ്ധതികളുടെ പുറത്താണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചില സംസ്ഥാനങ്ങളിൽ ഇത് 85 ശതമാനം വരെ ഉയരുന്നുമുണ്ട്. തെലങ്കാന സർക്കാരിന്റെ കാർഷിക കടം എഴുതിത്തള്ളൽ പാക്കേജ് ലഭിച്ച കർഷകരുടെ അനുഭവം സർക്കാർ സംവിധാനങ്ങൾ വരുത്തുന്ന കാലതാമസം മൂലം തവണകളായി എഴുതിത്തള്ളുന്ന വായ്പയുടെ പലിശ പെരുകുകയും കടം എഴുതിത്തള്ളൽ പാക്കേജിന്റെ ആനുകൂല്യങ്ങൾ ഫലത്തിൽ ഇല്ലാതാക്കപ്പെടുകയും ചെയ്യുക എന്നതായിരുന്നു. മാത്രമല്ല, 100% വായ്പയും എഴുതിത്തള്ളാൻ ഭാഗ്യം ലഭിച്ച കർഷകരാകട്ടെ തങ്ങൾക്ക് ലഭിച്ച പുതിയ വായ്പകൾ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടു. അതുവഴി, ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന, തീരാക്കടത്തിന്റെ ഒരു ചുഴിയിലേക്ക് അവർ വീഴുകയും ചെയ്തു.
1990 കൾ മുതലാണ് കിട്ടാക്കടമായി മാറുന്ന കാർഷിക വായ്പകൾ എഴുതിത്തള്ളുക എന്ന എളുപ്പവഴി സർക്കാരുകൾ പ്രയോഗിച്ചു തുടങ്ങിയത്. എന്നാൽ, ബാങ്കിങ്, കാർഷിക മേഖലകളിൽ നിന്നുള്ള അന്നു മുതലുള്ള കണക്കുകളും സൂചനകളും കാണിക്കുന്നത് ഒരു കർഷകന്റെ കടം എഴുതിത്തള്ളുമ്പോൾ അതേ ബാങ്കിൽ നിന്നുള്ള തുടർ വായ്പകൾക്കുള്ള സാധ്യത മങ്ങുന്നു എന്നാണ്. കാരണം ബാങ്കിൻറെ കാഴ്ചപ്പാടിൽ ഈ കർഷകൻ എന്‍ പി എ (non-performing asset) അപകട സാധ്യതയുള്ള ഒരു കടക്കാരനാണ് എന്നതുതന്നെ. ബാങ്കിങ് സ്ഥാപനങ്ങൾ മുഖം തിരിക്കുമ്പോൾ സ്വകാര്യ പണമിടപാടുകാരാണ് കർഷകർക്ക് ആശ്രയം എന്ന് വരുന്നു. ഉയർന്ന പലിശനിരക്കിനു പുറമെ മറ്റു വ്യവസായങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാർഷിക ഉൽപാദനം പല ഘടകങ്ങളുടെ കാരുണ്യത്തിലായതിനാൽ ഇത് വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് കർഷകരെ എത്തിക്കുന്നു. മൺസൂൺ ആശ്രിത കാർഷിക വ്യവസ്ഥയുള്ള രാജ്യത്ത് നല്ലതോ മോശമായതോ ആയ ഒരു മൺസൂൺ ഉൽപാദനത്തിലും കർഷകരുടെ വരുമാനത്തിലും വൻതോതിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. തത്ഫലമായി വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവും ക്രമേണ രൂപം കൊള്ളുന്ന കാർഷിക പ്രതിസന്ധിയും ഇടത്തരം, ചെറുകിട കർഷകരെ നിൽക്കക്കള്ളിയില്ലാത്തവരാക്കുകയും പ്രതിഷേധവുമായി തെരുവിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
കർഷകരുടെ വരുമാനത്തിലുള്ള ചാഞ്ചാട്ടം ഒരു ദേശീയ പ്രശ്നമായതോടെ കർഷക രോഷം നേരിടാൻ കേന്ദ്ര സർക്കാർ താങ്ങുവില (എം എസ് പി) പ്രഖ്യാപനവുമായി രംഗത്തെത്തി. 2018ൽ ഖാരിഫ് വിളകൾക്കും 2019 ൽ റാബി വിളകൾക്കും എം എസ് പി ഗണ്യമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടേയും സംഭരണ സംവിധാനങ്ങളുടേയും അപര്യാപ്തതയും ഭൂമിയുടെ വാടകയും മറ്റു ചെ ചെലവുകളും (സി 2) എം എസ് പിയിൽ നിന്ന് ഒഴിവാക്കുന്നതും, പണപ്പെരുപ്പത്തിന്റെ ആഘാതവും എം എസ് പിയുടെ പൂർണഫലം ദുരിതമനുഭവിക്കുന്ന കർഷകരിൽ എത്താതെ തടയുന്നു. മിക്ക സാഹചര്യങ്ങളിലും, കർഷകന്റെ വരുമാനം ചെലവുകൾക്ക് തുല്യമാകുകയോ ലാഭമായി മാറുകയോ ചെയ്യുന്നില്ല. ഈ സാഹചര്യം കൃഷിക്കാരെ അവരുടെ കൃഷി ഭൂമി ഉപേക്ഷിച്ച് കുടിയേറ്റ തൊഴിലാളികളായി മാറുന്നതിലോ ആത്മഹത്യ പോലുള്ള നടപടികളിലോ എത്തിക്കുന്നു. ഗ്രാമീണ കടബാധ്യതയുടെ ചരിത്രപരമായ പരിണാമം പരിശോധിച്ചാൽ അത് നൂറ്റാണ്ടുകളായി സ്വാഭാവികമായ കീഴ്വഴക്കം എന്ന നിലയിൽ ആചരിച്ചു പോന്ന സമ്പത്തിന്റെ ക്രമരഹിതമായ വിതരണവും അതുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളും ചേർന്ന് രചിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തകഥ വെളിപ്പെടുത്തുന്നു.
“ഇന്ത്യയിലെ ചെറുകിട, അസംഘടിത മേഖലയെ സംബന്ധിച്ചിടത്തോളം കാർഷികവൃത്തി വരുമാനം നേടിത്തരുന്ന ഒന്നല്ല. കർഷകർ ജീവച്ഛവമായി ജീവിതം ജീവിച്ചു തീർക്കുന്നു. അത് മന്ദഗതിയിലുള്ള പട്ടിണി മരണം പോലെ ഒന്നാണ്. അവർ കടത്തിന്റെ ഭാരം താങ്ങാനാകാതെ ഞെരുങ്ങി ജീവിക്കുന്നു,” ഗാന്ധിജിയുടെ ജീവചരിത്രകാരൻ ഡോ ജി ടെൻഡുൽക്കർ 1953 ലെ ഒരു ലേഖനത്തിൽ എഴുതി.
കൊളോണിയൽ കാലഘട്ടത്തിന് മുമ്പ് കർഷകർ പ്രധാനമായും അരി, ഗോതമ്പ് എന്നീ രണ്ട് വിളകളാണ് ഉൽപ്പാദിപ്പിച്ചു കൊണ്ടിരുന്നത്. അപരിഷ്കൃതമെങ്കിലും പ്രാദേശിക ഗ്രാമീണ സമൂഹത്തെ തീറ്റിപോറ്റാൻ പര്യാപ്തമായ നാടൻ സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും ഉപയോഗിച്ചിരുന്നതിനാൽ ഗ്രാമങ്ങൾ ഒരു പരിധി വരെ സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കോളനിവൽക്കരണത്തിനു ശേഷം, ബ്രിട്ടീഷുകാർ ഇന്ത്യയുടെ കാർഷിക മേഖലയെ കറവപ്പശുവായി കാണുകയും പരമാവധി ലാഭം ഊറ്റിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കയും ചെയ്തു. ജമീന്ദാരി സമ്പ്രദായം പോലുള്ള പിന്തിരിപ്പൻ ഫ്യൂഡൽ ഭൂവുടംസ്ഥതാ സമ്പ്രദായങ്ങൾ ബ്രിട്ടീഷുകാർ നിലനിർത്തുകയും സമർഥമായി ഉപയോഗിക്കുകയും ചെയ്തു. കാർഷിക സാങ്കേതികവിദ്യകൾ കാലാനുസൃതമായി പരിഷ്ക്കരിക്കാനോ ഉൽപാദനക്ഷമത വർധിപ്പിക്കാനോ ശ്രമിക്കാതെ ബ്രിട്ടീഷ് വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭക്ഷ്യ വിളകൾക്കു പകരം കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ നിർബന്ധിതരാക്കുകയായിരുന്നു ബ്രിട്ടീഷ് നയം. കൊളോണിയൽ ഭരണാധികാരികളും ഫ്യൂഡൽ ഭൂവുടമകളും ചേർന്ന ഈ ചൂഷകസഖ്യം പരമാവധി ലാഭം നേടിയെടുക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നി. എന്നാൽ സാമ്പത്തിക മാന്ദ്യം, പ്രകൃതിക്ഷോഭങ്ങൾ, തുടർച്ചയായ ഭക്ഷ്യക്ഷാമങ്ങൾ എന്നിവ കർഷക പ്രക്ഷോഭങ്ങൾ ആളിപ്പടരാൻ ഇടയാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധമെടുത്ത കർഷകർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും ഊർജ്ജം പകർന്നു. രാജ്യം സ്വാതന്ത്യ്രത്തിലേക്ക് ചുവടുവച്ചത് സ്വയംപര്യാപ്തത നഷ്ടപ്പെട്ട് നടുനൊടിഞ്ഞ ഗ്രാമീണ സമ്പദ്വ്യവസ്ഥകളുമായാണ്. ദാരിദ്ര്യം മൂലം നട്ടംതിരിഞ്ഞ കർഷകരും കർഷക തൊഴിലാളികളും ഭൂപരിഷ്കരണം, വേതന വർധന, താങ്ങുവില നിശ്ചയിക്കൽ, ഭൂരഹിത തൊഴിലാളികളുടെ പുനരധിവാസം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വദേശി സർക്കാരിനെതിരെയും പ്രതിഷേധങ്ങൾ തുടർന്നു. എന്നാൽ, ബ്രിട്ടീഷുകാർ ഏൽപ്പിച്ച മുറിവുകൾ ഉണക്കുന്നതിനു പകരം സ്വദേശി സർക്കാരുകളുടെ കാർഷിക പരിഷ്ക്കാരങ്ങൾ കർഷകരുടെ ദുരിതം വർദ്ധിപ്പിക്കുവാൻ മാത്രമേ ഉപകരിച്ചുള്ളൂ.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടു പതിറ്റാണ്ടുകൾ. ഭൂപരിഷ്കരണം, ജലസേചന വികസനം, വായ്പാ ലഭ്യത വർധിപ്പിക്കൽ എന്നിവയ്ക്ക് മുൻഗണന നൽകി. സർക്കാർ പദ്ധതികൾ ഈ ലക്ഷ്യങ്ങൾ പൂർണമായും നേടിയില്ലെങ്കിലും 1960 കളിലെ ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് അടിത്തറയിടാൻ അവയ്ക്ക് കഴിഞ്ഞു. ഇന്ന് സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന കൃഷി 58 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവന മാർഗമാണ്. എന്നാൽ, കൃഷിയും അനുബന്ധ മേഖലകളായ കന്നുകാലി, വനം, മത്സ്യബന്ധനം തുടങ്ങിയവയും ചേർന്ന് ജിഡിപിയുടെ 15 മുതൽ 20 ശതമാനം വരെയാണ് സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടം മുതൽ സംഭാവന ചെയ്യുന്നത്.
ഹരിത വിപ്ലവത്തോടെ ഇന്ത്യൻ കാർഷിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. കാർഷിക വിഭവങ്ങളുടെ വിതരണത്തിലും ഉല്പാദനത്തിലും ഉപഭോഗത്തിലും, അതിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലും വിപ്ലവകരവും ദൂരവ്യാപകവുമായ മാറ്റങ്ങൾക്ക് ഇത് വഴിതുറന്നു. കൃഷി ഒരു സംസ്ക്കാരം എന്നതിലുപരി ഉയർന്ന ഉൽപാദനക്ഷമതയേയും അതിന് സഹായിക്കുന്ന സാങ്കേതിക വിദ്യകളേയും ചുറ്റിപ്പറ്റി വളരുന്ന ഒരു വ്യവസായമായി. 1964 ൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ് സി ഐ) രൂപീകരിക്കുകയും 1965 ൽ ഒരു കാർഷിക വില കമ്മീഷനെ നിയമിക്കുകയും ചെയ്ത് കേന്ദ്രം കർഷകരുടെ ക്ഷേമവും ഭക്ഷ്യ സുരക്ഷയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കൈകാര്യം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അടിത്തട്ടിൽ ശക്തമായിരുന്ന സമ്പത്തിന്റെ വിതരണത്തിലും ഭൂവുടമസ്ഥതയിലും ഉള്ള അസമത്വവും പിന്തിരിപ്പൻ ജാതി വ്യവസ്ഥയും ഗ്രാമീണ കാർഷിക സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സമതുലിതാവസ്ഥയെ തകർക്കുക തന്നെ ചെയ്തു.
Also Read: കേരളത്തില്‍ സാധ്യതകള്‍ കണ്ടെത്തുന്ന കരിങ്കോഴി വളര്‍ത്തല്‍
കാർഷിക മേഖലയിലെ അസ്വസ്ഥതകൾ പെരുകിയതോടെ 70-കളുടെ മധ്യത്തിൽ കേന്ദ്രം താങ്ങുവില സമ്പ്രദായം പ്രധാന നയമാക്കി. കാർഷിക സംവിധാനത്തെ താങ്ങിനിർത്താനും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും എം എസ് പി സമ്പ്രദായം സഹായിച്ചു. വിപണി വില താങ്ങുവിലയ്ക്കും താഴെയാകുമ്പോൾ കർഷകർക്ക് തങ്ങളുടെ വിളവ് സർക്കാരിന് വിൽക്കാൻ കഴിയുമായിരുന്നു. മറിച്ച്, സർക്കാരാകട്ടെ ഇത് അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കുകയോ രാജ്യത്തെ പൊതുവിതരണ സമ്പ്രദായം വഴി തിരികെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയോ ചെയ്തു. കാർഷിക മേഖലയ്ക്ക് നൽകുന്ന മൊത്തം കേന്ദ്ര-സംസ്ഥാന സബ്സിഡികളിലും കാര്യമായ വർധന ഈ കാലയളവിൽ ഉണ്ടായി. ഏതാണ്ട് 2.2 ട്രില്യൺ ഡോളറാണ് സർക്കാർ ഈ കാലയളവിൽ വിവിധ കാർഷിക സബ്സിഡികളായി നൽകിയത്. ഇത് ജിഡിപിയുടെ ഏകദേശം 10 ശതമാനവും ശരാശരി കാർഷിക വരുമാനത്തിന്റെ 12 ശതമാനത്തോളവും വരും.
കേന്ദ്ര, സംസ്ഥാന സബ്സിഡികളും, താങ്ങുവില സമ്പ്രദായവും ചേർന്ന് കാർഷിക മേഖലയ്ക്ക് നേരിയ ഉണർവ് നൽകിയെങ്കിലും, 1995 ൽ ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. കാർഷിക രംഗത്തിന്റെ വ്യവസായവൽക്കരണവും വിപണി കേന്ദ്രീകൃതമായ ഉല്പാദനവും വിപണി വിലകളുടെ ചാഞ്ചാട്ടവും കർഷകരെ സമ്മർദത്തിലാക്കി. സമൂലമായ സാമ്പത്തിക പരിഷ്കാരങ്ങളും ലിബറൽ ഇറക്കുമതി, കയറ്റുമതി നയങ്ങളും അന്താരാഷ്ട്ര വ്യാപാര കരാറുകളും ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ ഇന്ത്യൻ ഗ്രാമങ്ങളിലെ ഇടത്തരം, ചെറുകിട കർഷകർ, ആഗോള വിപണിയിലേക്കും കഴുത്തറപ്പൻ തീരുവ യുദ്ധങ്ങളിലേക്കും വലിച്ചെറിയപ്പെട്ടു. താളംതെറ്റിയ ഭൂപരിഷ്കരണം, വരുമാനത്തിലും, സമ്പത്തിന്റെ വിതരണത്തിലുമുള്ള അസമത്വം എന്നിവ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കി. കാർഷിക മേഖലയ്ക്കും കർഷകർക്കും താങ്ങായി വിവിധ സ്ഥാപനങ്ങളിലൂടെ സഹായമെത്തിക്കുക എന്ന ചുമതലയിൽ നിന്ന് സർക്കാർ പിന്മാറുക കൂടി ചെയ്തതോടെ പൂർണമായും വിപണി ശക്തികളുടെ കാരുണ്യത്തിലായി സാധാരണ ഇന്ത്യൻ കർഷകന്റെ കാർഷിക ജീവിതം. ഇറക്കുമതി നിയന്ത്രണങ്ങളുടെ സംരക്ഷണം അനുഭവിച്ചിരുന്ന കാർഷികോൽപ്പന്നങ്ങളുടെ വിലയും കുത്തനെ ഇടിഞ്ഞു.
Also Read: അക്വാപോണിക്സ്: നൂതനമായ സംയോജിതകൃഷി വീട്ടുവളപ്പില്‍ ചെയ്യാം; ലാഭകരമായി തന്നെ
90-കളിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി നിർണായകമായ കാർഷിക സബ്സിഡികൾ വെട്ടിക്കുറച്ചതോടെ ഇടത്തരം, ചെറുകിട കർഷകർക്ക് വിത്തുകൾ, വളം, കീടനാശിനികൾ, തൊഴിലാളി വേതനം, വൈദ്യുതി എന്നിവയ്ക്കായി കൂടുതൽ തുക കണ്ടെത്തേണ്ടി വന്നു. മറുവശത്ത്, ഉൽപാദനച്ചെലവിലും ലാഭത്തിലും അനുസൃതമായ വർദ്ധന ഉണ്ടാകാത്തതിനാൽ ഈ വിടവ് നികത്താൻ കഴിഞ്ഞില്ല. നല്ല വിളവ് ലഭിച്ചിട്ടും വില കുത്തനെ ഇടിയുന്നതിനാൽ കർഷകർക്ക് അത് മുതലാക്കാനായില്ല. മോശം വിളവ് ലഭിച്ചപ്പോഴാകട്ടെ ജനരോഷം ഭയന്ന് സർക്കാർ ഭക്ഷ്യ വസ്തുക്കളുടെ വില ഒരു പരിധിവിട്ട് ഉയരാൻ അനുവദിച്ചതുമില്ല.
നല്ലൊരു ശതമാനം ചെറുകിട, ഇടത്തരം കർഷകർ താങ്ങുവില സംരക്ഷണത്തിന് പുറത്താക്കപ്പെട്ടപ്പോൾ താങ്ങുവിലയുടെ ഗുണം ലഭിച്ച ഭാഗ്യശാലികളായ കർഷകർക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങളുടേയും സംഭരണ സംവിധാനങ്ങളുടേയും അഭാവം വിനയായി. 90 കളുടെ അന്ത്യത്തോടെ, ഈ രോഗാവസ്ഥ ഗുരുതരമാകുകയും കാർഷിക രംഗത്തെ നിക്ഷേപത്തിലും കാർഷിക ഗവേഷണത്തിനായി മാറ്റിവക്കുന്ന പൊതുപണത്തിന്റെ പങ്കിലും കുറ്റകരമായ അവഗണനയുണ്ടായി. ഇത് രാജ്യവ്യാപകമായ കാർഷിക സമരങ്ങൾക്ക് തിരികൊളുത്തി. രാജ്യത്തിന് സമ്പത്ത് നേടിക്കൊടുക്കുന്ന കാര്യത്തിൽ സേവന, വ്യാവസായിക മേഖലകൾ കർഷിക മേഖലയെ പിന്നിലാക്കി കുതിപ്പു തുടങ്ങി. അടുത്ത ദശാബ്ദത്തിൽ വിപണി ശക്തികളുടെ സ്വാധീനമാണ് കാർഷിക നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായകമായത്. കർഷകരാകട്ടെ വിലകൂടിയ, ഉയർന്ന ഉല്പാദനശേഷിയുള്ള, ജനിതക വ്യതിയാനം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ പ്രേരിതരാകുകയും ചെയ്തു. എന്നാൽ ഈ വിത്തുകൾ കാർഷിക ചെലവുകൾ കുത്തനെ ഉയർത്തി കടബാധ്യത വർധിപ്പിച്ചു. ഞെട്ടിപ്പിക്കുന്നതും ക്രമരഹിതവുമായ കർഷക ആത്മഹത്യകളുടെ സ്ഥിതിവിവര കണക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നു തുടങ്ങി.
കർഷകർക്ക് മുൻതൂക്കം നൽകുന്ന, രാഷ്ട്രീയ ശരിയെ മുറുകെ പിടിക്കുന്ന പ്രതിഛായ നിലനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാടുപെട്ടു. തുടർന്ന് “കർഷക ആത്മഹത്യയുടെ ഇരകൾ” എന്നൊരു നഷ്ടപരിഹാര വിഭാഗം സൃഷ്ടിക്കപ്പെക്കുകയും “നഷ്ടപരിഹാരം കിട്ടുന്ന തരത്തിൽ” ആത്മഹത്യ ചെയ്യാനുള്ള നിബന്ധനകൾ പ്രചാരത്തിലാകുകയും ചെയ്തു. ഈ രോഗാതുര സാഹചര്യത്തിലാണ് കാർഷിക കടം എഴുതിത്തള്ളൽ പ്രഖ്യാപനങ്ങൾ സർക്കാരുകൾക്കും കർഷകർക്കും ഒരുപോലെ പ്രിയപ്പെട്ടവയായത്. രാജ്യത്തെ ആദ്യത്തെ കാർഷിക കടാശ്വാസ പരിപാടി അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ് 1990 ൽ പ്രഖ്യാപിച്ചു. കേന്ദ്ര ഖജനാവിൽ നിന്ന് 10,000 കോടി ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതി ഗ്രാമീണ വായ്പാ സംവിധാനങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുകയും ആ ശൂന്യതയിലേക്ക് സ്വകാര്യ, കൊള്ളപ്പലിശക്കാർ ഇരച്ചുകയറുകയും ചെയ്തു. കൂടാതെ കടങ്ങൾ എഴുതിത്തള്ളിയത് മൂലമുള്ള ആഘാതത്തിൽ നിന്ന് കരകയറാൻ ബാങ്കുകൾക്ക് നിരവധി വർഷങ്ങൾതന്നെ വേണ്ടിവന്നു.
2008 ൽ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിന്റെ കീഴിൽ ധനകാര്യമന്ത്രി പി ചിദംബരം 21-ാം നൂറ്റാണ്ടിലെ ആദ്യ കാർഷിക കടാശ്വാസ പദ്ധതി തുടങ്ങിവച്ചു. കാർഷിക കടാശ്വാസവും കടം എഴുതിത്തള്ളലും ഉൾപ്പെടുന്ന പദ്ധതി 52,000 കോടി രൂപയുടെ ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. 2014 ൽ ആന്ധ്രപ്രദേശും തെലുങ്കാനയും യഥാക്രമം 24,000 കോടി രൂപയുടേയും 17,000 കോടി രൂപയുടേയും കാർഷിക കടം എഴുതിത്തള്ളി. 2016 ൽ ആളിക്കത്താൻ തുടങ്ങിയ കർഷകരുടെ രോഷം തണുപ്പിക്കാൻ അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 5,780 കോടിയുടെ കാർഷിക കടാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും 2017 ൽ കാർഷിക വായ്പ എഴുതിത്തള്ളൽ പ്രഖ്യാപനമെന്ന സൂത്രവാക്യം പ്രയോഗിച്ചു. സംസ്ഥാനത്തെ ഇടത്തരം, ചെറുകിട കർഷകർക്ക് 9,500 കോടി രൂപയുടെ പാക്കേജാണ് പഞ്ചാബ് നൽകിയത്. അതേ വർഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 8,165 കോടി രൂപയുടെ കാർഷിക കടാശ്വാസ പദ്ധതി അവതരിപ്പിച്ചു. വായ്പ എഴുതിത്തള്ളൽ പദ്ധതിയുടെ ജനപ്രിയതയെ ചെറുക്കാൻ കഴിയാതിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 34,022 കോടി രൂപയുടെ കടാശ്വാസ പാക്കേജുമായി തൊട്ടുപിന്നാലെ രംഗത്തെത്തി.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ 6000 കോടി രൂപയുടെ കാർഷിക പാക്കേജ് പ്രഖ്യാപിച്ചതും 2017 ലാണ്. 2018 ൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രയോഗിച്ച തുറുപ്പുചീട്ടും കാർഷിക കടം എഴുതിത്തള്ളൽ വാഗ്ദാനങ്ങളായിരുന്നു. ഭരണം കൈയ്യാളിയിരുന്ന സർക്കാരുകൾ നിലംപൊത്തിയ ആ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാർഷക രോഷത്തിന്റെ തീവ്രത കാട്ടിത്തരുകയും ചെയ്തു. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ള പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ കാർഷിക വായ്പ എഴുതിത്തള്ളൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു ജനപ്രിയ പ്രവണതയായി മാറുന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഷിക വായ്പ എഴുതിത്തൽ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാക്കി പ്രചാരണം നടത്തുന്നത് പോലുള്ള തന്ത്രങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന് രഘുറാം രാജൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ശുപാർശ ചെയ്യുകയും ചെയ്തു. ഇത്തരം പ്രവണതകൾ കാർഷിക മേഖലയിലെ നിക്ഷേപം തടയുകയും സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.
Also Read: കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള എളുപ്പ മാർഗമെന്ന നിലയിൽ കാർഷിക കടം എഴുതിത്തള്ളൽ പ്രഖ്യാപനങ്ങൾ ആഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നതിനിടെയാണ് തെലുങ്കാന “റിഥു ബന്ധു” പദ്ധതിയുമായി രംഗത്തെത്തിയത്. അഗ്രിക്കൾച്ചറൽ ഇൻവെസ്റ്റ്മെൻറ് സപ്പോർട്ട് സ്കീം എന്നും അറിയപ്പെട്ട ഈ പദ്ധതി പ്രകാരം വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, തൊഴിലാളി വേതനം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ഏക്കറിന് 4,000 രൂപ ആദ്യഘട്ട നിക്ഷേപം എന്ന നിലയിൽ ഓരോ കർഷകർക്കും സംസ്ഥാന സർക്കാർ ലഭ്യമാക്കി. കടങ്ങൾ എഴുതിത്തള്ളുന്നതിനു പകരം കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കാനും കൃഷിക്കാരുടെ വരുമാനം ഉയർത്താനും കടക്കെണിയിൽ കുടുങ്ങാതെ ഒരു പരിധിവരെ കർഷകരെ സംരക്ഷിക്കാനും ഈ നിക്ഷേപ സഹായത്തിന് കഴിഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുന്ന 1.5 മില്യൺ കർഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല.
തെലുങ്കാനയിലെ റിഥു ബന്ധു പദ്ധതിയുടെ വിജയം ഒഡീഷ സർക്കാരിനെ 2018 ഡിസംബറിൽ സമാനമായ ഒരു നിക്ഷേപ സഹായ പദ്ധതിയ്ക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചു. 5000 കോടി രൂപ വകയിരുത്തിയ ഈ പദ്ധതിയിൽ ഭൂരഹിതരായ ഗ്രാമീണ കർഷകരും ഉൾപ്പെടും. മത്സ്യം, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ ആദ്യ നിക്ഷേപമായി 10,000 രൂപ മുതൽ 12,500 രൂപ വരെ കർഷകർക്ക് ഈ പദ്ധതിയിലൂടെ സർക്കാർ ലഭ്യമാക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭങ്ങൾ ആളിക്കത്തുമ്പോൾ തരതമ്യേന ശാന്തമായിരുന്ന കേരളത്തിലെ കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ മറ്റൊരു തനതായ മാതൃക നടപ്പിലാക്കി. 2007 ജനുവരിയിൽ സാമ്പത്തിക വിദഗ്ദ്ധൻ പ്രഭാത് പട്നായികിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സംസ്ഥാന കർഷകരുടെ കടാശ്വാസ കമീഷൻ കർഷകരും വായ്പ നൽകിയ ബാങ്കിംഗ് സ്ഥാപനങ്ങളും തമ്മിൽ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും ഇരു കക്ഷികൾക്കും സമ്മതമായ ഒരു കരാർ ഉണ്ടാക്കാൻ മുൻകൈയ്യെടുക്കുന്നു. തുടർന്ന് കമ്മീഷൻ കര്‍ഷകരുടെ സങ്കടങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ നടപടികള്‍ക്ക് സർക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. കർഷകർ, നിയമ വിദഗ്ദ്ധർ, കാർഷിക, സാമ്പത്തിക വിദഗ്ദ്ധർ, പൊതുപ്രവർത്തകർ എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള സംഘമാണ് കർഷകരുമായി വിശദമായി സംവദിച്ച് കൃഷിക്കാരുടെ ഒരു ബാധ്യതാ പോർട്ട് ഫോളിയോ തയ്യാറാക്കുന്നത്. റവന്യൂ, കൃഷി, സഹകരണ വകുപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ എന്നിവ വഴിയും കര്‍ഷകരില്‍ നിന്ന് നേരിട്ടും കമ്മീഷൻ തെളിവെടുപ്പ് നടത്തുന്നു. ഗ്രാമീണ മേഖലകളിലെ സിറ്റിംഗിനും തുടർ നടപടികൾക്കും കാലതാമസം ഉണ്ടാകുന്നു എന്നതൊഴിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കർഷക ആത്മഹത്യകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കാൻ കമ്മീഷന് സാധിച്ചു. സഹകരണ മേഖലയിൽ നിന്ന് വായ്പയെടുത്ത ഇടത്തരം, ചെറുകിട കർഷകർക്ക് കമ്മീഷന്റെ ഇടപെടൽ കൈത്താങ്ങായി. ഒപ്പം, കിട്ടാക്കടം പെരുകി എൻ പി എ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന സഹകരണ ബാങ്കുകൾക്കും കമ്മീഷന്റെ പ്രവർത്തനം തുണയായി.
Also Read: കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കാർഷിക രംഗത്തുനിന്നുള്ള വസ്തുതകളും കണക്കുകളും വ്യക്തമായി സൂചിപ്പിക്കുന്നത്, കാർഷിക കടങ്ങൾ ഒറ്റയടിയ്ക്ക് എഴുതിത്തള്ളുന്ന പാക്കേജുകൾ ഒരു അടിയന്തിര ഘട്ടത്തിൽ പ്രയോഗിക്കാവുന്ന ഒറ്റ തവണ പരിഹാരം ആണെന്നാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരമെന്ന നിലയിൽ കൂടുതൽ ഫലപ്രദം തെലങ്കാനയും ഒഡീഷയും പരീക്ഷിച്ച വരുമാന, നിക്ഷേപ പദ്ധതികൾ തന്നെയാണ്. വായ്പാ ഇളവുകളേക്കാൾ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഈ പദ്ധതികൾ സഹായിക്കുന്നു. നിക്ഷേപ സഹായ പദ്ധതികൾ കൂടുതൽ നടപ്പിലാക്കുന്നതോടൊപ്പം ഭൂമി ഉടമസ്ഥതാ വിവരങ്ങൾ ഡിജിറ്റലാക്കി സുതാര്യമാക്കുകയും ചെയ്യുന്നതോടെ അഴിമതി, അപര്യാപ്തമായ ശേഖരണ, സംഭരണ സംവിധാനങ്ങൾ, മുനയൊടിഞ്ഞ കാർഷിക ധനസഹായ പദ്ധതികൾ എന്നിവയ്ക്കും പരിഹാരമാകും.
വളർച്ചാ സാധ്യതകൾ മുരടിച്ച് കിതച്ചുകൊണ്ട് നീങ്ങുന്ന ഒരു ഉൽപ്പാദന മേഖല എന്നതിനു പകരം പുതിയ ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നതും, കൂടുതൽ തൊഴിലുകളും സമ്പത്തും സൃഷ്ടിക്കാൻ പര്യാപ്തവുമായ ഒന്ന് എന്ന നിലയിലേക്ക് കാർഷിക മേഖലയെ മാറ്റുണം. ഭൂമി, ഭക്ഷ്യ, കയറ്റുമതി, ഊർജ്ജ നയങ്ങൾക്ക് രൂപം നൽകുമ്പോൾ അത് കാർഷിക നയത്തെ പിന്താങ്ങുന്നതും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതും ആകേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയുടെ ഗുണങ്ങളും ആധുനിക സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിലൂടെ കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ കഴിയും. ഒപ്പം, നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരൻറി പദ്ധതിയെ ശക്തിപ്പെടുത്തുക, വിള ഇൻഷ്വറൻസ് പദ്ധതികൾ കാലാനുസൃതമായി പരിഷ്കരിക്കുക, കാർഷിക ഗവേഷണത്തിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഏറ്റവും പുതിയതും ചെലവു കുറഞ്ഞതുമായ കാർഷിക, ജലസേചന സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുക, സബ്സിഡികൾ കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്നിവയിലൂടെ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ ഭക്ഷ്യ കലവറകൾ നിറഞ്ഞിരിക്കുന്നു എന്ന് ഉറപ്പുവരുത്താനും സാധിക്കും.
നിക്ഷേപകർ കാർഷിക മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതോടെ യന്ത്രവൽക്കരണ പ്രക്രിയയുടെ വേഗം കൂടുകയും മെച്ചപ്പെട്ട സംഭരണ, ഗതാഗത സൗകര്യങ്ങൾ നിലവിൽ വരുകയും ചെയ്യും. കടലാസ് പണത്തിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാനുള്ള വെപ്രാളത്തിൽ രാജ്യം പലപ്പോഴും സാങ്കേതികവിദ്യകൾ കർഷകർക്ക് കൈയ്യെത്തും ദൂരത്ത് ലഭ്യമാക്കാൻ മറന്നുപോകുന്നു. ഇത് ഗ്രാമീണ, നഗര മേഖലകൾ തമ്മിൽ ഗുരുതരമായ ഒരു ഡിജിറ്റൽ വിഭജനത്തിന് വഴി തുറക്കുന്നു. വിപണിയിൽ നിന്ന് ആദായകരമായ വില ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക വഴി കർഷകരുടെ ലാഭം വർദ്ധിപ്പിക്കാൻ കഴിയും. ഒപ്പം, ഉൽപ്പാദനശേഷി വർധിക്കുകയും ചെയ്യുന്നതോടെ വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കാർഷികരോഗങ്ങൾ എന്നിവയുടെ ആഘാതം താങ്ങാൻ കർഷകർ കരുത്ത് നേടുന്നു. എപിഎംസി ആക്ട്, കരാർ കൃഷി, എസ്സൻഷ്യൽ കമോഡിട്ടീസ് ആക്ട്, ഫ്യൂച്ചർ ട്രേഡിംഗ്, ലാൻഡ് ലീസ് ആക്ട് എന്നിവ കാലാനുസൃതമായി പരിഷ്കരിക്കുന്നതും കൂടുതൽ പേരെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കും. കാർഷിക മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ ലിംഗ വിവേചനത്തേയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഭൂമിവുടമസ്ഥതയുടെ കാര്യത്തിലും കൂലിയുടെ കാര്യത്തിലും ഈ വിവേചനം പ്രകടമാണ്. സ്ത്രീകൾ തുഛ്ചമായ വേതനത്തിന് ചൂഷണം ചെയ്യാവുന്ന ഒരു തൊഴിലാളി സമൂഹം എന്ന അവസ്ഥയിൽ തുടരുകയും കാർഷിക സംരഭകർ എന്ന നിലയിലുള്ള സ്ത്രീ പ്രാതിനിധ്യം നാമമാത്രം ആയിരിക്കുകയും ചെയ്യുനിടത്തോളം കാർഷിക മേഖലയിലെ സമഗ്ര പരിഷ്ക്കരണം കടലാസിൽ മാത്രമാകും.
Also Read: ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ
കാർഷിക കടാശ്വാസ പാക്കേജുകൾ വായ്പാ രംഗത്തെ അച്ചടക്കത്തേയും തിരിച്ചടവ് സംസ്ക്കാരത്തിന്റെ സത്യസന്ധതയേയും പ്രതികൂലമായി ബാധിക്കുന്നു എന്ന വിമർശനം, കോടികളുടെ കുടിശിക ബാങ്കുകളുടെ തലയിൽ കെട്ടിവെച്ച് വിദേശരാജ്യങ്ങളിൽ അഭയം തേടുന്ന കോടീശ്വരന്മാരായ പിടികിട്ടാപ്പുള്ളികളുള്ള ഒരു രാജ്യത്ത് വിരോധാഭാസമായി തോന്നാം, എന്നാൽ, ആ കാരണത്താൽ കാർഷിക വായ്പകൾ കൂട്ടത്തോടെ എഴുതിത്തള്ളുന്നതിലെ സാമ്പത്തിക വെല്ലുവിളികൾ അവഗണിക്കാൻ കഴിയില്ല. കാർഷിക വായ്പകൾ എഴുതിത്തള്ളുന്ന പ്രവണത തെരഞ്ഞെടുപ്പ് ഗോദയിൽ എതിരാളികളെ മലർത്തിയടിക്കാൻ രാഷ്ട്രീയ പാർട്ടികളെ സഹായിച്ചേക്കാം. എങ്കിലും അവ ഒരിക്കലും ദീർഘകാല കാർഷിക പരിഷ്ക്കാരങ്ങൾക്ക് പകരമാകുന്നില്ല. ഇന്ത്യൻ കാർഷിക മേഖല ആവശ്യപ്പെടുന്നത് കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിക്കാനും സംസ്ക്കരിക്കാനും മെച്ചപ്പെട്ട പാക്കേജിംഗ് വഴി ഉപഭോക്താക്കളെ ആകർഷിക്കാനുമുള്ള കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ ഇടപെടലുകളാണ്. മാറിയ സാഹചര്യത്തിൽ പൊതുമേഖലയും സ്വകാര്യ മേഖലയും കൈകോർത്താൽ ഈ ലക്ഷ്യം എത്തിപ്പിടിക്കാനും ഗ്രാമീണ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകാനും കഴിയും. ഒപ്പം, വായ്പ നൽകുന്ന സ്ഥാപനങ്ങൾ നയങ്ങൾ, സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ കാര്യത്തിൽ കൂടുതൽ ഗ്രാമീണ, കർഷക കേന്ദ്രീകൃതമാകുകയും ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തിൽ, ഗ്രാമീണ മേഖലയെ ചൂഴ്ന്നു നിൽക്കുന്ന കടക്കെണിയെന്ന വന്മരം വിവിധ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളിലും നയങ്ങളിലും ആഴത്തിൽ വേരൂന്നിയതും, ഇന്ത്യൻ കാർഷിക മേഖലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അസ്വസ്ഥതകളെ അടയാളപ്പെടുത്തുന്നതുമാണ്. സംയോജിതവും സുസ്ഥിരവുമായ നയങ്ങളുടേയും പരിഷ്കാരങ്ങളുടേയും അഭാവത്തിൽ കർഷകരുടെ ദുരിതം താൽക്കാലികമായി കുറക്കുന്ന ഒരു വേദനാസംഹാരിയായി മാത്രം കാർഷിക കടാശ്വാസ പാക്കേജുകൾ പ്രവർത്തിക്കുന്നു. വായ്പയെടുക്കുന്ന കർഷകർക്ക് അത് തിരിച്ചടയ്ക്കാൻ കഴിയാതാകുന്ന സാഹചര്യങ്ങളും അവയ്ക്ക് പിന്നിലുള്ള യഥാർത്ഥ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് അഭിസംബോധന ചെയ്യപ്പെടണം. അതുവരെ കർഷക സമൂഹത്തെ ഒരു വോട്ട് ബാങ്ക് മാത്രമായി കാണുന്ന രാഷ്ട്രീയക്കാരുടെ കൈയ്യിലെ തുറുപ്പുചീട്ട് മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങൾ. കൂടാതെ പൊതുപണത്തിന്റെ വകമാറ്റൽ, സാധനങ്ങളുടെ വിലവർദ്ധനവ്, വായ്പാ രംഗത്തെ അച്ചടക്കമില്ലായ്മ, അത് സൃഷ്ടിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ എന്നീ ഭീഷണികളും കടാശ്വാസ പദ്ധതികളുടെ പാർശ്വഫലങ്ങളാണ്. “ദൈവീകമായ തൊഴിൽ,” എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട കാർഷികവൃത്തി കർഷകരെ ആത്മഹത്യയിലേക്കും തൊഴിൽ തേടിയുള്ള പലായനങ്ങളിലേക്കും തള്ളിവിടുന്ന, നഷ്ടം മാത്രം തരുന്ന ഒരു തീക്കളിയായി സമൂഹ മനസാക്ഷിയിൽ ഉറച്ചു പോയിരിക്കുന്നു. ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന വെല്ലുവിളിയും ഈ പൊതുബോധത്തെ തിരുത്തുക എന്നതാണ്.
അടിക്കുറുപ്പ്: പാർലമെന്റിൽ കർഷക ആത്മഹത്യകളെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗിന്റെ മറുപടി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കൈവശം 2016 മുതലുള്ള കർഷക ആത്മഹത്യകളുടെ കണക്കുകൾ ലഭ്യമല്ല എന്നായിരുന്നു!
Also Read: A short history of farm loan waivers and a map of farmers’ pipe dreams