പാഷൻ ഫ്രൂട്ടും, പപ്പായയും, തെക്കൻ കുരുമുളകും ഉള്‍പ്പെടുന്ന ശ്രദ്ധേയമായൊരു കാര്‍ഷിക മാതൃകയൊരുക്കി ബഷീർ

സംസ്ഥാനത്തെ കർഷകർ ഇതുവരെ ഗൗരവമായി ചിന്തിക്കാത്ത പാഷൻ ഫ്രൂട്ടും പപ്പായയും തെക്കൻ കുരുമുളകുമൊക്കെ കൃഷിയിറക്കി മികച്ച വരുമാനനേട്ടത്തിലൂടെ മണ്ണ് പൊന്നാക്കുന്ന ഒരു കർഷകനാണ് പാലക്കാട് ജില്ലയിലെ പട്ടിത്തറ പൂലേരിയിലെ പത്തായപ്പുരയിൽ ബഷീര്‍. തരിശായ പുലേരി കുന്നിലെ രണ്ടേക്കർ കൃഷിയിടത്തിൽ വൈവിധ്യ കൃഷികളൊരുക്കി കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്നതാണ് ഈ കർഷകനായ് വ്യത്യസ്തനാകുന്നത്.

വളരെയേറെ മുതൽ മുടക്കി ജെ സി ബി യും മറ്റും ഉപയോഗിച്ച് അത്യന്തം ശ്രമകരമായാണ് രണ്ടേക്കർ സ്ഥലത്തെ വലിയ പാറക്കല്ലുകളെല്ലാം മാറ്റി നല്ലൊരു കൃഷിസ്ഥലമായ് ഒരുക്കിയെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ദീർഘനാൾ കാത്തിരിക്കാതെ വളരെ വേഗത്തിൽ വിളവ് ലഭിക്കുന്ന കൃഷികൾക്കായാണ് ബഷീർ മുൻഗണന നല്കിയത്.

Also Read: കോവിഡ് നിരീക്ഷണ കാലത്ത് കൃഷിയൊരുക്കി ആരോഗ്യ പ്രവർത്തകൻ മാതൃകയാകുന്നു!

“എല്ലാ കർഷകരും ഒരേ വിളവിറക്കുന്നതാണ് കാർഷിക നഷ്ടത്തിന് വഴിവെക്കുന്നത്. അദ്ധ്വാനം കുറവും പെട്ടന്ന് വിളവ് ലഭിക്കുകയും ചെയ്യുന്ന വിളകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം, വിപണി പഠിക്കുകയും ആവശ്യക്കാരുണ്ടോയെന്ന് വിലയിരുത്തുകയും വേണം,” എന്ന് ബഷീർ പറയുന്നു. അതുകൊണ്ടാണ് വലിയ പ്രചാരമില്ലാത്ത പാഷൻ ഫ്രൂട്ടിനും അദ്ദേഹം തന്റെ കൃഷിയിടത്തിൽ ഇടം നല്കിയത്. ഒരു കൃഷിയെന്ന നിലയിൽ കർഷകർ വലിയ ഗൗരവത്തിലൊന്നും സമീപിക്കാത്ത പാഷൻ ഫ്രൂട്ട്, പണം കായ്ക്കുന്ന ചെടിയായി ഒരല്പം ഗൗരവത്തോടെ, ബഷീറിന്റെ കൃഷിയിടത്തിൽ വള്ളി വിടർത്തിയങ്ങിനെ കിടക്കുന്നത് ശരിക്കും കാണേണ്ട ഒരു കാഴ്ചയാണ്.

വലിയ കൃഷി ചെലവുകളില്ലാതെ തന്നെ, ജൈവ കാർഷിക രീതികളവലംഭിച്ച് ഉല്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിന് ആവശ്യക്കാരും ഏറെയാണ് – കിലോ 300 രൂപ വരെ വിലക്കാണ് ഇപ്പോൾ വില്പന നടത്തുന്നത്. അര ഏക്കറിലായി ബഷീർ തന്നെ ഡബിൾ റൂട്ട് ചെയ്തെടുത്ത റെഡ് ലേഡി പപ്പായകൾ വളരെയേറെ ഉല്പാദനക്ഷമതയോടെ രാജകീയമായ് വാഴുകയും ചെയ്യുന്നു. പപ്പായ കിലോ ശരാശരി മുപ്പത് രൂപക്കാണ് ഹോൾസെയിൽ വില്പന നടത്തുന്നത്. ആവശ്യക്കാർ ഏറെയുള്ളതിനാൽ എത്ര ഉല്പാദിപ്പിച്ചാലും തികയാത്ത അവസ്ഥയാണ്.

സീസണനുസരിച്ചുള്ള എല്ലാ പച്ചക്കറി വിളകളും ഇവിടെ കൃഷി ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. മത്തനും, കുമ്പളവും, കക്കിരിയും, പച്ചമുളകും, വെണ്ടയും, ചീരയും, പയറും, തക്കാളിയുമൊക്കെ ഇവിടെ പച്ചപ്പിന്റെ സമൃദ്ധിയൊരുക്കുന്നു. പൂത്ത് നിൽക്കുന്ന മുരിങ്ങ മരങ്ങളും ഗമയോടെ കാറ്റിലാടി നിൽക്കുന്നു. കഴിഞ്ഞ ഓണക്കാലം വരെ പൂക്കൃഷിയുടെ ചെണ്ടുമല്ലി ചന്തവും ഇവിടെ നവസുഗന്ധം വിതറിയിരുന്നു.

“എല്ലാ കർഷകരും ഒരേ വിളവിറക്കുന്നതാണ് കാർഷിക നഷ്ടത്തിന് വഴിവെക്കുന്നത്. അദ്ധ്വാനം കുറവും പെട്ടന്ന് വിളവ് ലഭിക്കുകയും ചെയ്യുന്ന വിളകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം, വിപണി പഠിക്കുകയും ആവശ്യക്കാരുണ്ടോയെന്ന് വിലയിരുത്തുകയും വേണം…”

Also Read: കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്

പച്ചക്കറി കൃഷികൾക്കായ് വെള്ളവും വളവും ഒന്നിച്ചു നല്കുന്ന തുള്ളി നന ജലസേചന സംവിധാനം പട്ടിത്തറ കൃഷിഭവൻ അനുവദിച്ചത് പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്. ബഷീറിന്റെ മുഴുവൻ കൃഷിയിടത്തിലും ഇ ശാസ്ത്രിയ സംവിധാനമാണ് പാലിക്കപ്പെടുന്നത്. വിവിധ ഭാഗങ്ങളായ് തിരിച്ച ജലസേചന സംവിധാനത്തിലൂടെ ജലത്തിൽ ലയിക്കുന്ന വളങ്ങളും മൂലകങ്ങളുമൊക്കെ, ഒരേയിടത്തില്‍ നിന്നുതന്നെ അതാത് കൃഷിക്ക് ആവശ്യമായ രീതിയില്‍, പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്; ഇതിനായി കര്‍ഷകന് പ്രത്യേക കൂലിചെലവ് വരുന്നുമില്ല.

ആധുനിക കാർഷിക പ്രവർത്തനങ്ങളെ കുറിച്ച്, ബംഗ്ലൂരിൽ നടന്ന, ഒരാഴ്ചത്തെ വിദഗ്ദ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ പട്ടിത്തറ കൃഷിഭവൻ അയച്ചതാണ് ബഷീറിന്റെ കാർഷിക ജീവിതത്തെയാകെ മാറ്റിയെടുത്തത്. ഇതോടെ മറ്റ് കർഷകർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ വൈവിധ്യ നടിൽ ഉല്പാദന പ്രവർത്തനങ്ങൾക്കായ് മികച്ചൊരു നഴ്സറിയും ബഷീര്‍ ഒരുക്കിയിട്ടുണ്ട്.

കൃഷിവകുപ്പ് – ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയിലൂടെ അനുവദിച്ച പോളിഹൗസുകളും, പച്ചക്കറി വികസന പദ്ധതിയിലൂടെ നല്‍കിയ മഴമറയുമൊക്കെ നഴ്സറി പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കാൻ സഹായിച്ചു. ഇവിടെ നിന്നും ഓർഡർ പ്രകാരം, വിവിധ കർഷകർക്കും വില്പന കേന്ദ്രങ്ങൾക്കുമൊക്കെ പതിനായിരക്കണക്കിന് പച്ചക്കറി തൈകളാണ് ഉല്പാദിപ്പിച്ച് നല്കുന്നത്. തെക്കൻ കുരുമുളകിന്റെയും, വിവിധ പഴ ഇനങ്ങളുടേയുമൊക്കെ നല്ലൊരു മാതൃസസ്യശേഖരവും ഇവിടെയുണ്ട്. പ്രദേശത്തെ അൻപതിലേറെ നഴ്സറികളിലേക്ക് ബഷീർ വേരുപിടിപ്പിച്ചെടുക്കുന്ന തെക്കൻ കുരുമുളക് വള്ളികൾ വില്പനക്കെത്തുന്നുണ്ട്.

Also Read: [കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

ഹൈബ്രിഡ് ഇനം പപ്പായ തൈകൾ മുളപ്പിച്ചും ഡബിൾ റൂട്ട് ചെയ്തെടുത്തും ചെടിച്ചട്ടികളിൽ വെക്കാവുന്ന തരത്തിൽ ഉയരം കുറച്ചു മൊക്കെ ഭാവനാത്മകമായ് ഉണ്ടാക്കി നല്കുന്നതിലൂടേയും ഈ കർഷകൻ നല്ലൊരു വരുമാനമുണ്ടാക്കുന്നുണ്ട്. ആവശ്യക്കാരുടെ താല്പര്യം അനുസരിച്ച് പപ്പായ മരങ്ങൾ എത്ര ഉയരം കുറച്ച് ഉല്പാദിപ്പിച്ചെടുക്കുവാനും ബഷീറിനറിയാം, ഉയരം കുറഞ്ഞ പപ്പായ മരങ്ങൾ നല്ല ഫലഭംഗിയിൽ നിറഞ്ഞ് നിൽക്കുന്നത് തന്നെ ഒരു ഭംഗിയുള്ള കാഴ്ചയാണ്.

പാലക്കാടൻ കർഷകർക്കിടയിൽ വലിയ പ്രചാരമില്ലാത്ത സ്ട്രോബറി കൃഷിയിലും ബഷീര്‍ കൈ വെച്ചിട്ടുണ്ട്. ഇവയുടെ ഹൈബ്രിഡിനം തൈകളും നഴ്സറിയിൽ നിന്നും മുളപ്പിച്ചു നല്കുന്നുണ്ട്. നടീൽ വസ്തുക്കൾ മികച്ച രീതിയിൽ ഉല്പാദിപ്പിച്ചെടുക്കുവാൻ സവിശേഷ കഴിവുള്ള ഈ കർഷകനെ ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഭാര്യ സക്കീനയും മക്കളായ സബീർ, ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ മികച്ച പിന്തുണയാണ് ബഷീറിന്റെ കാർഷിക പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ബഷീറുമായി ബന്ധപ്പെടാനുള്ള നമ്പര്‍ – 9645030964

Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828