റേച്ചൽ കാർസണും സൈലൻറ് സ്പ്രിങ്ങും ജൈവകൃഷിയും തമ്മിലെന്ത്?

സൈലന്റ് സ്പ്രിംഗ് എന്ന ഒരൊറ്റ ഗ്രന്ധത്തിലൂടെ ലോകപ്രശസ്തയായ അമേരിക്കൻ പരിസ്ഥിതി പ്രവർത്തക റേച്ചൽ കാർസണെ പലപ്പോഴും ജൈവകൃഷിയുടെ തുടക്കക്കാരിൽ ഒരാളായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ കാഴ്സന്റെ ജൈവകൃഷിയുടെ പ്രയോക്താക്കളുമായി പലപ്പോഴും കലഹിച്ചും മിക്കപ്പോഴും കൃത്യമായ അകലം പാലിച്ചുമായിരുന്നു കാഴ്സന്റെ പ്രവർത്തനങ്ങളെന്ന് സമീപകാലത്തെ പഠനങ്ങൾ തെളിയിക്കുന്നു.

1962 പുറത്തിറങ്ങിയ നിശബ്ദ വസന്തം അഥവാ സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകമാണ് ആധുനിക പരിസ്ഥിതി മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചതും ഊർജമായതും. കീടനിയന്ത്രണത്തിനായി ലോകവ്യാപകമായി ഉപയോഗിച്ചിരുന്ന ഡിഡിടി ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ലോകത്തിന് ശക്തമായ മുന്നറിയിപ്പായിരുന്നു നിശബ്ദ വസന്തം. പുസ്തകം പ്രസിദ്ധീകരിച്ച് 18 മാസങ്ങൾക്കുള്ളിൽ കാഴ്സൺ കാൻസർ ബാധിതയായി മരണമടഞ്ഞെങ്കിലും കൃഷിയുടെ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതായി ആ പ്രസിദ്ധീകരണം.

നിശബ്ദ വസന്തം തുടക്കമിട്ട മുന്നേറ്റത്തെ തുടർന്ന് അമേരിക്കൻ സർക്കാർ 1970 ൽ കാർഷിക രംഗത്ത് ഡിഡിടിയുടെ ഉപയോഗം പൂർണമായും നിരോധിച്ചു. എന്നാൽ ജൈവകൃഷിയുടെ പ്രയോക്താക്കൾ അവകാശപ്പെടുന്നതുപോലെ നിശബ്ദ വസന്തമല്ല ലോകവ്യാപകമായി ജൈവകൃഷിയുടെ പ്രചാരത്തിന് വഴിമരുന്നിട്ടത് എന്നാണ് യാഥാർഥ്യം. തത്ത്വചിന്തകനായിരുന്ന റുഡോൾഫ് സ്റ്റെയ്നർ 1924 ഓസ്ട്രിയയിലാണ് ഇന്നു കാണുന്ന രീതിയിൽ ജൈവകൃഷി രീതിയ്ക്ക് നാന്ദികുറിക്കുന്നത്.

കാർഷിക ഉൽപാദനത്തിൽ രാസവസ്തുക്കളുടെ ഇടപെടൽ പൂർണമായും ഒഴിവാക്കുന്ന ജൈവകൃഷി രീതിയുടെ നിലപാട് അനാവശ്യമായ കടുംപിടുത്തമാണ് എന്ന അഭിപ്രായമായിരുന്നു കാഴ്സണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കർശനമായ നിയന്ത്രണങ്ങളോടുകൂടി വളരെ ചെറിയ അളവിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തെ പിന്തുണച്ചിരുന്ന റേച്ചൽ കാഴ്സന്റെ ചിത്രമാണ് ഈ പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

ഇതാകട്ടെ ജൈവകൃഷി രീതിയനുസരിച്ച് തീർത്തും വിരുദ്ധമായ നിലപാടാണുതാനും. കീടനാശിനികളുടെയും രാസവളങ്ങളുടെയും കാര്യത്തിൽ ആരോഗ്യകരവും പ്രായോഗികവുമായി കൃഷിക്ക് എന്തുവേണമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ പുലർത്തിയിരുന്നു കാഴ്സൺ. നിശബ്ദ വസന്തം ലോകം മുഴുവൻ ബെസ്റ്റ് സെല്ലറായി മാറിയപ്പോൾ അത് അമേരിക്കയിലെ ജൈവകൃഷി രീതിയുടെ മുന്നണിപ്പോരാളികളെ രണ്ടായി വിഭജിച്ചു.

ജൈവകൃഷി മുന്നേറ്റത്തിന്റെ നേതാവായിരുന്ന ജിഐ റൊഡാൽ ഡിഡിടിയ്ക്കെതിരെ നടത്തിയതുപോലുള്ള ഒരു കടന്നാക്രമണം മറ്റു കീടനാശിനികളുടേയും രാസവളങ്ങളുടേയും നേർക്ക് നടത്താത്തതിന്റെ പേരിൽ കാഴ്സണെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതേസമയം, കാൾസന്റെ പുസ്തകത്തെ ഒരു മാസ്റ്റർപീസെന്ന് വിശേഷിപ്പിക്കാനും അത് ശരിയായ ജൈവ കാഴ്ചപ്പാട് പുലർത്തുന്നതാണെന്ന് അവകാശപ്പെടാനും അദ്ദേഹം മടിച്ചില്ല.

എന്നാൽ ജൈവകൃഷി മുന്നേറ്റത്തിന്റെ നേതാക്കളുമായും പ്രചാരണ പരിപാടികളുമായും കൃത്യമായ അകലം പാലിച്ച കാഴ്സൺ ജൈവകൃഷി സംബന്ധിച്ച ചർച്ചകളിലോ വേദികളിലോ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെ അകന്നുതന്നെ നിന്നു. മനുഷ്യനിർമ്മിതമായ നൈട്രജൻ വളങ്ങളെ രൂക്ഷമായി എതിർക്കുന്ന ജൈവകൃഷി വാദികളുടെ നിലപാടിനേയും കാഴ്സൺ തള്ളിപ്പറഞ്ഞു.

അമേരിക്കൻ ജൈവകൃഷി മുന്നേറ്റത്തിന്റെ സ്ഥാപക നേതാക്കളിൽ പലരും കാല്പനികരും മിസ്റ്റിക്കുകളുമായ തത്ത്വചിന്തകർ ആയിരുന്നു. ഇവരിൽ പലർക്കും കൃത്യമായ ശാസ്ത്രീയ പശ്ചാത്തലം ഇല്ലാതിരുന്നതും കാഴ്സന്റെ ഈ നിലപാടിന് കാരണമായതായി സൂചനയുണ്ട്. കർക്കശക്കാരിയായ ശാസ്ത്രവാദിയായിരുന്ന കാഴ്സൺ ശാസ്ത്രത്തിന്റെ പ്രായൊഗിക അതിരുകൾക്ക് പുറത്തുചാടുന്ന ജൈവകൃഷി പ്രചാരകരുടെ വിശ്വാസങ്ങളെയും ആശയങ്ങളേയും വിമർശിക്കുകയും ചെയ്തു.



രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം പൊതുവായി ഉണ്ടാക്കുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുംവിധം അവയുടെ ഉപയോഗവും കുറയ്ക്കുക എന്നതാണ് അവസാനത്തെ ഉത്തരം എന്ന് അവർ നിശബ്ദ വസന്തത്തിൽ എഴുതി. 1963 ൽ അമേരിക്കൻ കോൺഗ്രസിനെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ കഴ്സൺ പറഞ്ഞതും രാസവസ്തുക്കൾക്ക് ഒരിടമുണ്ട് എന്നായിരുന്നു.

Also Read: കേരള മണ്ണിൽ വിളയാൻ വിദേശി പഴവർഗങ്ങൾ; കർഷകർക്ക് നൽകുന്നത് മികച്ച വരുമാന സാധ്യതകൾ

Image: unsplash.com