ഇനി കൃഷി വീടിനകത്ത്; അതും മണ്ണില്ലാതെ! പുത്തൻ കൃഷിരീതി അവതരിപ്പിച്ച് ഫിസാറ്റ് വിദ്യാർഥികൾ

ഇനി കൃഷി വീടിനകത്ത്; അതും മണ്ണില്ലാതെ! പുത്തൻ കൃഷിരീതി അവതരിപ്പിച്ച് ഫിസാറ്റ് വിദ്യാർഥികൾ. ഫിസാറ്റിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ അവസാന വർഷ വിദ്യാർഥികളാണ് പുത്തൻ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീടിനകത്തെ മുറിയിൽ സൂര്യ പ്രകാശം നേരിട്ട് ചെടിയിൽ ഏൽപ്പിക്കാതെ പ്രത്യേകം രൂപകൽപ്പന ചെയ്ത പിങ്ക് ലൈറ്റിൻറെ സഹായത്തോടെ ഏതു പച്ചക്കറിയും വിളയിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു.

ചെടി വളരുന്നതിനായി മണ്ണിനും പകരം ചകിരി നാരുകളും ഉപയോഗിക്കാം. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് വിദ്യാർഥികൾ ഈ മാതൃക വികസിപ്പിച്ചിരിക്കുന്നത്. കൃഷിയ്ക്ക് ആവശ്യമായ വെള്ളം നൽകുന്നതിന് വെർട്ടിക്കൽ പ്രോഫാം എന്ന ഉപകരണവും ഇവർ രൂപകല്പന ചെയ്തിട്ടുണ്ട്.

പത്തു തട്ടുകളുള്ള ഒരു ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമ്പോൾ വീടുകളിൽ സ്ഥാപിക്കുന്നതിന് മൂവായിരും രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ. സ്ഥല പരിമിതി മൂലം നഗര പ്രദേശങ്ങളിൽ ടെറസ്സ് കൃഷി ചെയ്യുന്നതിന് വരുന്ന ചിലവിൻറെ അഞ്ചു ശതമാനം ചെലവ് മാത്രമേ ഇതിനു വരുകയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പത്തു തട്ടുകളുള്ള ഒരു ഉപകരണത്തിൽ നിന്നും ഇരുപത്തിയഞ്ചു കിലോയിലധികം പച്ചകറികൾ ഒരു വിളവെടുപ്പിൽ ലഭിക്കും. വീട്ടിൽ നിന്ന് ആളുകൾ ഒരാഴ്ച മാറിനിന്നാൽ പോലും ചെടികൾക്ക് ഒന്നും സംഭവിക്കാത്ത വിധത്തിൽ ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്ന മൊബൈൽ ആപ്പിലൂടെ ചെടികൾക്കാവശ്യമായ വളർച്ചയും പരിചരണവും നിശ്ചയിക്കാനും കഴിയും.

ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥികളായ ശരത് കെ കെ, ഇജാസ് മുഹമ്മദ്, ആഷിൻ സാജൻ, അരുൺ യു, ജോർജ് തോമസ്, ആരതി ഇ, ഡിട്ടോ പോൾ, മോണിക്ക ക്ലെയർ എന്നിവരാണ് പുത്തൻ രീതിയ്ക്കു പിന്നിൽ. അധ്യപകരായ ശ്രീവിദ്യ പി, ബീനു റിജു, അനിൽ ജോണി എന്നിവരുടെ പിന്തുണയും ഇവർക്കുണ്ട്.

Also Read: ഐഐഎമ്മിൽ പഠനം; അന്താരാഷ്ട്ര കമ്പനികളിൽ ജോലി; എന്നാൽ പാർവതി മേനോൻ കാത്തിരുന്നത് കർഷകയും സംരഭകയുമാകാൻ

Image: metromalayali.in