നഗരത്തിരക്കിൽ ഒരൽപ്പം കിഴങ്ങു കൃഷിയാകാം; ഗ്രോബാഗ് കൃഷിരീതിയിലൂടെ
നഗരത്തിരക്കിൽ ഒരൽപ്പം കിഴങ്ങു കൃഷിയാകാം; നഗരങ്ങളിലെ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാന്‍ കഴിയാതെ നിരാശരായവർക്ക് ആശ്വാസമാണ് ഗ്രോബാഗ് കൃഷിരീതി. ഗ്രോബാഗിലും ചാക്കിലും കൃഷി ചെയ്യുന്ന നഗരവാസികളുടെ എണ്ണം വർധിച്ചു വരികയാണ്.
പച്ചക്കറികളാണ് ഇത്തരത്തില്‍ ഏറെ കൃഷി ചെയ്യുന്നതിൽ ഏറെയും. എന്നാൽ ചേന, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ഗ്രോബാഗില്‍ കൃഷി ചെയ്തു നല്ല വിളവ് നേടാം. ഇങ്ങനെ കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്ത് പതിനഞ്ച് കിലോയുള്ള ചേനയും 20 മുതൽ 25 വരെ കിലോയുള്ള കപ്പയും വരെ വിളയിക്കാം.
കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ വലിയ ഗ്രോബാഗാണ് തെരഞ്ഞെടുക്കേണ്ടത്. സാധാരണ ഗ്രോബാഗിനെ അപേക്ഷിച്ച് അഞ്ച് ഇരട്ടി നടീല്‍ മിശ്രിതം വേണ്ടിവരും ഈ വലിയ ഗ്രോബാഗ് നിറയ്ക്കാന്‍. ഗ്രോബാഗ് നിറയ്ക്കാന്‍ വേണ്ട വസ്തുക്കള്‍ രണ്ട് കൊട്ട കല്ല് കളഞ്ഞ മേല്‍ മണ്ണ്, രണ്ട് കൊട്ട ചകിരിച്ചോര്‍, രണ്ട് കൊട്ട ഉണങ്ങിയ കരിക്കില, ഒരു കൊട്ട ചാണകപൊടി, ഒരു കിലോ എല്ല് പൊടി എന്നിവയാണ്.
ഇവയെല്ലാം കൂട്ടി നന്നായി ഇളക്കി ഗ്രോ ബാഗിന്റെ അറുപത് ശതമാനം നിറയ്ക്കുക. ബാക്കി വരുന്ന മിശ്രിതം മാറ്റിവെച്ച് വളപ്രയോഗത്തിന് ശേഷം വിതറി കൊടുക്കാന്‍ ഉപയോഗിക്കാം. ഇങ്ങനെ അറുപത് ശതമാനം നിറച്ച ഗ്രോ ബാഗിന്റെ ഒത്ത നടുവില്‍ ചെറുകുഴിയുണ്ടാക്കി മുളവന്ന ചേനയോ അല്ലങ്കില്‍ ഇഷ്ടമുള്ള മറ്റ് കിഴങ്ങ് വര്‍ഗങ്ങളോ നടാം.
കപ്പയാണ് നടുന്നതെങ്കില്‍ 12-15 സെ.മി നീളത്തില്‍ നല്ല മൂപ്പെത്തിയ കപ്പ തണ്ട് മുറിച്ച് താഴെ ഭാഗത്തെ രണ്ട് മുട്ട് മണ്ണിന്റെ അടിയില്‍ വരത്തക്കവിധത്തില്‍ താഴ്ത്തി നടണം. ഗ്രോബാഗിലെ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോൾ വളക്കൂര്‍, വായു സഞ്ചാരം എന്നിവയുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. വളം, വെള്ളം എന്നിവ പാഴായി പോകുന്നില്ലെന്നും ഉറുപ്പു വരുത്തണം. സൂര്യപ്രകാശവും പരിപാലന സൗകര്യവും നോക്കി വേണം ഗ്രോബാഗ് സ്ഥാപിക്കാൻ.
കളനിയന്ത്രണം, വളപ്രയോഗം എന്നിവയ്ക്ക് വളരെ കുറഞ്ഞ സമയം മതിയെന്നതും വലിയ കായിക അധ്വാനമില്ലാതെ പെട്ടന്ന് വിളവ് എടുക്കാമെന്നതുമാണ് ഗ്രോബാഗില്‍ കൃഷിയുടെ മെച്ചങ്ങൾ. വിളവെടുപ്പിന് ശേഷമുള്ള നടീല്‍ മിശ്രിതം വളങ്ങള്‍ ചേര്‍ത്ത് വീണ്ടും കൃഷി ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാം.
Also Read: രണ്ടു വർഷം കൊണ്ട് രണ്ടു കോടി ആദായം; ക്ഷീര കർഷകനായി മാറിയ മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു
Image: Google